പുതിയ നിയമത്തില്‍ ‘സഭ’ (ചില ഇംഗ്ലീഷ് പരിഭാഷകളില്‍ ചര്‍ച്ച് – Church) എന്ന വാക്ക് 114 പ്രാവശ്യം കാണുവാന്‍ സാധിക്കും. അതില്‍ 4 പ്രാവശ്യം പുതിയനിയമ സഭയോട് ബന്ധപ്പെട്ട് അല്ലാതെയും ‘സഭ’ എന്ന മൂലവാക്ക് ഉപയോഗിച്ചിട്ടുണ്ട്. പുതിയ നിയമ സഭക്ക് ഉപയോഗിച്ചിരിക്കുന്ന മൂല വാക്ക് ‘Ekklesia’ എന്നാണ്. ഇതിന്റെ അര്‍ത്ഥം ‘വിളിക്കപ്പെട്ടവരുടെ കൂട്ടം’, ‘വിളിച്ചു ചേര്ക്കപ്പെട്ടവരുടെ കൂട്ടം’ എന്നത് ആണ്.
ഇതേ ആശയത്തില്‍ അപ്പൊ. പ്രവര്‍ത്തി ഏഴാം അധ്യായത്തില്‍ (Acts 7:38) പഴയനിയമ ഇസ്രായേലിനെ സഭ എന്ന് വിളിച്ചിട്ടുണ്ട്. അവര്‍ കനാനിലേക്ക് പോകാന്‍ വിളിക്കപ്പെട്ടവരായിരുന്നു. അപ്പൊ. പ്രവര്‍ത്തി 19 -താം അധ്യായത്തില്‍ എഫസോസില്‍ കൂടി വന്നവരായ ആളുകളുടെ കൂട്ടം, അവരെ സഭ എന്നും ന്യായപാലനം നടത്താന്‍ വന്ന കൂട്ടത്തിനു ‘ധര്മസഭ’ എന്നും വിളിച്ചിട്ടുണ്ട്. (Acts 19: 32,39,41). ഈ നാലു പ്രാവശ്യം ഒഴിച്ച് ബാക്കി 110 പ്രാവശ്യവും സഭ എന്നതിന് മൂല ഭാഷയായ ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘Ekklesia’ എന്ന വാക്കാണ്. എന്നാല്‍ ഒരിടത്തും ‘ചര്‍ച്ച്’ (church) എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല .
ചര്ച്ച് എന്ന വാക്ക് ഇംഗ്ലീഷ് പരിഭാഷകളില്‍ കാണുന്നുണ്ടെങ്കിലും മൂല ഭാഷയില്‍ ഒരിടത്തും കാണുന്നില്ല.
അങ്ങനെയെങ്കില്‍ ‘ചര്‍ച്ച്’ എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? ‘സഭ’ അല്ലേ ‘ചര്‍ച്ച്’? ചര്‍ച്ചും സഭയും രണ്ടും രണ്ടാണ്. ‘സഭ’ എന്നതിന്റെ ശരിയായ ഇംഗ്ലീഷ് പരിഭാഷ ‘അസംബ്ലി’ (Assembly) എന്നാണ്. പിന്നെ ഈ ‘ചര്‍ച്ച്’ എന്ന വാക്ക് എങ്ങനെയുണ്ടായി??
രാജാവായിരുന്ന ജെയിംസിന്റെ കല്പന പ്രകാരമാണ് ഇംഗ്ലീഷ് പരിഭാഷ ഉണ്ടാകുന്നത്. 1611ല്‍ ഇംഗ്ലീഷ് ഭാഷയിലേക്ക് ബൈബിള്‍ പരിഭാഷ ചെയ്തപ്പോള്‍ ‘Ekklesia’ എന്ന എല്ലാ വാക്കുകളും ഇംഗ്ലീഷില്‍ ‘അസംബ്ലി’ (Assembly) എന്ന വാക്കിന് പകരം ‘ചര്‍ച്ച്’ (church)എന്ന് തര്‍ജ്ജിമ ചെയ്യാന്‍ ജെയിംസ്‌രാജാവ് നിര്‍ബന്ധമായി ആവശ്യപ്പെട്ടു.
