വിശ്വാസ മൂല്യങ്ങൾക്ക് വില പറയുന്ന വിപണിപരസ്യങ്ങളും വീണു പോകുന്ന വിശ്വാസികളും…

ഇന്ന് നമുക്ക് ചുറ്റും കണ്ടുവരുന്ന ചില പരസ്യങ്ങളും അതില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളും, ചിത്രങ്ങളും, അഭിനയങ്ങളും ഒക്കെ നാം ശ്രദ്ധിക്കുമ്പോള്‍ വളരെ തന്ത്രപരമായി ഒരു വിശ്വാസിയെ സ്വാധീനിച്ചു വലയിലാക്കുന്ന സാത്താന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുവാന്‍ സാധിക്കും . കണ്മോഹം, ജഡമോഹം, ജീവനത്തിന്റെ പ്രതാപം… എന്നിങ്ങനെ പടിപടിയായി മനുഷ്യന്‍റെ വികാര, വിചാര, ആഗ്രഹങ്ങളെ പ്രലോഭിപ്പിച്ചു സാത്താന്‍ വിജയിക്കുന്നു.

“പെണ്ണായാൽ പൊന്നു വേണം” (ഭീമ ജ്വല്ലേഴ്സ്)  ഈ പരസ്യത്തിനെന്താണ് കുഴപ്പം??… രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട് (ക്രിസ്തുവിനു മരിച്ചു), വേർപെട്ടു (കര്ത്താവിന്റെ മഹത്വത്തിനായി) ജീവിക്കുന്നവരിൽ ചില കുഴപ്പമുണ്ടാക്കുന്നതില്‍ ഒരുപക്ഷെ ഈ പരസ്യത്തിന് കഴിഞ്ഞേക്കാം. അവയെന്താണ്? പൊന്നണിഞ്ഞില്ലെങ്കിൽ പെണ്ണല്ല എന്നൊരു ധ്വനി ഇതിലടങ്ങിയിട്ടുണ്ടോ?

അന്ത്യകാലത്താണ് നാം ജീവിക്കുന്നത് എന്ന് പറഞ്ഞാൽ എല്ലാവരും അതിനോട് യോജിക്കും എന്നതില്‍ തര്‍ക്കമില്ല. അനുദിന ജീവിതത്തിൽ നാം കാണുന്ന സാമൂഹ്യ അപചയവും ദോഷങ്ങളും വിശ്വാസത്യാഗവും ഒക്കെ അത് അരക്കിട്ടുറപ്പിക്കുന്നതാണ്. ലൌകികതയുടെ വശ്യത നുണഞ്ഞ് ഒരിക്കലും തിരിച്ചുവരാനാകാതെ ലോകമൊഴുകുകയാണ്. നാം കേള്‍ക്കുന്നതും കാണുന്നതുമെല്ലാംതന്നെ പല നിലകളില്‍ നമ്മോട് ലോകത്തെ പുണരാൻ വിളിച്ചു കൊണ്ടിരിക്കുന്നു. വിവാഹമോചനങ്ങൾ, ബാലപീഡനങ്ങൾ, അശ്ലീല സാഹിത്യം, വിലയില്ലാതാകുന്ന മനുഷ്യജീവൻ, കൊലപാതകങ്ങൾ, ഭീകരവാദം, വഞ്ചനകൾ, ഉന്നത സ്ഥാനീയരുടെ കൊള്ളരുതായ്മകൾ, ഇവയോക്കെയല്ലേ നാം ദിനമ്പ്രതി കേള്‍ക്കുകയും കാണുകയും ചെയ്തുകൊണ്ടിരിക്കുന്നത്? നമ്മുടെ മനസ്സാകുന്ന കമ്പ്യൂട്ടറില്‍ അധികമധികം പതിയുന്ന ചിത്രങ്ങളും വിവരങ്ങളുമാണ് നമ്മുടെ ബാഹ്യരൂപത്തെയും, ചിന്താഗതിയെയും, അഭിപ്രായങ്ങളെയും ഉദ്ദേശ്യത്തെയും ഒക്കെ വലിയൊരളവില്‍ നിയന്ത്രിക്കുന്നത്‌.

