ഒരു സ്ഥലംസഭ വിഘടിപ്പിക്കപ്പെട്ട്, ആ സഭയുടെ പ്രാദേശിക മേഖലക്കുള്ളില്‍ തന്നെ മറ്റൊരു സഭ സ്ഥാപിക്കുന്നത് ശരിയായ കാര്യമാണോ?

ഒരു സൈന്യം തങ്ങളുടെ രാജ്യത്തെ, രാജ്യമേഖലയെ കാത്തുസൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണ്. അതുപോലെ തന്നെ പ്രധാനമാണ് യുദ്ധമുഖത്തായിരിക്കുന്ന പട്ടാളം പുതിയ മേഖലകളിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയെന്നതും. ഒരു സ്ഥലംസഭയെ, അതായത്, സഭാവിശ്വാസികളെ സംബന്ധിച്ചടത്തോളം, മുന്‍പുപറഞ്ഞ സൈന്യവ്യൂഹത്തിന്റെ അതേ ഉത്തരവാദിത്വമാണ് കര്‍ത്താവിന്റെ ജനം, സുവിശേഷത്തിന്റെ ഭടന്മാര്‍, എന്ന നിലയില്‍ തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നത്. അപ്പോസ്തലനായ പൗലോസ്‌ എഫേസ്യസഭയ്ക്ക് എഴുതിയ ലേഖനത്തില്‍ ഈ പരമാര്‍ത്ഥം വ്യക്തമാക്കുന്നുണ്ട്. ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം ധരിച്ചുകൊണ്ട് പോരാടെണ്ടതിന്റെ ആവശ്യകതയും പ്രായോഗികതയും വളരെ വിശദമായി ലേഖനത്തില്‍ വ്യക്തമാക്കുന്നു. (എഫേ.6:10-18). തെസ്സലോനിക്ക്യസഭയില്‍നിന്നും കര്‍ത്താവിന്റെ വചനം മുഴങ്ങിചെന്നത് മക്കെദോന്യയിലും അഖായയിലും മാത്രമല്ല, എല്ലായിടവും, തെസ്സലോനിക്ക്യസഭയിലെ വിശ്വാസികള്‍ക്ക് ദൈവത്തിലുള്ള വിശ്വാസം പ്രസിദ്ധമായി എന്ന് അപ്പോസ്തലനായ പൗലോസ്‌ തെസ്സലോനിക്ക്യയിലെ ദൈവജനത്തെക്കുറിച്ച് സാക്ഷ്യം പറയുന്നു.(1 തെസ്സ.1:8). ഓരോ സ്ഥലംസഭകല്ക്കുമുള്ള സുവിശേഷപരമായ ദൌത്യമെന്നത്, ആത്മാക്കളെ രക്ഷിക്കപ്പെടുത്തി തങ്ങളുടെ സഭയുടെ കൂട്ടായ്മയിലേക്ക് ചേര്‍ത്ത് സഭയെ വളര്‍ത്തുന്ന പ്രവൃത്തി മാത്രമല്ല.  അതിന്നപ്പുറമായി, സ്ഥലംസഭയുടെ സുവിശേഷപ്രവര്‍ത്തനങ്ങളുടെ ഫലമായി മറ്റിടങ്ങളില്‍ പുതിയ സഭാകൂടിവരവുകള്‍ രൂപീകൃതമാകേണ്ടതിന്റെ ഉത്തരവാദിത്വവും, ഓരോ ദൈവസഭകള്‍ക്കുമുണ്ട്.

