‘ഒരു കുടക്കീഴില്‍ അണിനിരക്കുക‘ എന്ന സംഘടിത ആശയം ഇന്ന് വിശ്വാസസമൂഹത്തിലും സജീവമാണ്. പ്രവചന പഠിതാക്കള്‍ പറയുന്നത് ശരിയാണെങ്കില്‍ ഒരു ‘തെറ്റായ ലോകമതം’ ഒടുവില്‍ ഈ ലോകത്തില്‍ പ്രബലപ്പെടും. ഉപദേശ പിശകുകളല്ല, സഭയുടെ വിഭാഗീയതയാണ് യഥാര്‍ത്ഥ ശാപം എന്ന ചിന്തയിലേക്ക് നാമധേയ ക്രിസ്ത്യാനികള്‍ അതിനായി നയിക്കപ്പെട്ടാല്‍ മാത്രം മതി. ഐക്യതയ്ക്കുവേണ്ടിയുള്ള ദാഹത്തില്‍ ഉപദേശങ്ങളെല്ലാം ഒരു ഭാഗത്തേക്ക് മാറ്റിവെയ്ക്കും. എല്ലാ ക്രിസ്ത്യാനികളും, തുടര്‍ന്ന് എല്ലാ മതങ്ങളും അനുഭവത്തെ ആധാരമാക്കി ഒരു കുടക്കീഴില്‍ അന്ന് അണിനിരക്കും.
സ്വന്ത കാര്യങ്ങളില്‍ അധിഷ്ടിതമായ അനുഭവങ്ങളിലേക്ക് തരംതാണുകൊണ്ട് ഉപദേശപഠനങ്ങളെ ഈ കാലങ്ങളില്‍ അവഗണിച്ചത് ഇതുകൊണ്ടാണ്. ഞായറാഴ്ചകളില്‍ ക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപിക്കുകയും മറ്റ് ദിവസങ്ങളില്‍ ലൌകികഇച്ഛകളാല്‍ സംതൃപ്തി നേടുകയും ചെയ്യുന്നതില്‍ യാതൊരു വ്യത്യാസവും കാണാത്ത ക്രിസ്തീയ തലമുറയെയാണ് നാം വാര്‍ത്തെടുത്തുകൊണ്ടിരിക്കുന്നത്. നമ്മുടെ ചില സഭാനേതാക്കളുടെ (സ്വയം പ്രഖ്യാപിതര്‍) ധാര്‍മ്മികവീഴ്ചകളെ കണ്ടാല്‍, ക്രിസ്ത്യാനിത്വത്തിനു ഒരു മൈല്‍ വിശാലതയുണ്ടെങ്കില്‍, ഒരിഞ്ചു ആഴമേയുള്ളൂ എന്ന് നാം സമ്മതിച്ചു പോകും.
ഈ അധ:പതനം തടയുവാന്‍ നമുക്ക് എന്തുചെയ്യുവാന്‍ കഴിയും? ഐക്യതയുടെ മാസ്മരശക്തിയില്‍ വഞ്ചിക്കപ്പെടാതെ ഉപദേശപരവും ധാര്‍മ്മികവുമായ സത്യസന്ധതയില്‍ നില്ക്കണമെന്ന് നമ്മുടെ യുവജനങ്ങളെ എങ്ങനെ പഠിപ്പിക്കുവാന്‍ കഴിയും?
