ലോകത്തോട് ‘ഇണയല്ലാപ്പിണ’ (unequally yoked) ചേരുന്ന വിശ്വാസികൾ, സ്ഥലം സഭകളെ വലക്കുന്നുവോ?

ചിലർ പരിതപിക്കുന്നതുപോലെ, എല്ലാം നഷ്ടപ്പെട്ടു,…സഭ ലോകത്തിലേക്ക് ഇറങ്ങിപ്പോയി,… ലോകത്തില്‍നിന്നുള്ള വേര്‍പാട്, അതൊന്നും ഇപ്പോള്‍ കാണാനില്ല, വേര്‍പാട് എന്ന ഉപദേശം കാലഹരണപ്പെട്ട ഒരു ആശയമാണ്‌  എന്നൊന്നും നാം ചിന്തിക്കുവാന്‍ പാടില്ല. വലിയവനായ ദൈവം വചനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മാത്രം പിന്‍പറ്റുന്നതും തിരുവചനത്തിലൂടെ ദൈവം ഡിസൈൻ ചെയ്തിരിക്കുന്ന മാതൃകയില്‍ തന്നെ മുന്നോട്ടു പോകുന്നതുമായ അനേക സ്ഥലംസഭകൾ ഇന്നുമുണ്ട്. വചന പ്രകാരമുള്ള സഭകളിൽ, വചന പ്രകാരം ജീവിക്കുന്ന ഭക്തന്മാരായ വിശ്വാസികളുമുണ്ട്. ലാളിത്യം ആഗ്രഹിക്കുന്ന വിശ്വാസികൾ, അവർ സ്വയം പ്രദര്ശിപ്പിക്കുന്നവരോ, കര്‍ത്താവിനോടുള്ള സ്നേഹത്തിൽ വചനപ്രകാരം മുന്നോട്ടു പോകുന്നതിനെ പല തരത്തില്‍ തങ്ങളുടെ ‘വില്പനച്ചരക്കാക്കി’ ലാഭമുണ്ടാക്കുന്നവരുമല്ല, മറിച്ച്, അവർ വചനത്തിലുള്ളത് അന്വേഷിക്കുകയും അതനുസരിച്ച് ഇഹലോകവാസം നയിക്കുന്നവരുമാണ്.

‘ഇണയല്ലാപ്പിണ’ (unequally yoked) എന്ന പ്രായോഗികതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ദൈവിക കാര്യങ്ങളെയും ലോകത്തിന്റെ കാര്യങ്ങളെയും തമ്മില്‍  കൂട്ടിക്കുഴക്കരുത്. ഒരു ഭക്തൻ സ്വീകരിക്കേണ്ടതും തിരസ്ക്കരിക്കെണ്ടതുമായ എല്ലാം, ദൈവാത്മാവിനു കീഴ്പെടുവാൻ, വിധേയപ്പെടുവാൻ ആഗ്രഹിക്കുന്ന ഒരു ആത്മാവിനു (teachable spirit) ദൈവം വെളിപ്പെടുത്തി നല്കും. അപ്പസ്തോലൻ ഊന്നിപ്പറയുന്ന ഈ പൊരുത്തമില്ലായ്മ ഏതൊക്കെ തലങ്ങളില്‍ നമുക്ക് ചിന്തിക്കുവാന്‍ കഴിയും? കൊരിന്ത്യലേഖനത്തില്‍ അപ്പോസ്തലനായ പൗലോസ്‌ തന്നെ വ്യത്യസ്തങ്ങളായ താരതമ്യങ്ങള്‍   ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘നീതിയും അധര്‍മ്മവും’, ‘വെളിച്ചവും ഇരുളും’, ‘ക്രിസ്തുവും ബെലീയാലും’, ‘വിശ്വാസിയും അവിശ്വാസിയും’, ‘ജീവനുള്ള ദൈവത്തിന്‍റെ ആലയവും വിഗ്രഹങ്ങളും’ തുടങ്ങിയ പല പ്രയോഗങ്ങളും നമുക്ക് കാണുവാന്‍ കഴിയുന്നുണ്ട് (2 കൊരി. 6:14-16). ന്യായപ്രമാണത്തിലെ ചില ഭൗതിക പ്രമാണങ്ങളോടുള്ള ബന്ധത്തില്‍ മോശയുടെ വാക്കുകൾ ഇങ്ങനെയാണ്, “നിന്റെ മുന്തിരിത്തോട്ടത്തിൽ വേറൊരു വക വിത്തും ഇടരുതു;….കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുതു……ആട്ടുരോമവും ചണയും കൂടിക്കലർന്ന വസ്ത്രം ധരിക്കരുതു” (ആവര്ത്തനം 22:9-11) ഒരു ദൈവപൈതല്‍ ലോകത്തോട്‌ ഇണയല്ലാപ്പിണ കൂടരുത് എന്ന് തിരുവചനം വളരെ വ്യക്തമായി പറഞ്ഞിരിക്കെ, ദൈവവചനത്തിൽതന്നെ കാണുന്ന ചില വ്യക്തിജീവിതങ്ങളും അവരുടെ ജീവിതത്തിലെ ദു:ഖകരമായ അനുഭവങ്ങളും ദൈവജനം ലോകത്തോട്‌ ഇണയല്ലാപ്പിണ ചേരുന്നതിന്റെ പ്രത്യാഘാതങ്ങള്‍ എത്ര ഭയാനകമായിരിക്കുന്നു എന്ന പരമാര്‍ത്ഥത്തെ   അടിവരയിട്ടുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

