തിരുവത്താഴമാണോ (Lord’s Supper) ‘ആരാധനാ യോഗം’ (Worship Meeting )?

Worship (ആരാധന) എന്ന വാക്ക് ‘Worth’ എന്ന പദത്തില്‍നിന്നാണ് ഉണ്ടായത്. ഒരു വ്യക്തിക്കോ വസ്തുവിന്നോ കൊടുക്കുന്ന വിലയേറിയ പ്രകീര്‍ത്തനമാണ്‌ ആരാധനാ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്. ‘വരുവിന്‍, നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവിന്‍റെ സമാനതകളില്ലാത്ത അപദാനങ്ങളെ പാടി പുകഴ്ത്തുക’ എന്ന് തമ്മില്‍ തമ്മില്‍ പ്രബോധിപ്പിക്കുകയാണ് തിരുവത്താഴയോഗത്തില്‍ നാം ചെയ്യുന്നത്. ആയതിനാല്‍ തിരുവത്താഴയോഗം ഒരു ‘ആരാധനാ യോഗം’ (worship meeting ) തന്നെയാണ്. ദൈവത്തോടുള്ള അകമഴിഞ്ഞ സ്നേഹത്താലും ഭയഭക്തിബഹുമാനത്തിന്റെ നിറവിന്നാലും ഉളവാകുന്ന സ്തുതികളാലും സ്തോത്രത്താലും പുകഴ്ചകളാലും കര്‍ത്താവായ യേശുക്രിസ്തുവിനെ ഓര്‍ക്കുന്നതിനെ നാം ‘ആരാധനാ’ എന്നു വിളിക്കുന്നു. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിനത്തില്‍ അപ്പം നുറുക്കാനായി (Breaking of Bread) നാം കൂടിവരുമ്പോള്‍ പ്രാര്‍ത്ഥനകളിലൂടെയും സാക്ഷ്യങ്ങളിലൂടെയും മറ്റും, ആരാധനാ കേന്ദ്രമായ കര്‍ത്താവിങ്കല്‍ നിന്നുമാറി, സഭായോഗത്തില്‍ കൂടിവരുന്ന വിശ്വാസികളിലേക്ക് ചിന്തകളെ ആകര്‍ഷിക്കപ്പെടുന്ന യാതൊന്നിനും അവിടെ സ്ഥാനമില്ല. സ്ഥലം സഭയുടെ കൂട്ടായ്മയുടെയും, ഐക്യതയുടെയും പ്രത്യക്ഷമായ പ്രകടനമാണ് കര്‍തൃമേശയിലൂടെ നാം ചെയ്യുന്നത്.

തിരുവത്താഴയോഗത്തെ മാത്രം ‘ ആരാധനാ യോഗം’ എന്നു വിശേഷിപ്പിക്കുന്നതുകൊണ്ട്‌ ചില അപകടസാദ്ധ്യതകളുണ്ട്. അതായത്, വ്യക്തിപരമായോ, സഭയായോ ഒരുമിച്ചു കൂടി ദൈവസന്നിധിയില്‍ കടന്നുവരുന്ന എല്ലാ സമയത്തും ദൈവത്തെ ആരാധിക്കുവാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ് എന്ന കാഴ്ചപ്പാട് നഷ്ടപ്പെട്ടുപോകുന്നതിലേക്ക് ‘ആരാധനായോഗത്തെ’ ഒരു ‘പ്രത്യേക യോഗമായി ഒതുക്കുന്നതുകൊണ്ട്’ ഇടയാകും. ചില വിശ്വാസികള്‍ ഞായറാഴ്ച ‘ആരാധനയോഗത്തിന്’ മാത്രം വന്നു പോകുന്ന പ്രവണത നമ്മുടെ ഇടയില്‍ കൂടിവരുന്നു. സഭായോഗങ്ങളെയും അതില്‍ ഓരോന്നിന്‍റെയും ആവശ്യകതയെയും, ഉദ്ദേശത്തെയും പറ്റി അറിവില്ലാത്തതുകൊണ്ടാണ് ‘ആരാധനയോഗം’ ഒഴിച്ച് മറ്റുള്ളവയെ ഉപേക്ഷയായി വിചാരിക്കുന്നത്. ദൈവവചന ധ്യാനത്തിലോ, പഠനത്തിലോ, പ്രാര്‍ത്ഥനയില്‍ ദൈവത്തെ സമീപിക്കുമ്പോഴോ, അങ്ങനെ ഏതു സാഹചര്യത്തിലാണെങ്കിലും ദൈവത്തിന് സ്തുതിയും സ്തോത്രവും ആരാധനയും അര്‍പ്പിക്കുവാന്‍ ഒരു വിശ്വാസിക്ക് കഴിയണം. കര്‍ത്താവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സ്വഭാവത്തിനു ഉടമകളെയാണ് പിതാവായ ദൈവം അന്വേഷിക്കുന്നത് (യോഹ.4:23 ).

