സ്ഥലം സഭയിലെ മൂപ്പന്മാരുടെ തീരുമാനത്തോട് വിയോജിപ്പുണ്ടാകുമ്പോള്‍ നാം എന്ത് ചെയ്യണം ?

സഭക്കു വേണ്ടി   ചില പ്രത്യേക തീരുമാനങ്ങളെടുക്കാന്‍  മൂപ്പന്മാര്‍ക്കു അത്ര എളുപ്പമല്ല എന്ന് മാത്രമല്ല, എല്ലാവരുടെയും അംഗീകാരം സമ്പാദിക്കുവാനും അത്ര എളുപ്പമല്ല. കാരണം എന്തിനോടും ഓരോ വിശ്വാസികള്‍ക്കും സ്വതസിദ്ധമായ അഭിപ്രായമുണ്ട്, ഏതു സഭാതീരുമാനത്തോടും പ്രാഥമികമായി നമ്മില്‍ ഉണ്ടാകുന്ന വിയോജിപ്പ് പ്രസ്തുത തീരുമാനത്തെ പല രീതികളിലൂടെ കുറ്റപ്പെടുത്തുക എന്നുള്ളതാണ്. എന്നാല്‍ ഇതിന്റെ പ്രത്യാഘാതം ദൂരവ്യാപകവും, ഒരു പക്ഷെ സഭയെ തകര്‍ക്കുന്നത് തന്നെയുമാകാം. ദൈവ വചനത്തിലേക്കു തിരിയുമ്പോള്‍ നേതൃത്വത്തിന്നെതിരെയുള്ള ഈ ആരോപണമുയര്‍ത്തല്‍ വളരെ പണ്ട് മുതലേ നിലനിന്നിരുന്നതായി കാണാം. സംഖ്യാപുസ്തകത്തില്‍, മോശെക്കു വിരോധമായി പിറുപിറുക്കുന്ന മിര്യാമിനെയും അഹരോനെയും കാണാം, കൂടാതെ യിസ്രായേല്‍ മക്കള്‍ എല്ലാവരും മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു. (സംഖ്യ. 13-14). “വിധവമാരെ ദിനംപ്രതിയുള്ള ശുശ്രൂഷയില്‍ ഉപേക്ഷയായി വിചാരിച്ചു” എന്ന കാര്യത്തോട് ബന്ധപ്പെട്ട് രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വിയോജിപ്പ്  അപ്പൊ. പ്രവൃത്തികളുടെ പുസ്തകം അദ്ധ്യായം. ആറില്‍ നമുക്ക് കാണാം.

ഇപ്പോള്‍ സാധാരണയായി വിശ്വാസികളില്‍ കാണുന്ന പ്രവണത, മിക്കവാറും പേര്‍ തീരുമാനങ്ങളോട് വിയോജിപ്പ് ഉണ്ടാകുമ്പോള്‍തന്നെ  പൊട്ടിത്തെറിക്കുന്നു എന്നതാണ്. അല്പം സമയമെടുത്തു ആലോചിക്കുവാനോ ചിന്തിക്കുവാനോ മെനക്കെടുന്നില്ല.  സഭാമൂപ്പന്മാരുടെ തീരുമാനത്തെ ഇടയ ശ്രേഷ്ടനായ കര്‍ത്താവിന്റെ തീരുമാനം പോലെ വില കൊടുത്ത് അതിനു വിധേയപ്പെടാന്‍ മനസ്സില്ലാത്തവരായി തീര്‍ന്നിരിക്കുന്നു. സര്‍വ ശക്തനായ ദൈവത്താല്‍ ലഭിച്ച ശുശ്രൂഷയാണ് സഭാമൂപ്പന്മാര്‍ ചെയ്യുന്നത് എന്ന് വിശ്വാസികള്‍ അംഗീകരിക്കണം. തന്റെ സ്വന്ത രക്തത്താല്‍ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേക്കുവാന്‍ പരിശുദ്ധാത്മാവാണ് അവരെ മൂപ്പന്മാര്‍ അഥവാ അദ്ധ്യക്ഷന്മാരാക്കി വച്ചിരിക്കുന്നത് (അപ്പൊ 20:28). സഭയിലെ വിശ്വാസികളെ ഒരു ആട്ടിന്‍കൂട്ടത്തെ പോലെ പോറ്റുവാനും, ശുശ്രൂഷിക്കുവാനും, സത്യത്തില്‍ വഴി നടത്തുവാനും ദൈവമാണ് അവര്‍ക്ക് അധികാരം കൊടുത്തിരിക്കുന്നത്. എബ്രായ ലേഖനത്തിന്റെ അവസാന ഭാഗത്ത് നാം ഇങ്ങനെയാണ് വായിക്കുന്നത് “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല”  (എബ്രാ 13:17). വെറുതെ പ്രശ്നമുണ്ടാക്കാന്‍ നടക്കുന്നവര്‍ ദൈവത്തില്‍ നിന്ന് മേടിച്ചു കെട്ടും എന്ന് ദൈവ വചനം ഉറപ്പിച്ചു തരുന്നു. ദൈവവചനത്തിനു എതിരല്ലാത്ത എല്ലാ തീരുമാനങ്ങള്‍ക്കും നാം അനുസരണമുള്ളവരും, വിധേയപ്പെടുന്നവരും ആയിരിക്കണം. കാരണം അത് ദൈവിക അധികാരത്തില്‍ നിന്നുള്ളതാണ്.

