ലോകസ്നേഹികളായ വിശ്വാസികളെ പോലെ തന്നെ ലോകാനുരൂപികളാകാൻ മത്സരിക്കുന്ന ഒരു കൂട്ടരും വേർപെട്ട സഭകളിൽ വളരെ കൂടിയിട്ടുണ്ട്. റോമയിലുള്ള വിശ്വാസികളോട് പൗലോസ്, “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ”. (റോമർ 12:2) എന്ന് ആവശ്യപ്പെടുന്നു. അനുരൂപരാകരുത് എന്നാൽ ലോകത്തിലുള്ള മനുഷ്യരെപ്പോലെ നാം ആകരുത് എന്നാന് അര്‍ത്ഥമാക്കുന്നത്. എന്നാൽ പൗലോസ് തന്നെ പറയുന്നു, “അവന്റെ (ക്രിസ്തുവിന്റെ) സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു” (റോമർ 8:29), ”അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു…” (ഫിലി 3:10). ദൈവാത്മാവിന്റെ പ്രവൃത്തി ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന യഥാർത്ഥ മാറ്റമിതാണ്. റോമർ 8-ല്‍ പറയുന്നതിന്റെ മറുവശം, ഈ ലോകം അതിന്റെ സര്‍വ ആകര്‍ഷണങ്ങളുംകൊണ്ട് ഒരു വിശ്വാസിയെ ലോകത്തിനനുസാരമായി മെനഞ്ഞെടുക്കുവാൻ ശ്രമിക്കുന്നുണ്ട് എന്നതാണ്. പ്രിയ വിശ്വാസിയെ, ഇന്ന് നിങ്ങൾ ലോകത്തിന്റെ മൂശയിലാണോ ??????
ദാനിയേലിന്റെ പുസ്തകം ഒന്നാം അദ്ധ്യായത്തിൽ ബാബിലോണിലേക്ക് ബന്ദികളാക്കി കൊണ്ടുപോയ ചില ചെറുപ്പക്കാരെ നാം കാണുന്നുണ്ട്. കൊണ്ടുപോകുക അഥവാ അടിമയാക്കുക, ലോകത്തിന്‍റെ വിദ്യ അഭ്യസിപ്പിക്കുക, ലോകത്തിന്‍റെ ഭക്ഷണം കഴിപ്പിക്കുക, പിന്നെ ലോകത്തിന്‍റെ പേര് വിളിക്കുക. തുടങ്ങി ഇന്നത്തെ വിശ്വാസികളെയും സാത്താന്‍ പ്രലോഭിപ്പിച്ച് കെണിയില്‍ പെടുത്തുന്ന അതേ വിഷയങ്ങള്‍ തന്നെ ആ ‘ചെറുപ്പക്കാരും’ അഭിമുഖീകരിച്ചു, അതില്‍ ആ ചെറുപ്പക്കാര്‍ വിജയം പ്രാപിച്ചത് നമ്മുടെ മുന്‍പില്‍ ഒരു ദൃഷ്ടാന്തമാണ്.
യിസ്രായേൽമക്കളിൽ രാജസന്തതിയിലും കുലീനന്മാരിലും… (ദാനിയേൽ 1:3 ) പെട്ടവരായിരുന്നു അവര്‍. അവരെക്കുറിച്ച് രാജാവിനുണ്ടായിരുന്ന ആഗ്രഹം ഒന്നാം അദ്ധ്യായത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട് “…. അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിപ്പാനും കല്പിച്ചു (ദാനിയേൽ 1:4). തങ്ങളുടെ ഭാഷ പഠിപ്പിക്കുക, വിദ്യ പഠിപ്പിക്കുക എന്നതിലൂടെ രാജാവ് ലക്‌ഷ്യം വച്ചത് ചുറ്റുമുള്ള കൽദയരെപ്പൊലെ, അതെ, അവരെ കൽദയരാക്കി മാറ്റുക എന്ന് തന്നെയാണ്. ബാബിലോണ്‍ ഈ ലോകത്തിന്റെ ചിത്രമാണ്. ഈ ലോകം എന്താണ് നമ്മെക്കുറിച്ചു ആഗ്രഹിക്കുന്നത്? പരദേശവാസികളായ, സീയോൻ യാത്രക്കാരായ ദൈവമക്കളെ ലോകമനുഷ്യരെപ്പോലെയാക്കുക, എല്ലാ തരത്തിലുള്ള സമ്മര്‍ദ്ദങ്ങളും ചെലുത്തി ക്രിസ്തീയവിശ്വാസിയെ ലോകമനുഷ്യരാക്കുക എന്നതാണ് ഈ ലോകത്തിന്‍റെ അധിപനായ പിശാചിന്‍റെ ഉദ്യമം.