ഈ ലോകത്ത് ജീവിച്ചിരുന്നവരിൽവച്ച് ശലോമോൻരാജാവ് വലിയ ബുദ്ധിമാനും ജ്ഞാനിയുമായിരുന്നു. തിരുവചനത്തില്‍ അദ്ദേഹത്തെ ക്കുറിച്ചുള്ള സാക്ഷ്യങ്ങളിലൂടെ അത് വ്യക്തമാണ്. തന്റെ ജീവിതത്തിൽ സംഭവിച്ച ചില പരാജയങ്ങൾ, ആ വലിയ മനുഷ്യന്റെ ജീവിതത്തെ ഒരു ‘ട്രാജഡി’ ആക്കി മാറ്റി എന്ന് മാത്രമല്ല, തന്റെ തലമുറകളും ആ പരാജയയങ്ങളുടെ തിക്തമായ  പ്രത്യാഘാതങ്ങൾ പേറേണ്ടി വന്നു. പഴയ നിയമത്തിൽ ആ ചരിത്രം നാം വായിക്കുന്നതിങ്ങനെയാണ് ” അനന്തരം ശലോമോൻ മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തു; (1 രാജാ 3:1), “ശലോമോൻരാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യാജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു… അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു. ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; ….ശലോമോൻ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മിൽക്കോമിനെയും ചെന്നു സേവിച്ചു…. അന്യജാതിക്കാരത്തികളായ സകലഭാര്യമാർക്കും വേണ്ടി അവൻ അങ്ങനെ ചെയ്തു. യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ടു ശലോമോൻ തന്റെ ഹൃദയം തിരിക്കയും (1 രാജാ 11:1-9).”യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ടു ശലോമോൻ തന്റെ ഹൃദയം തിരിക്കയും” എന്ന വാക്കുകളില്‍നിന്നും, ഈജിപ്തിലെ ഫറവോയുടെ മകളുമായുള്ള  സംബന്ധത്തിലൂടെ തന്‍റെ ജീവിതത്തില്‍ സംഭവിച്ച പരാജയത്തിന്‍റെ ഘനം വളരെ വ്യക്തമാണ്. ഈജിപ്റ്റ് ഈ ലോകത്തിന്റെ ഒരു ചിത്രമാണ് നമുക്ക് നല്കുന്നത്. ഒരു ദൈവ പൈതൽ ഈ ലോകവുമായി ഇണയല്ലാപ്പിണ ചേരുമ്പോൾ ദൗർഭാഗ്യകരമായ ഒന്നല്ല,  ഒരു പറ്റം  പരിണിതഫലങ്ങൾ നമ്മുക്ക് പ്രതീക്ഷിക്കാം. ശലോമോന്റെ ഹൃദയം, ജീവനുള്ള ദൈവത്തെ  വിട്ടുതിരിഞ്ഞ്, ജാതീയ ദേവന്മാരിലേക്കുള്ള ഒരു  “കൂറ് മാറ്റത്തിലേക്ക്”, ഏറ്റവും ആപത്കരമായ ഒരു സ്ഥിതി വിശേഷത്തിലേക്ക് തന്നെ കൊണ്ടെത്തിച്ചു. പ്രിയപ്പെട്ടവരേ, വിശ്വാസികള്‍ക്ക് ഏറ്റവും  ആപത്കരമായ, കർത്താവിനോടുള്ള സ്നേഹത്തിൽ നിന്നും അകറ്റുന്നതുമായ ഈ  ലോകത്തിന്റെ വശ്യതയുടെ പിടിയിലാണോ നമ്മുടെ ഹൃദയം? ഒരു നിമിക്ഷം ചിന്തിക്കൂ….