അപ്പോള്‍ ‘ചര്‍ച്ച്’ (church) എന്ന വാക്ക് എങ്ങനെ ഉണ്ടായി? . സ്കോട്ട്ലാണ്ടുകാരുടെ ‘കിര്ക്ക് ‘ (Kirku) എന്ന പദത്തില്‍ നിന്നും ഗ്രീക്ക് ഭാഷയില്‍ ഉണ്ടായ ഒരു പദമാണ് ‘കുറിയാകോണ്‍’ (kuriakon). ഇങ്ങനെ ‘കിര്ക്ക് ‘ ‘കുറിയാകോണ്‍’ എന്ന രണ്ടു പദത്തില്‍ നിന്നും ഉണ്ടായ വാക്കാണ് ‘ചര്‍ച്ച്’ (church). ‘കുറിയാകോണ്‍’ എന്ന വാക്ക് പുതിയ നിയമത്തില്‍ രണ്ടു സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്.
‘സഭ’ ‘Ekklesia’ എന്ന വാക്ക് 114 പ്രാവിശ്യം ഉപയോഗിച്ചപ്പോള്‍ ‘കുറിയാകോണ്‍’ (kuriakon) എന്ന പദം രണ്ടു സ്ഥലങ്ങളില്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. (വെളിപ്പാട് 1:10 – കര്ത്താവിന്റെ ദിവസം എന്നും, 1കോരിന്ത്യര്‍ 11:20 വാക്യത്തില്‍ കര്ത്താ്വിന്റെ അത്താഴം എന്നും). ഇവിടെ കര്ത്താവിന്റെ എന്ന് ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘കുറിയാകോണ്‍’ (kuriakon) എന്നാണ്. അങ്ങനെയെങ്കില്‍ ‘കുറിയാകോണ്‍’ (kuriakon) എന്ന വാക്കിന് ‘കര്ത്താവിന്റെ വക’ എന്ന അര്‍ത്ഥമേയുള്ളൂ. ‘അസംബ്ലി’ (Assembly) എന്ന അര്‍ത്ഥം ഇല്ല. രക്ഷിക്കപ്പെട്ടവര്‍, സ്നാനപ്പെട്ടവര്‍, വേര്‍പെട്ടവര്‍ സഭയില്‍ (Ekklesia) ആണ് കാണേണ്ടത്. ആ സഭയുടെ പ്രത്യേകത എന്താണ്? കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു. (Acts 7:46). എവിടെ കൂടിവരുന്നു എന്നതിനെക്കാള്‍ ഉപരി കൂടിവരുന്ന കൂട്ടത്തിനാണ് ‘സഭ’ ‘Ekklesia’ (‘അസംബ്ലി Assembly) എന്ന നാമം കൊണ്ട് അര്ത്ഥമാക്കുന്നത്. ചര്‍ച്ച് എന്ന വാക്ക് പൊതുവേ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ദൈവീകമായ കാര്യങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട കെട്ടിടം എന്നത് ചിന്തയിലാണ് ‘ചര്‍ച്ച്’ (church) എന്ന ആശയം ഉണ്ടാകുവാന്‍ ഇടയായത്. അതിന്റെ പിന്നിലും ശത്രുവായ പിശാചിന്‍റെ കയ്യുണ്ട് എന്ന് ഞാന്‍ വിചാരിക്കുകയാണ്. (സുവിശേഷകന്‍ വര്‍ഗീസ് കുര്യന്‍റെ ഒരു പ്രസംഗത്തില്‍ നിന്നും ഉള്ള പ്രസക്ത ഭാഗങ്ങള്‍ )
പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ സുവിശേഷം പ്രസംഗിക്കപ്പെടുമ്പോള്‍ ആത്മാക്കള്‍ രക്ഷിക്കപ്പെടുകയും സഭയെന്ന വിളിച്ചു വേര്‍തിരിക്കപ്പെട്ടവരുടെ കൂട്ടത്തിലേക്ക് പുതിയ ആത്മാക്കള്‍ ചേര്‍ന്നു വരികയും ചെയ്യുന്നു. ലോകത്തിലെ വിവിധ നഗരങ്ങളിലെ തെരുവുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ അഭിമുഖീകരിക്കാവുന്ന ഒരു ചോദ്യമാണ്, ‘പള്ളി (church) ഇവിടെ എവിടെയാണ് എന്ന് പറയാമോ?’ എന്നത്. സാധാരണയായി, ഈ ചോദ്യത്തിന്നുത്തരമായി കല്ല്, മരം തുടങ്ങിയവകൊണ്ട് പണിത ‘പള്ളികള്‍ (churches)’ എന്ന് വിളിക്കപ്പെടുന്ന കെട്ടിടങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയായിരിക്കും ചെയ്യുന്നത്. തിരുവചനം വിഭാവന ചെയ്യുന്ന ‘സഭകള്‍ എന്നത് ഇത്തരം മാനുഷ്യനിര്‍മ്മിതമായ കേവലം കെട്ടിടങ്ങളല്ല.