സാത്താൻ എത്ര സൂത്രശാലിയാണ്…., സ്വര്‍ഗത്തിലെ ദൈവം യഥാര്‍ത്ഥമായി പറഞ്ഞതും, അർത്ഥമാക്കിയതുമായ വസ്തുതകളെതന്നെ സാത്താന്‍ എടുത്തുപയോഗിച്ചാണ് ഹവ്വയിൽ ചിന്താക്കുഴപ്പമുണ്ടാക്കിയത്.  “സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ” (2 കോരി 11:14) എന്നതിലൂടെ അവൻ കപട വേഷത്തിന്റെ ആശാനുമാണ് എന്ന് നമുക്ക് മനസ്സിലാക്കാനാകും. നമ്മുടെ കര്ത്താവിനെ പരീക്ഷിക്കാൻ സാത്താൻ തുനിഞ്ഞപ്പോൾ നമ്മുടെ കര്ത്താവ് ദൈവവചന സത്യങ്ങളിലൂടെയാണ് അവനെ പരാജയപ്പെടുത്തിയത്. കുറ്റം ചുമത്തി പിന്തുടർന്ന് ഇയ്യോബിനെയും കുടുംബത്തെയും സാത്താന്‍ ആക്രമിച്ചു. പത്രോസിനെ പിന്തുടർന്ന്കൊണ്ട് കര്‍ത്താവിനെ തള്ളിപ്പറയിപ്പിച്ചു. പൌലോസിനെ പിന്തുടർന്ന് ജഡത്തിലെ ശൂലമായി നിരുൽസാഹപ്പെടുത്തുവാന്‍ ശ്രമിച്ചു. യൂദാ ഇസ്കരിയോത്തിന്‍റെ കൂടെ നടന്നു അവന്‍റെ ആത്മാവിനെ നശിപ്പിച്ചു. അതുകൊണ്ടാണ് പൌലോസ് എഫെസ്യയിലുള്ള വിശ്വാസികളോട് പറയുന്നത്, ”പിശാചിന്നു ഇടം കൊടുക്കരുതു (എഫെസ്യര്‍ 4:27)”.  ഏതു പ്രായക്കാരുടെയും പിറകെ, ഇന്നും സാത്താന്‍ അവരുടെ ചിന്താഗതികളെ മാറ്റി മറിക്കുവാൻ പായുകയാണ്. താങ്കളുടെ മേലും അവൻ നോട്ടമിട്ടു കഴിഞ്ഞു….

എന്തുകൊണ്ടാണ് അഭിപ്രായങ്ങളിൽ മലക്കം മറിച്ചിലുകൾ ഉണ്ടാകുന്നത്? ആഭരണധാരണത്തെ ന്യായീകരിച്ചു സംസാരിച്ചു തുടങ്ങുന്ന പലരും താമസംവിനാ അണിഞ്ഞു തുടങ്ങുകയാണ് പതിവ്. അനുകൂലിച്ചു സംസാരിച്ച് തുടങ്ങുമ്പോൾ തന്നെ അവരുടെ മനസ്സിൽ അതണിഞ്ഞു തുടങ്ങിയിട്ടുണ്ടാകും. ലോകത്തിലെ വിനോദങ്ങളെയും കലാപരിപാടികളെയും, കായിക മത്സരങ്ങളെയും ഒക്കെ സാത്താന്‍ തന്‍റെ പദ്ധതി നടപ്പാക്കുന്നതിനുള്ള മുഖാന്തരങ്ങളായി ഉപയോഗിക്കുന്നു. പുത്തന്‍ ഫാഷനും, പുതിയ പ്രവണതകളും, ലോക മോടികളും, സുഹൃത്തുക്കളുടെ സമ്മർദ്ദവും, അങ്ങനെ എല്ലാം തന്നെ അവന്‍റെ കയ്യിലെ ആയുധങ്ങളാണ്. ബൈബിൾ ക്ലാസ്സിൽ പോകാത്തവനും, ക്രമമായി വചനം പഠിക്കാത്തവനും വരെ, ഏതു വിഷയത്തിലും, ദൈവഹിതമല്ലാത്ത അഭിപ്രായം ധൈര്യമായി തട്ടി വിടും… ദൈവജനത്തിനു ചേരാത്തത് ചെയ്യുകയും ചെയ്യും…. എവിടുന്നു കിട്ടി ഇവനീ ധൈര്യം???… എവിടെനിന്നു വന്നു ഇവനീ അഭിപ്രായം ??…. പറയാം… പിശാചിന്‍റെ ഒരു ആധുനിക തന്ത്രമാണ് അതിനു പിന്നിൽ. അതായത്, “പരസ്യ” തന്ത്രങ്ങൾ… അവയിലേക്കു അല്പം വെളിച്ചം വീശാൻ ഞങ്ങൾ ശ്രമിക്കുകയാണ്.

ശലോമോൻ പറയുന്നു” അവൻ (മനുഷ്യൻ) തന്‍റെ മനസ്സിൽ കണക്കു കൂട്ടുന്നതുപോലെ ആകുന്നു” (സദൃ23:7). ഞാൻ ഈ പരീശന്മാരെപ്പോലെയല്ല എന്ന് ഞാൻ എന്നെക്കുറിച്ച് തന്നെ ചിന്തിച്ചിട്ട് കാര്യമില്ല, ഞാൻ എന്താണോ എപ്പോഴും ചിന്തിക്കുന്നത് അതാണ്‌ എന്‍റെ വ്യക്തിത്വം. സാത്താനാണ്‌ ഈ ലോകത്തിന്റെ ദൈവം (2 കോരി 4:4). പൗലോസ് പറയുന്നത്, ഈ ലോകത്തിനു അനുരൂപരാകാതിരിക്കുന്നതിനും, സാത്താന്റെ ചിന്താഗതി നമ്മെ സ്വാധീനിക്കാതിരിക്കുന്നതിനുമായി  നാം “മനസ്സ് പുതുക്കി” (റോമർ 12:2) രൂപാന്തരത്തിന്‍റെ അനുഭവത്തില്‍ ജീവിക്കണം എന്നുള്ളതാണ്. അതായത്, ലോകം മാടിവിളിക്കുന്ന ലൌകികമോഹങ്ങളെ പ്രതിരോധിക്കുവാന്‍ കഴിയുന്ന ഒരു മനസ്സിന്നുടമകളായിരിക്കണം. “ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി” (2കോരി 10:5) ജീവിക്കുവാന്‍ കഴിയണം. നമ്മുടെ ചിന്താഗതികളെ ഒരളവിലെങ്കിലും സ്വാധീനിക്കുവാന്‍ നമുക്ക് സുപരിചിതമായ പരസ്യദൃശ്യങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ? ഒരു കാര്യം നാം മനസ്സിലാക്കിയിരിക്കണം, ദൈവ വഴിയിൽ നിന്ന് നേർ വിപരീതമാണ്, അതായത് 180 ഡിഗ്രി എതിരാണ് സാത്താന്‍റെ വഴി. വിശ്വാസികൾ എന്ന നിലയിൽ, ലോകം ചിന്തിക്കുന്നത് പോലെയല്ല ഒരു ദൈവപൈതല്‍ ചിന്തിക്കേണ്ടത്. നമ്മുടെ ദൈവത്തിന് പ്രസാദകരമായ രീതിയില്‍ തന്നെയാണ് നാം ചിന്തിക്കാൻ പരിശീലിക്കേണ്ടത്.

