പ്രാദേശിക സഭകളിൽ ‘തെറ്റായ ഉപദേശം’ അഥവാ ‘ദുരുപദേശം’ കടന്നുവരാതെ സൂക്ഷിക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്?

നല്ല ചോദ്യമല്ലേ !!! ഇതു കാണുമ്പോൾ താങ്കൾ ഇന്നു സഭകളിൽ കാണുന്ന ദൈവീകമല്ലാത്ത  പല  ഉപദേശങ്ങളേയും, അതിനെ പിന്താങ്ങുന്ന ‘ഞങ്ങള്‍ വലിയവർ’ എന്ന് സ്വയം അഭിമാനിക്കുന്ന ചില വ്യക്തികളെക്കുറിച്ചും നിങ്ങളുടെ മനസിൽ ചിന്തിക്കുന്നുണ്ടാകും. എന്നാൽ വാസ്തവം അതുതന്നെയല്ലേ!!, അതിനു താങ്കളും കൂടി ഉത്തരവാദി അല്ലേ? അതെ സുഹൃത്തെ, ഇന്ന് നമ്മുടെ സഭകളിൽ നടമാടി കൊണ്ടിരിക്കുന്ന പല ദുരുപദേശങ്ങൾക്കും കാരണം നമ്മൾ ഓരോരുത്തരും തന്നെയാണ്.

അപ്പൊസ്തലനായ പൌലൊസ് വിശ്വാസത്തിൽ നിജപുത്രനായ, പ്രിയപ്പെട്ട തിമൊഥെയൊസിന്നു എഴുതുന്നതു:, “അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥയ്ക്കല്ല തർക്കങ്ങൾക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കരുതെന്നും ചിലരോടു ആജ്ഞാപിക്കേണ്ടതിന്നു,” (1 തിമോത്തി 1:3). ഇതിന്റെ  ഇംഗ്ലീഷ്  പരിഭാഷ ഇപ്രകാരമാണ്, ”….that thou mightiest charge some that, they teach no other doctrine“. ദൈവാത്മാവിനാൽ പ്രേരിതനായി അപ്പോസ്തലനായ പൗലോസ്‌ തിമോത്തിയോസിനോട് എഫേസ്യ  സഭയിൽ ഉണ്ടായിരിക്കേണ്ട ഉപദേശ വിശുദ്ധിയെക്കുറിച്ചു പറയുന്നതാണ് ഇവിടെ കാണുന്നത്. വേറെ ഉപദേശങ്ങള്‍ പുതിയ ഉപദേശങ്ങളുമായി അവിടെ ഉണ്ടാകാൻ പാടില്ല എന്ന് പൗലോസ്‌ തിമോതിയോസിനോട് നിര്‍ബന്ധമായി പറയുന്നു. പൌലോസിന്റെ പ്രവര്ത്തനത്തിന്റെ ഫലമായി ഉണ്ടായ സഭയില്‍, ദൈവാത്മാവിനാല്‍ നിയോഗിതനായി, പൗലോസ്‌ വ്യക്തമായ ഉപദേശസത്യങ്ങളുടെ അടിസ്ഥാനം ഇട്ടിരുന്നു (അപ്പൊ .പ്രവ.19:10,20:18-21). ഈ ലേഘനം എഴുതുന്നതിനു മുന്പ് താൻ എഫെസ്യയിലുള്ള മൂപ്പന്മാരുടെ അടുത്ത് ചെന്നപ്പോൾ അവരോടു താക്കീതായി പറഞ്ഞ കാര്യങ്ങൾ ചുവടെ ചേർക്കുന്നു (അപ്പൊ.പ്രവ 20:17-31) ” …..നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ. ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേല്ക്കും….”.

ഇന്നത്തെ സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനു മുന്പ് ഇതു എഴുതിയ കാലഘട്ടത്തെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരത്തിന്നായി അന്ന് എഴുതപ്പെട്ട പൂർണമായ തിരുവചനം ലഭ്യമല്ലായിരുന്നു. എന്നാൽ അപ്പോസ്തലനായ പൌലോസിനു പ്രത്യേകമായും ദൈവത്താൽ നിയമിക്കപ്പെട്ട മേൽനോട്ട അവകാശം സഭയുടമേൽ ഉണ്ടായിരുന്നു. ”….സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ. ആ സുവിശേഷത്തിന്നു ഞാൻ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു. അതു നിമിത്തം തന്നേ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു.” (2 തിമോത്തിയോസ് 1:10-12)