യെഹൂദയിലെ രാജാവായിരുന്ന യെഹോശാഫാത്തിനെക്കുറിച്ചു പറയുകയാണെങ്കില്‍, അനേകം നല്ല കാര്യങ്ങൾ പറയാനുണ്ടായിരുന്നു. ദൈവവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്തെന്നാല്‍;  “തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു… അവന്റെ ഹൃദയം യഹോവയുടെ വഴികളിൽ ധൈര്യപ്പെട്ടിട്ടു” (2 ദിന 17:3-6). ഇത്രയും ആത്മിക വളര്ച്ചയുള്ള ഒരു വ്യക്തി തെറ്റിപ്പോകുമോ? തെറ്റും, തെറ്റിപ്പോകും. അതാണ്‌ യെഹോശാഫാത്തിന്റെ ജീവിതത്തില്‍നിന്നും നാം മനസ്സിലാക്കുന്നത്. നാം വായിക്കുന്നത്, ”യെഹോശാഫാത്തിന്നു ധനവും മാനവും വളരെ ഉണ്ടായിരുന്നു; അവൻ ആഹാബിനോടു സംബന്ധം കൂടി” (2 ദിന 18:1) എന്നാണ്. ആ അവിശുദ്ധ കൂട്ടുകെട്ട് മൂലം ഭവിച്ച യെഹോശാഫാത്തിന്റെ പതനം ഈ അദ്ധ്യായത്തിന്റെ ബാക്കി ഭാഗത്ത് വിവരിച്ചിട്ടുണ്ട്. ഒന്ന് രക്ഷ പെടുവാൻ ശരിക്കും നിലവിളിക്കേണ്ടി വന്നു. പരാജയത്തിന്റെ രോദനം…. യുദ്ധം കഴിഞ്ഞു മടങ്ങിവരുന്ന സമയം  അവനെ എതിരേറ്റ ചോദ്യം നമ്മോടുതന്നെ നാം ചോദിക്കേണ്ടിയിരിക്കുന്നു. ”…… ദുഷ്ടന്നു സഹായം ചെയ്യുന്നതു വിഹിതമോ? യഹോവയെ പകെക്കുന്നവരോടു നീ സ്നേഹം കാണിക്കുന്നുവോ?…”(2 ദിന.19:2). ഈ പ്രവാസജീവിതം വളരെ സൂക്ഷ്മതയോടെ, ഭയത്തോടെ നാം നയിക്കേണ്ടിയിരിക്കുന്നു.  ധനവും, മാനവും ഒക്കെ നമ്മേയും സ്വാധീനിക്കുവാന്‍ വളരെ ശക്തിമത്തായത് തന്നെയാണ്. ഏതെങ്കിലും ഒന്ന് മാത്രം മതി വീണു പോകുവാൻ. സൂക്ഷിച്ചില്ലെങ്കിൽ മറ്റു പലരെയും പോലെ നാമും ഇവയുടെ അടിമകളായിത്തീരും. പലപ്പോഴും വേര്‍പാട്‌ സമൂഹത്തിൽ കള വിതച്ചതിൽ പലരും, ‘അസ്ഥാനത്ത്’ ഇവ ലഭിച്ചവരോ, കൈവശപ്പെടുത്തിയവരോ (ദൈവ സഭയുടെ കെട്ടുപണിക്ക് പ്രയോജനപ്പെടുത്താത്ത മുതലാളിമാർ) ആണെന്ന് പകൽ പോലെ വ്യക്തമാണ്. ലോകത്തെ ആസക്തിയോടെ പുല്കുന്ന വിശ്വാസികളെ യാക്കോബ് യോജിച്ച പേര് തന്നെ വിളിച്ചു പറയുന്നു, “വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു”.(യാക്കോബ് 4:4)

