ബൈബിളിലെ അടിസ്ഥാനഉപദേശങ്ങളും സത്യങ്ങളും പഠിപ്പിക്കേണ്ടതിന്‍റെ അനിവാര്യത

അടിസ്ഥാന ഉപദേശങ്ങളും സത്യങ്ങളും പഠിപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് പല സ്ഥലംസഭകളും പരാജയമാണ്. ഈ വസ്തുത ഒരു കുറ്റാരോപണം എന്നതിനേക്കാള്‍ ഉപരിയായി കുമ്പസാരമായിട്ടു നമുക്ക് കണക്കാക്കാവുന്നതാണ്. അടിസ്ഥാന സത്യങ്ങള്‍ പടിപ്പിക്കുന്നതിലെ മന്ദതയ്ക്ക് പല കാരണങ്ങളും നമുക്ക് നിരത്തുവാനുണ്ട്. നമ്മുടെ ഇടയില്‍ വിശ്വസനീയമായിട്ടുള്ള സകല കാര്യങ്ങളെക്കുറിച്ചും വിശ്വാസികളായ നമുക്കോരോരുത്തര്‍ക്കും നന്നായിട്ടറിയാമെന്നുള്ള ധാരണ നിമിത്തം അടിസ്ഥാനസത്യങ്ങള്‍ പഠിപ്പിക്കാതെ പോകുന്നതിന്ന് ഇടയായിത്തീരുന്നുണ്ട്. കാരണങ്ങള്‍ എന്തൊക്കെയായാലും അടിസ്ഥാനപരമായ ഉപദേശങ്ങളും സത്യങ്ങളും ഇന്നത്തെ പുതിയ തലമുറയെ പഠിപ്പിക്കുന്നതില്‍ നാം പരാജിതരാണ് എന്നുള്ള പരമാര്‍ത്ഥം നാം അംഗീകരിച്ചേ മതിയാകൂ. അടിസ്ഥാന സത്യങ്ങളെ ക്കുറിച്ചുള്ള പഠിപ്പിക്കലുകളുടെ അഭാവം നിമിത്തം യുവതലമുറയിലെ വിശ്വാസികള്‍ അവര്‍ ‘തന്നെത്താന്‍’ പഠിക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്നു.

പ്രാഥമികവും പ്രധാനപ്പെട്ടതുമായ അടിസ്ഥാന സത്യങ്ങള്‍ എന്താണ്?

അടിസ്ഥാന സത്യങ്ങള്‍ (Foundation Truths) : ത്രിയേകദൈവത്തിന്‍റെ സ്വഭാവവും രീതിയും, ദൈവത്തിന്‍റെ ഗുണഗണങ്ങള്‍, ദൈവത്തിന്‍റെ വിവിധ നാമങ്ങള്‍, തെറ്റുകളില്ലാത്ത ദൈവവചനം, നമ്മുടെ സ്വന്തം ഭാഷയില്‍ ലഭ്യമായിട്ടുള്ള ദൈവവചനത്തിന്റെ വിശ്വാസ്യത, ദൈവത്തിന്‍റെ വിശുദ്ധി തുടങ്ങിയ പരമപ്രധാനമായ, അടിസ്ഥാനപരമായ സത്യങ്ങളെക്കുറിച്ചുള്ള പരിജ്ഞാനവും അത് പുതിയവര്‍ക്ക് പകര്‍ന്നുകൊടുക്കുവാന്‍ നമുക്ക് കഴിയുകയും വേണം.

