ചേര്‍ത്ത് ബന്ധിച്ചു, തന്‍ കുരിശോടെന്നെ ഒന്നിച്ചു,
ഞാനെല്ലാം തന്നിലര്‍പ്പിച്ചു.
അവനടിമയനുഭവിക്കും സ്വാതന്ത്ര്യം പോലെ
വേറില്ല സ്വാതന്ത്ര്യമേതും,
അന്ത്യശ്വാസം പോംവരെത്തന്‍ വേല ചെയ്യും ഞാന്‍
തൃപ്പാദസേവ ചെയ്യും ഞാന്‍.
അന്ത്യശ്വാസം വരെയും, കര്‍ത്താവിന്‍റെ വേലയില്‍ ആയിരുന്ന ഭക്തകവി ME ചെറിയാന്‍ സാര്‍ എഴുതിയ ഈ ഗാനം നമ്മുടെ കൂടിവരവുകളില്‍ നാം പാടാറുള്ളതാണ്. ക്രിസ്തീയ സ്വാതന്ത്ര്യത്തില്‍, കര്‍ത്താവിനോടു കൂടെയുള്ള ബന്ധനത്തിന്റെ ആസ്വാദ്യത അനുഭവിക്കാന്‍ നമ്മുക്ക് കഴിയണം. ദൈവമക്കളായവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം കടപ്പാടുകളും, ഉത്തരവാദിത്വങ്ങളും നിറഞ്ഞതാണ്. നാശത്തിലേക്ക് പറന്നു പോകുന്നതല്ല, എന്നാല്‍ അനുഗ്രഹത്തിലേക്കുള്ള മാര്‍ഗമാണ്.
ദൈവ വചനം വിളംബരം ചെയ്യുന്ന ‘സ്വാതന്ത്ര്യം’ എന്താണ് എന്ന് അറിയുന്നതിനായി ദൈവവചനത്തില്‍ നിന്ന് തന്നെ അതിന്‍റെ അര്‍ത്ഥവ്യാപ്തിയും, മാര്‍ഗ നിര്‍ദേശങ്ങളും നാം മനസിലാക്കുകയും പാലിക്കുകയും ചെയ്യേണ്ടത് ആവിശ്യമാണ്. എങ്കില്‍ മാത്രമേ ഈ ‘സ്വാതന്ത്ര്യം’ അനുഭവമാക്കാന്‍ സാധിക്കുകയുള്ളൂ. ഗലാത്യര്‍ 5:1 പറയുന്നു, ”സ്വാതന്ത്ര്യത്തിന്നായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാല്‍ അതില്‍ ഉറച്ചുനില്‍പ്പിന്‍; അടിമനുകത്തില്‍ പിന്നെയും കുടുങ്ങിപ്പോകരുത്”. എന്താണ് ഈ സ്വാതന്ത്ര്യം? ഓരോ വിശ്വാസിയും ന്യായപ്രമാണത്തിന്‍റെ ബന്ധനത്തില്‍നിന്നും (condemnation of the law) സ്വതന്ത്രരാണ്. ”ആത്മാവിനെ അനുസരിച്ച് നടക്കുന്നു എങ്കില്‍ നിങ്ങള്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവരല്ല.” (ഗലാത്യര്‍ 5:18). ആയതുകൊണ്ട് ന്യായപ്രമാണത്തിലൂടെ നല്‍കപ്പെട്ടിട്ടുള്ള ധാര്‍മികമൂല്യങ്ങളോടുകൂടി, ദൈവീകകല്‍പ്പനകളെ തിരസ്കരിക്കുവാന്‍ സ്വാതന്ത്ര്യമുണ്ട് എന്നാണോ ഇത് അര്‍ത്ഥമാക്കുന്നത്? അപ്പൊസ്തലനായ പൗലോസ് ഇതിനു ഉത്തരം പറയുന്നുണ്ട്. ”നിങ്ങള്‍ ന്യായപ്രമാണത്തിന്നല്ല, കൃപയ്ക്കത്രേ അധീനരാകയാല്‍ പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ലല്ലോ. എന്നാല്‍ എന്ത്? ന്യായപ്രമാണത്തിന്നല്ല കൃപയ്ക്കത്രേ അധീനരാകയാല്‍ നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുത്.”(റോമ.6:14,15).
”നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വിശേഷവസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,…”(1 പത്രോസ് 3:3) എന്ന് വ്യക്തമായി പറഞ്ഞിരിക്കെ, ആഭരണം അല്പസ്വല്പം ധരിക്കുന്നത് നീതിക്ക് നിരക്കാത്തതൊന്നുമല്ല എന്ന ചിന്താഗതി ഇന്ന് വര്‍ദ്ധിച്ചു വരുന്നു. പുറമേയുള്ളത് അത്ര പ്രധാനമല്ല, ദൈവം അകമേയുള്ള വെടിപ്പാണ് നോക്കുന്നത് എന്നാണ് ഇത്തരക്കാരുടെ വാദം. മാത്രമല്ല, അലങ്കാരത്തിനല്ല മറിച്ച്, ദൈനംദിന ജീവിതത്തില്‍ നേരിടേണ്ടിവരാവുന്ന തെറ്റിദ്ധാരണകളില്‍നിന്നും, പ്രലോഭനങ്ങളില്‍നിന്നും വിട്ടുനില്‍ക്കുന്നതിന്നായിട്ടുള്ള ഒരു രക്ഷാകവചമായി ചിലതൊക്കെ
ധരിക്കുന്നുവേയുള്ളൂ എന്നതാണ് ഇവര്‍ പ്രസ്താവിക്കുന്നത്. ഇത് കൂടുതലും പാശ്ചാത്യരാജ്യങ്ങളില്‍ ജോലിക്കും മറ്റും കടന്നുചെല്ലുന്ന പ്രിയ വിശ്വാസികളാണ് ഇങ്ങനെ പറയുന്നത്. വിവാഹിതരാണ് എന്ന കാര്യം മറ്റുള്ളവരെ വെളിപ്പെടുത്തുന്നതിന്നു വിവാഹമോതിരം അണിയുന്നത് അത്യാവശ്യമാണ് എന്നാണ് ഇവര്‍ പറയുന്നത്. മറ്റുള്ളവര്‍ തങ്ങളെ തെറ്റിദ്ധരിച്ചു പോയാലോ എന്നാണ് ഇവരുടെ സന്ദേഹം. പാശ്ചാത്യനാടുകളിലെ സംസ്കാരത്തിന്റെ തനിമയെന്നത് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുചെല്ലാന്‍ ആരും താല്പര്യപ്പെടാറില്ല എന്നുള്ളതാണ്. തൊട്ടടുത്ത് താമസിക്കുന്നവര്‍ വിവാഹിതരാണോ, വിവാഹം കഴിച്ചതിന്നുശേഷമാണോ കുട്ടികള്‍ ഉണ്ടായത് എന്നൊക്കെ മനസ്സിലാക്കുന്നതിനു ആ ദമ്പതികള്‍ വിവാഹമോതിരം അണിഞ്ഞിട്ടുണ്ടോ എന്നറിയുവാന്‍ ആരും ഉറ്റുനോക്കിക്കൊണ്ടിരിക്കാറില്ല. വളരെ അടുത്ത് ഇടപഴകുന്നവര്‍ മാത്രമേ മോതിരം അണിഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന് ശ്രദ്ധിക്കാറുള്ളൂ, അല്ലെങ്കില്‍ ശ്രദ്ധിക്കാനുള്ള സാഹചര്യം ഉണ്ടാകുന്നുള്ളൂ. അങ്ങനെയുള്ളവരോട് എന്തുകൊണ്ട് ഞാന്‍ ധരിക്കുന്നില്ല എന്ന് പറയുവാനുള്ള ഒരു സാഹചര്യമാണ് അതുമുഖാന്തരം ഉളവാകുന്നത്.
