‘വിശ്വാസികള്‍ തമ്മിലുള്ള ഐക്യത’ ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ‘ഐക്യമത്യം മഹാബലം‘ ‘ഒത്തുപിടിച്ചാല്‍ മലയും പോരും‘ തുടങ്ങി ഒട്ടനവധി പഴമൊഴികള്‍ നാം കേള്‍ക്കാറുണ്ട്. ഒരു എകീകൃതസഭയെന്ന വാദഗതി തന്നെ ഈ ആശയത്തിന്റെ ചുവടുപിടിച്ചാണ് നടക്കുന്നത്. വിശ്വാസികള്‍ എല്ലാവരും ഒരുമിക്കണം എന്ന വാദം പല കോണുകളില്‍നിന്നും ഉയര്‍ന്നു കേള്‍ക്കുന്നു. എക്യുമിനിക്കല്‍ കണ്‍വന്ഷനുകളും, എപ്പിസ്കോപ്പല്‍ കൂട്ടായ്മകളും വളരെ കൂടുതലായി നമ്മുക്ക് ചുറ്റും നാം കണ്ടുവരുന്നു. പെന്തെക്കോസ്തുകാരും ബ്രദറന്‍കാരും തമ്മില്‍ ഒരുമിക്കണം എന്ന് ഒരു കൂട്ടര്‍ ആഗ്രഹിക്കുന്നു. ഉപദേശപരമായ വലിയ വൈരുദ്ധ്യങ്ങളുണ്ടെങ്കില്‍ക്കൂടി ഒരുമിച്ചുള്ള കൂട്ടായ്മയും സമ്മേളനങ്ങളും
ഇന്നത്തെ കാലഘട്ടത്തിനു അനിവാര്യമാണ് എന്ന് മറ്റു ചിലര്‍ വാദിക്കുന്നു. ഒരു കാര്യം സത്യമാണ്. രക്ഷിക്കപ്പെട്ട സകല ദൈവജനവും കര്‍ത്താവിന്റെ സഭയുടെ ഭാഗമാണ്. ”……കര്‍ത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനമ്പ്രതി സഭയോടു ചേര്‍ത്തുകൊണ്ടിരുന്നു.” (അപ്പൊ. പ്രവ. 2:47 ). അപ്പോള്‍പ്പിന്നെ “സകലദൈവമക്കളും സകലത്തിലും ഐക്യമായി മുന്നോട്ടുപോകേണ്ടേ ?“. ന്യായമായ ചോദ്യമാണ്. ഈ ചോദ്യത്തിന്‍റെ ഉത്തരം പറയുന്നതിന്നുമുന്പ് ‘ഐക്യത’ നടപ്പാക്കുന്നതിനുവേണ്ടി നാം പ്രാവര്‍ത്തികമാക്കേണ്ട ഉത്തരവാദിത്തങ്ങള്‍ ഏതാണെന്ന് നമുക്ക് ചിന്തിക്കാം.
എല്ലാ വിശ്വാസികളേയും സ്നേഹിക്കണം. ”ദൈവത്തെ സ്നേഹിക്കുന്നവന്‍ സഹോദരനെയും സ്നേഹിക്കണം എന്നീ കല്പന നമുക്ക് അവങ്കല്‍നിന്നു ലഭിച്ചിരിക്കുന്നു.”( 1 യോഹ. 4: 21). വിശ്വാസിയില്‍ പ്രഥമമായും പ്രകടമായിരിക്കേണ്ട ഒരു ഉത്തരവാദിത്വമാണിത്. ദൈവത്തെ സ്നേഹിക്കുന്നവന്‍ സഹോദരനെയും സ്നേഹിക്കണം. അതായത്, ദൈവത്തെ സ്നേഹിക്കുന്നവന് മാത്രമേ സഹോദരനെ സ്നേഹിക്കുവാന്‍ കഴിയുകയുള്ളൂ. ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുന്നത് ദൈവത്തിന്‍റെ കല്പനകള്‍ പ്രമാണിക്കുന്നതാണ്. ദൈവകല്പനകളെ അനുസരിക്കാത്തവന്‍ ദൈവത്തെ സ്നേഹിക്കുന്നവനല്ല. ഏതെങ്കിലും ചില പ്രത്യേക കാര്യങ്ങളില്‍ മാത്രമല്ല, സകലത്തിലും വലിയവനായ ദൈവത്തിന്‍റെ ഇഷ്ടവും കല്പനകളും മാനിക്കുന്നവനെയാണ് ദൈവത്തെ സ്നേഹിക്കുന്നവന്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
