രക്ഷിക്കപ്പെട്ട ഒരു യഥാര്‍ത്ഥ ദൈവപൈതലിന്നു കര്‍തൃമേശ നിഷേധിക്കുന്നത് ശരിയാണോ?

സഭയിലേക്ക്, പ്രത്യേകിച്ച്, കര്‍ത്തൃമേശ ആചരിക്കുന്ന യോഗത്തിലേക്ക് കടന്നുവരുന്ന ഒരു വിശ്വാസിക്ക് കര്‍ത്തൃമേശ നിഷേധിക്കുന്നത് ശരിയോ തെറ്റോ എന്ന് വിധിക്കുന്നതിന്ന് മുന്‍പ് പല  മാനദണ്ടങ്ങളും മുഖവിലക്കെടുക്കേണ്ടതുണ്ട്. കടന്നുവരുന്ന എല്ലാവരേയും തിരുവത്താഴത്തിലേക്കും അങ്ങനെ സഭാകൂട്ടായ്മയിലേക്കും സ്വീകരിക്കുന്നതും സ്വീകരിക്കേണ്ടതും വലിയ മഹാമനസ്കതയോടെ ചെയ്യുന്ന ഒരു കാര്യമാണെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. വാസ്തവത്തില്‍, അത് തിരുവചനാടിസ്ഥാനമായതാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. നേരെമറിച്ച്, മറ്റുചില വിശ്വാസികളുണ്ട്. തങ്ങള്‍ മറ്റുള്ളവരേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ആത്മീയതയും ദൈവീകതയും പുലര്‍ത്തുന്നവരാകയാല്‍, തങ്ങളുടെ ദൃഷ്ടിയില്‍ തങ്ങളേക്കാള്‍ നിലവാരത്തില്‍ താണവരുമായി കൂട്ടായ്മ ആഗ്രഹിക്കാത്തതുകൊണ്ട് അവരുമായി  കര്‍ത്തൃമേശ ആചരിക്കുന്നതിന്നു ഈ പ്രിയപ്പെട്ടവര്‍ തയ്യാറല്ല. ഇതും ശരിയായ പ്രമാണമല്ല. നാം നിനക്കുന്നതിലും വിചാരിക്കുന്നതിലും ഉയര്‍ന്ന നിലവാരത്തില്‍ കര്‍ത്താവിന്നോട് അര്‍പ്പണവും വിശ്വസ്തതയും പാലിച്ചു ജീവിക്കുന്ന ധാരാളം വിശ്വാസികള്‍ ഇതര ക്രിസ്തീയസഭാവിഭാഗങ്ങളില്‍ ഉണ്ടെന്നുള്ളത് നാം മനസ്സിലാക്കുകയും അങ്ങീകരിക്കുകയും ചെയ്യേണ്ട വസ്തുത തന്നെയാണ്. എന്നിരുന്നാല്‍ തന്നെയും, സ്ഥലംസഭയിലെക്കുള്ള സ്വീകരണം (Reception to an Assembly ) എന്നത് വചനപ്രകാരം തികച്ചും  ഗൌരവമേറിയതാണ്. ഒരു ദിശയിലേക്ക് മാത്രമായിട്ടുള്ള ഒരു ക്രമീകരണമല്ല ഇത്. അതായത്, സ്ഥലംസഭ ഒരു വിശ്വാസിയെ സഭാകൂട്ടായ്മയിലേക്ക്, സഭയിലേക്ക് സ്വീകരിക്കുന്നതുപോലെ തന്നെ, അതോടൊപ്പം, ആ വിശ്വാസി ആ സ്ഥലംസഭയെ, സഭയുടെ വിശ്വാസങ്ങളെ, പ്രമാണങ്ങളെ ഒക്കെ സര്‍വ്വാത്മനാ അംഗീകരിച്ചു സ്വീകരിക്കണം. ആ ബന്ധത്തില്‍ ആയിരിക്കുന്ന അവസ്ഥയാണ് വിശ്വാസി സഭാകൂട്ടായ്മയിലായിരിക്കുന്നു എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്.

ഒരു സഭ  ഒരു വിശ്വാസിക്ക് കര്‍ത്തൃമേശ നിഷേധിക്കുന്നത് പല കാരണവും കൊണ്ടായിരിക്കാം. കര്‍ത്തൃമേശ നിഷേധിക്കുന്നതിന്റെ കാരണവും അതിന്‍റെ യാഥാര്‍ഥ്യത്തേയും വിലയിരുത്തിയിട്ടുവേണം കര്‍ത്തൃമേശ നിഷേധിക്കുന്നത് ശരിയാണോ തെറ്റാണോ എന്ന് ന്യായീകരിക്കേണ്ടത്. തിരുവത്താഴത്തില്‍നിന്നും പങ്കെടുക്കുന്നത് അനുവദിക്കാതിരിക്കുന്ന ചില സന്ദര്‍ഭങ്ങളും കാരണങ്ങളും നമുക്ക് ചിന്തിക്കാം.