ലോകത്തിന്‍റെ സകല മോഹങ്ങളില്‍ നിന്നും സാമുദായികവും മതപരവുമായ അനാചാരങ്ങളില്‍നിന്നും താല്‍പര്യങ്ങളില്‍ നിന്നുമുള്ള വേര്‍പാട് എന്ന വലിയ സത്യത്തിന്‍റെ ഘനവും ആവശ്യകതയും വ്യക്തമായി മനസ്സിലാക്കി തങ്ങളുടെ ജീവിതങ്ങളില്‍ വേര്‍പാടിന്റെ മഹത്വം അന്വര്‍ത്ഥമാക്കിയ പിതാക്കന്മാരുടെ വിശ്വാസത്തിന്‍റെ മാതൃകയാണ് ഞാന്‍ പിന്തുടരുന്നത് എന്ന് ചോദിക്കുന്നവരുടെ മുഖത്തുനോക്കി പറയുവാനുള്ള അസുലഭസന്ദര്‍ഭമായി ഈ അവസരത്തെ കണക്കിലെടുത്തുകൂടെ!!….. പാശ്ചാത്യരായ വിശ്വാസസമൂഹത്തിനു, ആഭരണവര്‍ജ്ജനം എന്ന വിഷയത്തോടുള്ള ബന്ധത്തില്‍ പൂര്‍ണ്ണമായും ലഭിക്കാതിരുന്ന വെളിച്ചം നമ്മുടെ പിതാക്കന്മാര്‍ക്ക് ലഭിച്ചു. ആഭരണം വാങ്ങിച്ച് ധരിക്കുന്നതിനു വകയില്ലാത്തതു കൊണ്ടല്ല അവര്‍ ആഭരണം വേണ്ടായെന്നു വച്ചത്. ”ഇതാ തനിച്ചു പാര്‍ക്കുന്ന ജനം, ജാതികളോടു കൂടെ എണ്ണപ്പെടുന്നതുമില്ല” എന്ന ആപ്തവാക്യത്തില്‍ നിന്നുകൊണ്ട് ലോകത്തോടും ലോകമോഹ ങ്ങളോടുമുള്ള വേര്‍പാട് മനസ്സില്‍ തീര്‍ച്ചപ്പെടുത്തി എന്നു മാത്രമല്ല, തങ്ങളുടെ പരസ്യജീവിതത്തിലൂടെ പ്രദര്‍ശിപ്പിച്ചു തെളിയിക്കുവാന്‍ പിതാക്കന്മാര്‍ക്ക് കഴിഞ്ഞു. സമുദായമോ സംസ്കാരമോ സുഹൃത്തുക്കളോ പ്രവര്‍ത്തനമണ്ടലങ്ങളോ ഒന്നുംതന്നെ തങ്ങളുടെ തീരുമാനങ്ങളെ നടപ്പാക്കുന്നതിനു തടസമായിരുന്നില്ല. ദൈവജനം എന്ന് കാണിച്ചു കൊടുക്കുവാന്‍, സത്യനമസ്കാരികളായി ലോകത്തിന് മുന്‍പില്‍ വിളങ്ങാന്‍, വേര്‍പാടുകാര്‍ എന്നതില്‍ അഭിമാനിക്കുവാന്‍, അതൊക്കെയാണ് ധീരമായ ചുവടുകള്‍ എടുക്കുവാന്‍ അവര്‍ക്കു പ്രേരകമായിത്തീര്‍ന്നത്….
”എന്നാല്‍ കൈസര്‍ക്കുള്ളത് കൈസര്‍ക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിന്‍ എന്ന് അവന്‍ (യേശുക്രിസ്തു) അവരോടു പറഞ്ഞു.”(മത്തായി.22:21). രാജ്യത്തിന്റെ നിയമം അനുസരിക്കുവാന്‍ ദൈവമക്കള്‍ ബാധ്യസ്ഥരാണ്. ദൈവകല്പ്പന പ്രമാണിക്കുന്നവന്‍ ദേശത്തിന്റെ നിയമങ്ങളെ ബഹുമാനിക്കുന്നവന്‍ തന്നെയായിരിക്കണം. എന്നാല്‍, ദൈവവചന യോഗ്യമല്ലാത്ത രാജ്യത്തിന്റെ കീഴ്വഴക്കങ്ങളെയും ആചാരങ്ങളെയും പിന്തുടരേണ്ട ആവശ്യം ദൈവമക്കള്‍ക്കില്ല. മറ്റുള്ളവരോട് നാം താദാത്മ്യപ്പെടുകയല്ല ചെയ്യേണ്ടത്, മറ്റുള്ളവരെ നമ്മിലേക്ക്, തിരുവചന സത്യങ്ങളിലേക്ക് ആകര്‍ഷിക്കുവാനാണ് നമുക്ക് കഴിയേണ്ടത്.