ഒന്നാമത്, ക്രിസ്ത്യാനിത്വത്തിന്റെ നിസ്തുല്യത വേദപുസ്തകത്തില്‍നിന്ന് അവരെ പഠിപ്പിക്കണം. സഭയുടെ മുന്‍കാല ചരിത്രത്തില്‍ അപ്രകാരം ജീവിച്ച ഭക്തന്മാരെക്കുറിച്ചു നാം അവരോട് പറയണം. ‘ചരിത്രം പഠിച്ചാല്‍ അതില്‍നിന്ന് ഒന്നും പഠിക്കുവാന്‍ കഴിയുകയില്ലെന്ന് നാം പഠിക്കും’ എന്ന പഴഞ്ചൊല്ല് തെറ്റാണെന്ന് നാം തെളിയിക്കണം. തീര്‍ച്ചയായും ചരിത്രത്തില്‍നിന്ന് പലതും മനസ്സിലാക്കുവാനുണ്ട്. അതുകൊണ്ട് അതിനായി നാം ശ്രമിക്കുന്നില്ലെങ്കില്‍ അതൊരു നഷ്ടമാകും. ഭാവിയില്‍ നേരിടേണ്ടിവരുന്ന ദുരുപദേശങ്ങളെ നേരിടുവാന്‍ കഴിഞ്ഞകാലപോരാട്ടങ്ങളുടെ ചരിത്രം നമുക്ക് ചില പ്രചോദനങ്ങള്‍ നല്കിത്തരും. നമ്മെപ്പോലെ സമ്മര്‍ദ്ദങ്ങളുടെ മദ്ധ്യത്തില്‍ സധൈര്യം സത്യഉപദേശങ്ങള്‍ക്കുവേണ്ടി നിലനിന്നവരുടെ ചരിത്രം നമുക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉള്‍ക്കരുത്തും പ്രദാനം ചെയ്യും. ”നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓര്‍ത്തുകൊള്‍വിന്‍; അവരുടെ ജീവാവസാനം ഓര്‍ത്ത് അവരുടെ വിശ്വാസം അനുകരിപ്പിന്‍”. (എബ്ര. 13:7).
ചരിത്രത്തില്‍ നിന്നും ആത്മീയരായ വിശ്വാസികള്‍ പ്രചോദനം ഉള്‍ക്കൊക്കൊണ്ട് നല്ല പാഠങ്ങള്‍ കാണുമ്പോള്‍ തന്നെ, നമ്മുടെ ജഡീകരായ വിശ്വാസികളും, രക്ഷിക്കപ്പെടാത്തവരും അവരുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുവാന്‍ ഉള്ള ‘മന്നയും’ ഈ ചരിത്രത്തില്‍ നിന്ന് തന്നെ അവര്‍ കണ്ടെത്തും. കാലാകാലങ്ങളിൽ ദൈവം തന്‍റെ ഭക്തന്മാരെ എഴുന്നേല്പിച്ചു അവർ അവര്ക്ക് ദൈവത്തില്‍ നിന്നും ലഭിച്ച പ്രകാശനത്തി (Illumination) നനുസരിച്ചു അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലുണ്ടായിരുന്ന സമൂഹത്തോട് അറിയിക്കുകയും അതില്‍ അവര്‍ വിജയം കണ്ടെത്തുകയും ചെയ്തു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അക്കാലത്തു അവര്‍ക്ക് സാക്ഷ്യ ജീവിതം പുലര്‍ത്തുവാനുള്ള എല്ലാം തന്നെ അന്നത്തെ ദൈവമക്കള്‍ക്ക് ദൈവം മനസിലാക്കി കൊടുത്തിരുന്നു. (ദൈവത്തില്‍ നിന്നും പുതിയ വെളിപ്പാടു (Revelation) കള്‍ ആയിരുന്നില്ല ലഭിച്ചിരുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം)
ഇക്കാര്യങ്ങള്‍ ഒക്കെയും സത്യമാണെങ്കിലും നമ്മൾ ആരും തന്നെ നാമധേയ സഭകൾ ചെയ്യുന്നത് പോലെ ആ വ്യക്തികള്ക്കു അമിത പ്രാധാന്യത നല്കാറില്ല. അവരെ പ്രത്യേക വിശുദ്ധന്മാരായി പ്രഖ്യാപിക്കാറുമില്ല. കത്തോലിക്കർ ചെയ്യുന്നത് പോലെ “രൂപക്കൂട്” പണിയാറില്ല. നാം പഠിക്കുന്ന ചരിത്രം അപ്പസ്തോല പ്രവൃത്തിയാണ്, വ്യക്തി കര്ത്താവും, വിശ്വാസം പ്രഖ്യാപിക്കുകയും അതിൽ നടക്കുകയും ചെയ്ത അപ്പസ്തോലന്മാരുമാണ്. (അടിസ്ഥാനം അപ്പസ്തോലന്മാരും പ്രവാചകന്മാരും).
