ദൈവവചനത്തില്‍ പറയുന്ന സഭായോഗങ്ങള്‍ ഏതെല്ലാമാണ്‌? അഥവാ പുതിയനിയമ സഭയുടെ ഔദ്യോഗിക യോഗങ്ങള്‍ ഏതൊക്കെയാണ്?

ഇതു കൊള്ളാം, ‘സഭയില്‍ നടക്കുന്ന എല്ലാ മീറ്റിങ്ങും സഭായോഗങ്ങള്‍ അല്ലേ’ എന്ന് ചിലരെങ്കിലും ഇതു കണ്ടപ്പോള്‍ ചിന്തിച്ചുകാണും. എന്നാൽ, ഇന്നു ഭൂരിഭാഗം വിശ്വാസികളും അങ്ങനെ തന്നെ വിശ്വസിക്കുന്നവരുമാണ്. പക്ഷേ, ഇതാണോ സത്യം? ഇന്നു കാണുന്ന എല്ലാ കൂടിവരവുകളും സഭായോഗങ്ങൾ എന്നു പറയാകുന്നവയാണോ? ദൈവവചനത്തിന്റെ വെളിച്ചത്തിൽ നമുക്ക് പരിശോധിക്കാം.

പുതിയനിയമസഭയുടെ ആരംഭത്തിലേക്കു നമുക്ക് പോകാം, അപ്പൊ.പ്രവര്‍ത്തി 2:42 ല്‍ നമുക്ക് കാണാൻ സാധിക്കും, ”അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു” .ഇവിടെ നിന്ന് നമുക്ക് മനസിലാക്കാൻ കഴിയുന്ന മൂന്ന് അടിസ്ഥാന കൂടിവരവുകൾ പുതിയനിയമസഭയുടെ ആരംഭത്തിൽ തന്നെ ഉണ്ടായിരുന്നു എന്നതാണ്.

meetings2 

ദൈവവചനം പഠിക്കാൻ (അപ്പോസ്തലന്‍ മാരുടെ ഉപദേശം കേള്‍ക്കുവാന്‍ – Apostle’s Doctrine or Teaching) കൂടിവന്നിരുന്നു. ദൈവവചനം പഠിക്കാൻ, പഠിപ്പിക്കാന്‍ സഭ ഇന്നു എത്രമാത്രം വെമ്പൽ കൊള്ളുന്നുണ്ട് എന്നത് നാം ചിന്തിക്കേണ്ടതുണ്ട്. പലപ്പോഴും പ്രാദേശിക സഭയിലെ ദൈവ വചനപഠനത്തെ അവഗണിക്കുകയും, സഭക്ക് അകത്തും, പുറത്തുമുള്ള പല സംഘടനകളുടെയും വ്യത്യസ്ഥമായ ഓമന പേരുകളില്‍ അറിയപ്പെടുന്ന സമ്മേളനങ്ങളിലും, ക്യാമ്പുകളിലും ഒക്കെ പോയി ‘വചനപഠനം’ നടത്തുന്ന പ്രിയപ്പെട്ടവര്‍, അവരുടെ സഭകളില്‍ സൌകര്യാര്‍ത്ഥം ‘കുറിപ്പുകള്‍’ അന്യഭാഷാ വാക്കുകള്‍ ഉള്‍പ്പെടുത്തി, മികവുറ്റ പ്രബോധനമായും പ്രസംഗമായും ഒക്കെ ഇറക്കുന്നു. കേട്ടിരിക്കുന്ന പാവപ്പെട്ട വിശ്വാസികള്‍ ‘നല്ല മാര്‍ക്കും’ കൊടുക്കുന്നു. പല തരത്തിലുള്ള ദുരുപദേശങ്ങളും നമ്മുടെ പ്രാദേശീക സഭകളില്‍ കടന്നു കൂടിയതിനുള്ള പ്രധാന കാരണം സഭയുടെ ചുമതലയിലും, മൂപ്പന്മാരുടെ മേല്‍നോട്ടത്തിലും അല്ലാത്ത ‘വേദപഠന’ങ്ങളാണ്. നമ്മുടെ സ്ഥലം സഭയിലെ മൂപ്പന്മാര്‍ സഭകളില്‍ തന്നെ ദൈവവചനപഠനത്തിനും, പഠിപ്പിക്കലിനും കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതാണ്.

