ഗ്രഹപ്രവേശനം (House Warming) – പാലുകാച്ചും, നാടമുറിക്കലും !!!

”യഹോവ ദൈവമായിരിക്കുന്ന ജാതിയും അവന്‍ തനിക്കു അവകാശമായി തെരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളത്” (സങ്കീ.33:12). ”ഒരു അനര്‍ത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്‍റെ കൂടാരത്തിന് അടുക്കയില്ല” (സങ്കീ.91:10). ”അതുകൊണ്ട് ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുന്നാള്‍, വാവ്, ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത് (കൊലോ.2:16). ”ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാല്‍ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങള്‍ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്ക് തിരിഞ്ഞ് അവയ്ക്ക് പുതുതായി അടിമപ്പെടുവാന്‍ ഇച്ചിക്കുന്നത്‌ എങ്ങനെ? നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും കാലങ്ങളും വര്‍ഷങ്ങളും പ്രമാണിക്കുന്നു” (ഗലാത്യ.4:9,10).

വലിയവനായ ദൈവം വാഗ്ദത്തങ്ങളും അതോടൊപ്പം മുന്നറിയുപ്പുകളും ദൈവവചനത്തിലൂടെ നമുക്കായി നല്‍കിയിട്ടുണ്ട്. കര്‍ത്താവിന്നായി വിളിച്ചു വേര്‍തിരിക്കപ്പെട്ട ദൈവജനം, ലോകത്തില്‍നിന്നും ലോകത്തിന്‍റെ കാലഗതിയില്‍നിന്നും വേര്‍പെട്ടവരാണ്. ഇപ്പോള്‍ കര്‍ത്താവില്‍ അവര്‍ വെളിച്ചമാണ്. കര്‍ത്താവിന്നു പ്രസാദമായത് എന്തെന്ന് പരിശോധിച്ചുകൊണ്ട്‌, വേര്‍പെട്ട ദൈവജനത്തിന്നു യോഗ്യമായതില്‍, വെളിച്ചത്തിലുള്ളവരായി നടന്നുകൊള്ളണം.

ഗ്രഹപ്രവേശ പാല് കാച്ചലിന്‍റെ കഥ പല തരത്തില്‍ നിലവില്‍ ഉണ്ടെങ്കിലും കൂടുതല്‍ പ്രചാരത്തിലുള്ള കഥ വിശ്വാസികള്‍ അറിഞ്ഞിരിക്കുന്നത്, ഈ ദുരാചാരത്തെ അകറ്റി നിര്‍ത്താന്‍ പ്രയോജനം ആകും എന്ന് കരുതുന്നു, തെക്കെ ഇന്ത്യയിലുള്ള ഹൈന്ദവ മതക്കാര്‍ ആണ് കൂടുതലായി പാല് കാച്ചല്‍ കര്‍മം നടത്താറുള്ളത്. അവരുടെ ദൈവമായ ഗണപതിയെ പ്രസാദിപ്പിക്കുവാന്‍ ചെയ്യുന്ന ഒരു ആചാരമാണ്, പുതിയ താമസസ്ഥലത്ത് നടത്തുന്ന ഈ പാല് കാച്ചല്‍. പരിപാടി. ആദ്യമായി അടുപ്പു കത്തിക്കല്‍ തുടങ്ങി പാലിന്‍റെ പങ്കു എല്ലാര്ക്കും   കിട്ടുന്നതും മുഹൂര്‍ത്ത സമയവും, കാലവും, കുടുംബത്തിലെ പ്രത്യേക വ്യക്തികളും ഒക്കെ ഈ പ്രവൃത്തിയില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നു. വാടക വീട്ടിലും മറ്റും ആദ്യമായി താമസത്തിന് എത്തുമ്പോള്‍ പാല് കാച്ചല്‍ നടത്താറുണ്ടെങ്കിലും, പുതുതായി പണികഴിപ്പിച്ച ഭവനത്തിലാണ് പാല് കാച്ചല്‍ വളരെ പ്രാധാന്യമായി നടത്താറുള്ളത്. പുതിയ താമസം, പുതിയ ജീവിതത്തെ കുറിക്കുന്നു. പാല് ‘തിളച്ചു തൂകുന്നത്’ സാമ്പത്തീക, ആരോഗ്യ, സന്തോഷ കാര്യങ്ങള്‍ അധികം ഉണ്ടാകുന്നതിനെ കാണിക്കുന്നു. തൂകിയതിനു ശേഷം ‘പാത്രത്തില്‍ അവശേഷിക്കുന്ന പാല്’ കുടുംബത്തിലുള്ള എല്ലാവരും കൂടി കുടിക്കുന്നത് സന്തോഷവും സന്താപവും തുല്യമായി പങ്കിടുന്നതിനെ പ്രധിനിധീകരിക്കുന്നു. പാല് ഗണപതിക്കും മറ്റു ദൈവങ്ങള്‍ക്കും അര്‍പ്പിച്ചതിനു ശേഷം ദൈവപ്രസാദമായി, വന്നു കൂടിയ എല്ലാവര്‍ക്കും പങ്കിടുന്നു. ഹൈന്ദവ വിശ്വാസ പ്രകാരം, കിഴക്ക് ഭാഗത്തേക്ക്‌ ആദ്യം പാല് തിളച്ചു തൂകുന്നത് ദൈവത്തിന്‍റെ അനുഗ്രഹത്തിന്‍റെ ദൃഷ്ടാന്തമാണ് എന്നാണ് വയ്പ്. വാസ്തു വിദ്യ പ്രകാരം ‘കിഴക്ക്’ പ്രാധാന്യമുള്ളതാണ്.

