സഭാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്നായി സഭാമൂപ്പന്മാര്‍ (Elders) മാത്രം കൂടിവരുന്നത് ശരിയോ? എന്തുകൊണ്ടാണ് സഭയില്‍ പൊതുവായി ചര്‍ച്ച ചെയ്ത്‌ തീരുമാനങ്ങള്‍ എടുക്കാത്തത്?

ദൈവവചനം പഠിക്കുകയും സഭയുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് ഇതിനു വ്യക്തമായും ഉത്തരമുണ്ടാകും. എന്നിരുന്നാലും, ഈ വിഷയം വിശകലനം ചെയ്യുന്നത്, ശേഷം മറ്റുള്ളവര്‍ക്കും ആത്മീയ അനുഗ്രഹത്തിന് കാരണം ആകും എന്നതിനാല്‍ ഇവിടെ പ്രതിപാദിക്കുവാന്‍ ആഗ്രഹിക്കുന്നു. പുതിയ നിയമ സഭയുടെ നേതൃത്വത്തെക്കുറിച്ചു പലപ്പോഴും ബഹുവചനത്തിലാണ് പറഞ്ഞിട്ടുള്ളത്, കാരണം ഒരു സ്ഥലംസഭയില്‍തന്നെ ഒന്നിലധികം മൂപ്പന്മാരുണ്ടാകും എന്നുള്ളത് സ്വാഭാവികമാണല്ലോ (അപ്പോ.പ്രവ:14:23, ഫിലി;1:1, 1പത്രോസ് 5:1-4) തുടങ്ങിയ വേദഭാഗങ്ങൾ ഇതിനു തെളിവായി കൊടുത്തിരിക്കുന്നു. പല സന്ദര്‍ഭങ്ങളിലും അപ്പോസ്തലനായ പൗലോസ്‌ സ്ഥലം സഭകളിലെ മൂപ്പന്മാരുമായി (Elders) മാത്രം (സഭയെ മുഴുവനുമായിട്ടല്ലാതെ) സംസാരിച്ചിട്ടുള്ളതായി തിരുവചനം തെളിവായി പറയുന്നു.