സുവിശേഷ സത്യങ്ങള്‍ (Gospel Truths) : ക്രിസ്തു എന്ന വ്യക്തിവിശേഷം, അവന്‍റെ തികഞ്ഞ ദൈവത്വവും ഒപ്പം മനുഷ്യത്വവും, സര്‍വ്വമഹത്വധാരിയായ ഒരുവനിലുള്ള (ക്രിസ്തു) പൂര്‍ണമായ രണ്ട് സ്വഭാവങ്ങള്‍, അവന്‍റെ നിര്‍മ്മലത, അവന്‍റെ ക്രൂശിലെ യാഗത്തിന്‍റെ ശ്രേഷ്ഠത, അവന്‍റെ പുനരുത്ഥാനം തുടങ്ങിയ സത്യങ്ങള്‍ എക്കാലവും പ്രസംഗിക്കപ്പെടെണ്ടതാണ്. ജീവിക്കുന്ന, മഹത്വസമ്പൂര്‍ണ്ണനായ യേശുക്രിസ്തുവിന്‍റെ വീണ്ടും വരവ് ഏതു നിമിഷത്തിലും പ്രതീക്ഷിക്കുന്നവരാണ് നാം. സുബോധത്തോടെയുള്ള നിത്യമായ ശിക്ഷാവിധി എന്നത് യാഥാര്‍ഥ്യമല്ല എന്ന് നിരൂപിക്കുന്ന വിഖ്യാതരായ ബൈബിള്‍ പഠിതാക്കള്‍ വരെയുണ്ട്. നമ്മുടെ കര്‍ത്താവിന്റെ വാക്കുകള്‍ തന്നെ എടുത്തുകൊണ്ടു നമുക്ക് ഇവരോട് ഉത്തരം പറയുവാന്‍ കഴിയും. വീണ്ടെടുപ്പ് (Redemption), നീതീകരണം (Justification), നിരപ്പ് (Reconciliation) തുടങ്ങിയ മഹത്തരമായ ഉപദേശസത്യങ്ങള്‍ ആവര്‍ത്തിച്ച് പ്രസംഗിക്കപ്പെടണം.

പ്രായോഗിക സത്യങ്ങള്‍ (Practical Truths) : പാപത്തിന്‍റെ സകല ശിക്ഷയും കര്‍ത്താവായ യേശുക്രിസ്തു പൂര്‍ണ്ണമായും ചുമന്നൊഴിച്ചു. പാപത്തിന്‍റെ ശക്തിയെ ക്രിസ്തു ക്രൂശില്‍ തോല്പ്പിച്ച് നിഷ്പ്രഭമാക്കി. എന്നാല്‍, പാപത്തിന്‍റെ സാന്നിദ്ധ്യം ഓരോ ദിവസവും നമ്മെ ചുറ്റിക്കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തെ നാം മറന്നുപോകരുത്. നമ്മുടെ ദൈനംദിന ജീവിതാനുഭവങ്ങളില്‍ പരിശുദ്ധാത്മാവാം ദൈവം യേശുക്രിസ്തുവിന്‍റെ ക്രൂശുമരണത്താലുള്ള രക്ഷാകവചത്താല്‍ നമ്മെ ദിനംപ്രതി പരിപാലിക്കുന്നു എന്നത് നാം വിസ്മരിക്കരുത്. കാല്‍വരിയില്‍ ഉയര്‍ത്തപ്പെട്ട ക്രൂശ്, അതില്‍ തൂങ്ങിയ ക്രിസ്തു, അവിടെ തൂകപ്പെട്ട പുണ്യാഹരക്തം ഇവ വിശ്വാസിക്കും ലോകത്തിന്നും ഇടയില്‍ തടങ്കല്‍ പാറയായി വര്‍ത്തിക്കുന്നു. സോദോമ്യ ലോകത്തില്‍നിന്ന് മാത്രമുള്ള ഒരു വേര്‍പാടല്ല നമുക്ക് വേണ്ടത്. മറിച്ച്, ഈ മുഴുവനായ ലോകത്തിലെ സകല മോഹങ്ങളില്‍ നിന്നുമുള്ള വേര്‍പാട് എന്ന സത്യത്തെ പ്രായോഗികമാക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

സഭാ സത്യങ്ങള്‍ (Assembly Truths) : തിരുവചനത്തിന്‍റെ പൂര്‍ണമായ ആധികാരികത, പ്രാദേശികമായ ഒരു സഭയും ആത്മീയ ശരീരവും തമ്മിലുള്ള വ്യത്യാസം, അവന്‍റെ (യേശുക്രിസ്തുവിന്‍റെ) നാമത്തില്‍ മാത്രം കൂടിവരുന്നതിന്റെ പ്രാധാന്യത, ആത്മീയമായി ആരാധിക്കേണ്ടതിന്റെ പ്രാമുഖ്യത, വിവിധ വരങ്ങളുടെ ബഹുത്വം, എല്ലാ വിശ്വാസികള്‍ക്കും ലഭ്യമായിരിക്കുന്ന പൌരോഹിത്യപദവി, മൂപ്പന്മാര്‍, സഹോദരന്മാര്‍, സഹോദരിമാര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തന മേഖല, സഭകളുടെ സ്വതന്ത്രസ്വഭാവം, സഭകള്‍ തമ്മിലുള്ള ആത്മീയബന്ധം തുടങ്ങിയ സഭാസത്യങ്ങളുടെ ഗഹനമായ അന്ത:സത്ത ഇന്നത്തെ യുവതലമുറയ്ക്ക് അന്യമാണെന്നുള്ളത് നാം ഓര്‍ക്കണം. നമ്മുടെ സ്ഥലംസഭകളില്‍ ഇത്തരം അടിസ്ഥാനപരമായ സത്യങ്ങളുടെ പഠിപ്പിക്കലുകള്‍ ഈ നാളുകളില്‍ അനിവാര്യമായിരിക്കുന്നു.