വളരെ പാവപ്പെട്ട, തീരെ അക്ഷരാഭ്യാസമില്ലാത്ത ഒരു പ്രായംചെന്ന സ്ത്രീ ഒരു സ്ഥലത്തുണ്ടായിരുന്നു. വലിയ പരിജ്ഞാനമൊന്നുമില്ലായിരുന്നെങ്കിലും തിരുവചനം അല്പമായി വായിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുള്ള ഒരു
വ്യക്തിയായിരുന്നു ആ സ്ത്രീ. ‘ചര്‍ച്ച് (Church)’ എന്നത് വിശുദ്ധന്മാരെ സംബന്ധിച്ചുള്ള ഒരു പരാമര്‍ശമാണ് എന്ന ലളിതമായ, വളരെ ചെറുതായ അറിവ് ഈ സ്ത്രീക്കുണ്ടായിരുന്നു. ഒരിക്കല്‍ തന്‍റെ ഇടവകയിലെ പുരോഹിതന്‍ ഈ സ്ത്രീയെ കാണാന്‍ വന്നു. ‘എന്തുകൊണ്ടാണ് താങ്കള്‍ പള്ളിയില്‍ (ചര്‍ച്ചില്‍ ) വരാതിരിക്കുന്നത്’ എന്ന് പുരോഹിതന്‍ സ്ത്രീയോട് ചോദിച്ചു. വളരെ ലളിതമായി, ഭവ്യതയോടെ ഈ സ്ത്രീ പുരോഹിതനോട് ചോദിച്ചു, ‘സര്‍, ഈ ചര്‍ച്ച് (പള്ളി) എന്നത് വാസ്തവത്തില്‍ എന്താണ്? അത് എവിടെയാണ്?’. ഇതു കേട്ടപ്പോള്‍ പുരോഹിതന്‍ താന്‍ കാര്‍മികനായിരിക്കുന്ന പള്ളിയിലേക്ക് കൈചൂണ്ടിക്കൊണ്ട് പറഞ്ഞു, ‘ദാ, ആ കാണുന്ന കെട്ടിടമാണ് നമ്മുടെ ചര്‍ച്ച്’. അപ്പോള്‍ ഈ വയസുചെന്ന പാവം സ്ത്രീ ഇങ്ങനെ പറഞ്ഞു, ‘കൊള്ളാം, സഭ (ചില ഇംഗ്ലീഷ് പരിഭാഷകളില്‍ ചര്‍ച്ച് – Church) വിശുദ്ധ പൌലോസിന്റെ കഴുത്തില്‍ വീണെന്നും അവനെ ചുംബിച്ചെന്നും ഞാന്‍ വിശുദ്ധ വേദപുസ്തകത്തില്‍ വായിച്ചിട്ടുണ്ട്. ഈ ‘ചര്‍ച്ച്’ എന്നത് ഇത്തരം ഇഷ്ടികകൊണ്ടോ കല്ലുകള്‍കൊണ്ടോ പണിത ഒരു കെട്ടിടമായിരുന്നുവെങ്കില്‍ തീര്‍ച്ചയായും പൗലോസ് അപ്പോഴേ മരിച്ചുപോയേനെ!. അതുകൊണ്ട് ഈ കാണുന്ന കെട്ടിടമല്ല ചര്‍ച്ച് (സഭ).’ അപ്പൊ. 20:37, 38 തന്‍റെ മനസ്സില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ആ സ്ത്രീ ഈ രീതിയില്‍ പ്രതികരിച്ചത്. ” (……അവര്‍ (സഭ) ഏറ്റവും ദു:ഖിച്ചു പൌലോസിന്റെ കഴുത്തില്‍ കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു കപ്പലോളം അവനോടുകൂടെ വന്ന് അവനെ യാത്ര അയച്ചു”. അപ്പൊ.20:38).
