സുവിശേഷ രചയിതാക്കള്‍ വാക്കുകള്‍ കൊണ്ട് വരച്ചു കാട്ടുന്നതില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നാണ് ശ്രീഭണ്ഡാരത്തില്‍ രണ്ടു കാശിട്ട വിധവയുടെത്. കര്‍ത്താവായ യേശുക്രിസ്തു ഭണ്ഡാരത്തിന് നേരെ ഇരുന്നു, ഓരോരുത്തരും തങ്ങളുടെ ധനത്തിന്‍റെ പങ്ക് ഭണ്ഡാരത്തിലിടുന്നത് നോക്കിക്കൊണ്ടിരുന്നു. ഈ സംഭവം മിക്കവാറും കര്‍ത്താവിന്‍റെ പരസ്യ ശുശ്രൂഷയുടെ അന്തിമ സമയത്ത് സംഭവിച്ചതാണ്. ആകയാല്‍ ക്രൂശില്‍ തന്നത്താന്‍ ഏല്പിക്കുന്ന കര്‍ത്താവിന്‍റെ ത്യാഗപരമായ പ്രവൃത്തിയുടെ വെളിച്ചത്തില്‍ നോക്കിയാല്‍ ഏറ്റവും ശക്തമായ ഒരു സന്ദേശമാണ് ഇവിടെ കാണുന്നത്. മര്‍ക്കോസ് ഒറ്റ വാചകത്തില്‍ ഭണ്ഡാരത്തെ നോക്കിക്കൊണ്ടിരിക്കുന്ന കര്‍ത്താവിന്‍റെ ഉദ്ദേശത്തെ കുറിച്ചു പറയുന്നുണ്ട്. “……പുരുഷാരം ഭണ്ഡാരത്തിൽ (എങ്ങനെ) പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു;….” (മര്‍ക്കോസ് 12:41). “… ധനവാന്മാർ ഭണ്ഡാരത്തിൽ വഴിപാടു ഇടുന്നതു കണ്ടു.” (ലൂക്കോസ് 21:1). ”ധനവാന്മാര്‍ പലരും വളരെ ഇട്ടു” എന്നാണ് മര്‍ക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ എത്രതുക വാസ്തവത്തില്‍ പിരിഞ്ഞു കിട്ടി എന്നതിനു കര്‍ത്താവു വലിയ ഊന്നല്‍ നല്‍കുന്നില്ല എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ഇതായിരുന്നു പ്രഥമ പരിഗണന എങ്കില്‍ ഇവിടെ പറഞ്ഞിരിക്കുന്ന വിധവയ്ക്ക് ഈ ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ടാകുമായിരുന്നില്ല, മാത്രമല്ല ചെറിയ തുക മാത്രം ഭണ്ഡാരത്തിലിട്ടത് കൊണ്ട് നാണക്കേട് ഉണ്ടാകുവാന്‍ കാരണമായി തീരുമായിരുന്നു. ‘അവര്‍ എങ്ങനെ ഇട്ടു എന്ന് നോക്കി.’ എന്നതും ‘ധനവാന്മാര്‍ വളരെ കൊടുത്തു’ എന്ന പരമാര്‍ത്ഥവും ചേര്‍ത്ത് ചിന്തിക്കുമ്പോള്‍ ലഭിക്കുന്ന അനുഗ്രഹീത പാഠം, നമ്മുടെ മനസിനെ കൊടുക്കുന്ന വിധത്തിന്റെ പ്രാധാന്യത്തിലേക്ക് നയിക്കുന്നു. എല്ലാ ക്രിസ്തീയ കൊടുക്കലിന്‍റെയും പ്രഥമഘടകം ഇത് തന്നെ.
