ഹാ !!! ഇതോ, ഇതു എല്ലാവര്ക്കും സര്‍വ്വസ്വഭാവികമായി അറിയാവുന്നതാണല്ലോ എന്നായിരിക്കും താങ്കൾ ഇപ്പോൾ ചിന്തിക്കുന്നത്. ഒന്ന് ചോദിച്ചുകൊള്ളട്ടെ സുഹൃത്തെ, ഈ വിഷയം എല്ലാവര്ക്കും ഹൃദയസ്ഥമാണ് എങ്കിൽ ഇന്നു നടമാടുന്ന, പുറത്തുപറയാൻ സാധിക്കാത്ത പല സഭാവിഷയങ്ങളും എവിടെ നിന്ന് ഉണ്ടായി? ഇന്നു സഭാ മൂപ്പൻ (Elder) എന്നതു ഒരു സ്ഥാനമാനം എന്നതിലുപരി കർത്താവായ യേശുക്രിസ്തുവിൽ നിന്നു ലഭിച്ച മഹത്വകരമായ ശുശ്രുഷ എന്ന് വിരളമായി മാത്രം വിശ്വസിക്കുകയും പിൻപറ്റുകയും ചെയ്യുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. മൂപ്പൻ ശുശ്രൂഷ കർത്താവിന്റെ ശുശ്രൂഷയാണ്. അതു കർത്താവു കാണിച്ചുതന്ന പ്രകാരം തന്നെ ചെയ്യണം. നമ്മുക്ക് തോന്നിയതു പോലെ ചെയ്യാൻ അനുവാദമില്ല എന്ന് മാത്രമല്ല വചനപ്രകാരം ചെയ്തില്ല എങ്കിൽ ദൈവമുന്പാകെ കണക്കു കൊടുക്കേണ്ടി വരും എന്നതില്‍ രണ്ടു പക്ഷമില്ല!.
1 പത്രോസ് 5:1-3, “നിങ്ങളിലുള്ള മൂപ്പന്മാരെ, ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്നു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന്നു കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നതു: നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻ കൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിൻ” അപ്പൊസ്തലനും മൂപ്പനുമായ പത്രോസ് മൂപ്പന്മാരുടെ മൂന്ന് ഉത്തരവാദിത്വങ്ങളെ കുറിച്ചു പറയുന്നു, ‘ആട്ടിൻ കൂട്ടത്തെ മേയിക്കുക’, ‘അദ്ധ്യക്ഷത ചെയ്യുക’, ‘മാതൃക ഉള്ളവരായിരിക്കുക’. യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം പത്രോസുമായിട്ടു കടല്ക്കരയിൽ വച്ചുളള സംഭാഷണത്തിൽ യേശുക്രിസ്തു പത്രോസിനെ രണ്ടു കാര്യങ്ങൾ ഭരമേല്പിക്കുന്നതായി കാണാൻ സാധിക്കും, ‘എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവൻ അവനോടു പറഞ്ഞു.” പിന്നെ യേശു അവനോടു: “എന്റെ ആടുകളെ പാലിക്ക”(യോഹന്നാൻ 21:15-18)
‘മേയ്ക്ക’ എന്നതും ‘പാലിക്ക’ എന്നതും രണ്ടും മൂപ്പന്മാരുടെ ശുശ്രൂഷയാണ്. ഇതൊരു ദൈവീക ശുശ്രൂഷയാണ്. സങ്കീർത്തനം 23 നാം പഠിക്കുമ്പോൾ ഒരു ഇടയന്റെ കർത്തവ്യങ്ങൾ വ്യക്തമായും കാണാൻ സാധിക്കും. ഇടയശുശ്രൂഷ
എന്നതു പ്രഥമമായും ആടുകൾക്കു ആത്മീയ സമ്പുഷ്ടമായ ആഹാരം നല്കുക എന്നതാണ്. എന്നുവച്ചാൽ എല്ലാ ആത്മീയ ആവശ്യങ്ങളും നിറവേറ്റുക എന്നത് തന്നെ (സങ്കീർത്തനം 23:1) ഇന്നു നമ്മുടെ സ്ഥലം സഭകളിൽ കാണുന്ന ആത്മീയ ശോഷണത്തിന്റെ കുറവ് മനസിലായി കാണുമല്ലോ, ആടുകൾക്കു ആഹാരമില്ല, കൊടുക്കുവാൻ ഇടയന്മാർക്കു സമയവുമില്ല, അതിനൊട്ടു ശ്രമിക്കുന്നതുമില്ല. ഫലമോ, ആടുകൾ തീറ്റ തേടി അലയുകയാണ്, മാത്രമല്ല ആത്മീയ അനാരോഗ്യം ഉള്ളതിനാൽ ക്രിസ്തീയ ജീവിതം ആനന്ദകരമാക്കാൻ സാധിക്കുന്നുമില്ല, ഇതു എത്ര ഖേദകരം!!!