ആനുകാലിക മാസികകളിൽ, റ്റിവിയിൽ, പത്രത്തിൽ, വലിയ പരസ്യ ബോർഡുകളിൽ, പാർക്കുകളിൽ, ബസിൽ, ട്രെയിനിൽ, എയർപോർട്ടിൽ, വിവിധ ഉൽപന്നങ്ങളിൽ, അങ്ങനെ എല്ലായിടത്തും എല്ലാറ്റിനും പരസ്യമാണ്. ഓരോ ലോഗോകളും നമുക്ക് സുപരിചിതവുമാണ്. പ്രിയപ്പെട്ടവരേ, നമ്മുടെ ശത്രുവിനെ നാം ചെറുതായി കാണുവാന്‍ പാടില്ല !!!!!!!

ഏതു പെണ്ണിനാണ് സുന്ദരി എന്ന് കേള്ക്കാൻ ഇഷ്ടമില്ലാത്തത് ? എല്ലാ സ്ത്രീകളുടെയും മുഖലക്ഷണത്തിനു മാറ്റ് കൂട്ടുന്നത്‌ അവരണിയുന്ന ആഭരണങ്ങളാണ്” (ജോസ് ആലൂക്കാസ് ജ്വല്ലേഴ്സ്). സൗന്ദര്യം എന്നത് അകത്തെ മനുഷ്യനാണ് എന്ന് പറയുന്ന ബൈബിൾ പ്രമാണത്തെ ഇത് വെല്ലുവിളിക്കുന്നുണ്ടോ? തങ്ങളെത്തന്നെ അലങ്കരിച്ചിരുന്ന വിശുദ്ധ സ്ത്രീകളെക്കുറിച്ചു 1 പത്രോസ് 3:5 ല്‍ പറയുന്നുണ്ട്. നാം അവരെ കണ്ടിട്ടുണ്ട്…. കുറഞ്ഞത്‌ ഒരു തലമുറ മുമ്പുള്ളവരെയെങ്കിലും… അവരുടെയൊന്നും അലങ്കാരം ആഭരണമല്ലായിരുന്നു. മറിച്ച്, വചനത്തിൽ പറയുന്നതുപോലെ, സൌമ്യതയും സാവധാനതയുമുള്ള മനസ്സ് എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്‍റെ അകത്തെ മനുഷ്യന്‍ എന്ന   അലങ്കാരമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ദൈവസന്നിധിയില്‍ വിലയേറിയതായി അവര്‍ കണ്ടത് അങ്ങനെയുള്ള അലങ്കാരമായിരുന്നു. രക്ഷിക്കപ്പെട്ട് കഴിയുമ്പോള്‍, (ഒരുത്തന്‍ ക്രിസ്തുവിലായിത്തീരുമ്പോള്‍) അവന്‍ പുതിയ സൃഷ്ടിയാവുകയാണ്. ആ വ്യക്തിയുടെ ദൃശ്യമായതും അദൃശ്യമായതുമായ ധാരണകളും അലങ്കാരങ്ങളുമെല്ലാം സൃഷ്ടിതാവിനെ മഹത്വപ്പെടുത്തുന്നതിനു ഉതകുന്നതായിരിക്കണം. എന്നാല്‍ അലങ്കാരങ്ങളെ ക്കുറിച്ചുള്ള അജ്ഞതകൊണ്ടോ അല്ലെങ്കില്‍ ക്രിസ്തുവിനോടുള്ള അനുസരണത്തിന്‍റെ വൈമനസ്യംകൊണ്ടോ ആയിരിക്കാം പലപ്പോഴും പാപസ്വഭാവവുമായി ബന്ധപ്പെട്ട ലോക അലങ്കാരങ്ങളെ വിശ്വാസികളായവര്‍ വെള്ള പൂശാനും ആത്മീയ പരിവേഷം നല്‍കാനും ശ്രമിക്കുന്നത്.