വിശ്വാസികളായ പ്രിയപ്പെട്ടവര്‍ സാധാരണ പറയുന്നത് ‘ഞങ്ങളുടെ സഭയിലെ മൂപ്പന്മാര്‍ക്കു വചനം പഠിപ്പിക്കുവാന്‍ കഴിവില്ലാത്തവരാണ്’. ‘അതിനുള്ള വിദ്യാഭ്യാസം ഇല്ല’, ‘പഴയരീതിയാണ്‌’, തുടങ്ങിയ ഒത്തിരി ഒഴികഴിവുകള്‍ പറയാന്‍ നമ്മുക്ക് ഉണ്ടായിരിക്കാം. ഉദാഹരണമായി, നമ്മുടെ മക്കള്‍ക്ക്‌ നല്ല ആഹാരം കൊടുക്കുവാനായി നാം ജാഗ്രത ഉള്ളവരാണ്. അവര്‍ക്ക് വിശക്കുമ്പോള്‍ മറ്റു ആഹാരമില്ല എങ്കില്‍ തന്നെയും ‘പഴകിയതോ’ ‘പൂത്തതോ ആയ റൊട്ടി’ കൊടുക്കില്ല. 90% നല്ലതായിരിക്കാം, എങ്കിലും ശേഷം 10% മക്കളുടെ ആരോഗ്യത്തിന് ഹാനികരമാണ് എന്ന് നമ്മുക്ക് കൃത്യമായറിയാം. അതേപോലെ തന്നെ ആത്മീയ ആഹാരത്തിന്റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ വേണം. രക്ഷയും മറ്റും അംഗീകരിക്കുന്നവരും പഠിപ്പിക്കുന്നവരും ഒക്കെയായിരിക്കാം. എങ്കിലും ഉപദേശ സത്യങ്ങളെ അവഗണിക്കുന്നവരെയും, തള്ളിപറയുന്നവരെയും നാം അകറ്റി നിര്‍ത്തണം. ചുരുക്കം ചില സ്ഥലങ്ങളിലെങ്കിലും നമ്മുടെ സുവിശേഷകന്‍മാരും മൂപ്പന്മാരും ഒക്കെ, ‘മറ്റു പലരുമായി’ ചേര്‍ന്നു പല ‘വേലകളും’ നടത്തുന്നു. പരസ്യമായ രഹസ്യങ്ങള്‍ ആയതുകൊണ്ട്, ആരുടെയും തന്നെ പേര് ഞങ്ങള്‍ പറയുന്നില്ല. ‘വേര്‍പാട്‌’ പാലിക്കാത്ത ഈ വേര്‍പാട്‌കാര്‍ നാശത്തിലേക്കുള്ള പാതയില്‍ ആണ് എന്ന് മാത്രം ഞങ്ങള്‍ ഓര്‍പ്പിക്കട്ടെ.

 

കര്‍തൃമേശ (അപ്പം നുറുക്കുവാനായി – Breaking of Bread) ആചരണത്തിനായി  കൂടിവരുന്നത്  ഒരു സഭായോഗമാണ്. അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ട് അനുസരിച്ച ദൈവ മക്കളുടെ അന്യോന്യം ഉള്ള കൂട്ടായ്മയുടെയും, കര്‍ത്താവുമായുള്ള ബന്ധത്തില്‍ അനുസരണത്തിന്‍റെയും, കൂട്ടായ്മയുടെയും ബാഹ്യപ്രകടനമാണ് തിരുവത്താഴം. ആഴ്ച്ചവട്ടത്തിന്റെ ഒന്നാം നാളില്‍ അപ്പം നുറുക്കാനായി (തിരുവത്താഴം) നമ്മുടെ സഭകള്‍ കൂടിവരുന്നത് വേദാനുസരണവും ഒപ്പം നാം അതില്‍ അഭിമാനം കൊള്ളുന്നവരുമാണ്. മറ്റു സഭായോഗങ്ങളെക്കാള്‍ ഉപരിയായി സ്ഥലം സഭയിലെ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ പങ്കെടുക്കുന്ന യോഗമാണ്.  അവിടെയും ചില ‘നല്ല വിശ്വാസികള്‍’, പിതാക്കന്മാരായി തുടര്‍ന്ന് വരുന്ന ഒരു ആചാരമായി വന്നു കൂടുന്നതും, നിര്‍വിചാരകരായി, കാഴ്ചക്കാരും സന്ദര്‍ശകരും ഒക്കെ മാത്രമാകുന്നത് ദുഃഖകരമാണ്.

