‘കര്‍ത്താവിന്നു മാത്രം സ്വന്തമായിരിക്കുന്നു’ – പ്രാദേശിക സഭയുടെ (Local Assembly) നിസ്തുല്യത.

ഓരോ പ്രാദേശിക സഭകളും (Local Assembly) കര്‍ത്താവിന്നോടു മാത്രം കടപ്പെട്ടിരിക്കുന്നുവെന്നത് തികച്ചും വ്യക്തമായ വസ്തുതയാണ്. ഓരോ സഭകളും സ്വതന്ത്രമാണ്. കര്‍ത്താവിന്റെ അധികാരത്തിന്‍ കീഴില്‍, പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പിന്നാലാണ് ഓരോ സ്ഥലംസഭകളും വര്‍ത്തിക്കുന്നത്. ഒരു സഭയ്ക്ക് മറ്റൊരു സഭയിന്മേല്‍ യാതൊരു അധികാരമോ നിയന്ത്രണമോ ഇല്ല. പ്രാദേശികമായതോ ദേശീയമായതോ ആയ ഭരണസംവിധാനങ്ങളോ, രൂപതകളോ, കമ്മിറ്റികളോ, മേലധ്യക്ഷന്മാരോ ഒന്നും തിരുവചനാടിസ്ഥാനത്തിലുള്ള പ്രാദേശിക സഭകള്‍ക്ക് ബാധകമല്ല. അപ്പോസ്തലന്മാരും യെരുശലേം സഭയിലെ മൂപ്പന്മാരുമടങ്ങിയ ഒരു ക്രമീകരണമാണ് പൌലൊസിനെയും ബര്‍ന്നബാസിനെയും അന്ത്യോക്ക്യയിലേക്ക് പറഞ്ഞയച്ചത് എന്ന് നാം അപ്പൊ. പ്രവൃത്തികളില്‍ കാണുന്നുണ്ട്. എന്നാല്‍ ഈ രീതിയിലുള്ള ഒരു ക്രമീകരണമല്ല പില്‍ക്കാലത്ത് നടമാടി പോന്നത്.

കൊരിന്തിലെ സഭയുടെ സ്ഥാപകനും അപ്പോസ്തലനുമായ പൗലോസ്‌ കൊരിന്തിലെ സഭയ്ക്ക് ലേഖനം എഴുതിയപ്പോള്‍ ഇങ്ങനെ എഴുതി, ” നിങ്ങളുടെ വിശ്വാസത്തിന്മേല്‍ ഞങ്ങള്‍ കര്‍തൃത്വം ഉള്ളവര്‍ എന്നല്ല, നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങള്‍ സഹായികള്‍ അത്രേ;….”(2 കൊരി.1:24). താന്‍ സ്ഥാപിച്ച സഭയുടെമേല്‍ പോലും അധികാര ചുവയോടെ അപ്പോസ്തലന്‍  സംസാരിച്ചിട്ടില്ല. ഒരു ദാസന്‍ എന്ന നിലയില്‍ കര്‍ത്താവിന്നു വേണ്ടി, സഭയ്ക്ക് ഒരു സഹായിയായി നിന്നിട്ടേയുള്ളൂ. ഇത്തരത്തിലുള്ള ഒരു പ്രവണതയല്ല പിന്നീട് നാം ആത്മീയഗോളത്തില്‍ കണ്ടത്. സഭയുടെ മേല്‍ എന്നതിലുപരി, സഭകളിന്മേല്‍ കര്‍ത്തൃത്വം നടത്തുന്ന അധികാരസ്ഥാനങ്ങള്‍ പലതും സംജാതമായി വന്നു. പല പേരുകളില്‍, വേഷങ്ങളില്‍, ഭാവങ്ങളില്‍ ഒക്കെ നമുക്ക് ഇവരെ കാണാം. സഭയുടെ കാന്തനായ കര്‍ത്താവിനെക്കാള്‍ ഉന്നതരായി, ബഹുമാനവും പുകഴ്ചയും ആദരവും മാനവും ഒക്കെ ആഗ്രഹിക്കുന്ന ശ്രേഷ്ടദാസന്മാരെചുറ്റുപാടും ധാരാളം കാണാന്‍ കഴിയും. പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും ഇവര്‍ മുഖ്യമായും വാഞ്ചിക്കുന്നു.

