ലോകസ്നേഹികളായ ‘വിശ്വാസി’കളെക്കുറിച്ചും, അവരുടെ പിതാക്കന്മാരെക്കുറിച്ചും ബൈബിളില്‍ എന്ത് പറയുന്നു?

യോഹന്നാൻ അപ്പോസ്തലനെഴുതിയ ഒന്നാം ലേഖനത്തിൽ നാല്പതോളം തവണ സ്നേഹത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അന്യോന്യം സ്നേഹിക്ക” (4:7,11)’, ദൈവത്തിന്നു നമ്മോടുള്ള സ്നേഹം” (4:9 )’, ദൈവം സ്നേഹം തന്നേ (4:8,16) തുടങ്ങി പല പ്രാവശ്യം സ്നേഹത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണുവാന്‍ കഴിയും. എന്നാൽ ഇവക്കു വിപരീതമായി വളരെ ഗൌരവമുള്ള ഒരു താക്കീത് 2:15 ൽ കാണുന്നുണ്ട്, ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത്. ‘ലോകത്തിലുള്ളതിനെ സ്നേഹിക്കരുത്’ എന്ന് അപ്പോസ്തലന്‍ എടുത്തു പറഞ്ഞിരിക്കുന്നത് വളരെ പ്രാധാന്യത്തോടെ കാണേണ്ടതാണ്. മാത്രമല്ല, “ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.” എന്ന് കൂടി യോഹന്നാന്‍ വ്യക്തമായിരിക്കുന്നു. നമ്മുടെ കര്ത്താവും ഇതിനു സമാനമായ ഒരു പ്രസ്താവന  ചെയ്തിട്ടുണ്ട്. “നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല” (മത്തായി 6:24). ലോകത്തെ സ്നേഹിക്കുന്നവന് ദൈവത്തെ സേവിക്കാനാകില്ല എന്ന സത്യം മത്തായിയുടെ സുവിശേഷത്തിലൂടെ  വ്യക്തമാക്കുന്നു. അതേ തത്വം തന്നെയാണ് യോഹന്നാന്റെ ലേഖനത്തിലൂടെയും ദൈവാത്മാവ് വ്യക്തമാക്കുന്നത്. അതായത്, ‘ലോകത്തെ സ്നേഹിക്കുന്നവന് ദൈവത്തെ സ്നേഹിക്കാനാകില്ല എന്ന സത്യം. “ലോകത്തിലുള്ളത്” എന്നാ പ്രയോഗം കൊണ്ട് എന്ത് അര്‍ത്ഥമാക്കുന്നു എന്ന് തിരിച്ചറിയാനുള്ള സാമാന്യ വേദപരിചയം പോലുമില്ലാത്ത “സ്വയ  വിപ്ലവകാരികൾ” നമ്മുടെ ഇടയിൽ  ധാരാളമുണ്ടെന്നുള്ള വസ്തുത നാം തിരിച്ചറിഞ്ഞിരിക്കണം.  ജഡത്തിനു പോറലേൽക്കുമ്പോൾ പരക്കം പായുന്ന പ്രിയ സഹോദരാ, ലോകം താങ്കളിൽ ചെലുത്തുന്ന സ്വാധീനമെന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്വയം ലോകത്തിനു വില്ക്കപ്പെട്ടിട്ടു വിശ്വാസിയാണെന്ന് പറയാൻ ലജ്ജ തോന്നുന്നില്ലേ?