മൂന്നാമതായി, പ്രാർത്ഥനയോഗം (Prayer Meeting), പ്രാദേശീക സഭകളില്‍ ഇക്കാലങ്ങളില്‍  ഏറ്റവും കുറഞ്ഞു വരുന്ന, വളരെ കുറച്ചു വിശ്വാസികള്‍ മാത്രം പങ്കെടുക്കുന്ന ഒരു സഭായോഗമാണ് പ്രാർത്ഥനയോഗം. സഭയുടെ പൊതുവായ ആവിശ്യങ്ങള്‍ക്ക് വേണ്ടിയും, വിശ്വാസികളുടെ എല്ലാ ആവിശ്യങ്ങള്‍ക്ക്, പ്രത്യേകാല്‍ ആത്മീയ വിഷയങ്ങള്‍ക്ക്‌ വേണ്ടിയും സഭ ഒരുമിച്ചുകൂടി പ്രാര്‍ഥിച്ചിരുന്നതായി വചനത്തില്‍ നിന്നും മനസിലാക്കാവുന്നതാണ്. അത്യാവശ്യമായതും, സഭയുടെ ദൈവഹിത പ്രകാരമുള്ള നടത്തിപ്പിനും, സഭയുടെ സാക്ഷ്യം തുടര്മാനമായി സുക്ഷിക്കപ്പെടുവാനും, ഒരുമിച്ചു കൂടിയുള്ള സഭയുടെ ശ്രദ്ധയോടെ കൂടിയ പ്രാര്‍ത്ഥന ആവിശ്യമാണ്. “……അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു……..:” (അപ്പോ: പ്രവര്‍ത്തികള്‍ 4:24) “…….സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാർത്ഥന കഴിച്ചുപോന്നു. (അപ്പോ: പ്രവര്‍ത്തികള്‍ 12:5), “അവിടെ അനേകർ ഒരുമിച്ചു കൂടി പ്രാർത്ഥിച്ചുകെണ്ടിരുന്നു.” (അപ്പോ: പ്രവര്‍ത്തികള്‍ 12:12). ഇന്നു നമ്മുടെ സഭകളിൽ പ്രാര്‍ത്ഥനയുടെ കുറവ് മൂലം പല ദോഷങ്ങളും കടന്നു കൂടിയിരിക്കുന്നു. സഭയുടെ പ്രാര്‍ത്ഥനയോഗം ഒരു സഭയുടെ നിലനില്പിന് തന്നെ അത്യന്താപേഷിതമാണ്‌.

മുകളില്‍ പറഞ്ഞിരിക്കുന്ന ഈ മൂന്ന് കൂടിവരവുകളും സ്ഥലംസഭകളില്‍ തന്നെ ക്രമമായി (തുടര്മാനമായി) നടന്നു വന്നിരുന്നു എന്ന് നാം കണ്ടുകഴിഞ്ഞു.

സഭയുടെ ആത്മീയമായ വിഷയങ്ങളില്‍ തീരുമാനം എടുക്കുവാനായി മൂപ്പന്മാരുടെ യോഗം (Elders came together to confront assembly spiritual problems and Issues). “ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാൻ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നു കൂടി…..” (അപ്പോ: പ്രവര്‍ത്തികള്‍ 15:6) യെരുശലേം സഭയിൽ ആത്മീയപരമായിട്ടുള്ള പ്രതിസന്ധികൽ വന്നപ്പോൾ അപ്പൊസ്തലന്മാരും മൂപ്പന്മാരും ഒരുമിച്ചു തീരുമാനങ്ങൾ എടുക്കേണ്ടതിന് സഭയിൽ കൂടിവന്നതായിട്ടു കാണാൻ സാധിക്കും. ഇതും സഭയുടെ യോഗമാണ്.