വെളിപ്പാടു പുസ്തകത്തിലെ 2, 3 അദ്ധ്യായങ്ങളില്‍ കാണുന്ന ഏഷ്യയിലെ ഏഴു സഭകള്‍ക്കുള്ള കര്‍ത്താവിന്റെ സന്ദേശങ്ങളില്‍, സ്ഥലംസഭകള്‍ കര്‍ത്താവിന്നോടു മാത്രം ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു എന്നത് വളരെ വ്യക്തമായി പ്രതിപാദിക്കപ്പെടുന്നുണ്ട്. സന്ദേശം നല്‍കുമ്പോള്‍, കര്‍ത്താവ് ഓരോ സഭകളേയും പേരുചൊല്ലിയാണ് വിളിച്ചിരിക്കുന്നത്. ഓരോ സഭകള്‍ക്കും വ്യക്തമായ മുന്നറിയിപ്പുകളും കര്‍ത്താവ് നല്‍കി. മാനസാന്തരത്തിന്‍റെ ആവശ്യകത കര്‍ത്താവ് ഓര്‍പ്പിച്ചു. മാനസാന്തരപ്പെടാഞ്ഞാല്‍ നിലവിളക്ക് അതിന്‍റെ നിലയില്‍നിന്ന് നീക്കുക തന്നെ ചെയ്യുമെന്ന് കര്‍ത്താവ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഓരോ സ്ഥലംസഭകളും കര്‍ത്താവിന്നോടു മാത്രം, കര്‍ത്താവിന്നായി മാത്രം ആയിരിക്കണമെന്നുള്ളത് യേശുകര്‍ത്താവ് അതിയായി ആഗ്രഹിക്കുന്നു.

പ്രിയ ദൈവജനമേ, ഓരോ പ്രദേശത്തും കൊളുത്തിവച്ചിരിക്കുന്ന നിലവിളക്കുകളായി നാം സഭകളായിട്ട് ആയിരിക്കുന്നു. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിലാണ് നാം കൂടിവരുന്നത്. തിരുവചനത്തോടു ഏറ്റവും വിശ്വസ്തത പുലര്‍ത്തി, കര്‍ത്താവിന്നോടു മാത്രം സമാധാനം ബോധിപ്പിക്കേണ്ടവരായിട്ട്, തികച്ചും സ്വതന്ത്രമായി, ആയിരിക്കുന്ന ദേശത്ത് കര്‍ത്താവിന്റെ സാക്ഷ്യം വഹിക്കുന്ന വിശ്വാസ സമൂഹങ്ങളാണ് നമ്മുടെ ഓരോ സ്ഥലംസഭകളും. ഈ സത്യത്തില്‍ ഇതുവരേയും നിലനില്‍ക്കുവാന്‍ ഇടയായി എന്നുള്ളതില്‍ നമുക്കഭിമാനിക്കാന്‍ കഴിയും.

തിരുവചനസത്യങ്ങളോടു നീതി പുലര്‍ത്താത്തതെന്തും ദൈവസഭയുടെ നിലനില്പ്പിന്നു കളങ്കം വരുത്തുന്നത് തന്നെയാണ്. അത് പേര് മാറ്റുന്നതായാലും സംയുക്ത മായി ആരാധിക്കുന്നതായാലും എല്ലാം തന്നെ, നിലവിളക്കിന്റെ തിരി ഊതിക്കെടുത്തി വച്ചിരിക്കുന്നതിന്ന് തുല്യമാണ്. സ്ഥലംസഭയുടെ സ്വാതന്ത്ര്യത്തെ, സ്വതന്ത്ര സ്വഭാവത്തെ ഹനിക്കുന്നതെന്തിന്നേയും സ്ഥലംസഭയുടെ പടിക്ക് പുറത്ത് നിര്‍ത്തേണ്ടത് ആവശ്യമാണ്‌. കര്‍ത്താവിന്റെ അധികാരവും പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പും ആലോചനയും വിളങ്ങേണ്ട സ്ഥലംസഭകളില്‍,കുടുംബമഹിമയുടെ പേരിലോ,  പാരമ്പര്യത്തില്‍ അഹങ്കരിച്ചോ, പണത്തിന്‍റെ ബലത്തിലോ, സംഘടനയുടെ സ്വാധീനതയിലോ മറ്റേതു  നിലയിലുമുള്ള കര്‍ത്തൃത്വമോ‘ ‘അവതാരമോഒന്നും ഒരു നിലയിലും ഉയരുവാന്‍ ഇടയാകരുത്.  കര്‍ത്താവിന്റെ വരവുവരേയും ദേശത്തു പാര്‍ത്ത്, വിശ്വസ്തത ആചരിച്ച് മണവാളനായി ഒരുങ്ങിയിപ്പാന്‍ സ്ഥലംസഭകളായി ദൈവം നമ്മെ സഹായിക്കട്ടെ….

Leave a Reply

Your email address will not be published. Required fields are marked *