ബ്രദറുകാരുടെ ചരിത്രം പഠിച്ചാലോ, അവരുടെ വ്യക്തി ജീവിതത്തെ പഠിച്ചാലോ നമ്മുക്ക് ഒരു ആത്മീയ വളര്ച്ചയുമുണ്ടാകില്ല എന്ന് മാത്രമല്ല സൂഷ്മമായി പഠിക്കുമ്പോൾ മാനുഷീകമായ നിലയില്‍ അതിൽ ചില പോരായ്മകളും, വ്യക്തിപരമായ വീഴ്ചകളും നമ്മുക്ക് കാണുവാൻ കഴിയും. അവയെ നാം മാതൃകയാക്കെണ്ടതില്ല, എന്നാല്‍ അവരുടെ ഭക്തിയെയും കർത്താവിലുള്ള തീഷ്ണതയെയുമാണ് നാം പ്രശംസിക്കേണ്ടത്. ചിലർ ചരിത്രം രചിക്കുന്നത് തന്നെ തങ്ങളെയും തങ്ങളുടെ കുടുംബത്തെ ഉയർത്തുന്നതിനുമാണ്. ഇത് അന്ത്യകാലമാണ് എന്നുള്ളതിനു യാതൊരു തര്‍ക്കവുമില്ല.
നാം ഇന്ന് ജീവിക്കുന്ന തലമുറയില്‍ സാക്ഷ്യം പുലര്‍ത്തുവാന്‍ ആവിശ്യമുള്ള വചന പ്രകാശനവും, പഠനങ്ങളും ഇന്ന് ലഭ്യമാണ്. വിവര സാങ്കേതിക വിദ്യയുടെയും ശാസ്ത്രത്തിന്റെയും പുരോഗതി മൂലം ചെറിയ ഒരു വീടായി മാറിയിരിക്കുന്ന ഈ വിശാല ലോകത്തു, ഓരോ വിശ്വാസിക്കും തങ്ങളുടെ സാക്ഷ്യം നിലനിർത്തേണ്ട വലിയ ഉത്തരവാദിത്തത്തിലെക്കു നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു. മുൻപ് ഒരു ചെറിയ ഗ്രാമത്തിൽ ഒതുങ്ങിയിരുന്നത് ഇന്ന് വ്യത്യസ്ഥ വന്കരകളിലേക്ക് മാറിയിരിക്കുന്നു. എങ്ങനെയായാലും നമ്മുക്ക് കര്ത്തവിലെക്കും നമ്മെ ഏല്പിച്ചിരിക്കുന്ന ഉപദേശത്തിലേക്കും മറ്റുള്ളവരെ ആകര്ഷിക്കേണ്ട ഉത്തരവാദത്തത്തിൽ നിന്ന് ഒഴിയാനാകില്ല!!
രണ്ടാമത്, നാം ലളിതമായ ഒരു യുക്തി ഉപയോഗിക്കണം. ഒരു വസ്തുവിന് ഒരേസമയത്ത് ആയിരിക്കുവാനും അല്ലാതിരിക്കുവാനും സാദ്ധ്യമല്ല. ക്രിസ്തു ദൈവത്തിലേക്കുള്ള ഏകവഴിയും ആ സമയത്ത് തന്നെ അനേക വഴികള്‍ ദൈവത്തിലെക്കുണ്ട് എന്നതും യോജിക്കുകയില്ല. അതായത്, സത്യം ഒന്നേയുള്ളൂ. ദൈവം ഒരുവനേയുള്ളൂ. ദൈവവചനം നിസ്തുല്യമാണ്. കേരളത്തിലാണെങ്കിലും വിദേശത്താണെങ്കിലും ദൈവവചനത്തിന് വ്യത്യാസമൊന്നുമില്ല. എന്നേക്കും സ്ഥിരമായിരിക്കുന്നതാണ് തിരുവചനം. തിരുവചനാടിസ്ഥാനത്തിലുള്ള ഉപദേശസംഹിതകളും ദൈവത്തിന്നായി വേര്‍തിരിക്കപ്പെട്ട വിശുദ്ധജീവിതത്തെ പരിപോഷിപ്പിക്കാന്‍ പ്രേരകമായ ജീവിതശൈലികളുമായിരിക്കണം ഒരു യഥാര്‍ത്ഥ ദൈവപൈതല്‍ പിന്തുടരേണ്ടത്. കാണുന്നതും കാണുന്നവരുമെല്ലാം ശരിയാണെന്ന ധാരണ വച്ചുപുലര്‍ത്തരുത്. ‘ചേരയെ തിന്നുന്ന നാട്ടില്‍ ചെല്ലുമ്പോള്‍ ചേരയുടെ നടുമുറി തിന്നണം’ എന്ന ആശയം