അടുത്ത പടി സഭാമൂപ്പന്‍മാരുടെ ശുശ്രൂഷയെ ബഹുമാനിക്കുക എന്നതാണ്. സഭയുടെ തീരുമാനത്തോട് വിയോജിപ്പുണ്ടാകുമ്പോള്‍ ചില ചോദ്യങ്ങള്‍ ആദ്യമായി നമ്മോട് തന്നെ ചോദിക്കേണ്ടതുണ്ട്.

ü  മൂപ്പന്മാര്‍ക്കു വേണ്ടി ആത്മാര്‍ത്ഥമായി ഞാന്‍ ഇന്ന് പ്രാര്‍ഥിച്ചുവോ ?

ü  മൂപ്പന്മാര്‍ കൈകാര്യം ചെയ്യേണ്ടിവരുന്ന ഭാരപ്പെടുത്തുന്ന സഭാവിഷയങ്ങളുടെ (രഹസ്യമായവയും, പരസ്യമായവയും) ഗൌരവത്തെക്കുറിച്ചു ചിന്തിച്ചിട്ടാണോ ഞാന്‍ പ്രതികരിക്കാന്‍ തുനിയുന്നത് ?

ü  സഭ ഒരു പ്രത്യേക തീരുമാനത്തില്‍ എത്തിച്ചേരുവാന്‍ ഇടയായിത്തീര്‍ന്ന എല്ലാ സാഹചര്യങ്ങളെക്കുറിച്ച് വാസ്തവമായും അറിഞ്ഞിട്ടാണോ ഞാന്‍ അവര്‍ക്കെതിരെ വിരല്‍ ചൂണ്ടിയത് ?

ü  ഞാന്‍ എപ്പോഴെങ്കിലും മൂപ്പന്മാരെ ഉല്‍സാഹിപ്പിക്കയും, ആദരിക്കയും, സഹായിക്കയും ചെയ്തിട്ടുണ്ടോ ?

ü  ഞാന്‍ മൂപ്പന്മാര്‍ക്കു എന്നും മനോവിഷമം ഉണ്ടാക്കുന്ന വ്യക്തിയാണോ ?

ü  മറ്റുള്ളവരുടെ മുമ്പില്‍ ആളാകാന്‍ വേണ്ടിയാണോ ഞാന്‍ മൂപ്പന്മാരെ എതിര്‍ക്കുന്നത് ?