ഒരു പ്രത്യേക കൂടിവരവില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല ആരാധന. ‘തിരുവത്താഴത്തെ’ (Lord’s Supper) ‘ആരാധനാ യോഗം’ (worship meeting ) എന്ന് വിളിക്കുന്ന രീതി സ്വീകരിക്കാതിരിക്കുന്നതാണ് നമുക്ക്  അഭികാമ്യമായിട്ടുള്ളത്. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം ‘സഭായോഗത്തിനു പോകുന്നു’, ‘ആരാധനയ്ക്ക് പോകുന്നു’ അല്ലെങ്കില്‍ ‘ആരാധനാ യോഗത്തിനു പോകുന്നു’ എന്ന് പറയുന്ന ഒരു രീതിയാണ് നാം സാധാരണയായി കേട്ടും ശീലിച്ചും പോരുന്നത്. സ്ഥലം സഭയിലെ എല്ലാ കൂടിവരവുകളും സഭായോഗങ്ങളാണെന്നും ഒരാഴ്ചയില്‍ നടക്കുന്ന എല്ലാ യോഗങ്ങളും സഭയുടെ യോഗങ്ങള്‍ തന്നെയാണെന്നും, എല്ലാ കൂടിവരവുകളിലും കര്‍ത്താവിന് സ്തുതി കരേറ്റുക എന്നത് അത്യന്താപേക്ഷിതമാണെന്നുമുള്ള തിരിച്ചറിവാണ് നമുക്ക് അത്യാവശ്യമായി ഉണ്ടാകേണ്ടത്. ദിനംതോറും ദൈവത്തെ ആരാധിക്കുവാന്‍ നാം കടപ്പെട്ടവരാണ്. ആയതിനാല്‍, സഭയായിട്ടുള്ള നമ്മുടെ എല്ലാ യോഗങ്ങളിലും പ്രത്യേകിച്ച്, ആഴ്ചവട്ടത്തിന്റെ പ്രാരംഭദിവസം കര്‍ത്താവിന്റെ മേശയൊരുക്കി (Lord’s Table) കര്‍ത്താവിനെ ഓര്‍ക്കുമ്പോള്‍, ആരാധനക്ക് യോഗ്യനായ നമ്മുടെ കര്‍ത്താവിനെ ആരാധിച്ചു മഹത്വപ്പെടുത്തുവാന്‍ നമുക്ക് ഇടയാകട്ടെ….

One thought on “തിരുവത്താഴമാണോ (Lord’s Supper) ‘ആരാധനാ യോഗം’ (Worship Meeting )?

  1. Thank you for the new article. Lord’s supper is not worship, and the gathering on the first day of the week is not for worship actually. It is for fulfill the command of the lord, and remember our Lord’s death through the participation of the bread wine. The worship is through out the life of a saint.

    Thank you again for the article like it, allthe very best..

    s sanjivi, 9961166767

Leave a Reply

Your email address will not be published. Required fields are marked *