ഏതു വിധത്തിലാണ് നാം നമ്മുടെ ധനവും വസ്തുവകകളും കര്‍ത്താവിന് കൊടുക്കുന്നത്? യാതൊരു ത്യാഗവും ആവിശ്യമില്ലാതെ നമ്മുടെ സമൃദ്ധിയില്‍ നിന്ന് മാത്രമാണോ? തനിക്കു യാതൊരു ചിലവുമില്ലാതെ ദൈവത്തിനു കൊടുക്കുവാന്‍ ദാവീദ് ഒരുക്കമില്ലായിരുന്നു എന്ന് ഓര്‍മിക്കുക. “രാജാവു അരവ്നയോടു: അങ്ങനെയല്ല, ഞാൻ അതു നിന്നോടു വിലെക്കേ വാങ്ങുകയുള്ളു; എനിക്കു ഒന്നും ചെലവില്ലാതെ ഞാൻ എന്റെ ദൈവമായ യഹോവെക്കു ഹോമയാഗം കഴിക്കയില്ല എന്നു പറഞ്ഞു. അങ്ങനെ ദാവീദ് കളത്തെയും കാളകളെയും അമ്പതു ശേക്കൽ വെള്ളിക്കു വാങ്ങി.” (1 ശമുവേല്‍ 24:24)
ക്രിസ്തീയ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ ദൈവത്തിനു കൊടുക്കുകയെന്ന ആശയസംബന്ധമായി മനസ്സില്‍ ഒത്തിരി സംശയങ്ങള്‍ ഉണ്ടാകാവുന്നതാണ്. ഒരു കാര്യം തീര്‍ച്ചയാണ്, ദൈവീകദാനങ്ങളുടെ സമൃദ്ധിയുടെ വലിപ്പം ഉയര്‍ത്തുന്ന വെല്ലുവിളിയില്‍ നിന്ന് ഒഴിഞ്ഞു മാറുവാന്‍ ആര്‍ക്കും കഴികയില്ല. “….ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.” (യാക്കോബ് 1:5), ”നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശവെപ്പാനും നന്മ ചെയ്‍വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾവാനും ആജ്ഞാപിക്ക”. (1തിമോ 6:17,18,19) എന്നീ വേദഭാഗങ്ങള്‍ നിരന്തരമായി ദാനം കൊടുക്കുന്നതില്‍ പ്രമോദിക്കുന്ന ഒരു ദൈവത്തെ വെളിപ്പെടുത്തുന്നു. ദാനശീലം ഒരു ക്രിസ്തീയ കൃപയാണ്. തികച്ചും സ്വാര്‍ത്ഥമായ ലോകത്തില്‍ ഔദാര്യമായ ദാനം അതിന്റെതായ നന്മ പുറപ്പെടുവിക്കാതിരിക്കില്ല. ദാനം ചെയ്യാനുള്ള ദൈവീകസ്വഭാവത്തിന്‍റെ കാര്യത്തില്‍ നാം അശ്രദ്ധരാകുന്ന പക്ഷം, അത് ദൈവത്തിന്‍റെ വേലയെ ഗണ്യമായി ബാധിക്കും എന്നത് ദുഖകരമായ വസ്തുതയാണ്. കൊടുക്കുക എന്നാല്‍ ദൈവം ചെയ്യുന്നതുപോലെ തന്നെ ചെയ്യുക എന്നാണ്. കൊടുക്കുന്നതിന്‍റെ അളവു ദൈവം തന്നതിന് ഒത്തവണ്ണം ആയിരിക്കണം.
മനസ്സൊരുക്കം ഉണ്ടെങ്കിൽ ഒരാള്‍ക്ക്, ഇല്ലാത്തതുപോലെയല്ല, ഉള്ളതിനനുസരിച്ചു കൊടുക്കുന്നതിലാണ് ദൈവപ്രസാദം ഉണ്ടാകുക. “ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും” (2 കൊരിന്ത്യര്‍ 8:12). കൊടുക്കുന്നതിന്റെ രണ്ടു തത്വങ്ങള്‍ ഇവിടെ കാണാം ഒന്ന് മനസ്സൊരുക്കം രണ്ട് ഉള്ളതനുസരിച്ച്. മറ്റുള്ളവര്‍ എന്ത് കൊടുക്കുന്നു എന്ന് നാം നോക്കേണ്ട കാര്യം ഇല്ല, നാം നമ്മുടെ തന്നെ ‘കൊടുക്കലുകള്‍’ ഒന്ന് വിലയിരുത്തി, ദൈവ പ്രസാദം ലഭിക്കുവാനുള്ളത് ചെയ്യാം, അനുഗ്രഹം പ്രാപിക്കാം.

