ബൈബിളില്‍ അപ്പോസ്തലനായ പൗലോസ് കൊരിന്ത്യര്‍ക്ക് ലേഖനം എഴുതുമ്പോള്‍ അവര്‍ക്കു കൊടുക്കുന്ന നിര്‍ദ്ദേശം കൊരിന്ത്യര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ നമുക്ക് കാണുവാന്‍ കഴിയുന്നുണ്ട്. ”എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ ഞാൻ നിങ്ങൾക്കു എഴുതിയതു.” 1 കൊരിന്ത്യര്‍ . 5:11). കൂടാതെ, ദൈവീകപ്രമാണം വിട്ട് ക്രമംകെട്ടു നടക്കുന്നവരില്‍ നിന്നും അകന്നുജീവിക്കേണ്ടത് ഒരു ദൈവപൈതലിന്‍റെ ഉത്തരവാദിത്വമാണെന്നുള്ളത് അപ്പോസ്തലന്‍ തെസ്സലൊനീക്യയിലെ വിശ്വാസികളോടുള്ള ബന്ധത്തില്‍ നമ്മെ ഓര്‍പ്പിക്കുന്നു. ”സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു ആജ്ഞാപിക്കുന്നു”.( 2 തെസ്സ. 3:6). ക്രമംകെട്ട ജീവിതം നയിക്കുന്നവരുമായി യാതൊരു തരത്തിലുമുള്ള സംസര്‍ഗ്ഗം ഒരു ക്രിസ്തീയവിശ്വാസിയുടെ ജീവിതത്തില്‍ പാടില്ലായെന്നു അപ്പോസ്തലനായ പൗലോസ് വളരെ അസന്ന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. ”ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്കു അനുസരിക്കാത്തവൻ നാണിക്കേണ്ടതിന്നു അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേറുതിരിപ്പിൻ.” (2 തെസ്സ.3:14).
ഒരു വിശ്വാസിയുടെ വചനയോഗ്യമല്ലാത്ത, സഭാസത്യങ്ങള്‍ക്കെതിരായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍, പ്രബോധനങ്ങള്‍, രീതികള്‍, ചെയ്തികള്‍ ഇവയൊക്കെ മറ്റു വിശ്വാസികള്‍ക്ക് ഇടര്‍ച്ചക്കു കാരണമായിത്തീരുകയോ സഹവിശ്വാസികളുടെ ക്രിസ്തീയജീവിതത്തെ തെറ്റായി സ്വാധീനിക്കുന്നതിനോ മുഖാന്തരമായി തീരും. അത്തരം ഘട്ടങ്ങളില്‍ ഈ വ്യക്തികളുടെ മേല്‍ സ്ഥലംസഭ തക്കതായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. തങ്ങള്‍ ചെയ്യുന്ന ഓരോ ചെയ്തികളുടെ പാപസ്വഭാവത്തെക്കുറിച്ചും അതിന്‍റെ പരിണിതഫലത്തെക്കുറിച്ചുമുള്ള ഒരു വിചിന്തനത്തിന് സഭ എടുക്കുന്ന യോഗ്യമായ നടപടികള്‍ ‘സഹോദരന്‍ എന്ന് പേര്‍പെട്ട’ ഇത്തരം വ്യക്തികള്‍ക്ക് സഹായകരമായിത്തീരും. തങ്ങളുടെ കൊള്ളരുതായ്മകളും അതു നിമിത്തം വന്നു ഭവിച്ച ദു:സ്ഥിതിയേയും ഓര്‍ത്ത് സ്വയം നാണിക്കേണ്ട ഒരവസ്ഥ ഉണ്ടാകുമാറു ”അവനോടുള്ള സംസര്‍ഗ്ഗം വിട്ടു അവനെ വേറുതിരിപ്പിന്‍” എന്നാണ് ദൈവവചനം അനുശാസിക്കുന്നത് (2 തെസ്സ.3:14). ദുര്‍ന്നടപ്പുകാരന്‍, അത്യാഗ്രഹി, വിഗ്രാഹാരാധി, വാവിഷ്ഠാണക്കാരന് , മദ്യപാനി, പിടിച്ചുപറിക്കാരന്‍ എന്നൊക്കെയുള്ള അപരനാമധാരികളായ സഹോദരന്മാരുമായിട്ടുള്ള സംസര്‍ഗ്ഗം (social contact) സ്ഥലംസഭയ്ക്ക് ഉണ്ടാകുവാന്‍ പാടില്ല. വ്യക്തമായി പറഞ്ഞാല്‍, അങ്ങനെയുള്ള ദുഷ്ടസ്വഭാവത്തിന്നുടയവരായവരെ സഭയുടെ ഇടയില്‍നിന്നു നീക്കികളയണം. ദൈവീകപ്രമാണങ്ങളെ, സ്ഥലംസഭയുടെ തീരുമാനങ്ങളെ അനുസരിക്കുവാന്‍ കൂട്ടാക്കാത്ത പ്രിയപ്പെട്ടവരെ വേറുതിരിച്ച് കണ്ടുകൊണ്ട് അവനോട് ബുദ്ധിയുപദേശിക്കുവാന്‍ സഭയ്ക്ക് കഴിയേണ്ടതാണ്.