ദൈവവചനം പരിശോധിക്കുമ്പോൾ “അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു“. (ഫിലി 3:19) എന്നൊരു കൂട്ടരെ നാം കാണുന്നുണ്ട്. അവിടെ തന്നെ “അവരുടെ അവസാനം നാശം” എന്നും രേഖപ്പെടുത്തിയിരിക്കുന്നു. യോശുവയുടെ പുസ്തകം ഏഴാം അദ്ധ്യായം ആരംഭിക്കുന്നത് “എന്നാൽ യിസ്രായേൽമക്കൾ ശപഥാർപ്പിതവസ്തു സംബന്ധിച്ചു ഒരു അകൃത്യംചെയ്തു;” എന്ന വാക്യത്തോടെയാണ്. എന്നാല്‍ ഈ ഭാഗത്തിന്‍റെ അവസാനത്തിലേക്ക് വരുമ്പോള്‍, ”……കണ്ടു മോഹിച്ചു എടുത്തു;” എന്ന് യോശുവയുടെ മുമ്പാകെ തെറ്റ് എറ്റു പറയുന്ന ആഖാന്റെ ചിത്രമാണ് നാം കാണുന്നത്. ഇത് തന്നെയല്ലേ ദൈവജനത്തിന്റെ മദ്ധ്യത്തിലും സംഭവിച്ചിരിക്കുന്ന പരാജയം?.. ലോക മനുഷ്യരിൽ കണ്ടതിനേയും കാണുന്നതിനെയും  മോഹിച്ചു തങ്ങളുടെ ജീവിതങ്ങളില്‍  സ്വയം പകർത്തുന്നു. ആഖാന്‍ എന്ന ഒരുവന്റെ തെറ്റായ പ്രവൃത്തി ദൈവജനത്തിനെ പരാജയത്തിലേക്ക് നയിക്കുവാന്‍ ഇടയായി. (യോശുവ 7:11-12). കൂടാതെ, അവന്റെയും അവന്റെ കുടുംബത്തിന്‍റെയും നാശത്തിനു ഹേതുവായി ഭവിച്ചു. അന്ന് മുതൽ അവൻ ചരിത്രത്തിൽ അറിയപ്പെട്ടത് “ശപഥാർപ്പിതവസ്തുവിൽ അകൃത്യംചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാൻ തന്നേ” (1 ദിന.2:7) എന്നാണ്. നമ്മുടെ സഭകളിൽ നുഴഞ്ഞു കയറിയിരിക്കുന്ന ആഖാന്മാര്ക്ക് ജഡത്തിൽ നോവ്‌ വരുമ്പോൾ അവർ മുറവിളി കൂട്ടി തുടങ്ങും. അവരുടെ കാലം കഴിയുമ്പോൾ അവരെക്കുറിച്ച് ഭക്തമാര്‍ പറയും, ‘പിതാക്കന്‍മാര്‍ ഇട്ട അതിർവരമ്പുകൾ ലംഘിച്ചു  ദൈവജനത്തിന്നിടയിലേക്ക് വേണ്ടാത്തതു വലിച്ചു കൊണ്ട് വന്നു ശാപം മേടിച്ചു കെട്ടിയവൻ ….’.(അവനും മക്കളും വിലയേറിയ ആത്മീയ മൂല്യങ്ങളെ മാനിക്കാതെ, വെറും ലോക മനുഷ്യരായി, അവരുടെ ജീവിത സാക്ഷ്യം മാത്രമല്ല, പ്രാദേശീക സഭയുടെ പോലും സാക്ഷ്യത്തിന് കളങ്കം വരുത്തിയവര്‍).