ദൈവം തന്നെ ഏല്പിച്ചിരിക്കുന്ന പ്രത്യേകമായ ശുശൂഷ!! താൻ അതു വ്യക്തമായും നിർവഹിച്ചു. അവര്‍ക്ക് കരഞ്ഞു കൊണ്ട് ബുദ്ധി പറഞ്ഞു കൊടുത്തു. എല്ലാം സ്പഷ്ടമായി സഭക്ക് പറഞ്ഞു കൊടുത്തു. തന്നെ കർത്താവു ഏല്പിച്ചത് പൂർണമായും ദൈവത്തിനു സമര്‍പ്പിച്ചു എന്ന് മാത്രമല്ല തിമോത്തിയോസിലുടെ ദൈവസഭക്ക് കൊടുക്കുകയും ചെയ്തു . ഇവിടെ തിമോതിയോസിന്റെ അനുഗ്രഹീതമായ ശുശ്രുഷ കാണാൻ സാധിക്കും. അതായത്, തിമോതെയോസായിരുന്നു പൌലോസിനു ലഭിച്ച സഭയെക്കുറിച്ചുള്ള വെളിപ്പാടുകളുടെയും വചനത്തിന്റെയും പൂര്‍ത്തീകരണത്തിനായി ഇടയിൽ നിന്നത്. അതുകൊണ്ടാണ് സഭയിൽ മൂപ്പന്മാരെക്കാളും കൂടുതലായി തിമോതെയോസിനോടായിട്ടു പൗലോസ്‌ ദുരുപദേശത്തില്‍നിന്നും സഭയെ സംരഷിക്കുവാൻ പറയുന്നത്.

ഇപ്പോൾ ദൈവ വചനം പൂർണമായി തന്നെ നമുക്ക് കിട്ടിയിരിക്കുന്നു. ഇന്ന് സഭാമൂപ്പന്മാരെയാണ് ഈ ചുമതല ദൈവം ഭരമേല്പ്പിച്ചിരിക്കുന്നത്. സഭയിലെ മൂപ്പന്മാർ എത്ര മാത്രo ഉപദേശ സത്യങ്ങളുടെ വിശുദ്ധി കാത്തു സൂക്ഷിക്കുന്നുവോ അത്ര മാത്രം സഭ സുരക്ഷിതമായിരിക്കും ദൈവ നാമം മഹത്വപ്പെടും. ദൈവം ഭരമേല്പിച്ചിരിക്കുന്ന ഈ ശുശ്രുഷ ഇന്ന് എത്രമാത്രം ഗൌരവത്തോടെ മൂപ്പന്മാർ ചെയ്യുന്നുണ്ട്.. ചിന്തിക്കുക… ഉപദേശ സത്യങ്ങൾ പഠിക്കൂ… സഭയെ പഠിപ്പിക്കൂ… അതിൽ ഉറച്ചു നില്‍ക്കൂ… സഭ തീര്ച്ചയായും വളരും എന്ന് മാത്രമല്ല  വളര്ന്നു വരുന്ന തലമുറ  ഉപദേശസത്യങ്ങളെ തീര്ച്ചയായും അനുകരിക്കും… ദൈവസഭ അനുഗ്രഹിക്കപെടും.

ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു. അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ. (2 യോഹന്നാന്‍ 1: 9-11)

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പത്ഥ്യവചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവൻ ഒന്നും തിരിച്ചറിയാതെ തർക്കത്തിന്റെയും വാഗ്വാദത്തിന്റേയും ഭ്രാന്തു പിടിച്ചു ചീർത്തിരിക്കുന്നു; അവയാൽ അസൂയ, ശണ്ഠ, ദൂഷണം, ദുസ്സംശയം, ദുർബ്ബുദ്ധികളും സത്യ ത്യാഗികളുമായ മനുഷ്യരുടെ വ്യർത്ഥ്യവാദം എന്നിവ ഉളവാകുന്നു; അവർ ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്നു. അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും“. (1 തിമോത്തി 6:3-4).

സഭാമൂപ്പന്മാര്‍, സഭയിലെ ഉത്തരവാദിത്വപ്പെട്ടവര്‍  പഠിപ്പിച്ചില്ല, പഠിപ്പിക്കുന്നില്ല എന്ന കാരണത്താല്‍ വിശ്വാസികള്‍ ഉപദേശ സത്യങ്ങളെ അവഗണിക്കുവാന്‍ പാടില്ല.Doctrin & Life ദൈവവചനം നമ്മുടെ ഭാഷയില്‍ മനസിലാകുന്ന രീതിയില്‍ ഉള്ളതുകൊണ്ട് കണ്ടില്ല, കേട്ടില്ല, അറിഞ്ഞില്ല എന്നൊന്നും വിശ്വാസികള്‍ക്കു പറയുവാന്‍ സാധിക്കില്ല. മാത്രമല്ല, മറ്റേതു കാലത്തെക്കാളും വചനം പഠിക്കുവാനുള്ള സാദ്ധ്യതകള്‍ ഇന്നുണ്ടല്ലോ. വചനപഠനവും, അനുസരണവും നമ്മുടെ ഉത്തരവാദിത്വമാണ് എന്ന് മനസിലാക്കി, ഉപദേശ സത്യങ്ങളെ മുറുകെപിടിച്ചു, സാക്ഷ്യമുള്ള ജീവിതം നയിച്ച്‌ നമ്മുടെ മക്കള്‍ക്കും കര്‍ത്താവിനായി ‘വേര്‍തിരിക്കപ്പെട്ടവരായി’ അഥവാ ‘വേര്‍പാട്‌’ പാലിച്ചു ജീവിക്കുവാന്‍ നമ്മുക്ക് ഈ ചിന്തകള്‍ മൂലം ഇടയാകട്ടെ.

www.sabhasathyam.com

Leave a Reply

Your email address will not be published. Required fields are marked *