“അതിന്റെശേഷം പ്രഭുക്കന്മാർ എന്റെ അടുക്കൽവന്നു: യിസ്രായേൽജനവും പുരോഹിതന്മാരും ലേവ്യരും ദേശനിവാസികളോടു വേർപെടാതെ കനാന്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, അമ്മോന്യർ, മോവാബ്യർ, മിസ്രയീമ്യർ, അമോർയ്യർ എന്നിവരുടെ മ്ലേച്ഛതകളെ ചെയ്തുവരുന്നു. അവരുടെ പുത്രിമാരെ അവർ തങ്ങൾക്കും തങ്ങളുടെ പുത്രന്മാർക്കും ഭാര്യമാരായി എടുത്തതുകൊണ്ടു വിശുദ്ധസന്തതി ദേശനിവാസികളോടു ഇടകലർന്നു പോയി;പ്രഭുക്കന്മാരുടെയും പ്രമാണികളുടെയും കൈ തന്നേ ഈ അകൃത്യത്തിൽ ഒന്നാമതായിരിക്കുന്നു എന്നും പറഞ്ഞു“.(എസ്രാ 9:1-2). പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ഏസ്രാ യെരുശേലെമിൽ കണ്ട കാഴ്ച ഏറ്റവും സങ്കടകരമായതായിരുന്നു. ചുറ്റുമുള്ള ജാതികളുമായി കൈകോർത്തിരിക്കുന്ന ഒരുശേഷിപ്പിനെയാണ് താന്‍ ദര്‍ശിച്ചത്. ….. ഭയങ്കര പൊരുത്തം!!!! നല്ല  ചേര്ച്ച !!!! തല ഉയർത്തി നോക്കുമ്പോൾ ചിലപ്പോഴെങ്കിലും ഈ നേർക്കാഴ്ച  തന്നെയല്ലേ ഇന്ന് നമ്മുടെ ചുറ്റും കാണുന്നത്… സ്വയം പ്രഭുക്കന്മാരും പ്രമാണിമാരും ചമയുന്ന ആരുടെയെങ്കിലും മുഖം വായനക്കാരന്റെ മനസ്സില് തെളിഞ്ഞാൽ അതിന്റ ഉത്തരവാദിത്തം ‘സഭാസത്യം’ ഏറ്റെടുക്കില്ല !!!. പറയുന്നത് അത്യുഗ്രൻ ബ്രദറണിസം!!!! പക്ഷേ പ്രവര്ത്തിക്കുന്നത് മായചന്തക്കാരന്റെ പ്രവൃത്തിയാണെങ്കിലോ??? മുക്കിക്കൂട്ടിയുള്ള കല്ല്യാണങ്ങളും, ലോകത്തിൽ നിന്ന് ഒന്നും കൂസാതെ ഏറ്റെടുക്കുന്ന, ജാതികൾ ചെയ്യുന്ന മ്ലെച്ഛതകളും, നമ്മുടെ സഭകളെ വല്ലാതെ ആശയക്കുഴപ്പത്തിലും, ആശങ്കയിലുമാക്കുന്നില്ലേ? ഇണയല്ലാപ്പിണയുടെ ഫലം, വേർപെട്ട സമൂഹത്തെ ബാധിക്കുന്ന അശുദ്ധി തന്നെയാണ്. വേദപുസ്തകം ഉടനീളം പരിശോധിക്കുകയും ഇന്ന് നമ്മുടെ മുന്‍പില്‍ കാണുന്ന ചിലതുമായി താരതമ്യം ചെയ്യുമ്പോള്‍ അന്നും ഇന്നും അത് ഒന്നു തന്നെയാണ്. ”യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി. അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു.യിസ്രായേൽ ബാൽപെയോരിനോടു ചേർന്നു, യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു”. (സംഖ്യ 25:1-3). യിസ്രായേല്‍ മോവാബ്യരുമായി ചേര്‍ന്നത് നിമിത്തം സംഭവിച്ച അശുദ്ധിയാണ് അവിടേയും നാം കാണുന്നത്. ദൈവജനമേ, നമ്മുടെ സൗഹൃദങ്ങളില്‍നിന്നോ മറ്റ് ബന്ധങ്ങളില്‍നിന്നൊന്നും നമ്മുടെ കുട്ടികളിലേക്കോ, കുടുംബത്തിലേക്കോ, സഭയിലേക്കോ പകർത്തിയെഴുതുന്നതിന് ഇടയാകരുത്. മറിച്ച്, സൌഹൃദങ്ങളുടെ താല്പര്യം,  അവരെ കര്ത്താവിനായി നേടുന്നതിനു മാത്രമായിരിക്കട്ടേ!!!  ഇസ്രായേലിന്റെ വേര്പാടില്ലായ്മ എന്ന പാപം, അത് അവരെ ദൈവത്തിൽ നിന്ന് അകറ്റിക്കളഞ്ഞു എന്ന് മാത്രമല്ല അവരുടെ അനുസരണംകെട്ട പ്രവർത്തനങ്ങളുടെ ഫലമായി അവർ നേരിട്ട പ്രത്യാഘാതങ്ങളും നമ്മുക്ക് ദൃഷ്ടാന്തത്തിന്നായിട്ട് വിശുദ്ധ വേദപുസ്തകത്തില്‍ രേഖപ്പെടുത്തി നല്കിയിരിക്കുന്നു. അനുസരണക്കേടിൽ നിന്ന് അശുദ്ധിയിലേക്കും ചിലരെങ്കിലും മരണത്തിലേക്കും പതിക്കപ്പെട്ടു…