സഭയില്‍, സഭകളില്‍ ദൈവജനത്തിന്റെ മദ്ധ്യേ ദുരുപദേശം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരോടുള്ള കൂട്ടായ്മ എത്രത്തോളമാകാം എന്ന ഒരു ചിന്ത ഇത്തരുണത്തില്‍ നമുക്കുണ്ടാകാം. ദുരുപദേശമെന്നത് ഒരു ദുഷ്ടതയാണ്. സത്യം വിട്ടകലുന്നതു തെറ്റായ കാര്യമാണ്. ആകസ്മികമായി സംഭവിക്കുന്ന ഒരു തെറ്റ് വലിയ ദുഷ്ടതയായി കണക്കിടെണ്ടതില്ല. എന്നാല്‍ മനപൂര്‍വ്വം, സത്യഉപദേശത്തില്‍നിന്നും തെറ്റിക്കുവാനായി കടന്നുവരുന്ന ദുരുപദേശങ്ങള്‍ ദുഷ്ടതയുടെ പര്യായമാണ്. ദുഷ്ടത ചെയ്യുന്നവനെ, പ്രവര്‍ത്തിക്കുന്നവനെയാണ് ദുഷ്ടന്‍ എന്ന് വിളിക്കുന്നത് . ദൈവവചനം പറയുന്നു, ”ആ ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്കികളവിന്‍.” (1 കൊരി.5:13). ദുഷ്ടത (ദുരുപദേശം) യേയും തെറ്റിനെ(സത്യം വിട്ടകലുന്നത്) യും അതിജീവിക്കുവാന്‍ സത്യത്തിനു (സത്യ ഉപദേശത്തിന്) മാത്രമേ കഴിയൂ.
ഇന്ന് കാണുന്ന പല ക്രിസ്തീയ സഭകള്‍ക്കും മുകളില്‍ പറഞ്ഞ ദൈവ വചന സത്യങ്ങള്‍ സഭയില്‍ പഠിപ്പിക്കുവനോ, പറയുവാനോ പറ്റില്ല. കാരണം,
പേരുകൊണ്ട് ‘മാത്രമാണ്’ സഹോദരന്‍ അഥവാ വിശ്വാസി. പ്രവര്‍ത്തികള്‍ കൊണ്ടും, ജീവിതം കൊണ്ടും അവിശ്വാസിയെക്കള്‍ അധമന്മാരുടെ എണ്ണം വളരെ കൂടുതലാണ്. അത്തരക്കാരോട് കൂട്ടായ്മ പാടില്ലാന്ന് തീരുമാനം എടുക്കേണ്ടവര്‍ പോലും ഇക്കാര്യങ്ങളില്‍ പലതിനും അടിമകളാണ് എന്നതാണ് സത്യം. തീരുമാനം എടുത്താല്‍ തന്നെ അവരുടെ സഭയില്‍ പിന്നെ ‘അവരുടെ വിശ്വാസികള്‍’ ഉണ്ടാവില്ല.
പ്രിയ ദൈവജനമേ, അന്യോന്യമുള്ള ക്രിസ്തീയബന്ധം സമാധാനബന്ധത്തില്‍ കാക്കാന്‍ ശ്രമിക്കാം…. ദുഷ്ടതയെ നമുക്ക് വെറുക്കാം… ദുരുപദേശത്തോടും അതിന്‍റെ വക്താക്കളോടും അകലം പാലിക്കാം…. സ്ഥലംസഭയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാം….സഹോദരപ്രീതിയില്‍ നിലനില്‍ക്കാം…. സത്യഉപദേശത്തെ പരിപാലിക്കാം…. വേര്‍പാടുജീവിതത്തിന്‍റെ മഹത്വത്തെ ഉയര്‍ത്തിപ്പിടിക്കാം…. ദൈവം നമ്മെ ധാരാളമായി സഹായിക്കട്ടെ……..