ബാബിലോണ്‍ ആദ്യം ചെയ്തത് ആ ചെറുപ്പക്കാരുടെ ഭക്ഷണം മാറ്റുക എന്നുള്ളതാണ്. നെബൂഖദ്നേസര്‍രാജാവ് കഴിക്കുന്ന ഭക്ഷണം, രാജഭോജനം, മൂന്നു വര്‍ഷം കഴിക്കുവാനുള്ള സാധ്യതയെ, മാനുഷീകമായ നിലയി കിട്ടിയ വലിയ ‘ഓഫറിനെ’, അത് അര്‍ഹിക്കുന്ന ഗൌരവത്തില്‍, അവർ തള്ളിക്കളഞ്ഞു, ” എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു” (ദാനിയേൽ 1:8). അപ്പോസ്തലനായ പൌലോസിനു തിമോത്തിയോസിനെക്കുറിച്ചുള്ള ആഗ്രഹം ഒന്ന്
ശ്രദ്ധിച്ചേ….. “നീ അനുസരിച്ച വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം ലഭിച്ചു ക്രിസ്തുയേശുവിന്നു നല്ല ശുശ്രൂഷകൻ ആകും” (1 തിമോത്തി 4:6 ). പലപ്പോഴും, ലോകാനുരൂപികളാകാൻ വെമ്പുന്ന വിശ്വാസികൾ വചനത്താൽ ലഭിക്കുന്ന പോഷണത്തിന് ദാരിദ്ര്യം അനുഭവിക്കുന്നവരായിരിക്കും. അവരുടെ ഭക്ഷണം സിനിമ, റിയാലിറ്റി ഷോ,സീരിയൽ , ഫേസ് ബുക്ക്, തുടങ്ങിയ ആനുകാലികങ്ങൾ മാത്രമാണ്. ബൈബിൾ വായനയും പ്രാര്‍ത്ഥനയും സഭായോഗവുമെല്ലാം പേരിനു വേണ്ടി മാത്രം. അതുകൊണ്ട് അവരിൽ തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നൊരു നിശ്ചയവും വരികയില്ല. ഈ ലോകത്തിലെ അവരുടെ നേട്ടങ്ങളെയും, മഹിമകളെയും, ഭൗതിക കാര്യങ്ങളെയുംക്കുറിച്ച് പറയാൻ അവര്‍ക്കു നൂറു നാക്കുണ്ടാകും. എന്നാൽ വേര്പാടിനെ പ്രതിയുള്ള തീരുമാനം, ഹൃദയ നിശ്ചയം (commitment) അതിനെക്കുറിച്ചൊന്നും തന്നെ ഒരു ഉറപ്പും തങ്ങള്‍ക്കുണ്ടാകില്ല.
പിന്നെ ബാബിലോണ്‍ ചെയ്ത കാര്യം, ആ യിസ്രായേല്യരുടെ പേര് അങ്ങ് മാറ്റിക്കളഞ്ഞു (ദാനിയേൽ 1:7). ദാനിയേലിനും അവന്റെ മൂന്നു കൂട്ടുകാരുടെയും പേരുകൾക്ക് ജീവനുള്ള ദൈവവുമായുള്ള ബന്ധത്തെ ഇല്ലാതാക്കുവാനായി പേര് മാറ്റമങ്ങ് നടത്തിക്കളഞ്ഞു. ‘അസംബ്ലി’യുടെ പേര് ‘ചർച്ച്’ എന്ന് മാറ്റിയതിനു, മഹതിയാം ബാബിലോണിനുള്ള പങ്കിപ്പോൾ ‘പുടി കിട്ടിയോ’!!!!!!!. അവരുടെ പേരില്‍ തന്നെ വ്യത്യസ്ഥത ഉണ്ടായിരുന്നു. ദൈവമില്ലാത്ത ലോകത്തിനു യോജിക്കാൻ പറ്റാത്ത പേരായിരുന്നു അത്. പക്ഷെ ബാബിലോണ്‍ തീരുമാനിച്ചു കഴിഞ്ഞു, പേര് മാറ്റണം… വേര്പാടുകാരൻ ആണെന്ന ആ പഴഞ്ചൻ പേരും ശൈലിയും മാറ്റി