ന്യായാധിപന്മാരുടെ പുസ്തകത്തിൽ ഗിദയോന്റെ ചരിത്രം (6 മുതല്‍ 8 വരെ ഉള്ള അധ്യായങ്ങളില്‍) നാം കാണുന്നുണ്ട്. അനേകം ശത്രുക്കളെ പരാജയപ്പെടുത്തിയ ആ മനുഷ്യന്റെ അന്ത്യം അത്യന്തം ദയനീയമായിരുന്നു. ലോക മനുഷ്യരിൽ നിന്നെടുത്ത, ലോകത്തിൽ നിന്ന് കവര്‍ന്നെടുത്ത അഴുക്കുകൊണ്ട് അവൻ ഒരു ഏഫോദ് ഉണ്ടാക്കി. യിശ്മായേല്യന്റെ കടുക്കനും, ചന്ദ്രക്കലകളും, കുണ്ടലങ്ങളും, രക്താംബരങ്ങളും, ഒട്ടകത്തിന്റെ മാലയും ആയിരുന്നു അസംസ്കൃത വസ്തുക്കൾ. യിസ്രായേലെല്ലാം പരസംഗമായി  അതിന്റെ അടുക്കല്‍  ചെന്നു. അത് ഒരു തുടക്കം മാത്രമായിരുന്നു… അതായത്, ബാൽ വിഗ്രഹങ്ങളിലേക്കുള്ള ഒരു ഒഴുക്കിന്റെ തുടക്കം… പലരും ചെയ്തു തുടങ്ങുകയും, പിന്നെ പിന്നെ നമ്മുടെ സമൂഹത്തിലേക്കു പടരുകയും ചെയ്യുന്ന അരുതായ്മകൾ നാളെ ഒരു ഒഴുക്കിലേക്ക്‌ ആയിരിക്കും ചെല്ലുന്നത് എന്നത് മറക്കരുത്. അതുകൊണ്ട് പ്രിയപ്പെട്ടവരേ, ലോകത്തിൽ നിന്ന് എടുക്കുന്നവയോട്നമ്മുടെ പിതാക്കന്മാർ തള്ളിക്കളഞ്ഞ അഴുക്കുകളോട്  ഒരു  തുറന്ന യുദ്ധം നമുക്ക്പ്ര ഖ്യാപിക്കാം. നമുക്കോരോരുത്തര്ക്കും നമ്മുടെ സ്വന്തജീവിതത്തിൽ, യുദ്ധത്തിന്റെ വിജയത്തിന്നായിട്ടു ഒന്ന് ശ്രമിച്ചു നോക്കാം. അങ്ങനെയൊരു ശ്രമമില്ലെങ്കിൽ ദൈവത്തിൽ നിന്നുള്ള മടങ്ങിപ്പോക്കായിരിക്കും അതിന്‍റെ അനന്തരഫലമെന്നത് അനേക ദൃഷ്ടാന്തങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്  പറയാനാകും. ഇതിന്റെ ഭയങ്കരത്വം മനസ്സിലാക്കാൻ, ദൈവം ഇടപെട്ടിട്ടുള്ള നമ്മുടെ ഇടയിലെ ചില കുടുംബങ്ങളെ എടുത്ത് ഒന്ന് പഠിച്ചാൽ മാത്രം മതി. വളരെ നിസ്സാരമായി എന്തും ചെയ്യാനുള്ള ഒരു പക്വതയില്ലായ്മയെ പ്രശംസിക്കാൻ ഞങ്ങള്‍ക്ക് നിര്‍വ്വാഹമില്ല. ‘യോഗ്യമല്ലാത്ത’ ചിലതൊക്കെ കാട്ടിയിട്ട് അവരുടെ ഒരു ‘ഗമ’ ‘അഹങ്കാരം’ ഒക്കെ കാണണം. ഞാൻ ഇങ്ങനൊക്കെ ചെയ്യും, ആരാ എന്നോട് ചോദിക്കാന്‍? എന്നതാണ് ഭാവം. രക്ഷിക്കപ്പെട്ടതിനെക്കുറിച്ചു വര്‍ഷങ്ങളുടെ പാരമ്പര്യം പറയുന്ന ഈ ആത്മീയ ശിശുക്കളുടെ പെരുമാറ്റം കേവലം കൌമാരക്കാരന്റെ പക്വതയില്ലായ്മ പോലെയാണ്.