വേര്‍പെട്ടിരിക്കുകയും അശുദ്ധമായതൊന്നും തൊടുകയും അരുത്... ”നിങ്ങള്‍ അവിശ്വാസികളോട് ഇണയല്ലാപ്പിണ കൂടരുത്; നീതിക്കും അധര്‍മ്മത്തിനും തമ്മില്‍ എന്ത് ചേര്‍ച്ച? വെളിച്ചത്തിന്നു ഇരുളോട് എന്ത് കൂട്ടായ്മ? ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മില്‍ എന്തു പൊരുത്തം? അല്ല, വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരി? ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവന്നുള്ള ദൈവത്തിന്‍റെ ആലയമല്ലോ. ”ഞാന്‍ അവരില്‍ വസിക്കയും അവരുടെ ഇടയില്‍ നടക്കയും ചെയ്യും; ഞാന്‍ അവര്‍ക്കു ദൈവവും അവര്‍ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ട് ”അവരുടെ നടുവില്‍നിന്നു പുറപ്പെട്ടു വേര്‍പെട്ടിരിപ്പിന്‍ എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു; അശുദ്ധമായത് ഒന്നും തൊടരുത്; ….”(2 കൊരി. 6: 14 – 17). ”വിട്ടുപോരുവിന്‍; വിട്ടുപോരുവിന്‍; അവിടെനിന്നു പുറപ്പെട്ടുപോരുവിന്‍; അശുദ്ധമായതൊന്നും തൊടരുത്; അതിന്‍റെ നടുവില്‍നിന്നു പുറപ്പെട്ടുപോരുവിന്‍;….”(യെശ. 52:11). ഒരു വിശ്വാസിക്ക് ഈ ലോകത്തില്‍ ഉണ്ടായിരിക്കേണ്ട നിലപാടാണ് ഇവിടെ വ്യക്തമാക്കുന്നത്. ലോകത്തിലെ സകല മാലിന്യങ്ങളില്‍നിന്നും വിശ്വാസി വേര്‍പെട്ടിരിക്കണം. വിഗ്രഹസമാനമായതൊന്നും വിശ്വാസിയുടെ ജീവിതത്തില്‍ പാടില്ല. അശുദ്ധമായതൊന്നും തൊടുകപോലും അരുത് എന്ന് ദൈവം വിശ്വാസിയെക്കുറിച്ചു ആഗ്രഹിക്കുന്നു. അതായത്, ഒരു വിശ്വാസിക്ക് ലോകപ്രകാരവും മതപരവുമായ സകലത്തില്‍നിന്നും വേര്‍പാട് ആവശ്യമാണ്. ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ സ്ഥാനം തിരുവചാനാടിസ്ഥാനത്തിലുള്ള ദൈവസഭയിലാണ് ആകേണ്ടത്. അല്ലാതെ, ദുരുപദേശങ്ങളും തിരുവചനയോഗ്യമല്ലാത്ത ചെയ്തികള്‍ നടമാടുന്നതും വചനസത്യങ്ങളെ വിലമതിക്കാത്തതുമായ ‘ക്രൈസ്തവസഭകളുടെ‘ നടുവിലല്ല വിശ്വാസി കാണപ്പെടെണ്ടത്.
‘ദൈവജനം‘ എന്ന പദവിയില്‍ പ്രശംസിച്ച്, അതിനു യോഗ്യമായി ജീവിക്കണം. ദൈവം ലോകമതസംവിധാനങ്ങളെ ന്യായം വിധിക്കുമ്പോള്‍ തന്‍റെ ജനത്തെ, ദൈവമക്കളെ, വിശ്വാസികളെ ദൈവം വിളിച്ചു വേര്‍തിരിക്കുകയാണ്. വെളിപ്പാട്. 18: 4 – ല്‍ നാം ഇങ്ങനെ വായിക്കുന്നു, ”വേറൊരു ശബ്ദം സ്വര്‍ഗ്ഗത്തില്‍നിന്നു പറയുന്നതായി ഞാന്‍ കേട്ടത്: എന്റെ ജനമായുള്ലോരേ, അവളുടെ പാപങ്ങളില്‍ കൂട്ടാളികളാകാതെയും അവളുടെ ബാധകളില്‍ ഓഹരിക്കാരാകാതെയുമിരിപ്പാന്‍ അവളെ വിട്ടുപോരുവിന്‍.” വിശ്വാസികളായ ദൈവജനമേ, നമ്മുടെ സാക്ഷ്യം ഐകമത്യപ്പെട്ടിരിക്കണമെങ്കില്‍ നമ്മുടെ അടിസ്ഥാനം ഒന്നു തന്നെയായിരിക്കണം. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ മാത്രം കൂടിവരുന്നിടത്താണ് വിശ്വാസികളുടെ സാക്ഷ്യം ഐക്യമായിത്തീരുന്നത്. ഒരേയൊരു വിഷയം,..