”നിന്‍റെ വചനം എന്‍റെ കാലിന്നു ദീപവും എന്‍റെ പാതയ്ക്ക് പ്രകാശവും ആകുന്നു.”(സങ്കീ.119:105). തിരുവചനമാണ് നമ്മുടെ വഴികാട്ടി. ലോകത്തിന്‍റെ ഏതു കോണിലാണെങ്കിലും ദൈവവചനമാണ് വിശ്വാസിക്ക് ആധാരമായിരിക്കേണ്ടത്. എവിടെയുമുള്ള എല്ലാവര്‍ക്കും എന്നേക്കും സ്ഥിരമായിരിക്കുന്നതാണ് ദൈവവചനം. 2തിമൊ. 3:16-17 ന്‍റെ ഭാക്ഷ്യം വളരെ വ്യക്തമാണ്. ”എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്‍റെ മനുഷ്യന്‍ സകല സല്‍പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിന്നു, ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളത് ആകുന്നു.” ദൈവവചനം പൂര്‍ണ്ണമായതും ഈ കാലഘട്ടത്തിലും നമുക്കും വിശ്വാസയോഗ്യമായതും മതിയായതുമാണ്. പഴയനിയമ യിസ്രായെലിന്നുണ്ടായിരുന്ന ഉത്സവങ്ങളും ആചാരങ്ങളും പ്രതീകാത്മക കാര്യങ്ങളെല്ലാം കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ആഗമനത്തോടുകൂടി പൂര്‍ണ്ണമായിത്തീര്‍ന്നു. യേശുക്രിസ്തുവിലൂടെ ഒരു പുതിയ നിയമമാണ് ദൈവം വിശ്വാസികള്‍ക്ക് പ്രദാനം ചെയ്തിരിക്കുന്നത്. രണ്ടു നിയമങ്ങളിലെയും ധാര്‍മികമായതും ആത്മീയമായതുമായ സകല മൂല്യങ്ങളും സത്യങ്ങളും അന്നത്തെയുംപോലെ ഇന്നും എന്നേക്കും മതിയായതും വിശ്വസനീയമായതുമാണ്.
കൃപയുടെ കീഴില്‍ നമുക്കുള്ള സ്വാതന്ത്ര്യം എന്താണ്? നമ്മുടെ താല്‍പര്യങ്ങളെ പ്രീതിപ്പെടുത്തുന്നതിന്നുള്ള സ്വാതന്ത്ര്യമാണോ? നമ്മുടെ സ്വയത്തിന്നാണ് നാം ജീവിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നാം വലിയ ബന്ധനത്തിലാണ് എന്ന് പറയേണ്ടിവരും. തന്‍റെ ഇഷ്ടംപോലെ സംസാരിക്കുന്നതിന്നോ, ഇഷ്ടം തോന്നുന്ന എവിടേയും പോകുന്നതിന്നോ, തനിക്കിഷ്ടമുള്ളതൊക്കെ ചെയ്യുന്നതിന്നൊക്കെ യുള്ളതാണോ ഈ ‘കൃപയാലുള്ള സ്വാതന്ത്ര്യം’ എന്നത്? നശ്വരമായ ഈ ലോകത്തിന്‍റെ മോഹങ്ങള്‍ക്ക് അനുരൂപരാകുന്നതിന്നുള്ള അനുവാദമാണോ ഈ സ്വാതന്ത്ര്യം? വളരെ വ്യക്തമായ ഉത്തരം ‘അല്ലാ’ എന്ന് തന്നെയാണ്. കൃപയാലുള്ള സ്വാതന്ത്ര്യത്തിന്‍റെ ഫലമെന്നത് കരുണാസമ്പന്നനായ കര്‍ത്താവിനെ പ്രസാദിപ്പിക്കുന്നതും ദൈവവചനം അനുസരിക്കുന്നതുമാണ്. അതുമാത്രമാണ് യഥാര്‍ത്ഥമായ സ്വാതന്ത്ര്യം ” ……യേശു: എന്‍റെ വചനത്തില്‍ നിലനില്‍ക്കുന്നു എങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്‍റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്ന് പറഞ്ഞു”. ”അതിന്നു യേശു: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോട് പറയുന്നു; പാപം ചെയ്യുന്നവന്‍ എല്ലാം പാപത്തിന്‍റെ ദാസന്‍ ആകുന്നു”, ”പുത്രന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും”. (യോഹ.8: 32, 34, 36).