അമാലേക്ക്യരെ  നശിപ്പിക്കുവാനുള്ള ദൌത്യം ദൈവം ശമുവേല്‍ മുഖാന്തരം ശൌലിനെ  എല്പിക്കുന്നതായി 1 ശമുവേൽ 15:3 ൽ നാം കാണുന്നു. ഹീനവും നിസ്സാരവുമായവയെ ഒക്കെയും അവന്‍ നശിപ്പിച്ചു, പക്ഷെ സകലതും അതായത് ഉത്തമമായവയെ ഒക്കെയും നിര്‍മ്മൂലമാക്കുവാന്‍ ശൌലിന് മനസ്സായില്ല (15:9). വിശേഷമായതിനെ ചിലത് എടുത്തു ദൈവത്തിനു യാഗമര്പ്പിക്കുവാൻ കൊണ്ടുവരുന്ന ശൌലിന്റെ അതേ കാപട്യം തന്നെയാണ് ഈ ലോകാനുകാരികളും യാതൊരു  ജാള്യതയുമില്ലാതെ കാണിക്കുന്നതും. ചിലർ ധരിക്കും പോലെ അഥവാ മനസിലാക്കിയിരിക്കുന്നത് പോലെ, പുറം ശ്രദ്ധിക്കാത്ത, അകം മാത്രം കാണാൻ കഴിവുള്ള, എന്തും അനുവദിക്കുന്ന ദീര്‍ഘക്ഷമയുള്ള  ദൈവത്തിനു മുമ്പിൽ  ശൌൽ ശമുവേലിനോട് പറഞ്ഞ അതെ ന്യായങ്ങൾ ഈ പ്രിയപ്പെട്ടവരും  നിരത്താൻ തുടങ്ങും.” എന്നാൽ ജനം ശപഥാർപ്പിതവസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ കൊള്ളയിൽനിന്നു എടുത്തു ഗിൽഗാലിൽ നിന്റെ ദൈവമായ യഹോവെക്കു യാഗം കഴിപ്പാൻ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു” (15:21). മറ്റുള്ളവർ ചെയ്യുന്നുണ്ടല്ലോ എന്ന ഒരു നിഗമനമാണ് പലര്‍ക്കും. ഈ ഉദാരമനോഭാവം തന്നെയാണ് ഇന്ന് ലോകപ്രിയരായ ക്രിസ്തീയവിശ്വാസികളിലും കണ്ടു വരുന്നത്. ലോകത്തിൽ നിന്ന് തങ്ങൾക്കു കൊള്ളാവുന്നത് ഒക്കെ എടുത്തു യാഗമര്‍പ്പിക്കുവാൻ വരും. പ്രിയ ദൈവജനമേ, പുതിയ നിയമ വിശ്വാസിയുടെ ജീവിതം മുഴുവനായിട്ടും ദൈവത്തിനു  യാഗമാണ്. അകവും പുറവും ലോകമയത്വം പറ്റാതെ നാം തന്നെ സൂക്ഷിക്കുക എന്നുള്ളത് കർത്താവിനോടുള്ള നമ്മുടെ സ്നേഹത്തിന്റെ പ്രകടനമാണ്. ചങ്കിലെ ചോര നിനക്കായൊഴുക്കിയ ദൈവം നിന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത് വെറും ലോക മനുഷ്യരുടെ അനുകാരി എന്ന നിലവാരമാണോ?