നമുക്കും ലോകക്കാരൻ ചെയ്യുന്നത് പോലെ ചെയ്‌താൽ എന്താണ് തെറ്റ്? ഈ കാലത്തിനനുസരിച്ച് നാം ജീവിക്കേണ്ടേ? പഴഞ്ചന്‍ ആശയങ്ങള്‍ക്ക് എന്താണ് പ്രസക്തി? സഹോദരന്‍ ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ ആണല്ലോ? ഭയങ്കര ആത്മാര്‍ത്ഥതയുള്ള ഈ ചോദ്യത്തിന്റെ ഉള്ളിലിരുപ്പ് എന്താണെന്ന് ഇനിയും കിഴിഞ്ഞു ആലോചിക്കണോ?? വളരെ ചെറിയ കാര്യം എന്ന് മനുഷ്യമനസ്സിന് തോന്നുന്ന കാര്യത്തിന് പിന്നിലും വലിയൊരു കള്ളമുണ്ട്, പിശാചിന് ഒരു പദ്ധതി ഉണ്ട് എന്ന് നാം തിരിച്ചറിയണം. സിനിമാക്കാരനെ കണ്ട് കണ്ട്, അവന്റെ മുഖത്തു കാണുന്ന ഗോഷ്ടിയോട് ആരാധന മൂത്ത്, വളരെ പണിപ്പെട്ടു സ്വന്തം മുഖത്തു ഫിറ്റ് ചെയ്തു, താടി കര്‍ത്താവിന്നുണ്ടായിരുന്നതാണ് എന്ന് പറയുന്ന ബാബിലോണ്യചങ്കൂറ്റമെ… നിന്നെ ഞങ്ങൾ വെറുക്കുന്നു!!!!!. (വെട്ടിയൊതുക്കി ഭംഗിയാക്കിയ താടിയല്ല, പുത്തൻ പടങ്ങളിൽ കണ്ടു വീരാരാധന മൂത്ത്, അനുകരണ ഭ്രാന്ത് കയറി, കാലത്തിനൊത്ത് വച്ച് പിടിപ്പിക്കുന്ന, സിനിമാ സ്റ്റൈലിനൊത്ത് ‘അപ്ഡേറ്റ്’ ചെയ്യുന്ന ബുൾഗാനും, ഫ്രന്ജും, വരയന്‍ താടി.. തുടങ്ങിയവ.)
പ്രിയ ക്രിസ്തുവിശ്വാസികളെ, നാം രാജസന്തതികളാണ്. വേർപാടുകാർ, വിശ്വാസികൾ, ബ്രദറുകാർ, ഹോളുകാർ, ദൈവ വചനം മാത്രം ആധാരമാക്കിയവര്‍, ഉപദേശത്തില്‍ നിശ്ചയം ഉള്ളവര്‍, സാധാരണക്കാരന് മനസിലാകുന്ന ‘ഭാഷ’ മാത്രം സഭാകൂടിവരവുകളില്‍ ഉപയോഗിക്കുന്നവര്‍, എന്നൊക്കെ ക്രിസ്തുവിൽ മാത്രം അറിയപ്പെടുന്നവരാണ് നമ്മൾ. അത് തന്നെയാണ് നമ്മെ ലോകത്തിൽ നിന്ന് വ്യത്യസ്തരാക്കുന്നതും. “ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതിരിപ്പാൻ” (1 തിമോത്തി 6:1) നാം വില കൊടുത്ത് ജീവിച്ചേ മതിയാകയുള്ളൂ”. നിങ്ങളുടെമേൽ വിളിച്ചിരിക്കുന്ന നല്ല നാമത്തെ” (യാക്കോബ്2:7) നെഞ്ചോടു ചേര്‍ക്കാന്‍ നിനക്കു കഴിയുന്നുണ്ടോ? നിനക്ക് ലോകം ഇട്ട പേര് നിനക്ക് അപമാനമായി തോന്നുന്നുണ്ടെങ്കിൽ, അത് മറ്റുള്ളവർ അറിയാതിരിക്കാൻ ഒരു ചെറിയ ശ്രമം നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുമ്പോൾ, ബാബിലോണ്‍, അതെ, ഈ ലോകം, നിന്നെ മാറ്റിക്കൊണ്ടിരിക്കകയാണ്…, നീ ഈ ലോകത്തിനു അനുരൂപനായി ക്കൊണ്ടിരിക്കുകയാണ് എന്ന വസ്തുത ഗൌരവമായി ചിന്തിച്ചേ പറ്റൂ…. “കർത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര” (2 തിമോത്തി 2:19). അനീതി വിട്ടകലുന്ന ആ മുദ്ര നമ്മിലുണ്ടോ എന്ന് നമ്മെത്തന്നെ ഒന്ന് പരിശോധിക്കുക... നമ്മുടെ പേര് ലോകക്കാരൻ എന്ന് മാറ്റാനുള്ള ബാബിലോണിന്റെ എല്ലാ ശ്രമങ്ങളെയും അതിജീവിക്കാൻ ദൈവം നമ്മെ
സഹായിക്കുമാറാകട്ടെ. .”ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കൽ ചെല്ലുക. (എബ്രായർ 13:13). നിന്ദ ചുമക്കാൻ മടിയുള്ള, ലോകത്തിനു അനുരൂപരാകുന്ന കപടവിശ്വാസികളാണ് ഇന്ന് ദൈവജനത്തെ വലക്കുന്ന ‘പെരുംചുമട്’ !!!!.