സാത്താന്‍ ഹവ്വയെ വീഴിച്ചതുപോലെതന്നെ ,  പരസ്യങ്ങൾ ആദ്യമേ സ്വാധീനിക്കുന്നത് സഹോദരിമാരെയാണ്. ഒരു മോതിരമിട്ടാൽ എന്താ തെറ്റ് എന്ന ചിന്ത മിക്കവാറും മൊട്ടിടുന്നത് ബലഹീനപാത്രങ്ങളായ സഹോദരിമാരിലാണ്. സഹോദരി ജഡീകനായ സഹോദരനോട് പറയേണ്ട താമസം, രണ്ടു പേരും ജ്വല്ലറികളിലേക്ക് ഓടും. ജോയ് ജോണ്‍സാറിന്റെ  പാട്ടിലെപോലെ “സീരിയൽ കണ്ട്കരഞ്ഞു, റിമോട്ട് ഞെക്കി ഞെക്കി, ചാനലുകൾ മാറ്റിമാറ്റി ,ബോറടി നീക്കിനീക്കി, അലസയായി കുത്തിയിരുന്നു, സമയത്തിൻ വിലയറിയാത്ത” പലരുമാണ്‌ വീഴ്ചക്ക് മുന്നിൽ. ‘ആണായാൽ പെണ്ണ് വേണം, ആഭരണ പ്രിയം വേണം (ഭീമ ജ്വല്ലേഴ്സ്)’.. പുരുഷത്വത്തിന്റെ ലക്ഷണമായി ആഭരണ പ്രേമത്തെ ചിത്രീകരിക്കുന്നത് തെറ്റായ ഒരു സന്ദേശമല്ലേ വിശ്വാസിക്ക് നല്കുന്നത്?..

‘വിണ്ണിൽ നിന്ന് വന്ന താരമാകുവാൻ ഒരുക്കുന്നു, ഇമ്മാനുവേൽ  (ഇമ്മാനുവേൽ റ്റെക്സ്റ്റൈൽസ്)‘. വില പിടിപ്പുള്ള വസ്ത്രങ്ങളണിഞ്ഞാലെ നീ ഒരു താരമാകയുള്ളൂ… അത് ഈ ലോകത്തിന്‍റെ താരം….  ..ഓര്‍ക്കണം, സ്വർഗത്തിന്‍റെ താരമല്ല…….

ബൈബിൾ പദങ്ങൾ പരസ്യങ്ങളിൽ നന്നായുപയോഗിക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?? ‘നിത്യതയുടെ വർണ്ണസ്വർണ സ്പർശമേകുവാൻ’ …..(മലബാർ ഗോൾഡ്‌ )   ‘അനശ്വര നിമിഷങ്ങൾ നിങ്ങൾക്കൊപ്പം ഞാൻ …..(കല്യാണ്‍ ജ്വല്ലേഴ്സ്)’ 

നിത്യതക്കായി ഒരുങ്ങുവാനുള്ള സമയമാണ് ദൈവം മനുഷ്യർക്ക്‌ ഈ ഭൂമിയിൽ നല്കിയിരിക്കുന്നത്.  ഈ വലിയ  സത്യത്തെക്കുറിച്ച് ഒരു ആശയക്കുഴപ്പം ഒരുപക്ഷെ വിശ്വാസികളിലും ജനിപ്പിക്കുവാന്‍ പ്രേരകമാകുന്നതാണ് ഇത്തരത്തിലുള്ള പരസ്യങ്ങളുടെ തുടര്‍ച്ചയായ കേള്‍വി. യഥാര്‍ത്ഥത്തില്‍ നിത്യഭവനമെന്നത് സ്വര്‍ഗ്ഗീയവാസമാണ്. നിത്യതയെ സാത്താൻ ഭൗതികതയുടെ പ്രസരത്തിലാക്കുമ്പോൾ വിശ്വാസിക്കും ഒരു ചായ്‌വ് തോന്നുകില്ലേ? നിത്യതക്കായി ഒരുങ്ങുവാനുള്ളതാണ് വിശ്വാസിക്ക് ഈ ഭൂമിയിലെ ജീവിതം. ഇവിടെയാണ്‌ നിത്യത എന്ന് വിശ്വസിപ്പിക്കാൻ, ഈ ലോകത്തിനോട് അനുരൂപപെട്ട് ജീവിക്കാന്‍, ലോകക്കാരില്‍നിന്നും വ്യത്യാസമില്ലാതെ ജീവിക്കാൻ നമ്മുടെ ജീവിതത്തില്‍ ഇത്തരം പരസ്യതന്ത്രങ്ങള്‍ ഏതെങ്കിലും നിലയില്‍ സ്വാധീനം ചെലുത്തുന്നുണ്ടോയെന്നു നാം തന്നെ ഒന്ന് ശോധന ചെയ്യുക.

‘ഹൃദയത്തിലേറ്റിയ യഥാർത്ഥ പരിശുദ്ധി (ജോസ്കോ ജ്വല്ലേഴ്സ്)’ .സ്വർണ്ണമണിയുന്നത്‌ ഹൃദയത്തിന്‍റെ പരിശുദ്ധിയെ വെളിപ്പെടുത്തുന്നതാണെന്ന മണ്ടത്തരം നമുക്ക് തോന്നാതിരിക്കട്ടെ….