ഏതാനും നാള്‍ വരേയും പ്രാര്‍ത്ഥനാലയം (Prayer Hall), സുവിശേഷാലയം (Gospel Hall), കൂടിവരുന്ന ആലയം (Assembly Hall), ആരാധനാലയം എന്നൊക്കെ അറിയപ്പെട്ടിരുന്ന നമ്മുടെ സ്ഥലംസഭകള്‍ കൂടിവന്നിരുന്ന കെട്ടിടങ്ങള്‍ ‘ചര്‍ച്ച്’ എന്ന നാമകരണത്തില്‍ പുതിയ രൂപത്തിലും ഭാവത്തിലും ഒക്കെ പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയിരിക്കുന്നു. പണ്ടൊക്കെ, ഞായറാഴ്ച്ചദിവസം യോഗത്തിനു പോകുന്നവരോട് എവിടെ പോകുന്നു എന്ന് ചോദിച്ചാല്‍ സഭായോഗത്തിനു പോകുന്നു എന്നാണ് പറഞ്ഞിരുന്നത്. ഇന്ന് അത് ‘ചര്‍ച്ചില്‍’ പോകുന്നു എന്നാണ് കേള്‍ക്കുന്നത്. ‘ചര്‍ച്ച്’ എന്ന പദം ക്രിസ്തുവിന്റെ രക്തത്താല്‍ വിളിച്ചു വേര്‍തിരിക്കപ്പെട്ടവര്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ കൂടിവരുന്ന സ്ഥലത്തിനു ഉപയോഗിക്കുന്നത് ഭൂഷണമല്ല എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് നമ്മുടെ പിതാക്കന്മാര്‍ ആ കാര്യത്തിലും വ്യത്യസ്തത പാലിച്ചത്. ‘പിതാക്കന്മാര്‍ക്ക് തെറ്റുപറ്റിയോ’ എന്ന് ഈ നാളുകളെയോര്‍ക്കുമ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ പുതുതലമുറയോട് നിങ്ങളുടെ സഭയെതാണ് എന്ന് ചോദിച്ചാല്‍ സഭാഹാള്‍ ചൂണ്ടിക്കാണിച്ചിട്ട് അതാണ് എന്‍റെ ‘ചര്‍ച്ച്’ എന്ന് പറയുന്ന നിലവാരത്തിലേക്ക് നാം വന്നിരിക്കുന്നു. നിലവാരത്തിന്റെ താഴ്ച്ചയാണോ ഉയര്‍ച്ചയാണോ അതെന്നു നാം തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. സഭ (Assembly) യെന്ന വാക്കിന്റെ അര്‍ത്ഥവും വ്യാപ്തിയും ശ്രേഷ്ഠതയും മനോഹരത്വവും ദൈവീകോദ്ദേശവും ഒന്നും വ്യക്തമായി നമ്മുടെ യുവതലമുറ പഠിക്കുകയോ അവരെ പഠിപ്പിക്കുകയോ ചെയ്യുന്നില്ല എന്നത് വളരെ ഖേദകരമായ സ്ഥിതിവിശേഷമാണ്. ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റൂ. അല്ലെങ്കില്‍, കര്‍ത്താവിന്റെ വരവ് താമസിക്കുന്നെങ്കില്‍, നമ്മുടെ സ്ഥലംസഭകള്‍ സഭ എന്ന വലിയ സത്യത്തിന്‍റെ മഹത്വം മനസ്സിലാക്കാതെ, ദൈവസംസര്‍ഗ്ഗത്തില്‍നിന്നും മാറി കേവലം ‘പള്ളികളായി’ മാത്രം അറിയപ്പെടുന്ന ദു:സ്ഥിതി സംജാതമായിത്തീരും. അങ്ങനെയാകാതിരിക്കാന്‍ നമുക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കാം. സ്ഥലംസഭയുടെ ശ്രേഷ്ഠതയെ ഉയര്‍ത്തിപ്പിടിക്കാം. മാനുഷിക താല്പര്യങ്ങള്‍ക്കല്ല മറിച്ച്, വിശ്വാസപ്രമാണങ്ങള്‍ക്കനുസൃതമായിട്ടായിരിക്കട്ടെ നമ്മുടെ സ്ഥലംസഭകള്‍ വിരാജിക്കേണ്ടത്!!!!