ഒരു ക്രിസ്തീയവിശ്വാസിക്ക് യോഗ്യമല്ല. കേരളത്തില്‍ താമസിക്കുമ്പോള്‍ ഒരു വേര്‍പാട്, കേരളം വിട്ടാല്‍ തോന്നിയ വേര്‍പാട്. ചില വിശ്വാസികള്‍ അങ്ങനെയുമുണ്ട്. മറ്റു ചിലര്‍, പ്രസംഗിക്കുമ്പോഴും സംവാദിക്കുമ്പോഴുമൊക്കെ വിശുദ്ധിയും താഴ്മയും സൌമ്യതയും ക്രിസ്തുവിന്‍റെ ഭാവവുമൊക്കെ സവിസ്തരം വിളമ്പും. പക്ഷേ, ഉള്ളില്‍ കയ്പും അസൂയയും പക്ഷംചേരലും സ്ഥാനമോഹവുമൊക്കെയാണ് ഇവര്‍ക്ക് കൈമുതലായിട്ടുള്ളത്. ഒരേ സമയത്ത് രണ്ടവസ്ഥയില്‍ തുടരാന്‍ വിശ്വാസിക്ക് കഴിയില്ല. ഒന്നുകില്‍, തിരുവചനം അനുശാസിക്കുന്ന ഉപദേശത്തിനും ആ ഉപദേശത്തിലധിഷ്ടിതമായി രൂപപ്പെട്ടിട്ടുള്ള ജീവിതശൈലിയിലും ക്രിസ്തീയജീവിതം നയിക്കണം. അല്ലെങ്കില്‍ പിന്നെ, സത്യഉപദേശത്തിന്‍റെ ധാര്‍മ്മികതയോടും വിശുദ്ധിയോടുമോപ്പം മുന്‍കാല ചരിത്രത്തില്‍ ജീവിച്ച ഭക്തന്മാരുടെ, നമ്മുടെ പിതാക്കന്‍മാരുടെ, മാതൃകകളേയും കാഴ്ചപ്പാടുകളേയും തള്ളിപ്പറഞ്ഞ് സ്വന്തതാല്പര്യങ്ങളിലധിഷ്ടിതമായ അനുഭവങ്ങളില്‍ മുന്നോട്ടുപോകുക. ഇരുതോണിയില്‍ കാലുവച്ച് യാത്ര ചെയ്യുവാന്‍ ഇടയാകാതിരിക്കട്ടെ…
പത്രോസ് തന്‍റെ ലേഖനത്തില്‍ എഴുതിയിരിക്കുന്നത്. “തങ്ങൾ തന്നേ നാശത്തിന്റെ അടിമകളായിരിക്കെ മറ്റവർക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തൻ ഏതിനോടു തോല്ക്കുന്നുവോ അതിന്നു അടിമപ്പെട്ടിരിക്കുന്നു. കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി. തങ്ങൾക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അതു അറിയാതിരിക്കുന്നതു അവർക്കു നന്നായിരുന്നു. എന്നാൽ സ്വന്ത ഛർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയിൽ ഉരളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു.” (1 പത്രോസ് 2:19-22)
ഒടുവിലായി, ഉദാത്തമായ ക്രിസ്തീയജീവിതം മാതൃകയായി കാണിച്ചുകൊടുക്കണം. ക്രിസ്തീയ ഉപദേശത്തിന്റേയും ജീവിതശൈലിയുടേയും ശരിയായ സംയോജനം നാം നമ്മില്‍ത്തന്നെ അവര്‍ക്ക് പ്രദര്‍ശിപ്പിക്കണം. നാമായിരിക്കുന്ന ചുറ്റുപാടില്‍, സമൂഹത്തിനു മുന്‍പാകെ, ക്രിസ്തീയജീവിതം പ്രദര്‍ശിപ്പിച്ചു കാണിക്കണം. ബാഹ്യമായത് പ്രധാനമല്ല, അകമാണ് ശുദ്ധമായിരിക്കേണ്ടത് എന്നാണ് ചിലരുടെ മതം. അകത്ത് നിറഞ്ഞിരിക്കുന്നതിന്റെ ബഹിര്‍സ്ഫുരണമല്ലേ പുറമേ വെളിപ്പെടുന്നത്??
