‘കൂട്ടായ്മ’ (Fellowship) എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി വ്യക്തമായി ഗ്രഹിക്കാതെ തന്നെ, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്ഥലംസഭ എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഒരു പറ്റം വിശ്വാസികള്‍ക്ക് ഒരുമിച്ചുകൂടിവരുവാന്‍ കഴിയുന്നതാണ്. പലരും ‘കൂട്ടായ്മ’യെ (Fellowship), ‘സൗഹൃദം’ (Friendship) എന്ന നിലയിലായിരിക്കും വിവക്ഷിച്ചിരിക്കുന്നത്. കേവലം മാനുഷികമായ സ്നേഹബന്ധത്തിലധിഷ്ടിതമായ ബന്ധം എന്നതിലപ്പുറമായി ദൈവമക്കള്‍ തമ്മിലുള്ള ‘കൂട്ടായ്മാബന്ധം’ എന്ന അനുഗ്രഹീതമായ അനുഭവത്തെ മുഖവിലക്കെടുക്കാതെ മുന്നോട്ടുപോകുന്ന രീതി ഇന്നു പലപ്പോഴും പല ദൈവസഭകളിലും പല പ്രശ്നങ്ങള്‍ക്കും മുഖാന്തരമായിത്തീരുന്നു. ഒരു കാര്യം നാം മനസ്സിലാക്കണം, സൗഹൃദം (Friendship) വ്യക്തികളിലധിഷ്ടിതമായിട്ടാണ് സ്ഥാപിതമാകുന്നത്. മറിച്ച്, കൂട്ടായ്മാബന്ധം (Fellowship) നിലനില്‍ക്കുന്നത് സ്നേഹത്തോടൊപ്പം ദൈവവചനപ്രമാണങ്ങളില്‍ ഊന്നിക്കൊണ്ടാണ്. വ്യക്തിപരമായ ഏറ്റക്കുറച്ചിലുകളൊന്നും ശരിയായ കൂട്ടായ്മാബന്ധത്തില്‍ നിഴലിക്കയില്ല.
ചില മാനദണ്ടങ്ങള്‍ക്കനുസൃതമായി രൂപപ്പെടുന്ന ‘സൗഹൃദബന്ധങ്ങള്‍’ സഭയില്‍ ചെറിയ ചെറിയ വിഭാഗങ്ങളെ സൃഷ്ടിക്കുന്നതിന് കാരണമായിത്തീരും. കുടുംബബന്ധം, സാമ്പത്തീകം, വിദ്യാഭ്യാസം, നിറം, ജാതീയപാരമ്പര്യം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി സ്ഥലംസഭകളില്‍ വ്യത്യസ്ത ഗ്രൂപ്പുകള്‍
ഉളവാകുന്നത് കാണാന്‍ സാധിക്കും. ഒരു പിതാവിന്റെ മക്കള്‍, ഒരു ശരീരത്തിന്‍റെ അവയവങ്ങള്‍, ഒരപ്പത്തിന്റെ അംശികള്‍ എന്നൊക്കെ വാചാലമായി പറയാറുണ്ട് . പക്ഷേ, പ്രവൃത്തിപഥത്തില്‍ അതൊന്നും പ്രായോഗികമാകുന്നില്ല എന്നത് എത്രയോ ഖേദകരമാണ്. ഗ്രൂപ്പിസം വിഭാഗീയതക്ക് കാരണമാകുന്നുവെന്ന് മാത്രമല്ല, സ്ഥലംസഭകളെ പിളര്‍പ്പിലേക്ക് നയിക്കുന്നതിനു ഇടയായിത്തീരുന്നു. സ്ഥലംസഭയിലെ വിശ്വാസികളുമായി അന്യോന്യം വളരെനല്ല സ്നേഹബന്ധത്തില്‍, നല്ല കൂട്ടുകാരായി ഇരിക്കുമ്പോള്‍ തന്നെ, നാമായിരിക്കുന്ന സ്ഥലംസഭയുടെ കൂട്ടായ്മയിലായിരിക്കുന്നവരാണ് നാം ഓരോരുത്തരുമെന്നും ആ കൂട്ടായ്മബന്ധം എന്നത് ദൈവവചന പ്രമാണങ്ങളിലധിഷ്ടിതമാണെന്നുമുള്ള കാര്യം നാം മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്. സ്നേഹബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാകാം. സൗഹൃദം ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് മാറ്റപ്പെടാം. തല്‍ഫലമായി, പുതിയ വിഭാഗങ്ങള്‍, പക്ഷങ്ങള്‍ തുടങ്ങിയവ സ്ഥലംസഭകളില്‍ രൂപാന്തരപ്പെടും. ഇത്തരം വിഭാഗീയതകള്‍ ആത്മീയതാല്പര്യങ്ങളെ നിരുല്‍സാഹപ്പെടുത്തുന്നതിന്നും കാഴ്ചപ്പാടുകളെ ഹനിക്കുന്നതിന്നും കാരണമാകും. കൂട്ടായ്മാബന്ധം എന്ന ആത്മീയസത്യത്തെ അവഗണിക്കുന്നതിനു ഇടയാകും. ‘സത്യത്തിന്‍റെ തൂണും അടിസ്ഥാനവുമായിരിക്കേണ്ട ‘ (1 തിമോ.3:15) സഭ, സ്ഥലംസഭയുടെ ഉദ്ദേശത്തെ സഫലീകരിക്കുന്നതില്‍ പരാജയപ്പെടുന്നതിന്നു, കൂട്ടായ്മാബന്ധത്തിനു പകരമായി കേവലം സൗഹൃദത്തിലൂടെ ഉളവാകുന്ന വിഭാഗങ്ങള്‍ നിമിത്തമായിത്തീരുന്നു.
