ദൈവത്തിന്‍റെ ജനം എല്ലായ്പോഴും സഭയായി ഒരുമിച്ചുകൂടി വരണമെന്നുള്ളതാണ് സഭയുടെ അധിപനായ ദൈവത്തിന്‍റെ ആഗ്രഹമെന്ന് പുതിയനിയമം വളരെ വ്യക്തമായി പ്രസ്താവിക്കുന്നു. ദൈവജനം ഓരോരുത്തരും തങ്ങളുടെ ജീവിതത്തില്‍ തനിയെ ഭാരങ്ങളെ വഹിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. ആയതുകൊണ്ട് ദൈവം തന്‍റെ മക്കളെ അതാത് പ്രദേശത്ത് ഓരോ സ്ഥലംസഭകളില്‍ ആക്കിവയ്ക്കുന്നു. ഒരു സ്ഥലംസഭയില്‍ അംഗമായിരിക്കുക എന്ന ശ്രേഷ്ടകരമായ പദവി ദൈവം നമുക്ക് നല്‍കുന്ന ഒരു കരുതലും അവകാശവുമാണ്. അനുഗ്രഹിക്കപ്പെട്ട ഒരു സഭാജീവിതം നയിക്കുന്നതിലൂടെ ക്രിസ്തീയജീവിതത്തില്‍ നേരിട്ടേക്കാവുന്ന ചില വീഴ്ചകളില്‍ നിന്നും ദൈവം നമ്മെ കാത്തുപരിരക്ഷിക്കുന്നു. ഏതൊക്കെ നിലകളില്‍ സ്ഥലംസഭ ദൈവജനത്തിനു സംരക്ഷണം ഉറപ്പാക്കുന്നു എന്ന് നമുക്കല്‍പ്പമായി ചിന്തിക്കാം. ‘സഭ’ എന്ന ദൈവീക പദ്ധതിയുടെ പ്രാധാന്യം കുറച്ചു കാണുന്നവര്‍ക്കും, പുതിയ നിയമ മാതൃക പ്രകാരമുള്ള സഭയെ അവഗണിക്കുന്നവര്‍ക്കും, അകന്നു നില്‍ക്കുന്നവര്‍ക്കും പല അനുഗ്രഹങ്ങളും നഷ്ടപ്പെടുന്നു. അപ്പോസ്തലന്മാര്‍ എഴുതിയ ലേഖനങ്ങലോക്കെയും സഭക്കും, സഭയുമായി ബന്ധപ്പെട്ടതും ആയിരുന്നു എന്നതും ഇതോടൊപ്പം ചിന്തനീയമാണ്.
ഒന്നാമതായി, വിജയകരമായ ഒരു സഭാജീവിതം ഒരു വിശ്വാസിയെ ലോകത്തോടും
ലോകമോഹങ്ങളില്‍നിന്നും (worldliness) അകറ്റുന്നു. ദൈവമക്കളോടൊരുമിച്ചുള്ള കൂട്ടായ്മ എപ്പോഴും ആഗ്രഹിക്കുന്ന ഒരു ദൈവപൈതലിന് ഈ ലോകത്തിന്‍റെ കൂത്തുകാഴ്ച്ചകളില്‍നിന്നും പരിപാടികളില്‍നിന്നും വേറിട്ട് നടക്കുവാന്‍ കഴിയും. സഹവിശ്വാസികളുടെ ക്രിസ്തീയസ്വഭാവവും ജീവിതശൈലികളെക്കുറിച്ചുമൊക്കെ കൂടുതല്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെ തന്‍റെ ജീവിതത്തിലും അനുഗ്രഹീതമായ മാതൃകകളെ ഉള്‍ക്കൊള്ളുവാന്‍ ഒരു ദൈവപൈതലിന് ഇടയാകും. സഭയില്‍ വളരെ വിരളമായിട്ടു സാന്നിദ്ധ്യം ഉള്ളവര്‍ അല്ലെങ്കില്‍ സഹവിശ്വാസികളോടൊരുമിച്ച് സഭാകൂടിവരവില്‍ പങ്കെടുക്കുന്നതില്‍ താല്പര്യം ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം, ഈ ലോകത്തിന്‍റെ ജീവിതശൈലികളെ, പ്രവണതകളെ അംഗീകരിക്കാനും അനുകരിക്കാനുമുള്ള സാദ്ധ്യത അവരുടെ ജീവിതത്തില്‍ കൂടുതലാണ് എന്ന അപകടം നാം അറിഞ്ഞിരിക്കേണ്ടതാണ്.
