മത്തായി. 18 : 20 ഒരു പ്രാദേശിക സഭയെക്കുറിച്ചുള്ള ആദ്യത്തേതും ഏറ്റവും ലളിതമായിട്ടുള്ളതുമായ പ്രസ്താവന തന്നെയാണെന്നുള്ളത് നാം കണ്ടുകഴിഞ്ഞു. അങ്ങനെയല്ല എന്ന് ശഠിക്കുന്ന വാദങ്ങളെ വിശകലനം ചെയ്യുവാനും എന്താണ് വ്യക്തമെന്നത് മനസിലാക്കുവാനും ഈ ലേഖനത്തിന്‍റെ ആദ്യ രണ്ടു ഭാഗങ്ങളായി നമുക്ക് കഴിഞ്ഞിട്ടുണ്ട്. പ്രസ്തുത വിഷയത്തോടുള്ള ബന്ധത്തില്‍ ചുരുക്കം ചില വസ്തുതകള്‍കൂടി രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.
ദൈവജനത്തിന്റെ, വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകളെ, അകൃത്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു വിഷയാവതരണമായിട്ടാണ് പുതിയനിയമത്തില്‍ സഭയെക്കുറിച്ച് ആദ്യത്തെ പ്രസ്താവനയായി മത്തായി. 18:20 നാം വിലയിരുത്തുന്നത്. അതുപോലെതന്നെ, ദൈവത്തോടും ദൈവസഭയോടും പുലര്‍ത്തേണ്ട അനുഗ്രഹീത സാക്ഷ്യത്തില്‍ വന്ന മാനുഷീകമായ പരാജയങ്ങളെ തിരുത്തുന്നതിന് സഹായകരമായിട്ടുള്ള ഒരു ലേഖനമാണ് അപ്പൊസ്തലനായ പൗലോസ് കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാമത്തെ ലേഖനം. ഈ ലേഖനം മുഴുവനായുംതന്നെ സഭാക്രമീകരണങ്ങളെയും സഭാനടപടികളെയുംക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഒന്നാണ്. സഭയെന്ന മഹത്തരമായ സത്യത്തെക്കുറിച്ചുള്ള ആദ്യത്തെ പരാമര്‍ശം മാനുഷീക പരാജയത്തെ, തെറ്റുകളെ മുന്‍നിറുത്തിയാണ് വെളിപ്പെടുത്തിയിരിക്കുന്നത് എന്ന വസ്തുത, വിലപ്പെട്ട യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് നമ്മുടെ നിഗമനങ്ങളെ നയിക്കുന്നത്. ദൈവത്തോടുള്ള നമ്മുടെ സാക്ഷ്യം, ദൈവത്തോടുള്ള നമ്മുടെ കൂട്ടായ്മ, ദൈവസാന്നിദ്ധ്യത്തോട് മാനവജാതിക്കുണ്ടായിരുന്ന സഹവാസം തുടങ്ങിയ സകല പ്രമാണങ്ങളും ആത്യന്തികമായി, ആദ്യമനുഷ്യന് ദൈവമുമ്പാകെ വന്ന പരാജയത്തിന്‍റെ അനന്തരഫലവുമായി അടിസ്ഥാനപ്പെട്ടിരിക്കുന്നു എന്നുള്ളത് പരമാര്‍ത്ഥമാണ്. എന്നാല്‍ മനുഷ്യന്‍റെ പരാജയങ്ങളെയും ദൌര്‍ബല്യങ്ങളെയും ബലഹീനതകളെയും കണക്കിടാതെ, കര്‍ത്താവായ യേശുക്രിസ്തുവിലൂടെ ദൈവം തന്‍റെ സാക്ഷ്യം ഈ ലോകത്തില്‍ നിറവേറ്റി. ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ബോധം നമുക്ക് ഊര്‍ജ്ജം പകരുന്നതാണ്. മത്തായി. 18 – ഉം കൊരിന്ത്യര്‍ക്കുള്ള ആദ്യലേഖനവും മനുഷ്യന്‍റെ, വിശ്വാസിയുടെ പരാജയത്തോടുള്ള, തെറ്റുകളോടുള്ള ബന്ധത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്നു എന്നത് ചിന്തനീയമാണ്. ആ യാഥാര്‍ത്ഥ്യത്തെ നമുക്ക് അവഗണിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ ഭാഗങ്ങള്‍ നല്‍കുന്ന അനുഗ്രഹിക്കപ്പെട്ട പാഠങ്ങള്‍ നമ്മുടെ ക്രിസ്തീയജീവിതത്തിന് ആനന്ദവും ഉറപ്പും പകര്‍ന്നു നല്‍കുന്നത് തന്നെയാണ്.