‘celebrate the beauty of life (മലബാർ ഗോൾഡ്‌ ജ്വല്ലേഴ്സ്)’. ജീവിതത്തിന്റെ മനോഹാരിതയെ  സ്വര്‍ണ്ണമണിഞ്ഞുകൊണ്ടാണ് ആഘോഷിക്കേണ്ടത് എന്ന് വിശ്വസിപ്പിക്കാനുള്ള ശ്രമത്തിന് ദൈവവചനത്തില്‍ എന്തടിസ്ഥാനം? ദൈവമക്കള്‍ സാത്താന്‍റെ ഈ കുതന്ത്രത്തില്‍ കുടുങ്ങിപ്പോകാതിരിക്കട്ടെ…

വെള്ള ചൂടാക്കുന്ന വാട്ടർ ഹീറ്ററിന്‍റെ പരസ്യമാണ് ‘Reborn every morning …’. മറ്റ് ചിലത് ഇവയാണ്, ‘The spirit of eternity (geeri pai jwellery )’,  വിശ്വസിക്കേണ്ടത് ദൈവത്തിലല്ലേ,  സ്വർണത്തിലാണോ??..ദൈവവചനം പറയുന്നു, “കർത്താവായ യേശുവിൽ വിശ്വസിക്ക”; (അപ്പൊ 16:31) എന്ന്…..ഏതായാലും കുറെ പേർക്കെങ്കിലും സ്വർണത്തിൽ വിശ്വസിക്കാൻ ഇടയായിത്തീരുന്നുണ്ട് എന്നത് നഗ്നമായ ഒരു സത്യമാണ്. ‘believe in gold, invest in gold (ചെമ്മണ്ണൂർ ജ്വല്ലേഴ്സ് ).ഈ പരസ്യവാചകം കേട്ടിട്ടാകണം, സ്വർണം നല്ല ഒരു നിക്ഷേപമാണ് എന്നൊക്കെ നമ്മുടെ വിശ്വാസികളും അടിച്ചു വിടുന്നത്. ഇക്കൂട്ടര്‍ക്ക് സ്വർഗത്തിലെ നിക്ഷേപം എന്നും സീറോ ബാലൻസ് ആയി നിന്നാലും കുഴപ്പമില്ല എന്ന ധാരണയാണുള്ളത്.

കൗമാര പ്രായക്കാർക്കായി 24×7 ഇന്റർനെറ്റ്‌ (വോഡഫോണ്‍) സാദ്ധ്യത ലഭ്യമാണ്. പാപം ചെയ്യുവാന്‍  ഏറ്റവും സാദ്ധ്യതയുള്ള കൌമാരപ്രായത്തിൽ പാപത്തിലേക്ക് എളുപ്പം  തള്ളിയിടുവാൻ സഹായിക്കുന്ന ഈ  ഒരു കൂട്ട് എന്തിനാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ?

‘live young, live free (മഹിന്ദ്ര )‘.. അതിരുകളില്ലാതെ ജീവിക്കാൻ ചെറുപ്പക്കാരോട് ആഹ്വാനം ചെയ്യുന്നു. എന്നാല്‍ യൗവ്വനക്കാരനോട് ദൈവവചനം പറയുന്നു, ”നിന്‍റെ യൗവ്വനകാലത്തു നിന്‍റെ സൃഷ്ടാവിനെ ഓര്‍ത്തുകൊള്‍ക” (സഭാപ്രസംഗി.12:1). ” …..ദൈവത്തെ ഭയപ്പെട്ട് അവന്‍റെ കല്പനകളെ പ്രമാണിച്ചുകൊള്‍ക…”(സഭാ. പ്ര. 12:13).

‘ഒരു നുള്ള് ശ്യാമ മതി ഒരു നല്ല ഭാര്യയാകാൻ …….(ശ്യാമ കറി പൌഡർ )’ അത് മാത്രം മതി വേറൊന്നും വേണ്ട….. തിരുവചനം വർണ്ണിക്കുന്ന ഭാര്യയുടെ ഗുണങ്ങൾ എന്തൊക്കെയാണ്..? തിരുവചനത്തിന്‍റെ പ്രസക്തി എത്രമാത്രം നമ്മുടെ ജീവിതങ്ങളിലുണ്ട്? ഒരു സ്വയവിലയിരുത്തല്‍ അത്യാവശ്യമായിരിക്കുന്നു.

സ്വയത്തെ ഉയര്ത്തുന്ന വാക്കുകൾ ഇന്നത്തെ പരസ്യങ്ങളിൽ പ്രയോഗിക്കുന്നത് സാധാരണയാണ്. ‘VKC Pride’ എന്ന് കേൾക്കുമ്പോൾ നമ്മുടെ പ്രൈഡ് അങ്ങുയരുകയല്ലേ?.. ….. ലൂക്കോസ് – 12 ലെ ധനവാനായ മനുഷ്യൻ, ലൂക്കോസ് 18 ലെ പരീശൻ തുടങ്ങിയവര്‍, സ്വയത്തെയുയർത്തുന്ന ദൈവവചന വിരുദ്ധഭാവം നമ്മിൽ ജനിപ്പിക്കുവാൻ മുഖാന്തരമാകുന്ന വ്യക്തമായ ദൃഷ്ടാന്തങ്ങളാണ്. യഥാര്‍ത്ഥത്തില്‍,  ദൈവത്തിനല്ലേ നാം പ്രഥമ സ്ഥാനം നല്കേണ്ടത്?..’സ്വയം’ അവസാനമല്ലേ വരേണ്ടത്?.. .”ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു” (റോമർ 12:3) അപ്പോസ്തലന്‍ പ്രബോധിപ്പിക്കുന്നു. ”ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ. ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം. ”(ഫിലി 2:3-4). ദൈവരൂപത്തിലിരിക്കെ, ദൈവത്തോടുള്ള സമത്വം വെടിഞ്ഞ്, ദാസരൂപം എടുത്തവനാണ് നമ്മുടെ നാഥനായ കര്‍ത്താവായ യേശുക്രിസ്തു. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും” (മത്തായി.23:12). ഇതാണ് നമ്മുടെ പ്രിയന്‍റെ മാനദണ്ഡം.