സഭയ്ക്ക് പരിചയമില്ലാത്ത ഒരു വിശ്വാസി തിരുവത്താഴയോഗത്തില്‍ കടന്നുവരുമ്പോള്‍   

ഒരു ദൈവപൈതല്‍ എന്ന നിലയില്‍ ഒരു വിശ്വാസിയെ സ്നേഹിക്കുവാനും സൌമ്യതയോടും സന്തോഷത്തോടുംകൂടെ അവരോടു ഇടപെടുവാനും ഓരോ ദൈവജനത്തിനും ആത്മീയബന്ധവും ഉത്തരവാദിത്തവുമുണ്ട്. എന്നാല്‍, സ്ഥലംസഭയിലേക്ക് സഭയ്ക്ക് പരിചയമില്ലാത്ത, യാതൊരു അറിവുമില്ലാത്ത ഒരു വിശ്വാസി പുതുതായി കടന്നുവരുമ്പോള്‍, ആ വിശ്വാസി ഒരു യഥാര്‍ത്ഥ ദൈവപൈതല്‍ തന്നെയെന്ന് സഭയ്ക്ക് എങ്ങനെ തിരിച്ചറിയുവാന്‍ കഴിയും? സത്യമായും രക്ഷിക്കപ്പെട്ട, ജീവിതത്തില്‍ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന, ഉപദേശത്തില്‍ നിശ്ചയമുള്ള എല്ലാവരേയും കൂട്ടായ്മാബന്ധത്തിലേക്ക് സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്ന പ്രിയപ്പെട്ടവര്‍ സ്ഥലംസഭകളിലുണ്ട്. പക്ഷേ, തികച്ചും അപരിചിതനായ  അല്ലെങ്കില്‍ പുതുതായി, (ആദ്യമായി) സഭാഹാളിലേക്ക് കടന്നുവരുന്ന ഒരു വ്യക്തി ആത്മീയനായ ഒരു യഥാര്‍ത്ഥ വിശ്വാസി തന്നെയെന്ന് വ്യക്തമാക്കുവാന്‍ ഈ പ്രിയപ്പെട്ടവര്‍ക്ക് സാധിക്കാറില്ല. മത്തായി. 7 : 20 – ല്‍ വായിക്കുന്നത്, ” ആകയാല്‍ അവരുടെ ഫലത്താല്‍ നിങ്ങള്‍ അവരെ തിരിച്ചറിയും” എന്നാണ്. ജീവിതത്തിലെ പ്രവൃത്തികളാണ് യാഥാര്‍ഥ്യത്തെ വെളിപ്പെടുത്തുന്നത്. തിരിച്ചറിയുവാന്‍ കഴിയണമെങ്കില്‍ ഒരാളെ അടുത്തറിയണം. സഭ അറിയുന്ന, സഭക്ക് പരിചയപ്പെടുത്തി ലഭിക്കുന്ന ഒരു വിശ്വാസിക്ക് മാത്രമേ  സഭയിലെ തിരുവത്താഴശുശ്രുഷയില്‍ പങ്കാളിയാകാന്‍ കഴിയുകയുള്ളൂ.