ഒരു പുതിയ സ്ഥലത്ത് ചെയ്ത സുവിശേഷവേലയുടെ ഫലമായി പുതിയ ഒരു സഭാകൂടിവരവ് സ്ഥാപിതമാകുമ്പോള്‍, ഒരുപക്ഷെ, നിലവിലുള്ള സ്ഥലംസഭയിലെ ചില പ്രിയപ്പെട്ടവര്‍ പുതിയ കൂടിവരവിലേക്ക് മാറുന്നതും മാറേണ്ടതും ആവശ്യമായി വന്നേക്കാം. പക്ഷേ, ആ മാറ്റം ഒരിക്കലും സ്ഥലംസഭയിലെ ഐക്യമില്ലായ്മ കൊണ്ടായിരിക്കരുത്. ദൈവീകഹിതത്തിനും പദ്ധതിക്കും വിരുദ്ധമായിട്ട് ഒരു നിലവിലുള്ള സ്ഥലംസഭയില്‍ നിന്നും മറ്റൊരു സഭ ഉളവാകാന്‍ ഇടയാകാറുണ്ട്. പല തെറ്റായ കാഴ്ചപ്പാടുകളും താല്പ്പര്യങ്ങളുമാണ് ഇത്തരം വിഘടിക്കലിന്നും പുതിയ കൂടിവരവിന്നും മുഖാന്തരമായി ഭവിക്കുന്നത്. കൂടിവരുന്നവരുടെ സ്വന്ത ഇഷ്ടവും സൌകര്യങ്ങളും മാനിച്ചുകൊണ്ടായിരിക്കാം പുതിയ സഭാകൂടിവരവ് ഉണ്ടാകുന്നത്. അല്ലെങ്കില്‍, സഭയില്‍ സ്ഥാനവും മാനവും കാംക്ഷിക്കുന്നവര്‍, തങ്ങളുടെ അഭിലാഷങ്ങളുടെ സഫലീകരണത്തിന്നായി സഭ പിളര്‍ത്തി മറ്റൊന്ന് ഉണ്ടാക്കുന്നു. അതുമല്ലെങ്കില്‍, സഭാമൂപ്പന്മാര്‍ക്ക് കീഴടങ്ങിയിരിപ്പാന്‍, അവരെ മാനിക്കുവാന്‍ കഴിയാത്ത, സഭയില്‍ പ്രധാനിയാകുവാന്‍ ആഗ്രഹിക്കുന്ന ദിയോത്രെഫോസിനെപ്പോലുള്ള വിരുതന്മാരുടെ ശ്രമഫലമായി പുതിയ കൂടിവരവുകള്‍ ഉണ്ടായേക്കാം. തങ്ങളുടെ സ്വന്തം താല്‍പര്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റിയെടുക്കുന്നതിന്നായി പ്രവര്‍ത്തിക്കുന്ന ഇത്തരം വ്യക്തികള്‍ സ്ഥലംസഭയുടെ ക്രിസ്തീയസാക്ഷ്യത്തിനും ദൈവനാമത്തിന്‍റെ മഹത്വത്തിനും എതിരായിട്ടാണ് നിലകൊള്ളുന്നത്. ‘കുഞ്ഞ് ചത്താലും വേണ്ടില്ല, അതിനെ പിളര്‍ക്കട്ടെ’ എന്ന് ശലോമോന്‍ രാജാവിന്‍റെ മുമ്പാകെ നിന്നുകൊണ്ട് പറയുന്ന വേശ്യാസ്ത്രീയുടെ അതേ മാനസികാവസ്ഥയാണ് (1 രാജാ.3:16-27), ദൈവജനത്തിന്റെ ആത്മീകവര്‍ദ്ധനയ്ക്കും ദൈവനാമമഹത്വത്തിനും പ്രയോജനമല്ലാത്ത നിലയില്‍ ജീവനുള്ള ദൈവത്തിന്‍റെ സഭയെ പിളര്‍ത്തി പുതിയ സഭ സ്ഥാപിക്കുന്ന ‘ശ്രേഷ്ഠദാസന്‍’മാരില്‍ കാണുവാന്‍ കഴിയുന്നത്.

എന്നാല്‍ മറ്റുള്ളവരുടെ താല്‍പര്യങ്ങളെ നാം വീക്ഷിക്കുന്നതിനോടനുബന്ധിച്ചു തിരുവചനം നമ്മെ ഓര്‍പ്പിക്കുന്ന പ്രധാനപ്പെട്ട ഒരു പാഠമുണ്ട്. മറ്റുള്ളവരുടെ, കര്‍ത്താവിലുള്ള താല്‍പര്യങ്ങളെയും ആഗ്രഹങ്ങളെയും ചിന്താഗതികളെയും നമുക്ക് വിധിക്കേണ്ട ആവശ്യമില്ല. തിരുവചനം പറയുന്നു,”ആകയാല്‍ കര്‍ത്താവ് വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുത്. അവന്‍ ഇരുട്ടില്‍ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്ന് ഓരോരുത്തന്നു ദൈവത്തിങ്കല്‍നിന്നു പുകഴ്ച ഉണ്ടാകും” (1 കൊരി. 4:5). മറ്റുള്ളവരെ, സഹവിശ്വാസികളെ, വിധിക്കുന്നതിലൂടെ സ്ഥലംസഭയില്‍ അനൈക്യതയും ശണ്ഠയും അഭിപ്രായഭിന്നതയും മറ്റുമൊക്കെ സംജാതമാകാന്‍ ഇടയാകും. ദൈവജനം അതൊഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്. കര്‍ത്താവിന്റെ വേലക്കാര്‍ ഇത്തരത്തിലുള്ള വൈഷമ്യങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കണം. ദൈവം തന്‍റെ വേല തന്‍റെ ദാസന്‍മാരിലൂടെയാണ് നിവര്‍ത്തിക്കുന്നത് . ദൈവജനം ഒരുമിച്ചു നില്‍ക്കുന്നിടത്ത് മാത്രമേ , ദൈവത്തിനു പ്രവര്‍ത്തിക്കുവാന്‍ കഴിയുകയുള്ളൂ.