സാമൂഹ്യ അട്ടിമറിക്കായി അനുവാചകരിൽ അത്യാവേശമുണർത്തി വിലക്കുകളെ മറികടക്കുവാൻ ആഹ്വാനം ചെയ്യുന്ന പരസ്യങ്ങൾക്കായി പണിയെടുക്കുന്നവരിൽ പ്രശസ്ത മനശാസ്ത്രജ്ഞരും ഉൾപ്പെടുന്നു. കാറുകൾ മുതൽ പിസാ വരെ, ഷൂസ് മുതൽ നിക്ഷേപസ്ഥാപനങ്ങൾ വരെ, വസ്ത്രങ്ങൾ മുതൽ ഡിപ്പാർട്ട്മെൻറ് സ്റ്റോർവരെ , ബ്രാണ്ടി മുതൽ സ്പോര്ട്സ് ഡ്രിങ്ക് വരെ തുടങ്ങിയവയുടെ പരസ്യങ്ങളിലൂടെ തോന്നിയ പോലെയുള്ള ജീവിതത്തെയും  ഉത്തരവാദിത്വമില്ലായ്മയെയുമാണ്‌ പ്രകീര്‍ത്തിക്കുന്നത്. ജ്ഞാനികളില്‍ ജ്ഞാനിയായ  ശലോമോൻ ഇങ്ങനെ വ്യക്തമാക്കുന്നു, “നിനക്കു ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊൾക; എന്നാൽ ഇവ ഒക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു  വരുത്തും എന്നറിക” (സഭാപ്രസംഗി.11:9) . പരസ്യങ്ങൾ പലതിനും പ്രേരിപ്പിക്കുമ്പോൾതന്നെ അവയുടെ അന്തിമഫലം എന്താകുമെന്ന് വെളിപ്പെടുത്തുന്നില്ല. ലോകസന്തോഷങ്ങളിൽ നിറഞ്ഞാടി ജീവിപ്പിക്കുന്നതിൽ സാത്താൻ വിജയിക്കുമ്പോൾ അധികം പേര്ക്കും നിത്യതയിൽ അത് ഒരു നഷ്ടമായി മാറും .വ്യാപനശക്തിയുള്ള ഈ ആശയങ്ങൾ കുത്തി നിറച്ച നിയമരാഹിത്യത്തിന്റെയും, അതിരുകളില്ലായ്മയുടെയും ഉത്തരവാദിത്വമില്ലായ്മയുടെയും ബാധ്യതയില്ലായ്മയുടെയും ചുവയുള്ള പരസ്യവാചകങ്ങൾ നാമും നമ്മുടെ കുഞ്ഞുങ്ങളും എല്ലാ ദിവസവും പലയാവര്‍ത്തി കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. ക്രിക്കറ്റ് കളി കാണാൻ ഇന്ന് എല്ലാവരും രാവിലെ മുതൽ വൈകിട്ട് വരെ ടെലിവിഷനുമുന്‍പില്‍ കുത്തിയിരിക്കും. എത്ര പരസ്യങ്ങളാണ് നമ്മുടെ വിശ്വാസ മൂല്യങ്ങളെ തട്ടിത്തെറുപ്പിച്ചു ഇടയിൽ കയറി വരുന്നത്. ഭാവി കസ്റ്റമർ ആകുക മാത്രമല്ല മറുതലിക്കുന്ന സഭാവിശ്വാസികളെയും അവ പരോക്ഷമായി സൃഷ്ടിക്കുന്നുണ്ട് എന്നത് മറക്കരുത്. അതെ, സാത്താനാണ് പരസ്യവാചകങ്ങളിലൂടെ ലോകം ചിന്തിക്കുന്നത് പോലെ ചിന്തിക്കുവാൻ വിശ്വാസികളെ പഠിപ്പിക്കുന്നത്‌.