ഒരു വിശ്വാസി തന്‍റെ ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള സാക്ഷ്യം തന്‍റെ ചുറ്റുപാടിലാണ് വെളിപ്പെടുത്തേണ്ടത്. തന്നോടുതന്നെ, ‘ഞാന്‍
തികഞ്ഞവനാണ്’ എന്ന് പറയുന്നതല്ല ക്രിസ്തീയസാക്ഷ്യം. നമ്മുടെ ജീവിതത്തിലെ വിശുദ്ധിയും സ്നേഹവും വേര്‍പാടുമൊക്കെയാണ് ഒരു ദൈവപൈതല്‍ എന്ന നിലയില്‍ നമ്മെ സാക്ഷ്യപ്പെടുത്തെണ്ടത്. സത്യഉപദേശത്തേയും അതിന്‍റെ പ്രായോഗികതയേയും ഉപദേശത്തിലധിഷ്ടിതമായ ജീവിതശൈലികളേയും ക്രിസ്തുവിലുള്ള സ്നേഹത്തെയും ആത്മാവിന്റെ ഫലത്തേയും തങ്ങള്‍ക്കു ചുറ്റുമുള്ളവരുടെ മുന്‍പില്‍ വെളിപ്പെടുത്തുവാന്‍ കഴിയാതെ, ‘അകം ശുദ്ധമായാല്‍ മതി’ എന്ന് പറഞ്ഞ്, അനുഗ്രഹീതമായ ജീവിതശൈലികളെ ഒക്കെ അപഹസിക്കാന്‍ ശ്രമിക്കുന്നതുമായ മനോഭാവവും കാഴ്ചപ്പാടും ഏറ്റവും നിന്ദ്യവും അപഹാസ്യവുമാണ്. പരീശന്മാര്‍ ക്രിസ്തുവിന്‍റെ ഉപദേശങ്ങള്‍ക്കെതിരെ സന്ദേഹമുയര്‍ത്തിയപ്പോള്‍ താന്‍ പഠിപ്പിച്ചതും പ്രവര്‍ത്തിച്ചതും തമ്മിലുള്ള അനുയോജ്യത അവരുടെ മുമ്പില്‍ ഒരു വെല്ലുവിളിയായി അവതരിപ്പിച്ചു. അവന്‍റെ പ്രവൃത്തികള്‍ ശരിയാണെന്ന് വിശ്വസിച്ചാല്‍ ഉപദേശങ്ങളും സത്യമാണെന്ന വിശ്വാസത്തിലെത്തും. ”ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കില്‍ എന്നെ വിശ്വസിക്കേണ്ട; ചെയ്യുന്നുവെങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവ് എന്നിലും ഞാന്‍ പിതാവിലും എന്ന് ഗ്രഹിച്ച് അറിയേണ്ടതിന് പ്രവൃത്തിയെ വിശ്വസിപ്പിന്‍. (യോഹ. 10:37,38).
വേദപുസ്തകം പഠിപ്പിക്കുന്നത് എന്തെന്ന് മനസ്സിലാക്കുവാനുള്ള ആഴമേറിയ ആശ നമുക്കുണ്ടായിരിക്കട്ടെ… ഉപദേശങ്ങളുടെയും പ്രമാണങ്ങളുടെയും പ്രായോഗികതയെ ഗ്രഹിക്കാനുള്ള ഒരു മനസ്സ് നമുക്കുണ്ടായിരിക്കട്ടെ… മുന്‍കാല ഭക്തന്മാരായ പിതാക്കന്മാരുടെ ഉപദേശനിശ്ചയത്തെയും ദൈവനാമ മഹത്വത്തിനായുള്ള കാഴ്ചപ്പാടുകളേയും, കര്‍ത്താവിനായി മാത്രമുള്ള ‘ഒരു വേര്‍പെട്ട’ ജീവിതശൈലികളെയും അറിയാനും അംഗീകരിക്കാനും അനുകരിക്കാനുമുള്ള അഹങ്കരിക്കാത്ത ഒരു ഹൃദയം നമുക്കുണ്ടായിരിക്കട്ടെ….
www.sabhasathyam.com