ഒരൊറ്റ ആഗ്രഹം…. അത് കര്‍ത്താവായ യേശുക്രിസ്തു മാത്രം. എങ്കിലേ എകീകൃതമായ ഭാവവും താല്‍പര്യവും സന്തോഷവും കൂടിവരവുകളില്‍ ഉണ്ടാകയുള്ളൂ. കര്‍ത്താവിന്റെ സാന്നിദ്ധ്യം അവിടെമാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ”രണ്ടോ മൂന്നോ പേര്‍ എന്‍റെ (യേശുക്രിസ്തുവിന്‍റെ) നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും ഞാന്‍ (യേശുക്രിസ്തു) അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ (യേശുക്രിസ്തു) നിങ്ങളോടു പറയുന്നു.” (മത്തായി. 18:20). തിരുവചനം അനുശാസിക്കുന്ന, ദൈവാത്മാവ് കാണിച്ചുതന്നിരിക്കുന്ന മാതൃകപ്രകാരം കര്‍ത്താവിനെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുമ്പോഴാണ് വിശ്വാസിക്ക് ദൈവത്തോടും ദൈവവചനത്തോടും സഹവിശ്വാസികളോടുമുള്ള ഐക്യത പ്രകടമാക്കുവാന്‍ കഴിയുകയുള്ളൂ. ഒരു ദൈവപൈതല്‍ അനുവര്‍ത്തിക്കേണ്ട വിധം എന്തായിരിക്കണമെന്ന് ദൈവവചനം വളരെ വ്യക്തമായി പഠിപ്പിക്കുന്നു. കര്‍ത്താവായ യേശുക്രിസ്തുവിനെ സ്നേഹിച്ച്, വിശ്വസിച്ച് രക്ഷയുടെ അനുഭവത്തില്‍ ആയിത്തീരുന്ന ഒരു ദൈവപൈതല്‍ കര്‍ത്താവിന്റെ കല്പനയായ സ്നാനം അനുസരിച്ച്, ആയിരിക്കുന്ന സകല ആചാരാനുഷ്ഠാനങ്ങളില്‍നിന്നും വേര്‍പെട്ട് വിശുദ്ധന്മാരുടെ സഭയോട് ചേരുകയാണ് ചെയ്യേണ്ടത്. തുടര്‍ന്ന് അവര്‍ സഭയായി തുടര്‍മാനമായിട്ടു, വചനം പഠിച്ചും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാര്‍ത്ഥനക്കായി കൂടിവന്നും ചെയ്തുപോരെണ്ടതാണ് (അപ്പൊ. പ്രവ. 2: 40,41,42). കര്‍ത്താവ് പറഞ്ഞതും അപ്പോസ്തലന്മാര്‍ കാണിച്ചുതന്നതും ലേഖനങ്ങളിലൂടെ പടിപ്പിച്ചുതരുന്നതുമായ മാതൃക ഇവ്വണ്ണംതന്നെയാണ്.
വിശ്വാസികള്‍ക്ക് ഐക്യതയോടെ കഴിയുവാന്‍ സാധിക്കുമോ? കഴിയും!!. പക്ഷേ, നാമോരോരുത്തരും മുകളില്‍ ചിന്തിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നവരായിരിക്കണം. വിശ്വാസസമൂഹത്തില്‍തന്നെ, വിശ്വാസികളെ വഴിതെറ്റിക്കുന്ന ഉപദേശപിശകുകളും ദുരുപദേശങ്ങളുമായ മൂടല്‍മഞ്ഞിന്റെ അതിപ്രസരം ഇന്ന് വ്യാപകമായിട്ടുണ്ട്. അതില്‍ അകപ്പെട്ടുപോകാതിരിക്കാന്‍ ശ്രമിക്കണം. വളരെ വിനയത്തോടെ, എന്നാല്‍ തികഞ്ഞ വിശ്വസ്തതയോടെ തിരുവചനത്തിന്‍റെ വ്യക്തമായ സത്യങ്ങളെ പിന്‍പറ്റുവാന്‍ നമുക്ക് കഴിയണം. മറ്റു വിശ്വാസികളോടുള്ള നമ്മുടെ സ്നേഹവും അതോടൊപ്പം സത്യവചനത്തിന്‍റെ ഉപദേശങ്ങളെയും പ്രമാണങ്ങളെയും അനുസരിക്കുന്നതിലുള്ള പ്രാഗത്ഭ്യവും ഉറപ്പും മറ്റുള്ളവരെ ദൈവവചനസത്യങ്ങളിലേക്ക് നയിക്കുന്നതിന്നു നിദാനമായിത്തീരും. ഉപദേശസത്യങ്ങളോടുള്ള ഐക്യത നാം നമ്മുടെ ജീവിതത്തില്‍ വെളിപ്പെടുത്തിക്കാണിക്കുന്നുവെങ്കില്‍, വഴി തെറ്റി യാത്ര ചെയ്യുന്നവര്‍ക്ക് ”വഴി ഇതാകുന്നു; ഇതില്‍ നടന്നുകൊള്‍വിന്‍” (യെശ. 30:21) എന്ന ശബ്ദം ആ പ്രിയപ്പെട്ടവരുടെ കാതുകളില്‍ കേള്‍ക്കുന്നതിന്നു കാരണമായിത്തീരും.
www.sabhasathyam.com