”യൌവനമോഹങ്ങളെ വിട്ടോടുക” (2 തിമോത്തി 2:22) എന്നാണ് വചനം ആഹ്വാനം ചെയ്യുന്നത്. അതുകൊണ്ട്, വിശ്വാസി അതിരുകളില്ലാതെ ജീവിക്കുന്നവനായിട്ടല്ല , നേരെമറിച്ച്, ചിലതിനോട് പറ്റില്ല എന്ന് പറയുന്ന കർക്കശക്കാരായി നാം മാറണം .”ദുർന്നടപ്പു വിട്ടു ഓടുവിൻ” (1കോരി 6:18). ”ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.” (1തിമോത്തി 6:10). ”നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നും” (എഫെ 1:4) ”കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ മുന്നിറുത്തേണ്ടതിന്നു” (എഫെ 5:27 ) മായി വലിയവനായ ദൈവം വിശുദ്ധിയില്‍ തികഞ്ഞവനായ തന്‍റെ പുത്രനായ ക്രിസ്തുവിനെ നമുക്കായിട്ട് എല്പ്പിച്ചുതന്നു. ആകയാല്‍, ”പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ, നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ. ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്നു എഴുതിയിരിക്കുന്നുവല്ലോ” (1പത്രോസ് 1:14-16). അജ്ഞാനകാലത്തെ നമ്മുടെ മോഹങ്ങളും വിശ്വാസി എന്ന നിലയിൽ നമ്മുടെ മോഹങ്ങളും തമ്മിൽ എന്തെങ്കിലും അന്തരമുണ്ടോ? ”നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം!”. (2 പത്രോസ് 3:12). അപ്പോസ്തലനായ പൗലോസ് ഓര്പ്പിക്കുന്നത്, “ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു” (2 കോരി 5:15 ) എന്നാണ്.  ”….. നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? ആകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ”. (1 കൊരി 6:20 ). നമ്മുടെ അനുസരണം നിർബന്ധത്താല്‍ ഉളവാകേണ്ടതല്ല. നേരെമറിച്ച്, ദൈവത്തെ അനുസരിക്കുന്നുവെന്നത്, നമ്മുടെ രക്ഷയോടുള്ള ബന്ധത്തിൽ കർത്താവിനോടുള്ള  നന്ദി പ്രകടനവും സ്നേഹത്തിന്‍റെ  അടയാളവുമാണ്. അപ്പോസ്തലന്‍ എഴുതി, “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു” (2 കോരി 5:14). ഈ നിർബന്ധം നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ എന്തെങ്കിലും കാര്യങ്ങളിൽ അനുഭവപ്പെടുന്നുണ്ടോ? പഴയ നിയമത്തിൽ ദൈവം അത് വ്യക്തമാക്കിയിരിക്കുന്നത് ഇങ്ങനെയാണ് “യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു”.(1 ശമുവേൽ 15:22 ). നിര്‍ബന്ധം പിടിക്കുന്നവരോട് നമ്മുടെ കര്ത്താവ് ചോദിക്കുന്നു, “നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു?” (ലൂക്കോസ് 6:46). അതിനാൽ  ഒരു ദൈവപൈതല്‍ ദൈവ വചനത്തിന്റെ പരിധിക്കുള്ളിൽ മാത്രം നിന്ന്, അനുസരണമുള്ള ഒരു ജീവിതമാണ് നയിക്കേണ്ടത്. നമ്മുടെ ചുറ്റും ജീവിക്കുന്ന അവിശ്വാസികളിൽനിന്ന് നാം വ്യത്യസ്തരാണ്.

വ്യത്യസ്തതയുള്ളവര്‍ വ്യത്യസ്തമായി ചിന്തിക്കണം. പാപത്തിന്‍റെ ഫലമായിട്ടാണോ  ദൈവത്തോടും ദൈവവചനസത്യങ്ങളോടുമുള്ള  മറുതലിപ്പ് നമ്മില്‍ നിന്നുമുയരുന്നത്? നമ്മളറിയാതെ തന്നെ, സാത്താൻ നമ്മെ അങ്ങനെ ചിന്തിപ്പിക്കുവാൻ പരിശീലിപ്പിക്കുന്നുണ്ട്, മറുതലിപ്പ് ഇക്കാലത്തിന്‍റെ ശൈലിയായിരിക്കാം, എന്നാൽ ദൈവഹിതമല്ല. ന്യൂജനറേഷൻ ചിന്തകള്‍ ഒരുവേള  ഇരുട്ടിന്‍റെ പ്രവൃത്തികളെ ന്യായീകരിക്കുന്നതാകാം. കര്ത്താവ് പറയുന്നു “മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ” (യോഹന്നാൻ 3:19). അതിൽ ഒരിക്കലും നാം അത്ഭുതപ്പെടെണ്ടതില്ല “വൈകിട്ടെന്താ പരിപാടി?“എന്ന കുപ്രസിദ്ധ പരസ്യം ഇരുട്ടിന്റെ പ്രവൃത്തികളിലേക്കാണ് കാഴ്ചക്കാരെ വിളിക്കുന്നത്‌. കാൽവരിയിലെ ഇരുട്ടിൽ നമുക്ക് പകരമായി ഒരുവൻ കഷ്ടം സഹിച്ചതിനാൽ ഒരു കാരണവശാലും നാം അതിൽ പങ്കാളികളാകേണ്ടതില്ല. ചെറുപ്പക്കാർ ഏറ്റവും അറിയപ്പെടാനാഗ്രഹിക്കുന്നത് “BAD BOYS” എന്നല്ലേ? “…സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.” (എഫേ 2:10 ). ഇതിനു വിപരീതമായ ചിന്താഗതികളല്ലേ എല്ലായിടത്തു നിന്നും ഉയരുന്നത്? സൽപ്രവൃത്തികള്ക്ക് അനുസരണവും കീഴ്പ്പെടാനുള്ള മനോഭാവവും ആവശ്യമായിരിക്കുമ്പോൾ തെറ്റായ കാര്യങ്ങളിൽ എര്പ്പെടുന്നതിനും അതിനെ ന്യായീകരിക്കുന്നതിനുമായി മറുതലിപ്പും അനുസരണക്കേടുമാണ് ആവശ്യമായിരിക്കുന്നത്. ഇവക്കെല്ലാം പിന്നിൽ ഒരാളാണ്, അതായത്,  ഈ ലോകത്തിന്റെ പ്രഭു, സാത്താന്‍, നമ്മുടെ പഴയ മുതലാളി. അവനെ നിങ്ങള്‍ ഇപ്പോഴും അനുസരിക്കുന്നതെന്തിനു ?