ദൈവം എവിടെയാണോ സഭയെ സ്ഥാപിച്ചിരിക്കുന്നത്, ആ പ്രദേശത്ത്, സുവിശേഷത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന്നായി സഭയോന്നാകെ, ഐക്യതയോടെ നിലകൊള്ളേണ്ടത് അനിവാര്യമാണ്. ദൈവത്തിന്‍റെ ഹിതവും സഹായവും പ്രവൃത്തികളും എവിടെയുണ്ടോ അവിടെ അതിന്‍റെ ഫലങ്ങള്‍ വ്യകതമായും പ്രകടമായിരിക്കും. ഒരു പ്രാദേശിക സഭയുടെ (Local Assembly) ആരംഭം മാനുഷികമായ ഹിതത്തിനും താല്‍പര്യങ്ങള്‍ക്കും അനുസൃതമായിട്ടാണെങ്കില്‍, അത് ദൈവത്താല്‍ സ്ഥാപിതമായതല്ല എന്ന് വളരെ വ്യക്തമാണ്. അപ്പോസ്തലനായ പൗലോസ്‌ പറയുന്നു, ”ഞങ്ങള്‍ ദൈവത്തിന്‍റെ കൂട്ടുവേലക്കാര്‍; നിങ്ങള്‍ ദൈവത്തിന്‍റെ കൃഷി; ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം” (1 കൊരി. 3:9). ദൈവമക്കളുടെ കൂടിവരവ് അഥവാ സഭ ‘ദൈവത്തിന്‍റെ കൃഷി’യാണെങ്കില്‍ അതായത്, ‘ദൈവസഭ’യാണെങ്കില്‍ അത് ദൈവം സ്ഥാപിച്ചത് തന്നെയെന്ന് വ്യക്തം. ദൈവം തന്‍റെ നാമം സ്ഥാപിക്കുന്നതിന്നായി തെരഞ്ഞെടുത്ത സ്ഥലത്ത് ദൈവം വച്ചിരിക്കുന്ന സാക്ഷ്യമാണ് ദൈവസഭ. (ആവ. 12:5).

അത്യുത്സാഹം, വാശി, തീക്ഷ്ണത, ഇവയൊക്കെ പോരാട്ടത്തില്‍ മുന്നേറുന്നതിന്നു നല്ലതുതന്നെയാണ്. ഉത്സാഹത്തോടും തിരുവചന സത്യങ്ങളില്‍ അധിഷ്ടിതമായതുമായ  സുവിശേഷപ്രവര്‍ത്തനങ്ങളോടൊപ്പം ദൈവത്തിന്‍റെ വേലയെ മുന്നോട്ടുനയിക്കുന്ന ദൈവത്തിന്‍റെ കൃപയും ശക്തിയും സഹായവും ആലോചനയും മനസ്സിലാക്കിയും  പ്രാപിച്ചുകൊണ്ടുമായിരിക്കണം  കര്‍ത്താവിന്റെ സുവിശേഷത്തിന്റെ വ്യാപ്തിക്കായി യത്നിക്കേണ്ടത്. ദൈവത്തിന്‍റെ ആലോചനപ്രകാരവും കൃപയാലും ദൈവരാജ്യത്തിന്റെ കെട്ടുപണിക്കായി, സഹപ്രവര്‍ത്തകരായി, ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതാണ് ഏറ്റവും അത്യുത്തമമായിട്ടുള്ളത് .

www.sabhasathyam.com

Leave a Reply

Your email address will not be published. Required fields are marked *