സുവിശേഷ പ്രവർത്തനത്തിന്റെ വിവരണം (Report meeting).  അപ്പോസ്തലനായ പൌലോസും ബര്‍ന്നബാസും അന്ത്യോക്ക്യയിൽ ചെന്ന് അവരുടെ സുവിശേഷ വേലയുടെ ഒരു വിവരണം കൊടുക്കുന്നതിനായി അന്ത്യോക്ക്യയിലെ സഭയെ ഒരുമിച്ചു കൂട്ടിവരുത്തുന്നത് നമുക്ക് കാണാൻ സാധിക്കും. “അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും ജാതികൾക്കു വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതും അറിയിച്ചു.” (അപ്പോ: പ്രവര്‍ത്തികള്‍ 14:27). ദൈവവചനം പഠിക്കുമ്പോൾ നമുക്ക് മനസിലാക്കാൻ സാധിക്കുന്ന ഒരു വസ്തുത എന്തെന്നാൽ, വേലക്കാര്‍ തങ്ങളുടെ ആത്മീയപ്രവർത്തനങ്ങളെക്കുറിച്ചുള്ള സാക്ഷ്യം സ്ഥലംസഭകളില്‍ പ്രസ്താവിക്കുന്നതിന്നായി സഭ പ്രത്യേകമായി കൂടിവരുന്നത് ഒരു സഭായോഗമാണ്. ഇതു ആശ്ച്ചര്യമായി തോന്നേണ്ടതില്ല. കാരണം ദൈവസഭയുടെ പ്രാഥമിക ഉത്തരവാദിത്വങ്ങളില്‍ ഒന്നാണ് കർത്താവായ യേശുക്രിസ്തുവിനെ സാക്ഷിക്കുക എന്നത്. ഇതിന്റെ വിവരം സഭയിൽ തന്നെയാണ് ആദ്യം പ്രസ്താവിക്കേണ്ടത്. പൗലോസ്‌ തിമോഥിയോസിന് എഴുതിയത് “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.” (2തിമോഥിയോസ് 2:15). സ്ഥലം സഭയുമായി ബന്ധം പുലര്‍ത്തുന്ന കര്‍ത്താവിന്‍റെ വേലക്കാരെ ഞങ്ങള്‍ ബഹുമാനിക്കുന്നു, ആദരിക്കുന്നു, അവരെ ഓര്‍ത്തു ദൈവത്തിനു സ്തോത്രം ചെയ്യുന്നു.

എന്നാല്‍ മുകളില്‍ പറഞ്ഞതിനു വിപരീതമായി, ‘ചിലര്‍,’ സുവിശേഷ വേലക്കായി വേര്‍തിരിഞ്ഞു എന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു ശുപാര്‍ശ കത്ത് (Commendation Letter) കിട്ടുന്നത് വരെയും സഭയുമായി നല്ല ബന്ധവും സഹകരണവുമാണ്. ശുപാര്‍ശ കത്തുമായി വേലക്കായി വേര്‍തിരിഞ്ഞാല്‍ പിന്നെ ‘സ്വതന്ത്ര വിഹാരം’ നടത്തുന്ന ചില വേലക്കാര്‍ പ്രാദേശീക സഭകളുടെയും സുവിശേഷ വേലയിലെയും ഒരു ബാധ്യതയായിത്തീരുന്നു. സഭാമൂപ്പന്മാരെ വിമര്‍ശിക്കുവാനും, സഭാഭരണം പിടിച്ചടക്കുവാനും ഇവര്‍ ശ്രമിക്കുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങളുടെ ഊതി വീര്‍പ്പിച്ച വിവരണവുമായി (സുവിശേഷം പറയുന്നതിന്‍റെയും, പ്രസംഗിക്കുന്നതിന്റെയും, സ്നാനപ്പെടുത്തുന്നതിന്റെയും മറ്റും ഫോട്ടോ, വീഡിയോ ഒക്കെയായി) നമ്മുടെ മാസികകളിലും, ഫേസ്ബുക്കിലും മറ്റും പ്രസിദ്ധപ്പെടുത്തി മറ്റു ഭൌതീക ആവിശ്യങ്ങളുടെ വലിപ്പം പ്രത്യക്ഷമായും, പരോക്ഷമായും വിളംബരം ചെയ്യുന്നു. പ്രാദേശീക സഭയുമായി ബന്ധമില്ലാത്ത ഇത്തരക്കാരെ നാം സൂക്ഷിക്കേണ്ടതാണ്.