സ്ഥലംസഭയിലെ വിശ്വാസികള്‍ തമ്മില്‍ അഭിപ്രായഭിന്നതകളോ അത് മുഖാന്തരം ചില പ്രശ്നങ്ങളോ ഒക്കെ ഒരുപക്ഷേ സഭയില്‍ ഉണ്ടായേക്കാം. ചിലപ്പോഴൊക്കെ, അത് സഭയുടെ കാന്തനായ കര്‍ത്താവ് ഒരു പരിശോധനയായി അനുവദിക്കുന്നതാണ്
എന്നത് ദൈവവചനം നമ്മെ പഠിപ്പിക്കുന്നു.(1 കൊരി.11:19). കൂട്ടായ്മയുടെ ശരിയായ അര്‍ത്ഥം മനസ്സിലാക്കിയിരിക്കുന്ന ഒരു വിശ്വാസിക്ക് ഭിന്നതയില്‍ അല്ലെങ്കില്‍ പ്രശ്നങ്ങളില്‍ തുടരുവാന്‍ കഴിയില്ല. കര്‍ത്താവിന്നോടുള്ള സ്നേഹത്താലും ഭയത്താലും, ഏതു നിലയിലുള്ള പ്രശ്നമാണെങ്കില്‍ക്കൂടി പരിഹരിച്ച് മുന്നോട്ടുപോകുവാന്‍ താല്‍പര്യവും സന്നദ്ധതയും ഒരു ശരിയായ വിശ്വാസിക്ക് ഉണ്ടായിരിക്കും. സ്ഥലംസഭയുടെ പ്രമാണങ്ങളോട് സ്നേഹവും ബഹുമാനവുമുള്ള ഒരു വിശ്വാസി, വിശ്വാസികള്‍ തമ്മിലുള്ള ‘ആത്മാവിന്റെ ഐക്യത’ (unity of the spirit) കാത്തുസൂക്ഷിക്കുവാന്‍ ഉത്സാഹിയായിരിക്കുമെന്ന് മാത്രമല്ല, താന്‍ അതിന്നു പ്രതിജ്ഞാബദ്ധനുമായിരിക്കും.
പ്രിയപ്പെട്ടവരേ, നിങ്ങള്‍ വാസ്തവമായി നിങ്ങളുടെ സ്ഥലംസഭയുടെ കൂട്ടായ്മയിലാണോ എന്നത് നിങ്ങള്‍ക്കുതന്നെ പരിശോധിക്കാവുന്നതാണ്. സഭയുടെ പ്രമാണങ്ങള്‍ താങ്കള്‍ക്ക് വിലപ്പെട്ടതാണോ? സഭയ്ക്ക് താനൊരു വേദനയാണോ? താന്‍ വേദനിക്കുന്നെങ്കിലും മറ്റുള്ളവരോടുള്ള തന്‍റെ ബന്ധം മധുരതരമാണോ? തനിക്ക് കൊടുക്കുവാന്‍ കഴിയുന്നതില്‍ ഏറ്റവും നല്ലതാണോ സഭയില്‍ കൊടുക്കുന്നത്? സഭയുടെ എല്ലാ കൂടിവരവുകളിലും താന്‍ സന്നിഹിതനാണോ? താങ്കള്‍ക്ക് ‘പ്രിയപ്പെട്ടവര്‍’ വരുന്നില്ലെങ്കില്‍കൂടി, സ്ഥലംസഭയുടെ യോഗങ്ങളില്‍ സംബന്ധിക്കുന്നതില്‍ താന്‍ ഉത്സാഹിയാണോ? സഭയുടെ കൂട്ടായ്മയില്‍ ആയിരിക്കുന്നതിന്നാല്‍ ഭരമെല്പ്പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് ചെയ്യുന്നതില്‍ താന്‍ ശ്രദ്ധാലുവാണോ? ഈ ചോദ്യങ്ങളുമായി ദൈവസന്നിധിയില്‍ ഒരു സ്വയശോധന നടത്തുന്നത് ഏറ്റവും അഭികാമ്യമാണ്.
ഏറ്റവും പ്രിയപ്പെട്ടവര്‍ ഒരുപക്ഷേ സഭയില്‍നിന്നും മാറിനിന്നെക്കാം. ആയതുകൊണ്ട് മാത്രം ഒരു വിശ്വാസിക്ക് സഭാബന്ധം ഉപേക്ഷിക്കുവാന്‍ കഴിയില്ല. മറിച്ച്, സഭയിലെ കൂട്ടായ്മ എങ്ങനെ ഉണ്ടാകുന്നു എന്ന പ്രമാണങ്ങളും സത്യങ്ങളും ഒരു വിശ്വാസി വ്യക്തമായി മനസ്സിലാക്കുമ്പോള്‍ തന്റെ സഭയില്‍, സഭാകൂടിവരവുകളില്‍, സഭാപ്രവര്‍ത്തനങ്ങളില്‍ ഒന്നും തന്‍റെ അസാന്നിദ്ധ്യം ഉണ്ടാകാതെ തന്നെത്താന്‍ സൂക്ഷിക്കുവാന്‍ ആ വിശ്വാസിക്ക് കഴിയും.