പരസ്യങ്ങളുടെ ആകര്‍ഷക സംഗീതം നിങ്ങളെ മയക്കുന്നുണ്ടോ? നമ്മുടെ ചുറ്റും കാണുന്ന  കച്ചവട സംസ്കാരവും, പരസ്യമേഖലയും നമ്മുടെ ആത്മീയ തീരുമാനങ്ങളെ ഞെരുക്കുന്നുണ്ടോ? എന്നാല്‍ ഓര്‍ക്കേണ്ട വസ്തുതയെന്നത്, ഇവയുടെ മദ്ധ്യത്തിൽ വിശ്വാസിയുടെ സാക്ഷ്യമുള്ള ക്രിസ്തീയജീവിതത്തിന്‍റെ ഉത്തവാദിത്വവുമുയരുകയാണ്.

പ്രിയ ദൈവജനമേ, പരിശുദ്ധാത്മാസഹായത്താൽ നമുക്ക് നമ്മെത്തന്നെ സൂക്ഷിക്കാം…. ലോകത്തിന്റെ മൂല്യങ്ങളല്ല ഒരു വിശ്വാസിയുടെ മൂല്യം എന്ന് നമുക്ക് ഉറച്ചു പ്രഖ്യാപിക്കാം…. ലോകത്തിനു അനുരൂപമാകാതെ നമ്മുടെ മനസ്സ് നമുക്ക് പുതുക്കാം… ലോക മനുഷ്യൻ ചിന്തിക്കുന്നത് പോലെ ചിന്തിക്കാതിരിക്കാൻ ദൈവം നമുക്ക് കൃപ നല്കുമാറാകട്ടെ…  കര്‍തൃ സന്നിധിയിൽ വിശ്രമിക്കുന്ന വൈ .എസക്കിയേൽ സാറിനെക്കുറിച്ചു കേട്ടിട്ടുള്ളത്, അദ്ദേഹം എല്ലായ്പ്പോഴും വചനം വായിച്ചു കൊണ്ടിരിക്കും എന്നാണ്. നമ്മിൽ എത്ര പേര് വചനം വായിക്കുന്നതിൽ ദാഹമുള്ളവരുണ്ട്? കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും പ്രാർഥനയിൽ ചിലവിടുവാന്‍ നമുക്ക് കഴിയുന്നുണ്ടോ?.  ‘മനുഷ്യപുത്രന്റെ വരവിങ്കൽ വിശ്വാസം കണ്ടെത്തുമോ’ എന്ന് സന്ദേഹിക്കേണ്ട സ്ഥിതിയിലേക്ക് ആത്മീയ മൂല്യങ്ങളുടെ നിലവാരം ഇടിയുന്നുണ്ട്. നമുക്ക് ഉണരാൻ സമയമായി…. പരസ്യങ്ങൾ പരത്തുന്ന തെറ്റായ ചിന്താഗതികൾ ചെറുപ്പക്കാരെ മാത്രമല്ല സഭകളെയും ബാധിക്കുന്നുണ്ട്. നമ്മുടെ എതൊക്കെ ചിന്താഗതികൾക്ക് മാറ്റം വന്നു എന്നതിന്‍റെ ഒരു സ്റ്റോക്കെടുപ്പ് നമുക്ക് നടത്താം…. തിരുവചനമാണോ തങ്ങളുടെ തീരുമാനങ്ങളെ മാറ്റുന്നതിന് സഹായകമായത് എന്ന് നമുക്ക് പരിശോധിക്കാം. ചുറ്റും പരസ്യജിങ്കിളുകൾ കറങ്ങുമ്പോൾ, ബൈബിൾ പഠിപ്പിക്കുന്നതിനനുസരിച്ച് മാത്രം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും  നമുക്ക് ശ്രമിക്കാം. അല്ലയോ ദൈവപൈതലേ, ലോകം ചിന്തിക്കുന്നത് പോലെയാണ് വിശ്വാസിയായ താങ്കൾ ചിന്തിക്കുന്നതെങ്കിൽ താങ്കളുടെ മനസ്സ് സാത്താന്റെ നിയന്ത്രണത്തിലാണ് എന്നോര്‍ക്കുക. എത്രയും പെട്ടെന്ന് അപ്പന്‍റെ ഭവനത്തിലേക്ക്‌, സ്നേഹനിധിയായ കര്‍ത്താവിന്റെ സവിധത്തിലേക്ക് മടങ്ങിവരിക… ദൈവം നമ്മെ സഹായിക്കട്ടെ…

www.sabhasathyam.com

Leave a Reply

Your email address will not be published. Required fields are marked *