സഭയിൽ അച്ചടക്ക നടപടിക്കായി കൂടി വരുന്ന യോഗം  അഥവാ ശിക്ഷണ നടപടിക്കായുള്ള തീരുമാനം എടുക്കുന്ന യോഗം (Meeting of the Assembly for Discipline) 1 കൊരിന്ത്യര്‍ അദ്ധ്യായം 5 ന്‍റെ ഒന്‍പത് മുതല്‍ പതിമൂന്ന് വരെയുള്ള വാക്യങ്ങളില്‍ മറ്റൊരു സഭാകൂടിവരവിനെക്കുറിച്ചു പരാമര്‍ശിച്ചിരിക്കുന്നത് നമുക്ക് കാണാൻ കഴിയും. ‘സഹോദരൻ എന്നു പേർപെട്ട ഒരുവൻ’ സഭയുടെ പൊതുവായ സാക്ഷ്യത്തിനു കോട്ടം വരുത്തുന്ന കാര്യങ്ങളില്‍ ഇടപെടുകയും, പ്രാദേശീക സഭയെ ധിക്കരിക്കുകയും അനുസരിക്കാതിരിക്കുകയും മറ്റും ചെയ്യുന്നു എങ്കില്‍ സഭ ന്യായമായതും, ദേശത്ത് സഭയുടെ സാക്ഷ്യത്തിന് യോഗ്യമായതും, മറ്റുള്ള വിശ്വാസികള്‍ക്ക് മുന്നില്‍ മാതൃകയായതുമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

സഭയുടെ കൂട്ടായ്മയില്‍ നിന്നുമാണ് പുറത്താക്കപ്പെടുന്നത് വളരെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. സഭയുടെ കൂട്ടായ്മയില്‍ ആയിരിക്കുക എന്നത് കേവലം കര്‍തൃമേശയില്‍ പങ്കാളിയായിരിക്ക എന്നത് മാത്രമല്ല. കൂട്ടായ്മയിലുള്ള ഒരു വിശ്വാസി സഭയുമായുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും, സഭയുടെ എല്ലാ ശ്രേഷ്ഠമായ നന്മകളും ആസ്വദിക്കാന്‍ കടപ്പെട്ടവനും ആണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒരു വിശ്വാസിക്ക് കര്‍ത്താവു നല്കീട്ടുള്ള പൌരോഹിത്യ പദവി വിനയോഗിക്കേണ്ടുന്ന സ്ഥലമാണ് പ്രാദേശീക സഭ.        അച്ചടക്ക നടപടിക്ക് വിധേയനായി സഭയ്ക്ക് പുറത്താകുക എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത് കര്‍തൃമേശയില്‍ പങ്കെടുക്കാതെ മാറിയിരിക്കുക എന്നതല്ല, ആ വ്യക്തി ‘സഭ’യിലല്ല എന്നാണ് മനസിലാക്കേണ്ടത്. സഭാ കൂട്ടായ്മയിലിലല്ലാത്ത ഒരാള്‍ക്ക്‌ യോഗങ്ങള്‍ക്ക് വരികയും പോകുകയും ചെയ്യുവാന്‍ കഴിയും. അവര്‍ക്ക് ഒരു പക്ഷേ (സഭ അനുവദിക്കുന്നു എങ്കില്‍) സന്ദര്‍ശകനോ, കാഴ്ചക്കാരനോ ആകാവുന്നതാണ്.  അങ്ങനെയുള്ളവര്‍ക്ക് സഭാകര്യങ്ങളില്‍ പങ്കാളിത്തമോ (partnership), കൂട്ടായ്മയോ (fellowship) ഇല്ല. ദൈവവചനാടിസ്ഥാനത്തിലും ദൈവനാമമഹത്വത്തിനും മാത്രമായിരിക്കണം ഉത്തരവാദിത്വപ്പെട്ടവര്‍  ശിക്ഷണ തീരുമാനങ്ങള്‍  കൈക്കൊള്ളേണ്ടത്.  മാത്രമല്ല ഈ പ്രിയപ്പെട്ടവരുടെ മാനസാന്തരത്തിനും, അനുതാപത്തിനും, മടങ്ങി വരവിനും സഭ ശ്രദ്ധയോടെ പ്രാര്‍ത്ഥിക്കുകയും വേണം. പലപ്പോഴും അച്ചടക്ക നടപടിയുടെ പേരില്‍ കര്‍തൃമേശയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തുകയാണ് കണ്ടു വരുന്നത്. അങ്ങനെ ഒരു പ്രമാണം ദൈവവചനത്തില്‍ കാണുവാന്‍ സാധിക്കുന്നില്ല. വ്യക്തി താല്പര്യങ്ങളുടെ പേരില്‍ തീരുമാനം എടുക്കുവാനും പാടില്ല.