രണ്ടാമതായി, ഒരു സ്ഥലംസഭ ഒരു വിശ്വാസിക്ക് തന്‍റെ പ്രായോഗിക ജീവിതത്തില്‍ ഒറ്റപ്പെടലിന്റെ (loneliness) അനുഭവത്തെ സൃഷ്ടിക്കുന്നില്ല. ലോകം ഒരു ക്രിസ്തീയവിശ്വാസിക്ക് ഒട്ടും യോഗ്യമല്ല. തനിക്കു ഒട്ടും സുഖകരമല്ലാത്തതേ ഒരു ദൈവപൈതലിന് ഈ ലോകം സമ്മാനിക്കുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍, തങ്ങള്‍ക്ക് ആനന്ദം പ്രദാനം ചെയ്യുന്നതൊന്നും ഈ ലോകത്തില്‍നിന്നും ദൈവമക്കള്‍ക്ക് കണ്ടെടുക്കാനില്ല. വളരെ തണുത്ത, ക്രിസ്തീയജീവിതത്തിന് ഉന്മേഷം പകരുവാന്‍ പര്യാപ്തമായതൊന്നും ലഭ്യമല്ലാത്ത ഒരു സ്ഥലമാണ് ഒരു ദൈവപൈതലിനെ സംബന്ധിച്ചിടത്തോളം ഈ ലോകമെന്നുള്ളത്. എന്നാല്‍ ലോകത്തിന്‍റെ ചുറ്റുപാടുകളുടെ മധ്യത്തില്‍, ഒരു ദൈവപൈതലിന്, താന്‍ ആയിരിക്കുന്ന സഭ, തന്‍റെ ജീവിതത്തില്‍ പ്രദാനം ചെയ്യുന്നത് ആനന്ദകരമായ, ക്രിസ്തീയജീവിതത്തെ ഉത്തേജിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, കര്‍ത്താവിന്നോടുള്ള സ്നേഹത്തിന് ചൂട് പിടിപ്പിക്കുന്ന ഒരു യഥാര്‍ത്ഥ കൂട്ടായ്മയുടെ അനുഭവമാണ്. ഒരു സ്ഥലംസഭയോടുള്ള ബന്ധത്തില്‍ സജീവമായി മുന്നോട്ടു പോകുവാന്‍ ആരംഭിച്ചു, വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍തന്നെ മറ്റു വിശുദ്ധന്മാരുമായി വളരെ അനുഗ്രഹിക്കപ്പെട്ട സ്നേഹബന്ധവും കൂട്ടായ്മാബന്ധവും തങ്ങളുടെ ജീവിതത്തില്‍ നേടുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് അനേകം പ്രിയപ്പെട്ടവര്‍ക്ക് സാക്ഷ്യം പറയുവാന്‍ കഴിയും. ആ ബന്ധം ഈ ലോകം തരുന്നതുപോലെയല്ല. ഈ ലോകത്തില്‍നിന്നും നമുക്ക് ആ ബന്ധം ലഭ്യവുമല്ല.