മത്തായി. 18 : 20 – ന്‍റെ പശ്ചാത്തലവും (context) അതു വെളിപ്പെടുത്തുന്ന ആത്മീയസത്യവും എന്താണെന്ന് നാം ഗ്രഹിച്ചുകഴിഞ്ഞു. ഈ വാക്യത്തിന്‍റെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയും സഭയെക്കുറിച്ചുള്ള മറ്റെല്ലാ പുതിയനിയമ വെളിപ്പാടുകളെ അംഗീകരിച്ചുകൊണ്ടും മാത്രമേ ഈ വേദഭാഗത്തില്‍ അടങ്ങിയിരിക്കുന്ന ആത്മീയസത്ത നമുക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയുകയുള്ളൂ. വചനം മനസിലാക്കേണ്ടതും ഗ്രഹിക്കേണ്ടതും ഈ വിധം തന്നെയായിരിക്കണം. ഉദാഹരണമായി, യോഹന്നാന്‍ 14:3 – ല്‍ നാം ഇങ്ങനെ വായിക്കുന്നു, “ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിയാല്‍, ഞാന്‍ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്‍റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും.” തനിക്കായി വേര്‍തിരിക്കപ്പെട്ട തന്‍റെ ജനത്തെ തന്നോടൊപ്പം ചേര്‍ക്കുവാന്‍ കര്‍ത്താവ് ആകാശവിതാനത്തില്‍ പ്രത്യക്ഷനാകാന്‍ പോകുന്ന വസ്തുതയെക്കുറിച്ചാണ് കര്‍ത്താവ് ശിഷ്യന്മാരോട് പറഞ്ഞത് എന്നത് നാം മനസ്സിലാക്കുന്നു. പക്ഷെ, അത് അങ്ങനെതന്നെയെന്ന് നമുക്ക് എങ്ങനെ ഉറപ്പാക്കുവാന്‍ കഴിയും? 1 തെസ്സ. 4 : 13 – 18 – ന്‍റെ അടിസ്ഥാനത്തില്‍ യോഹ. 14 – നെ വിലയിരുത്തുമ്പോഴാണ് ആ അര്‍ത്ഥം നമുക്ക് വ്യക്തമായി ഗ്രഹിക്കാന്‍ സാധിക്കുന്നത്. അപ്രകാരം തന്നെ, അപ്പൊ.പ്രവര്‍ത്തികളുടെയും ലേഖനങ്ങളുടെയും തണലില്‍നിന്നുകൊണ്ടുവേണം മത്തായി. 18 : 20 – നെ നാം കാണേണ്ടതും പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതും.
”രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട്……..”എന്ന വാക്യം നാം അപഗ്രഥനം ചെയ്തു പഠിക്കുമ്പോള്‍ സഭയെന്ന വളരെ അനുഗ്രഹിക്കപ്പെട്ട സത്യമാണ് നമുക്ക് വെളിപ്പെട്ടു ലഭിക്കുന്നത്. രണ്ടോ മൂന്നോ പേര്‍ തമ്മില്‍ കാണുമ്പോള്‍, പരസ്പരം കണ്ടുമുട്ടുമ്പോള്‍ രൂപീകൃതമാകുന്ന ആ സന്ദര്‍ഭത്തെ നമുക്ക് ‘കൂടിവരവ്’ (meeting) എന്ന് വിശേഷിപ്പിക്കാവുന്നതാണ്. മത്തായി. 18 : 20-ലെ യേശുകര്‍ത്താവിന്‍റെ പ്രയോഗത്തിന്‍റെ ഉദ്ദേശം വളരെ പ്രസക്തമാണ്. ആകസ്മികമായി രണ്ടോമൂന്നോ പേര്‍ തമ്മില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു കൂടിവരവിനെക്കുറിച്ചല്ല ഇവിടെ (മത്തായി 18:20) പ്രതിപാദിക്കുന്നത്, മറിച്ച്, യേശുക്രിസ്തുവിന്‍റെ നാമത്തിലുള്ള ഒരു കൂടിവരവ് (meeting–യോഗം) ഉണ്ടാകുന്നതിന്നായി രണ്ടോമൂന്നോ പേര്‍ കര്‍ത്താവിന്റെ നാമത്തില്‍ കൂടിവന്നു (gathered together ) എന്ന സത്യമാണ് നാം മനസ്സിലാക്കേണ്ടത്. ഒരു സഭയെക്കുറിച്ചുള്ള ഏറ്റവും ലളിതമായ രീതിയിലുള്ള വെളിപ്പെടുത്തലാണ് മത്തായി. 18:20 എന്ന് അവകാശപ്പെടുന്നതില്‍ ഒരു സന്ദേഹത്തിന്റെയും ആവശ്യമില്ല.
കര്‍ത്താവായ യേശുക്രിസ്തു എന്ന വ്യക്തിവിശേഷമാണ് സഭാകൂടിവരവിലെ കേന്ദ്രവിഷയമായിരിക്കേണ്ടത്. വിശ്വാസികളുടെ എണ്ണത്തില്‍ വളരെ കുറവായ സഭാകൂടിവരവില്‍പ്പോലും കര്‍ത്താവിന്റെ മഹനീയ സാന്നിദ്ധ്യം (His presence) ഉണ്ട് എന്ന് മത്തായി 18:20 – ല്‍ വളരെ അസന്നിഗ്ധമായി ദൈവാത്മാവ് പ്രഖ്യാപിച്ചിരിക്കുന്നതിന്നാല്‍, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ (His name ) എപ്പോഴൊക്കെയോ (സഭ ക്രമീകരിച്ചിരിക്കുന്ന സമയം) , എവിടെവച്ചോ (സഭ കൂടിവരുന്ന സ്ഥലം) തുടര്മാനമായി ഒരു സഭ കൂടിവരുന്നുവോ, അവരുടെ നടുവില്‍ കര്‍ത്താവിന്റെ സാന്നിദ്ധ്യം (His presence ) ഉണ്ടായിരിക്കുമെന്നത് അനിഷേധ്യമായ കാര്യമാണ്. പ്രിയ ദൈവജനമേ, കര്‍ത്താവിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയുവാന്‍ കഴിയുന്ന സഭയെന്ന സത്യത്തില്‍ പ്രശംസിക്കുവാനും സന്തോഷിക്കുവാനും നമുക്ക് വകയുണ്ട്, പ്രാഗത്ഭ്യമുണ്ട്. അനുഗ്രഹിക്കപ്പെട്ട സഭാജീവിതം നയിക്കാന്‍ ഈ പഠനം പ്രയോജനകരമാകട്ടെ എന്ന് ആശംസിക്കുന്നു. ദൈവം നമ്മെ ഏവരെയും ധാരാളമായി സഹായിക്കുമാറാകട്ടെ.