പഴയ നിയമത്തിലെ ആത്മീയ പാഠങ്ങളെ ഒരു പക്ഷെ മനപൂര്‍വ്വമായി മറക്കാൻ ശ്രമിച്ചെക്കാം…. എന്നാൽ പുതിയനിയമ വിശ്വാസികളായ നാം ഓര്‍ത്തിരിക്കേണ്ട ഒരു വസ്തുതയുണ്ട്. അതായത്,

ദാനിയേൽ 1 ലെ ”രാജ സന്തതി”, എസ്രാ 9 ലെ ‘വിശുദ്ധ സന്തതി”  ഇന്ന് ആരാണ് ? ഇന്നത്തെ ദൈവജനത്തിന്റെ ആത്മീയനിലയിലുള്ള സ്ഥാനം പ്രിയപ്പെട്ടവരേ, അത്രയ്ക്കു ഉന്നതമാണ്. ഈ  ലോകത്തെ സ്നേഹിച്ചുകൊണ്ട് ഒരുവേള നാം നമ്മുടെ ആത്മീയ പദവിയെ നിരാകരിക്കാന്‍ തുനിഞ്ഞെക്കാം. എന്നാല്‍

2 കൊരിന്ത്യർ 6,7 അദ്ധ്യായങ്ങളില്‍ക്കൂടി നല്‍കപ്പെടുന്ന സവിശേഷവും ശ്രേഷ്ടമായ ചില വാഗ്ദാനങ്ങളെക്കൂടി നമ്മുക്ക് തിരസ്കരിക്കാനാവുമൊ ?

നമ്മുടെ ഇടയിൽ ദൈവസാന്നിദ്ധ്യം –  “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും”;

നമ്മുക്കുള്ള  ദൈവിക ഉടമസ്ഥത – “ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും

നമ്മോടുള്ള ദൈവിക ഉടമ്പടി – എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു….

നമ്മോടുള്ള ദൈവിക കരുതൽ –  “നിങ്ങൾക്കു പിതാവും

നമ്മുടെ ദൈവിക പദവി – “നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും

നമ്മുക്കുള്ള ദൈവിക നിര്‍മ്മലത –  നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ”

നമ്മുക്കുള്ള ദൈവിക പരിപൂർണത – ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.

ഇവയെ അവകാശമാക്കിയിരിക്കുന്ന ഒരു ശേഷിപ്പ് ഇന്നും നമ്മുടെ ഒട്ടുമിക്ക സ്ഥലം സഭകളിലും ഉണ്ട് എന്നതിനാൽ നമ്മുക്ക് ദൈവത്തെ മഹത്വപ്പെടുത്താം… മറ്റുള്ളവരെ യഥാസ്ഥാനത്തിലേക്ക് നയിക്കുന്നതിനായി നമ്മുക്ക് ദൈവത്തോട് നിലവിളിക്കാം…

www.sabhasathyam.com

Leave a Reply

Your email address will not be published. Required fields are marked *