”സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി”; സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്യപ്പെടുന്നുവോ?

വിശ്വാസികള്‍ എന്നഭിമാനിക്കുന്ന ചില പ്രിയപ്പെട്ടവര്‍ ക്രിസ്തീയ സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്യുന്നതും, മറ്റു വിശ്വാസികളെ തെറ്റായി വ്യാഖ്യാനിച്ചു പഠിപ്പിക്കുന്നതും ഇന്ന് സര്‍വ സാധാരണമായി കാണുവാന്‍ കഴിയുന്നു. “സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു.” (ഗലാത്യര്‍ 5:1).

കര്‍ത്താവായ യേശുക്രിസ്തുവിനെ രക്ഷിതാവും കര്‍ത്താവുമായി സ്വീകരിച്ച് ദൈവപൈതലായിതീര്‍ന്നിട്ടുള്ള ധാരാളം വ്യക്തികള്‍, അതായത്, വിശ്വാസികള്‍ നമുക്ക് ചുറ്റുമുണ്ട്. പല ക്രിസ്തീയവിഭാഗങ്ങളി (Christian Denominations) ലായി  നമുക്ക് ഇവരെ കാണുവാന്‍ കഴിയും. വിശുദ്ധ വേദപുസ്തകം ആധാരമാക്കി ജീവിക്കുകയും പഠിക്കുകയും തിരുവെഴുത്തിലെ ധാരാളം സത്യങ്ങളെ മനസ്സിലാക്കിയിട്ടുമുള്ള അനേകരുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ,  രണ്ടോമൂന്നോ പേര്‍ കൂടിവരേണ്ടത് യേശുക്രിസ്തുവിന്റെ നാമത്തിലായിരിക്കണം, തിരുവത്താഴത്തിന്റെ പ്രാമുഖ്യത, എല്ലാ വിശ്വാസികള്‍ക്കുമുള്ള പൌരോഹിത്യ പദവി, ഒന്നിലധികം വരങ്ങളും ഇടയന്മാരും അല്ലെങ്കില്‍ മൂപ്പന്മാരും, ലോകത്തിന്‍റെ സുഖങ്ങളില്‍ നിന്നുമുള്ള വേര്‍പാട്, സഭയില്‍ സ്ത്രീകള്‍ മൌനമായിരിക്കേണ്ടതിന്റെ ആവശ്യകത, യോഗ്യമല്ലാത്ത വസ്ത്രധാരണം, വിശ്വാസികളായ സ്ത്രീകളുടെ നീണ്ട തലമുടിയും മൂടുപടം അണിഞ്ഞ തലയും, ഇങ്ങനെ തുടങ്ങിയിട്ടുള്ള അനേകം വിഷയങ്ങളോടുള്ള ബന്ധത്തില്‍ തിരുവചനത്തിലൂടെ വളരെ വ്യക്തമായി വെളിപ്പെടുത്തപ്പെട്ടിട്ടുള്ള ആത്മീയ സത്യങ്ങളെ ഗ്രഹിക്കാത്ത, ഗ്രഹിക്കുവാന്‍ ശ്രമിക്കാത്ത ധാരാളം പ്രിയപ്പെട്ടവരെ ചുറ്റുമുള്ള വിശ്വാസസമൂഹങ്ങളില്‍ നമുക്ക് കാണുവാന്‍ കഴിയും. മറ്റുചിലര്‍ സഭാസത്യങ്ങള്‍ ഒക്കെ മനസിലാക്കിയിട്ടും, ഭൌതീയമായ ചില ബന്ധങ്ങളുടെയും, കെട്ടുപാടുകളിലും തന്നെ കുടുങ്ങി കിടന്നു, യഥാര്‍ത്ഥ സ്വാതന്ത്യം അനുഭവിക്കുവാന്‍ കഴിയാതെ പോകുന്നു.