കുടുംബജീവിതത്തിലെ സത്യങ്ങള്‍ (Family Truths) : കുടുംബജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ പഠിപ്പിക്കലുകള്‍ സ്ഥലംസഭകളില്‍ ഇല്ലാത്തതിന്റെ ദോഷങ്ങള്‍ ഇന്നത്തെ ക്രിസ്തീയകുടുംബങ്ങളില്‍ നിഴലിക്കുന്നത് നമുക്ക് കാണുവാന്‍ കഴിയുന്നുണ്ട്. മാതാപിതാക്കളെ അനുസരിക്കാത്ത മക്കള്‍, ഭാര്യാഭര്‍തൃബന്ധത്തിലെ ആശയപ്പിശകുകള്‍, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകള്‍, വിശ്വാസജീവിതത്തെ അവഗണിക്കുന്ന തലമുറകള്‍, സഭാജീവിതത്തെക്കാള്‍ ലോകമയത്വം കൂടുതല്‍ കാംക്ഷിക്കുന്ന വിശ്വാസികളുടെ മക്കള്‍, പിതാക്കന്മാരുടെ ചെയ്തികളേയും മൂല്യങ്ങളേയും വിശ്വാസത്തിനുവേണ്ടി അവര്‍ എടുത്ത ധീരമായ നിലപാടുകളേയും തള്ളിപ്പറയുന്ന പുത്തന്‍ തലമുറ തുടങ്ങിയ അനേകം പുഴുക്കുത്തുകള്‍ക്ക് കാരണം സ്ഥലംസഭകളില്‍ വ്യക്തമായ പഠിപ്പിക്കലുകള്‍ ഇല്ലാത്തതുകൊണ്ടാണെന്നുള്ളതിനു ലവലേശം സംശയമില്ല.

സ്ഥലംസഭാ മൂപ്പന്മാര്‍ക്കും ഉപദേഷ്ടാക്കന്മാര്‍ക്കും തങ്ങളുടെ കുറവുകളെ ദൈവസന്നിധിയില്‍ ശോധന ചെയ്യുവാനുള്ള വാഞ്ച ദൈവം നല്‍കട്ടെ. തങ്ങളുടെ ഉത്തരവാദിത്തങ്ങളെ തിരിച്ചറിഞ്ഞ് സ്ഥലംസഭയില്‍, സഭാവിശ്വാസികള്‍ക്ക് ആവശ്യമായ ആത്മീയമായിട്ടുള്ള മന്ന നല്കുന്നതിന്നുള്ള സാദ്ധ്യമായതെല്ലാം ഒരുക്കുന്നതിന്നുള്ള കൃപ ദൈവം കടപ്പെട്ടവര്‍ക്ക് നല്‍കട്ടെ. കര്‍ത്താവിന്റെ വരവ് താമസിക്കുന്നെങ്കില്‍, അടിസ്ഥാനഉപദേശങ്ങളും സത്യങ്ങളും പഠിച്ചു, മനസ്സിലാക്കി, തങ്ങളുടെ ക്രിസ്തീയജീവിതത്തില്‍ അവയോരോന്നും പ്രായോഗികമാക്കി നിലനില്‍ക്കുവാന്‍ കഴിയുന്ന തലമുറകളാല്‍ അനുഗ്രഹീതമായിത്തീരുവാന്‍ നമ്മുടെ സ്ഥലംസഭകള്‍ക്ക് ഇടയാകട്ടെ….

www.sabhasathyam.com

Leave a Reply

Your email address will not be published. Required fields are marked *