വിശ്വാസികള്‍, പുതിയ ഭവനത്തിന്‍റെ പണി കഴിഞ്ഞു അതില്‍ പ്രവേശിക്കുന്നതിനു മുന്‍പുള്ള പ്രാര്‍ത്ഥന, ഇക്കാലങ്ങളില്‍ ‘സ്തോത്ര പ്രാര്‍ത്ഥന’ എന്നതിനു പകരം ‘പാലുകാച്ചെന്നാണ്’ പൊതുവേ അറിയപ്പെടുന്നത്. പുത്തന്‍ പാത്രത്തില്‍ എടുത്ത പാല്‍ പുതിയ ഭവനത്തിന്റെ അടുപ്പില്‍ വെച്ചിട്ട് അതൊരു ആത്മീയ ശുശ്രൂഷയുടെ ഭാഗമാക്കി തീ കത്തിക്കുന്ന ചടങ്ങ് ഇക്കാലത്ത് വര്‍ദ്ധിച്ചു വരുന്നു. തുടര്‍ന്ന് പുതിയ അടുപ്പില്‍ കാച്ചിയ പാലിന്റെ ഒരംശം ക്ഷണിക്കപ്പെട്ടവര്‍ക്ക് കൊടുക്കുന്നു!! ഇപ്രകാരമുള്ള ചടങ്ങ് ഇന്ന് വിശ്വാസികളുടെ ഭവനങ്ങളിലും സര്‍വസാധാരണമായിരിക്കുന്നു. കൂടാതെ ഭവന പ്രവേശനത്തിനു മുന്പായി പ്രധാന വാതില്‍ക്കല്‍ കുറുകെ ചുവന്ന നാട (റിബ്ബണ്‍— Ribbon) കെട്ടിയിട്ടു പ്രവേശനത്തിനായി ശുശ്രൂഷകന്‍ കത്രിക കൊണ്ട് മുറിച്ചു പ്രവേശിക്കുന്നതും കണ്ടിട്ടുണ്ട്. മുഹൂര്‍ത്തം എന്ന വാക്ക് ഉപയോഗിച്ചില്ലെങ്കിലും അതുമായി ബന്ധപ്പെട്ടു വരുന്ന സമയവും, കാലവും, മറ്റു ക്രമങ്ങളും എല്ലാം തന്നെ ചില ‘വിശ്വാസികളും’ ചെയ്യുന്നു എന്നത് ദു:ഖകരമാണ്. ‘വേര്‍പാട്‌’ ഇല്ലാത്ത വേര്‍പാട്‌ (brethren) കാരുടെ എണ്ണം കൂടിവരുന്നു.