മൂന്നാമതായി, ഒരു സ്ഥലംസഭ ആത്മീയവിഷയങ്ങളിലുള്ള അജ്ഞതയെ (ignorance) ഇല്ലായ്മ
ചെയ്യുന്നു. ആത്മീയവിഷയങ്ങള്‍ പഠിക്കുന്നതിന്നുള്ള ക്രമീകരണം സ്ഥലംസഭയിലൂടെയാണ് ഒരു സഭാവിശ്വാസിക്ക് ലഭിക്കേണ്ടത്. ദൈവവചനസത്യങ്ങള്‍ വളരെ ക്രമീകൃതമായ നിലയില്‍ പഠിക്കുന്നതിന് സ്ഥലംസഭകള്‍ സാഹചര്യങ്ങള്‍ ഒരുക്കുന്നു. വചനപഠനം സ്ഥലംസഭയുടെ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. തങ്ങളുടെ വിശ്വാസത്തെക്കുറിച്ചും തങ്ങള്‍ അറിഞ്ഞ സത്യത്തെക്കുറിച്ചും ആരെങ്കിലും ചോദിച്ചാല്‍ അവരോട് ഉത്തരം പറയുവാന്‍ കഴിയത്തക്കനിലയില്‍ ദൈവജനം ‘എപ്പോഴും ഒരുങ്ങിയിരിക്കേണ്ടത്’ അനിവാര്യമാണ് എന്നാണ് പുതിയനിയമം നമ്മെ പഠിപ്പിക്കുന്നത്. ”നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാന്‍ എപ്പോഴും ഒരുങ്ങിയിരിപ്പിന്‍” (1 പത്രോ.3:15). ആ ഒരുക്കത്തിലേക്ക് വിശ്വാസികളെ പ്രാപ്തരാക്കുന്നതിന്ന് ആവശ്യമായ ദിവ്യമായ വചനപഠന ക്രമീകരണങ്ങള്‍ സ്ഥലംസഭ ദൈവജനത്തിനായി സജ്ജമാക്കുന്നു.
അടുത്തതായി, അലസതയെ (idleness) കളയുവാന്‍ ഒരു ദൈവപൈതലിനെ താനായിരിക്കുന്ന സ്ഥലംസഭ സഹായിക്കുന്നു. വ്യക്തിപരമായ നിലയില്‍ കര്‍ത്താവിനെ സേവിക്കുവാന്‍ കഴിയും എന്നത് സംശയലേശമെന്യേ ഓര്‍ക്കുമ്പോള്‍ത്തന്നെ, ദൈവജനം ഐക്യതയോടെ, ഒത്തൊരുമിച്ച് കര്‍ത്താവിന്നായി പ്രവര്‍ത്തിക്കുന്നത് എത്രയോ സന്തോഷകരവും അനുഗ്രഹകരമായതുമാണെന്നുള്ളത് നാം മനസ്സിലാക്കിയിരിക്കേണ്ടതാണ്. തീര്‍ച്ചയായും ക്രിസ്തീയജീവിതത്തിന്‍റെ ചില ആത്മീയതലങ്ങള്‍ ദൈവമക്കള്‍ ഒരുമിച്ചുകൂടിവന്ന് പ്രായോഗികമാക്കേണ്ടത് തന്നെയാണ്. ഉദാഹരണമായി, തിരുവത്താഴശുശ്രൂഷ ഒറ്റയ്ക്ക് ചെയ്യാമെന്ന് ദൈവവചനത്തിലെങ്ങും വെളിപ്പെടുത്തിയിട്ടില്ല. നേരെമറിച്ച്, ദൈവമക്കള്‍ സ്ഥലം സഭയായി ഒരുമിച്ച് കൂടിവന്ന് അനുഷ്ടിക്കേണ്ട ഒരു ദൈവീകകല്‍പ്പനയാണ് തിരുവത്താഴാചരണം എന്നതാണ് നാം തിരുവചനത്തിലൂടെ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നത്.