അപ്പൊ.പ്രവ. അദ്ധ്യായം 15-ല്‍, ദുരുപദേശം എന്ന വിപത്ത് ദൈവജനത്തിന്റെ മദ്ധ്യേ കടന്നുവരുന്നത്‌ നാം കാണുന്നു. ”യെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു  സഹോദരന്മാരെ ഉപദേശിച്ചു”. (അപ്പോ.:15:1). ഈ സാഹചര്യത്തില്‍ വിപത്തിനെ പ്രതിരോധിക്കാന്‍ സത്വരമായ നടപടികള്‍ അപ്പോസ്തലന്മാര്‍ കൈക്കൊള്ളുന്നത് നമുക്ക് തിരുവചനം പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും. ഗലാത്യര്‍ 2:1-10 വേദഭാഗം ഇതിനോട് ചേര്‍ത്ത് പഠിക്കേണ്ടത് ആവശ്യമാണ്‌. കടന്നുവന്ന ദുരുപദേശത്തെ ഇല്ലായ്മചെയ്യുവാന്‍ പൌലോസും ബര്‍ന്നബാസും യെരുശലെമിലെ സഭയിലുള്ള അപ്പോസ്തലന്മാരെയും  മൂപ്പന്മാരേയും ചെന്നു കണ്ടു. അതിനുശേഷം അവര്‍ ഐക്യമായി ദൈവവചനപ്രകാരം ഒരു തീരുമാനമെടുത്തു. പിന്നീടു പൊതുസഭയില്‍ അതു തീരുമാനമായി പറഞ്ഞു. ഈ  വസ്‌തുത വിരല്‍ ചുണ്ടുന്നത് ഒരു വലിയ സത്യത്തെയാണ്‌. അതായത്, സഭയുടെ നേതൃത്വത്തിന്നകത്തുള്ള ഐക്യതയും പിന്നീടു ഈ ഐക്യത സഭയില്‍ പ്രസ്താവിക്കപ്പെടുന്ന തീരുമാനത്തിലൂടെ സഭയ്ക്ക് വെളിപ്പെടുന്നതായി  കാണുവാന്‍ സാധിക്കും. സഭകളില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഈ മാതൃകയിലാണ് പരിഹാരം കാണേണ്ടത്. പ്രശ്നങ്ങള്‍ ആദ്യം  സഭാമൂപ്പന്മാര്‍ തമ്മില്‍ ചര്‍ച്ച ചെയ്യുകയും പിന്നീട് സഭ അറിയേണ്ടതും, ആവശ്യമായതും മാത്രം സഭയില്‍ പ്രസ്താവിക്കുകയും വേണം. എത്ര  മനോഹരമായ മാതൃകയാണ് ദൈവാത്മാവ് ഇവിടെ വരച്ചു കാണിക്കുന്നത്. മറ്റൊരു സന്ദര്‍ഭത്തില്‍ പൗലോസ്‌ എഫസോസ് വഴി യെരുശലെമില്‍പോയപ്പോള്‍ മിലെതോസില്‍ എഫസോസിലുള്ള മൂപ്പന്മാരെ വരുത്തി സഭയെ പരിപാലിക്കേണ്ടതിനെക്കുറിച്ചു പറഞ്ഞു കൊടുക്കുകയും അവരെ സഭയുടെ അദ്ധ്യക്ഷരാക്കി വെക്കുകയും ചെയ്തു. അതുപോലെതന്നെ താന്‍ യെരുശലെമില്‍  എത്തിയപ്പോള്‍ യാക്കോബും അവിടെയുള്ള മൂപന്മാരുമായി ചര്‍ച്ചക്കുകൂടിവന്നതായിട്ടു കാണാന്‍ സാധിക്കും (അപ്പോ :21:18-25 ). കാരണം, അന്നുണ്ടായിരുന്ന യഹൂദാ വിശ്വാസികളുടെ സംശയങ്ങളുടെ നിവാരണത്തിനും, ജാതികളില്‍ നിന്നുവന്ന വിശ്വാസികളുടെ ആത്മീയ വളര്‍ച്ചക്കും, സഭകളില്‍കടന്നു വരുന്ന ദുരുപദേശത്തിനും എതിരെ നില്ക്കുവാന്‍ ഇങ്ങനെ കൂടിവരുന്നത് അനിവാര്യമായിരുന്നു. (1 തിമൊ: 3:4,5) ഇവിടെ മൂപ്പന്മാരെ ഒരു ഭവനത്തിലെ പിതാവായിട്ടാണ് പറഞ്ഞിരിക്കുന്നത്. ഒരു ഭവനത്തിന്റെ സന്തുലിതമായ പ്രവര്‍ത്തനത്തിന് വേണ്ടി എപ്രകാരമാണോ അപ്പനും അമ്മയും ഒരുമിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് അതുപോലെ തന്നെ വേണം ഒരു സ്ഥലം സഭയിലെ മൂപന്മാര്‍ വര്‍ത്തിക്കേണ്ടത്.

ഇന്ന് സ്ഥലം സഭകളില്‍  മൂപ്പന്മാര്‍  തമ്മില്‍ കൂടിവരാതിരിക്കുന്നതിന്റെ കുറവ് വ്യക്തമായും സ്പഷ്ടമായും കാണാന്‍ സാധിക്കുന്നുണ്ട്. സ്ഥലംസഭകളിലെ മൂപ്പന്മാര്‍ പരസ്പരം വിദ്വേഷം മാറ്റി, തമ്മില്‍ സ്നേഹിച്ചു, ഐക്യതയില്‍  വേരുന്നി, കര്‍ത്താവായ യേശുക്രിസ്തു തങ്ങളെ എല്പിച്ചിട്ടുള്ള ശുശ്രൂഷ നിവര്‍ത്തിക്കാന്‍  വേണ്ടി ഒരുമിച്ചുകൂടിവന്നു സഭാകാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും ദൈവീക ആലോചന പ്രകാരം പ്രാര്‍ത്ഥനയോടെ തീരുമാനങ്ങള്‍  എടുക്കുകയും , സഭയിലെ പോരായ്മകള്‍  മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും, വചനാടിസ്ഥാനത്തില്‍  കാര്യങ്ങളെ വിലയിരുത്തുകയും ചെയ്യുമെങ്കില്‍  സഭകളുടെ നടുവില്‍ നടക്കുന്ന കര്‍ത്താവില്‍  നിന്നു എത്രമേല്‍ അനുഗ്രഹങ്ങള്‍  പ്രാപിക്കാമെന്നതു നമ്മുക്ക് വലിയ ഉറപ്പാണ്. ഇങ്ങനെയുള്ള മൂപ്പന്മാരെയാണ് ഇന്ന് നമ്മുടെ പ്രാദേശീക സഭകള്‍ക്ക് ആവശ്യം.

സഭാസത്യം.കോം

Leave a Reply

Your email address will not be published. Required fields are marked *