തിരുവചനസത്യങ്ങളെ, സഭാസത്യങ്ങളെ വ്യക്തമായി മനസ്സിലാക്കി, അപ്പോസ്തലീകമാതൃക പിന്‍പറ്റിപോന്ന ഒരു വിഭാഗം എന്ന നിലയില്‍ വേര്‍പാടുകാരായ വിശ്വാസസമൂഹത്തിനു അഭിമാനിക്കുവാന്‍ വകയുണ്ട്. ‘അനുകരണീയമായ നല്ല മാതൃകകളും’ ‘ആത്മീയജീവിതത്തിന്റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ജീവിതചര്യകളും’ നിറഞ്ഞ ക്രിസ്തീയജീവിതം നയിച്ചിരുന്നവരുടെ ഒരു മുന്കാലം നമുക്ക് പ്രശംസിക്കാനായിട്ടുണ്ട്. അപ്പോസ്തലീക കാലഘട്ടത്തില്‍,  ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിച്ചു കേള്‍ക്കുമ്പോഴും യഹൂദന്മാര്‍ക്ക് അടയാളം വേണമായിരുന്നു, യവനന്മാര്‍ ജ്ഞാനം അന്വേക്ഷിക്കുമായിരുന്നു (1കൊരി. 1:22). വിശ്വാസികളുടെ പുതുതലമുറ (New generation) ഏതാണ്ടൊക്കെ ഇതിനു തുല്യമാണ് എന്ന് തോന്നുന്നു. കാരണം വിശ്വാസികള്‍, പ്രത്യേകിച്ച് വേര്‍പാടുകാര്‍ എന്ന് പറയപ്പെടുന്ന പലരുടേയും ചിന്തകളും സംശയങ്ങളും ധാരണകളും തര്‍ക്കങ്ങളുമൊക്കെ കാണുകയും കേള്‍ക്കുകയുമൊക്കെ ചെയ്യുമ്പോള്‍, തിരുവചനസത്യങ്ങളെക്കാളുപരി, അടയാളങ്ങളും അറിവുമൊക്കെയാണ് ഇവര്‍ക്ക് കൂടുതല്‍ പ്രധാനം എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

ഈ ലോകത്തിനു അനുരൂപമാകാതിരിക്കുന്നതിന്നായി, വിശ്വാസി എന്ന സാക്ഷ്യവും ലോകത്തിന്‍റെ ഇഷ്ടങ്ങളില്‍ നിന്നും വേര്‍പെട്ടവന്‍ എന്ന നിലയില്‍ വേര്‍പാടുകാരനായി ജീവിക്കുന്നതിന്നുമായി, തിരുവചന സത്യങ്ങളോടും അപ്പോസ്തലീക പ്രമാണങ്ങളോടും സത്യസന്ധത പുലര്‍ത്തി ജീവിക്കുന്നതിന്നായി, പിതാക്കന്മാര്‍ ജീവിതത്തില്‍ ഏറ്റെടുത്ത് വിജയകരമായി പ്രാവര്‍ത്തീകമാക്കിയ പല കാര്യങ്ങളേയും ചോദ്യം ചെയ്യുന്ന നിലവാരത്തിലേക്ക് നമ്മുടെ തലമുറ എത്തപ്പെട്ടിരിക്കുന്നു എന്നത് വളരെ ദു:ഖകരമായ സ്ഥിതിവിശേഷം എന്നേ പറയാന്‍ കഴിയൂ.

“സഭായോഗത്തിനു പോയില്ലെങ്കില്‍ എന്താ കുഴപ്പം?”, “ഏതെങ്കിലും കൂട്ടങ്ങളില്‍ പോയി ദൈവത്തെ ആരാധിച്ചാല്‍ പോരേ?”,  അവരും രക്ഷിക്കപ്പെട്ടവരല്ലേ? അവരോട് സഹകരിക്കാന്‍ പറ്റില്ലങ്കില്‍ പിന്നെ സ്വര്‍ഗത്തില്‍ ഒന്നിച്ചിരിക്കുന്നത് എങ്ങനെയാണ്? “വീട്ടിലിരുന്നു ആരാധിക്കുന്നതില്‍, അപ്പം മുറിക്കുന്നതില്‍ എന്താ തെറ്റ്?”, ”  ദൈവം നല്‍കിയ  അനുഗ്രഹത്തിനനുസരിച്ചു’ വസ്ത്രം ധരിക്കുന്നതില്‍ തെറ്റുണ്ടോ?’, ‘ഈ കാലത്തിനനുസരിച്ചുള്ള രൂപവും ഭാവവും മുഖത്തും മുടിയിലും മറ്റും വരുത്തുന്നത് അത്ര വലിയ പാതകമാണോ?’, ‘അല്പം പൊന്നണിയുന്നതില്‍ വചന വിരുദ്ധതയൊന്നുമില്ലല്ലോ?”, “അല്പം വീഞ്ഞുകുടിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലേ?”, തുടങ്ങി അനേകം സംശയങ്ങളും ചോദ്യങ്ങളും ന്യായീകരണങ്ങളും ഇന്ന് ദൈവജനത്തിന്റെ മദ്ധ്യത്തില്‍നിന്നും ഉയരുന്നുണ്ട്. ഇത്തരം വാദങ്ങള്‍ക്ക് അവരുടേതായ ന്യായങ്ങളുമുണ്ട്. ‘ബൈബിളില്‍ ഇത് വ്യക്തമായി പറഞ്ഞിരിക്കുന്ന വാക്യം ഏത്?’,  ‘കര്‍ത്താവ് ഇങ്ങനെ ചെയ്തിട്ടുണ്ടല്ലോ?’,  ‘കര്‍ത്താവ് പറഞ്ഞ ഉപമയില്‍ ഇങ്ങനെയുണ്ടല്ലോ?’,  ‘അപ്പോസ്തലന്മാര്‍ അല്ലെങ്കില്‍ മറ്റാരെയെങ്കിലു മൊക്കെ ചൂണ്ടിക്കാട്ടി അവര്‍ ഇങ്ങനെ ചെയ്തിട്ടുണ്ടല്ലോ?’ ,’വ്യക്തമായി വചനത്തില്‍ പറഞ്ഞിട്ടില്ലല്ലോ?’, ഇങ്ങനെ ധാരാളം മുടന്തന്‍ ന്യായങ്ങള്‍ ഇക്കൂട്ടര്‍ നിരത്തിവയ്ക്കും.