സുവിശേഷ യോഗം – (Gospel Meeting) ഒരു സ്ഥലംസഭയുടെ പ്രാഥമീക ഉത്തരവാദിത്വങ്ങളില്‍ ഒന്നാണ് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ . പുതിയ നിയമത്തില്‍ ഉടനീളം ഇതിനുള്ള ഉദാഹരണങ്ങള്‍ കാണാവുന്നതാണ്.

1 തിമോത്തിയോസ് 3:15 ഇങ്ങനെ വായിക്കുന്നു, ”താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു”. ഇവിടെ  സഭയെക്കുറിച്ച് പറഞ്ഞിട്ടുള്ളത് സത്യത്തിൻറെ തൂണും, അടിസ്ഥാനവും എന്നാണ്. ദൈവവചന സത്യങ്ങളുടെ സൂക്ഷിപ്പുകാർ മാത്രമല്ല നാം, സത്യസുവിശേഷത്തിന്റെ സാക്ഷികളാണ് നാം. അതുകൊണ്ട് സഭയിൽ നിന്നുമുള്ള സുവിശേഷ പ്രവർത്തനവും അതിന്റെ ഭാഗമായി ക്രമീകരിക്കപ്പെടുന്ന സുവിശേഷയോഗങ്ങളെല്ലാം സഭായോഗത്തിന്‍റെ ഗണത്തില്‍ ഉള്‍പ്പെടുന്നതാണ്. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, സുവിശേഷവേല ദൈവം ഏല്‍പ്പിച്ചിട്ടുള്ളത് സംഘടനയെയല്ല, മറിച്ച്, പ്രാദേശീക സഭയെ മാത്രമാണ്. സഭയുടെ ഏറ്റവും വലിയ  വിശേഷ ദൌത്യമാണ് സുവിശേഷ വേല. ഇന്ന് നമ്മുക്ക് ചുറ്റും സഭകളും സംഘടനകളും സുവിശേഷ വേലയുടെ മറവില്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങള്‍ പലപ്പോഴും ‘കച്ചവടം’ തന്നെയാണ്. പല പ്രാദേശീക സഭകളും സുവിശേഷ വേലകള്‍ സംഘടനകള്‍ക്ക് ‘ക്വട്ടേഷന്‍’ കൊടുത്തു വിശ്രമിക്കുകയാണ്.

ഈ പറഞ്ഞിട്ടുള്ള യോഗങ്ങളാണ് സഭയുടെ ഔദ്യോഗിക യോഗങ്ങൾ. ഈ എല്ലാ യോഗങ്ങളും തന്നെ സഭാമൂപ്പന്മാരുടെ ഉത്തരവാദിത്വത്തിലും, അറിവിലും, മേല്‍നോട്ടത്തിലും ആയിരിക്കുന്നു, ആയിരിക്കേണം  എന്നത്‌ ഒരു പ്രത്യേകതയാണ്. ഇതു നാം മനസിലാക്കേണ്ട ഒരു വസ്തുതയത്രെ. മുകളിൽ പറഞ്ഞിട്ടുള്ള ഈ ഏഴു യോഗങ്ങളും ഇന്നത്തെ സ്ഥലംസഭകള്‍ക്കും ബാധകമാണ്‌ . വേറെ ഒരു യോഗവും സഭായോഗം എന്ന് പരിഗണിക്കുവാന്‍ കഴിയുന്ന വിധത്തില്‍ ദൈവവചനത്തില്‍ ഒരു മാതൃകയും നാം കാണുന്നില്ല. പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള യോഗങ്ങള്‍ (Children’s meeting, Youth Meeting, etc) പുരുഷന്മാരുടെ യോഗം, സ്ത്രീകളുടെ യോഗം, സഹോദരിമാരുടെ യോഗം തുടങ്ങിയവയൊന്നും സഭായോഗങ്ങളല്ല. ഇങ്ങനെയുള്ള ‘യോഗ’ ങ്ങളുടെ അതിപ്രസരം സഭക്ക് ഹാനികരമായിത്തീരും.

www.sabhasathyam.com

Leave a Reply

Your email address will not be published. Required fields are marked *