അവസാനമായി, ഉത്സാഹത്തോടെയുള്ള സഭാജീവിതം ആത്മീയമായ മന്ദതയെ
(stagnation) ദുരീകരിക്കാന്‍ സഹായിക്കുന്നു. തന്‍റെ ജനം ആത്മീയമായി വളരണമെന്നാണ് വലിയവനായ ദൈവം ആഗ്രഹിക്കുന്നത്. ”ഇപ്പോള്‍ ജനിച്ച ശിശുക്കളെപ്പോലെ രക്ഷയ്ക്കായി വളരുവാന്‍ വചനം എന്ന മായമില്ലാത്ത പാല്‍ കുടിപ്പാന്‍ വാഞ്ചിപ്പിന്‍.” (1 പത്രോ. 2:2). ദൈവത്തെക്കുറിച്ചും ദൈവീകവഴികളെ ക്കുറിച്ചുമുള്ള പരിജ്ഞാനത്തില്‍ വളരണമെന്ന് ഒരു വിശ്വാസി ആഗ്രഹിക്കുന്നുവെങ്കില്‍, അതിനു ഏറ്റവും അനുയോജ്യമായ സ്ഥലം താനുല്പ്പെട്ടുനില്‍ക്കുന്ന സ്ഥലംസഭയാണ് എന്ന ബോദ്ധ്യം ഓരോ വിശ്വാസിക്കുമുണ്ടായിരിക്കേണ്ടതാണ്.
പ്രിയ ദൈവജനമേ, സഭാജീവിതം എത്രയോ സന്തോഷകരമാണ്. അത് നല്‍കുന്ന ഉറപ്പും ധൈര്യവും എത്രയോ വലുതാണ്. സഭ, കര്‍ത്താവിന്റെ കാന്ത, കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടമാണ്. (ഉത്തമഗീതം. 4:12). തിരുവചനസത്യങ്ങളെ പ്രമാണിക്കുന്ന ഒരു സഭയില്‍ ആയിരിക്കുന്നത് വിശ്വാസജീവിതത്തിലെ സുരക്ഷിതത്വമാണ് നമുക്ക് നല്‍കുന്നത്. പ്രിയപ്പെട്ട സഭാമൂപ്പന്മാരെ, നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന സഭയ്ക്ക് നാം ചിന്തിച്ച സുരക്ഷിതത്വം പ്രദാനം ചെയ്യുവാന്‍ സാധിക്കുന്നുണ്ടോ? മതില്‍ ഇടിഞ്ഞുകിടക്കുന്നുണ്ടോ? ദൈവസന്നിധിയില്‍ വിനയപ്പെടുക…. എഴുന്നേറ്റ് പണിയുവാന്‍ ഇടയാകട്ടെ… പ്രിയ വിശ്വാസിയേ, ദൈവസഭ നല്‍കുന്ന പരിരക്ഷണവും കരുതലും നിനക്കു ആസ്വദിക്കാന്‍ സാധിക്കുന്നുണ്ടോ? സഭയെ സ്നേഹിക്കുവാന്‍, സഭയെ അനുസരിക്കുവാന്‍, സഭയ്ക്ക് കീഴ്പ്പെട്ടിരിക്കുവാന്‍, സഭായോഗങ്ങളെ ഉപേക്ഷയായി കാണാതിരിക്കുവാന്‍ നിനക്കു കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍, ഒരു മടങ്ങിവരവിന്‍റെ കാലമായി എന്ന്‍ മനസ്സിലാക്കുക…. ദൈവത്തോടും ദൈവസഭയോടും ദൈവജനത്തോടും എല്ലാ പ്രതിബദ്ധതയിലും ജീവിക്കുവാന്‍ ശ്രമിക്കുക…. സഹോദരസംഘത്തിനു ഇഷ്ടനും സ്വജനത്തിന് ഗുണകാംക്ഷിയും തന്‍റെ സര്‍വ്വവംശത്തിനും അനുകൂലവാദിയുമായിരിപ്പാന്‍ പരിശ്രമിക്ക….. ആത്യന്തികമായി, വിജയകരമായ ഒരു സഭാജീവിതം നയിച്ച് ദൈവനാമമഹത്വത്തിന്നായി നിലകൊള്ളുവാന്‍ സര്‍വ്വശക്തനായ ദൈവം കൃപ നല്‍കട്ടെ എന്ന് ആശംസിക്കുന്നു…..
www.sabhasathyam.com