മറ്റ് ചിലരുണ്ട്, അവര്‍ ആയിരിക്കുന്ന സ്ഥലത്തെ സംസ്കാരപശ്ചാത്തലത്തെ കൂട്ടുപിടിച്ച് തങ്ങളുടെ ചെയ്തികളെ ന്യായികരിക്കാന്‍ ശ്രമിക്കുന്നത് കാണുന്നുണ്ട്. ‘പാപത്തില്‍നിന്നുമുള്ള മോചനത്താല്‍ സിദ്ധിച്ചിരിക്കുന്ന സ്വാതന്ത്ര്യം’ (Redemptive Freedom ) വിശ്വാസിക്കുള്ളതിന്നാല്‍ പുതിയനിയമം അനുശാസിക്കുന്ന അതിരുകള്‍ക്കപ്പുറത്ത് കടക്കുന്നതിലും തെറ്റില്ല എന്ന ഒരു ചിന്ത ഈ കാലഘട്ടത്തില്‍ അവിടേയും ഇവിടെയുമൊക്കെ ഉയര്‍ന്നുവരുന്നുണ്ട്.  ഈ ചിന്തയുടെ പരിണിതഫലമാണ് ‘എവിടെ നമുക്ക് പോകാം’, ‘എന്ത് നമുക്ക് ചെയ്യാം’, ‘എങ്ങനെ നമ്മെ പ്രദര്‍ശിപ്പിക്കാം’, ‘ആരോട് അല്ലെങ്കില്‍ എന്തിനോടായിരിക്കണം നാം ചേരേണ്ടത്’ തുടങ്ങിയ കാര്യങ്ങളോടുള്ള ബന്ധത്തിലുള്ള നിയന്ത്രണങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ട എന്ന ധാരണ ഉരുത്തിരിയുവാന്‍ കാരണം.

പഴയനിയമകാലഘട്ടത്തിലെതാണെങ്കിലും പുതിയനിയമ സമയത്തെതാണെങ്കിലും ഏതു ദൈവീകകല്‍പ്പനകളുടെയും അനുഷ്ടാനങ്ങളുടെയും പിമ്പില്‍ ആത്മീയമായ സത്യം ഉണ്ട്. എന്നാല്‍ പലപ്പോഴും പലരും ദൈവവചനം വ്യാഖ്യാനിക്കുന്നത് വചനം എഴുതപ്പെട്ട കാലഘട്ടത്തെ, സംസ്കാരത്തെ ‘മാത്രം’ കണക്കിലെടുത്തു കൊണ്ടാണ്. പ്രത്യേക വചനഭാഗത്തുനിന്നും ആവിര്‍ഭവിക്കുന്ന ആത്മീയസത്യം എല്ലാ കാലത്തെക്കുമുള്ളതാണെന്നുള്ള സത്യം ഇവര്‍ വിസ്മരിച്ചു കളയാറുണ്ട്.

ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസമാണ് കര്‍ത്താവിനെ ഓര്‍ക്കുന്നതിന്നായി സഭ കൂടിവന്നു തിരുവത്താഴം ആചരിക്കേണ്ടത് എന്ന സത്യം തിരുവചനം വളരെ വ്യക്തമായി വെളിപ്പെടുത്തുന്നതാണ്. ഒന്നാം നൂറ്റാണ്ടിലെ പ്രമാണം തന്നെയാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ബാധകമായിട്ടുള്ളത്. അപ്പോസ്തലന്മാര്‍ ചെയ്ത രീതിയില്‍ തന്നെയാണ് ഇന്നത്തെ പുതിയനിയമ വിശ്വാസികളും അനുഷ്ടിക്കേണ്ടത്. അതിനു യെരുശലെമെന്നോ, ഗള്‍ഫെന്നോ, അമേരിക്കായെന്നോ, യൂറോപ്പെന്നോ, കേരളമെന്നോ ഒക്കെയുള്ള പ്രാദേശിക വ്യത്യാസമൊന്നും മാനദണ്ഡമല്ല. ആഴ്ചയില്‍ ഏതെങ്കിലുമൊരു ദിവസമല്ല, ആഴ്ചവട്ടത്തിന്റെ ഒന്നാം ദിനംതന്നെയാണ്, ലോകത്തിന്‍റെ ഏതു കോണിലായാലും, ദൈവജനം കര്‍തൃമേശ അനുഷ്ടിക്കേണ്ടത്. ”…….അഞ്ചു ദിവസം കൊണ്ട് ത്രോവാസില്‍ അവരുടെ അടുക്കല്‍ എത്തി, ഏഴു ദിവസം അവിടെ പാര്‍ത്തു. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തില്‍ ഞങ്ങള്‍ അപ്പം നുറുക്കുവാന്‍ കൂടിവന്നപ്പോള്‍ പൗലോസ്‌ പിറ്റേന്നാള്‍ പുറപ്പെടുവാന്‍ ഭാവിച്ചതുകൊണ്ട് …”(അപ്പൊ. പ്രവ. 20:6,7). ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം കര്‍തൃമേശ ആചരിക്കുന്നതിന്നായി ഏഴു ദിവസം കാത്തിരുന്ന അപ്പോസ്തലനെയും കൂട്ടരെയുമാണ് നാം ഇവിടെ കാണുന്നത്. ആദിമസഭകള്‍ അനുഷ്ടിച്ചത് ഈ മാതൃകയാണ്. നമ്മുടെ പിതാക്കന്മാര്‍ സ്വീകരിച്ച് അനുവര്‍ത്തിച്ചുപോന്നതും ഈ പ്രമാണം തന്നെയാണ്. തിരുവചനമാതൃക തന്നെയായിരിക്കണം ദൈവസഭയ്ക്ക് ഉണ്ടായിരിക്കേണ്ടത്. മറിച്ച്, ഇതിന് ബദലായി ഉന്നയിക്കുന്ന എന്ത് ന്യായങ്ങളും വചനയോഗ്യമായ മാതൃകയെ പുറംകാലുകൊണ്ട് തള്ളിക്കളയുന്ന അസുഖകരമായ പ്രവൃത്തിക്ക് കുട പിടിക്കുന്നതിനു മുതല്‍ക്കൂട്ടായിട്ടാണ് ഭവിക്കുന്നത്. സത്യത്തോട് മറുതലിക്കാതെ, വചനയോഗ്യമായ മാതൃകകളെ, ശരികളെ, അംഗീകരിക്കാനും അവ ജീവിതത്തില്‍ പാലിക്കാനുമുള്ള ഒരു വാഞ്ചയെങ്കിലും കുറഞ്ഞപക്ഷം നമുക്കുണ്ടായിരിക്കണം. ”…. എന്നെ മാനിക്കുന്നവരെ ഞാന്‍ മാനിക്കും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിതരാകും”(1 ശമു.2:30). ദൈവീക വാഗ്ദത്തങ്ങള്‍ക്ക് മാറ്റമില്ല.

സ്വാതന്ത്ര്യത്തിന്നായിട്ടു സ്വതന്ത്രരാക്കപ്പെട്ട നമ്മുക്ക് അതിൽ തന്നെ ഉറെച്ചുനില്ക്കാം; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകാതെ നമ്മെ തന്നെ സൂക്ഷിക്കാം.

സഭാസത്യം.കോം

Leave a Reply

Your email address will not be published. Required fields are marked *