പാലുകാച്ചു എന്ന ചടങ്ങ് ജാതികളില്‍ നിന്ന് പകര്‍ത്തപ്പെട്ട ദുരാചാരമാണ്. വാതില്‍ക്കല്‍ കെട്ടിയിരിക്കുന്ന നാട മുറിച്ചുള്ള പ്രവേശനം ലോകത്തിലെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്ന് പകര്‍ത്തപ്പെട്ടതാണ്. പുതിയഭവനത്തില്‍ അടുപ്പു കത്തിക്കുന്നതിന് മുന്പായി പ്രാര്‍ത്ഥനയോടൊപ്പം തീ കത്തിച്ചു പാലു കാച്ചി ദൈവത്തെ സ്തുതിക്കുന്നതിന് എന്തേ തെറ്റ്? എല്ലാവരും ഭവനത്തിനു പുറത്തുനിന്ന ശേഷം വാതിലില്‍ കെട്ടിയിരിക്കുന്ന നാട (റിബ്ബണ്‍-Ribbon) ശുശ്രൂഷകന്‍ കത്രികയാല്‍ മുറിച്ച ശേഷം സ്തോത്രത്തോടെ പ്രവേശിക്കുന്നതില്‍ എന്തേ തെറ്റ്? സ്വാഭാവികമായും പല സഹോദരങ്ങളില്‍ നിന്നും, ശുശ്രൂഷ ക്കാരില്‍ നിന്നും ഉയരുന്ന ചോദ്യങ്ങളാണിത്. ഇതൊക്കെ ദൈവവചനത്തിനെതിരാണോ എന്നും  ചിന്തിച്ചേക്കാം. ലോകപ്രകാരം തെറ്റൊന്നുമില്ലെങ്കിലും വേര്‍പെട്ട വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല. അടുപ്പു കത്തിക്കല്‍ ഒരു ശുശ്രൂഷയായി  പ്രഖ്യാപിച്ചു നടത്തുന്ന ശുശ്രൂഷകരും ഉണ്ട് ആദ്യമായി അടുപ്പുകത്തിച്ചു പാലുകാച്ചുകയോ കാപ്പിയിടുകയോ ആഹാരം പാകം ചെയ്യുകയോ ഒക്കെ വീട്ടുകാര്‍ തന്നെ അവരുടെ ആവശ്യാനുസരണം പ്രാര്‍ത്ഥനയോടെ ചെയ്യട്ടെ. നിലവിളക്ക് കത്തിച്ചു തീ പകരുന്നതും, പാലു കാച്ചുന്നതും, കത്രികയാല്‍ റിബ്ബണ്‍ മുറിച്ചു ആരംഭം കുറിക്കുന്നതും വിശ്വാസികള്‍ക്ക് അനുകരിക്കുവാന്‍ കൊള്ളാവുന്ന മാതൃകയല്ല. വിശ്വാസികള്‍ കര്‍ത്താവിനെയാണ് അനുകരിക്കേണ്ടത്. സഭയായി ഗൃഹപ്രവേശന പ്രാര്‍ത്ഥന നടത്തുമ്പോള്‍ സാധാരണ സ്തോത്ര പ്രാര്‍ത്ഥനപോലെ തന്നെ നടത്തുന്നതാണ് അഭികാമ്യം. ദൈവവചനത്താലും സ്തോത്രത്താലുമാണ് സകലവും ആരംഭം കുറിക്കേണ്ടത്‌…

വേര്‍പെട്ട വിശ്വാസികള്‍ എല്ലാവിധ ദുരാചാരങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും വേര്‍പെടണം. യേശുക്രിസ്തുവില്‍ മാത്രം ലക്ഷ്യവും ആശ്രയവും വെച്ചു വിശുദ്ധിയോടെ ജീവിക്കണം.

വിശ്വാസികള്‍ ലോകത്തില്‍ എങ്ങിനെ ആയിരിക്കേണം?

എഫെസ്യര്‍ 5:11 “ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു”

റോമര്‍ 12.1,2 “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ”

2 കൊരിന്ത്യര്‍ 6.16 “ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു”.

പ്രിയ സഹോദരങ്ങളെ, നിങ്ങളോ, നിങ്ങള്‍ക്ക് പ്രിയപ്പെട്ട വിശ്വാസികളോ പുതിയ ഗ്രഹപ്രവേശത്തിന് ഒരുങ്ങുന്നു എങ്കില്‍ ഈ ചിന്തകള്‍ പ്രസ്തുത വിഷയോത്തോടുള്ള ബന്ധത്തില്‍ നിങ്ങള്‍ക്ക് അനുഗ്രഹമാകട്ടെ. സഭാമൂപ്പന്മാരും, ഉപദേഷ്ട്ക്കന്മാരും, സുവിശേഷകന്മാരും തുടങ്ങിയ കാവല്‍ഭടന്മാര്‍, ഇത്തരം അനാചാരങ്ങള്‍ക്ക് കൂട്ട് നില്ക്കരുതേ…

Leave a Reply

Your email address will not be published. Required fields are marked *