ലോകത്തിൽ  കാണുന്നതിനെ, നാം ദൈവമക്കളാണെന്ന നില മറന്നു, നമ്മുടെ ജീവിതത്തിലേക്ക് അനേക ന്യായങ്ങൾ പറഞ്ഞു  ചേര്ത്തു വയ്ക്കുമ്പോൾ അതൊക്കെയും  ദൈവമുമ്പാകെയും, മനുഷ്യരുടെ മുൻപാകെയും ഉണ്ടാക്കുന്നത്‌ അനുസരണക്കേട്‌, അശുദ്ധി, അപകീർത്തി, ദൈവസ്നേഹത്തിൽ നിന്നുള്ള വിടവാങ്ങൽ, മരണം ഒക്കെയാണെന്ന് നാം കണ്ടു കഴിഞ്ഞു. പഴയനിയമ പ്രമാണങ്ങളെ അടിച്ചേല്‍പ്പിക്കാനല്ല, അതേ ആത്മീയ സത്യങ്ങൾ പുതിയ നിയമത്തിലുമുണ്ട് എന്ന് വിളിച്ചു പറയുവാനാണ് ഞങ്ങൾ താല്പര്യപ്പെടുന്നത്. ലോകസ്നേഹം പഴയനിയമ കാലത്തേക്കാളും മുന്‍നാളുകളെക്കാളും വിശ്വാസികൾക്കിടയിൽ ഇന്ന് ദൃഡമാണ് എന്ന് ആര്ക്ക് നിഷേധിക്കാനാകും?  കൊരിന്ത്യർക്ക് എഴുതിയ രണ്ടാം ലേഖനത്തിൽ പൗലോസ്‌ ഓര്‍പ്പിക്കുന്നത് ശ്രദ്ധിക്കുക “കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം.” (ഒന്ന് കൊരിന്ത്യര്‍ 4:18). ഫിലിപ്യർക്കു എഴുതിയ ലേഖനത്തിൽ അപ്പോസ്തലന്‍ പറയുന്നത് “എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. അത്രയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെ ക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു.(ഫിലിപ്യര്‍ 3 :7-8).  പ്രിയ സഹോദരാ,  ആത്മീക ജീവിതം ആരംഭിച്ചിട്ട് എത്ര നാളായി? ജീവിതത്തിൽ എന്തെങ്കിലും ക്രിസ്തു നിമിത്തം ചേതം എന്ന് എണ്ണുവാന്‍ സാധിച്ചിട്ടുണ്ടോ? വെറുതെ മുടന്തൻ ന്യായങ്ങളും പറഞ്ഞു, കര്‍ത്താവു പ്രവര്‍ത്തിക്കു പ്രതിഫലം കൊടുക്കുന്ന നാളില്‍ കര്‍ത്താവിങ്കല്‍ നിന്നും  ലജ്ജ പ്രതിഫലമായി വാങ്ങാൻ ഒരുങ്ങുകയാണോ?  ഇന്ന് സീരിയലുകൾക്കും, സിനിമകൾക്കും നമ്മുടെ ഭവനങ്ങളിൽ പ്രവേശനമായി… സൂപ്പർ സ്റ്റാറുകളുടെ ഫാൻസ്‌ ആണ് നമ്മുടെ വിശ്വാസികളിൽ പലരും… ആരെയും വീഴിക്കുന്ന പരസ്യ തന്ത്രങ്ങളിൽ ചിലര്‍ തല കുത്തി വീണിരിക്കുന്നു… സിനിമാ, സീരിയല്‍ രംഗങ്ങളിലെ ‘വളിപ്പ്’, ഡയലോഗുകള്‍, ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍,  ഏതു പൊതുവേദിയിലും പറയുന്നതിന് ‘വിശ്വാസിക്ക്’ ലജ്ജയില്ല.. ഫേസ് ബുക്കിൽ നമ്മുക്ക് ചേരാത്തതിനെയെല്ലാം (രാഷ്ട്രീയം, ഫാഷൻ, സിനിമ) നാം പ്രൊമോട്ട് ചെയ്യും, പോസ്റ്റ്‌ ചെയ്യും, Like ചെയ്യും  Share ചെയ്യും… ക്രിസ്തുവിന്റെ രക്തത്താൽ വിലക്ക് വാങ്ങപ്പെട്ട വിശ്വാസിയാണ് പോലും!!!! ചില ‘വേലക്കാരും’ ‘പാസ്ടര്മാരും’ ഇക്കുട്ടത്തില്‍ കൂടുന്നു എന്ന് ദുഖത്തോടെ പറയട്ടെ.   