തിരുവത്താഴത്തില്‍ പങ്കുകൊള്ളുവാന്‍ താല്പര്യം പ്രകടിപ്പിക്കുന്ന, സഭയ്ക്ക് ഒരു നിലയിലും പരിചയമില്ലാത്ത  വ്യക്തിയെ സംബന്ധിച്ച്, ഈ കര്‍ത്തൃദിവസം ഒഴികെ മറ്റ് അമ്പത്തിയൊന്നു ആഴ്ചകളിലും താന്‍ എവിടെ, എങ്ങനെ, ആയിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് സ്ഥലംസഭയ്ക്ക് നേടിയെടുക്കുവാന്‍ കഴിയുന്നതല്ല. തിരുവത്താഴം നിരസിക്കുന്നതിന്നു ഇതൊരു കാരണമാണ്. അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാര്‍ത്ഥന കഴിച്ചും പോന്നു (continued steadfastly ) എന്ന ഉപദേശസംഹിതയുടെ, അപ്പോസ്തലീക മാതൃകയുടെ പ്രസക്തി ഇത്തരുണത്തിലാണ് കൂടുതല്‍ തെളിവായി വരുന്നത്. കര്‍ത്തൃമേശ ആചരണം വ്യക്തിപരമായ നിലയിലല്ല കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നത്. പ്രത്യുത, സഭയ്ക്കായിട്ട് കര്‍ത്താവ് നല്‍കിയ അനുഷ്ടാനമാണ് കര്‍ത്തൃമേശ. വ്യക്തിപരമെന്നതിലുപരി, സഭയ്ക്കാണ്‌ ഈ വിഷയത്തില്‍ വലിയ പ്രാഗത്ഭ്യം ഉണ്ടായിരിക്കേണ്ടത്. പുതിയനിയമം അത് വളരെ വ്യക്തമായി വെളിപ്പെടുത്തുന്നു. തിരുവത്താഴത്തില്‍ അംശിയായിത്തീരുന്ന ഒരു വിശ്വാസി കേവലം അപ്പവീഞ്ഞില്‍നിന്നും പങ്കാളിയാകുന്നു എന്നതിലുപരി സഭ ഒരുക്കിയിരിക്കുന്ന കൂട്ടായ്മയുടെ വലയത്തില്‍ പങ്കാളിയായിത്തീരുന്നു എന്ന സത്യമാണ് നാം  മനസ്സിലാക്കേണ്ടത്. സഭയുമായിട്ടുള്ള കൂട്ടായ്മയെന്നത് തുടര്‍മാനമായി ചെയ്തുപോരേണ്ടതാണ്. എല്ലാ ആഴ്ചകളിലും, എല്ലാ ദിവസങ്ങളിലും നിലനിന്നുപോരേണ്ട അനുഭവമാണ് സ്ഥലംസഭയുടെ കൂട്ടായ്മയില്‍ ആയിരിക്കുക എന്നുള്ളത്.

കടന്നുവരുന്ന വ്യക്തിയോട്, അവന്‍റെ രക്ഷയുടെ അനുഭവത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും ആത്മീയജീവിതത്തെക്കുറിച്ചും ചോദിച്ചറിയേണ്ടത് സഭയുടെ ആവശ്യമാണ്. യെരുശലേം സഭ പൌലോസിനോടുള്ള ബന്ധത്തില്‍ അപ്രകാരം തന്നെയാണ് ചെയ്തത്. വളരെ ശ്രദ്ധയോടെയാണ് പൌലോസിനെ യെരുശലേംസഭ സ്വീകരിച്ചത്. പൌലോസിനെക്കുറിച്ചറിയേണ്ട എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായ ഉത്തരങ്ങള്‍ ലഭിച്ചതിന്നുശേഷമാണ് യെരുശലെമിലെ സഭ പൌലോസിനെ സ്ഥലംസഭയുടെ കൂട്ടായ്മയില്‍ കൈക്കൊണ്ടത്. (അപ്പൊ. 9 : 26 – 28 ). ”…..അവരുമായി പെരുമാറുകയും…………. …….പ്രസംഗിക്കുകയും ചെയ്തുപോന്നു” എന്നതില്‍നിന്നും പൗലോസ്‌ സഭയോടുള്ള കൂട്ടായ്മയില്‍ സ്ഥിരമായി തുടര്‍ന്നുപോന്നു എന്നാണ് നാം മനസ്സിലാക്കുന്നത്.

സഭയുടെ അച്ചടക്കനടപടിക്ക് വിധേയമായി സഭയ്ക്ക് പുറത്തായിരിക്കുന്ന ഒരു വിശ്വാസിക്ക് കര്‍തൃമേശയില്‍ പങ്കെടുക്കുന്നത് അനുവദനീയമല്ല. പിന്മാറ്റത്തിന്റെ അവസ്ഥയില്‍ ആയിരിക്കുമ്പോള്‍ കര്‍ത്തൃമേശ നിഷേധിക്കപ്പെടുന്നതിന്നു ഇടയാകും.

സഭയുടെ വിശുദ്ധി സൂക്ഷിക്കുന്നതിനു, സഭാകൂട്ടായ്മയുടെ മാന്യത കാത്തുപരിപാലിക്കുന്നതിന്നു ദൈവവചന യോഗ്യമായ ക്രമീകരണങ്ങള്‍ സ്ഥലംസഭയില്‍ നിവര്‍ത്തിക്കപ്പെടെണ്ടത് ആവശ്യമാണ്‌ . നമ്മുടെ നടപ്പും ജീവിതവും കൂട്ടായ്മയുമെല്ലാം സ്ഥലംസഭയോടുള്ള ബന്ധത്തില്‍ കര്‍ത്താവിന്നു പ്രസാദകരമായി നയിപ്പാന്‍ ഇടയാകട്ടെ….

Leave a Reply

Your email address will not be published. Required fields are marked *