അടുത്തതായി ആടുകളെ ദൈവവചനമാകുന്ന പച്ചപുല്ല്മേടുകളിൽ കിടത്തുക എന്നതാണ് (സങ്കീർത്തനം 23:2). ഇവിടെ വ്യക്തമാക്കുന്ന സത്യം ആത്മീയ സംതൃപ്തിയാണ്. ഇതു ലഭിക്കേണ്ടത് സ്ഥലംസഭയിൽ നിന്നാണ്, അല്ലാതെ ചില ക്യാമ്പുകളിൽ നിന്നല്ല. പ്രിയരേ, മൂപ്പന്മാരിൽ നിന്നു മാണ്!! എന്നാൽ ഇന്നിതു കിട്ടുന്നുണ്ടോ? ഇങ്ങനെ തൃപ്തി വരുത്തുന്ന നിലയില്‍ സഭയെ പൊറ്റുന്നവരെയാണ് 1 തിമോത്തിയോസ് 5 :17 പറയുന്ന ഗണത്തില്‍ പെടുന്നത്.” നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.”
ഇവർ തങ്ങളുടെ ആടുകളെ സ്വസ്ഥതയുള്ള വെള്ളത്തിനരികിലേക്ക് നടത്തുന്നു, പിന്നെ പ്രാണനെ തണുപ്പിക്കുന്നു, (സങ്കീർത്തനം 23:2,3). തണുപ്പിക്കുക എന്നാൽ ചൈതന്യം വരുത്തുക എന്നാണ്. എല്ലാ രീതിയിലുമുള്ള ആത്മീയ പരിചരണവും പിന്നെ ദൈവവചനത്തിൽ നിന്നു ലഭിക്കുന്ന പുതിയ ആഴമേറിയ തിരുവചനസത്യങ്ങളും ആടുകളെ എത്രമാത്രം സന്തോഷിപ്പിക്കുകയും അവരെ ചൈതന്യമുള്ളവരാക്കി ത്തീര്‍ക്കുന്നു എന്നതിൽ യാതൊരു സംശയമില്ല. “തിരുനാമം നിമിത്തം നീതിപാതകളിൽ നടത്തുന്നു” (സങ്കീർത്തനം 23:3). അതായത്, അവയെ പുനരുദ്ധരിക്കുന്നു, പിന്നെ അവയെ തന്റെ സാന്നിദ്ധ്യത്താല്‍ സമാശ്വസിപ്പിക്കുന്നു, കൂട്ടായ്മ ബന്ധത്തെ ഉറപ്പിക്കുന്നു അഥവാ ശക്തീകരിക്കുന്നു, ശത്രുക്കളിൽ നിന്ന് തന്റെ ആടുകളെ സംരക്ഷിക്കുന്നു, ഒരോ ആടിനെയും മാനിച്ചുകൊണ്ടു ഇടയൻ അവക്കു എല്ലാം എല്ലാമായി തീരുന്നു. (സങ്കീർത്തനം 23:3,4,5). ഇതാണല്ലോ നമ്മുടെ കർത്താവു മാതൃകയായി ചെയ്തു കാണിച്ചത്. പ്രിയരേ, നാം ഓരോരുത്തരും ആഗ്രഹിക്കുന്നത് ഇതല്ലേ! ഇങ്ങനെയുള്ള സംരക്ഷണവും, സമൃദ്ധിയായ ആഹാരവും, കൂട്ടായ്മയും, ആത്മീയ ഉണർവുമാണ് ഇന്നു ദൈവമക്കൽക്കു വേണ്ടത്. അല്ലാതെ അധികാര വിസ്ഫോടനമല്ല.
“അദ്ധ്യക്ഷത ചെയ്യുക” എന്നതിനാൽ ഉദ്ദേശിക്കുന്നത് സൂക്ഷ്മതയോടെ പരിപാലിക്ക എന്നതാണ്. “ആരും ദൈവകൃപ വിട്ടു പിൻമാറുകയും വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുകയും ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ”. (എബ്രായർ 12:15) ഇവിടെ പറയുന്നതുപോലെ,ആടുകളെ എല്ലാത്തില്‍നിന്നും ,ശത്രുക്കളിൽ നിന്നും സൂക്ഷിക്കുക. “ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു.”(അപ്പോ: പ്രവര്‍ത്തികള്‍ 20:29). ഇടയന്മാർ സൂക്ഷ്മമായി നോക്കാത്തതിന്റെ പേരിൽ ഇന്നു എത്ര വിശ്വാസികളാണ് തെറ്റിപോയിരിക്കുന്നത്?.
“മാതൃക ഉള്ളവരായിരിക്കുക” സഭാമൂപ്പൻ സ്വയമായി മാതൃകയുള്ളവ നായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അങ്ങനെ ആയിരുന്നാൽ മാത്രമേ ഈ ശുശ്രൂഷ അർത്ഥവത്തായി ചെയ്യുവാന്‍ കഴിയുകയുള്ളൂ. ഇങ്ങനെയുള്ളവരെയാണ് ദൈവവചനം ചൂണ്ടിക്കാണിച്ചുതരുന്നത്.
“സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തംഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. “(1 തെസ്സ 5:12) സഭയെ (ആടുകളെ) പോഷിപ്പിക്കുന്നതിനും, കരുതുന്നതിനും, നടത്തേണ്ടതിനുമാണ് ദൈവമായ, ഇടയശ്രേഷ്ടനായ, കർത്താവായ യേശുക്രിസ്തു സഭാമൂപ്പന്മാരെ ആക്കിവച്ചിട്ടുള്ളത്. ഈ മഹത്തായ ശുശ്രൂഷയെ മാനിക്കാതെ പോകരുതേ ………ആടുകളും, മൂപ്പന്മാരും!!!!!!!!!!!!
www.sabhasathyam.com