സ്വന്തം സഹയാത്രികനായിരുന്ന ദേമാസിനെക്കുറിച്ച് പൌലോസ് ദു:ഖത്തോടെ  തിമോത്തിയോസിനു എഴുതുന്നു, “ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ടു എന്നെ വിട്ടു തെസ്സലൊനീക്കയിലേക്കു പോയി” (2 തിമോത്തി 4:10). ലോകത്തിലെ എന്താണ് ദേമാസിനെ വീഴിച്ചതു എന്ന് വ്യക്തമല്ലെങ്കിലും യോഹന്നാൻ അപ്പോസ്തലന്റെ വാക്കുകളെ  നാം മുഖവിലയ്ക്കെടുത്തെ പറ്റുകയുള്ളൂ. “ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു” (1 യോഹന്നാൻ 2:16 ). ലോകസ്നേഹത്തിന്റെ കാര്യത്തിൽ നമ്മുടെ മനോഭാവം “ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.” (കൊലൊ 3:2) എന്നതായിരിക്കണം. ഉയരത്തിലുള്ളത് ചിന്തിക്കാതെ ഭൂമിയിലുള്ളത്‌ മാത്രം ചിന്തിക്കുന്നത് കൊണ്ടാണ് ക്രിസ്തീയവിശ്വാസികൾ എന്നവകാശപ്പെടുന്നവരുടെ ആടയാഭാരണങ്ങളിലും  വേഷഭൂഷാധികളിലും പച്ചപ്പരിഷ്കാരങ്ങൾ പ്രത്യക്ഷപ്പെടുന്നത്ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ രക്തത്തിന്റെ ശരിയായ വില നാം മനസ്സിലാക്കിയിരുന്നെങ്കിൽ നാം ഈ അഴിഞ്ഞു പോകുന്ന വസ്തുക്കള്‍ക്ക് വേണ്ടി വാദിക്കയില്ലായിരുന്നു, അവ അണിയുകയില്ലായിരുന്നു, നില വിട്ടു അലങ്കരിക്കയില്ലായിരുന്നു, അവയെ വലിച്ചെറിയുന്നതിനും ഉപേക്ഷിക്കുന്നതിനും നാം ഒരു നിമിഷം വൈകില്ലായിരുന്നു. ലോകത്തിനു അടിമയായി പോകാതിരിക്കുന്നതിന്നു ശ്രമിക്കുന്നതോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും ലക്ഷ്യവും താല്‍പര്യവും “ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.” (ഫിലി 4:8) എന്നതായിരിക്കട്ടെ. നമ്മുടെ ഹൃദയങ്ങൾ കർത്താവിനെക്കൊണ്ട് നിറയപ്പെട്ടിട്ടു, ദൈവ വചനത്തിൽ നിന്ന് പഠിച്ചതും ഗ്രഹിച്ചതും നമ്മുടെ ജീവിതങ്ങളില്‍ പകര്‍ത്താം. കര്‍ത്താവിന്നായിട്ട് പ്രവര്‍ത്തിക്കാം…ലോകത്തിൽ നിന്നുളളതിനോട് നമ്മുക്ക് ധൈര്യത്തോടെ പറയാം good bye.

നമ്മുടെ T.K Samuel സാറിനോട് ചേര്‍ന്നു നമ്മുക്കും പാടാം..

ഇതെന്തു ഭാഗ്യമേശുനാഥനോട് ചേര്‍ന്നു ഞാനിതാ..

ഇത്ര ശ്രേഷ്ഠ നാഥനെന്‍റെ മിത്രമായ്‌ ഭവിച്ചു ഹാ!

‘പ്രമോദമെന്നു’ ഭൂമയര്‍ ഗണിച്ചിടുന്നതോക്കെയും

‘പ്രമാദമെന്നറിഞ്ഞു’ ഞാനവനടുത്തണഞ്ഞതാല്‍

‘പ്രസാദമുള്ളതെന്തവന്ന’ തെന്നറിഞ്ഞമര്‍ന്നിടാം….

www.sabhasathyam.com

Leave a Reply

Your email address will not be published. Required fields are marked *