മൂപ്പന്മാരുടെ തീരുമാനങ്ങളെ അനുസരിക്കുവാനും, അവരുടെ നേതൃത്വത്തിന് കീഴടങ്ങുവാനും നമ്മെ സ്വാധീനിക്കുന്നത് അവരുടെ ജീവിത മാതൃകയും, ക്രിസ്തുവില്‍ അവര്‍ക്കുള്ള സ്നേഹവുമാണ്. ഇങ്ങനെയുള്ള മൂപ്പന്മാരെ ഏതു കാര്യങ്ങള്‍ക്കും ഇപ്പോള്‍ വേണമെങ്കിലും സമീപിക്കുവാന്‍ നമുക്ക് സാധിക്കും.

സഭയുടെ തീരുമാനത്തോട് നമുക്ക് വിയോജിക്കാം, പക്ഷെ അതിലൂടെ ദൈവനാമ മഹത്വവും, സഭയുടെ അഭിവൃദ്ധിയും ഉണ്ടാകണം. വളരെ പ്രധാനപ്പെട്ട വിഷയമാണെങ്കില്‍ സഭയുടെ മൂപ്പന്മാരെ സമീപിച്ചു നമുക്ക് നമ്മുടെ ഭാഗം സൌമ്യതയോടെ അവതരിപ്പിക്കാം. പക്ഷെ മിക്കവാറും ഇത് വെല്ലുവിളിയായി മാറുകയാണ് പതിവ്. സഭ രണ്ടാക്കലാണ് പലരുടെയും ശീലം. കര്‍ത്താവായ യേശുക്രിസ്തുവിനെ പല അവസരങ്ങളിലും ശിഷ്യന്മാര്‍ തങ്ങളുടെ സംശയനിവാരണത്തിനായി സമീപിച്ചതായി നാം കാണുന്നുണ്ടല്ലോ. യഥാര്‍ത്ഥ മൂപ്പന്മാര്‍ എപ്പോഴും തങ്ങളുടെ ആടുകളെ കരുതുന്നവരാകകൊണ്ട് അവര്‍ നമ്മുടെ സംശയങ്ങള്‍ക്ക് വ്യക്തമായി ഉത്തരം തരും.

സങ്കടകരം എന്ന് പറയട്ടെ ഇന്ന് സ്ഥലം സഭകളില്‍ യഥാര്‍ത്ഥ ഇടയ ഹൃദയമുള്ള ഇടയന്മാര്‍ അഥവാ മൂപ്പന്മാര്‍  വളരെ കുറവാണ്. വളരെ അദ്ധ്വാനവും ഹൃദയ ഭാരവും ആവശ്യമുള്ള ഈ ശ്രേഷ്ഠ ജോലി, കര്‍ത്താവ് എല്പിക്കാത്തവര്‍ ഏറ്റെടുത്താല്‍ (സ്വര്‍ഗത്തില്‍ ലജ്ജയാണ് അവരുടെ  പ്രതിഫലം എന്ന്  ഓര്‍ത്തിരിക്കേണ്ടതാണ്.  നാം വളരെ പ്രാര്‍ത്ഥനയില്‍ ദൈവമുമ്പാകെ  ജാഗരിക്കുക. തീര്‍ച്ചയായും ദൈവസ്നേഹമുള്ളവര്‍ എഴുന്നേല്‍ക്കും, ദൈവ സഭയില്‍ ദൈവജനത്തെ ശുശ്രൂഷിക്കും!!!!!!!!!!!

One thought on “സ്ഥലം സഭയിലെ മൂപ്പന്മാരുടെ തീരുമാനത്തോട് വിയോജിപ്പുണ്ടാകുമ്പോള്‍ നാം എന്ത് ചെയ്യണം ?

  1. വളരെയേറെ അഭിനന്തനാര്ഹവും കാലിക പ്രസക്തിയുള്ളതുമായ
    ഈ വിഷയം എഴുതിയ കരങ്ങളെ ദൈവവചനം വിരചിതമാക്കിയ ദൈവത്തിന്റെ
    പരിഷുദ്ധാരൂപി ഇനിയും ശക്തീകരിക്കട്ടെ ……………;

    ദൈവാത്മാവ് എഴുന്നെല്പ്പിക്കാത്ത ‘കവലേടയന്മാർക്കും’ , ‘കപടമൂപ്പന്മാർക്കും’ , ‘ആകാത്ത
    സുവിശേഷകന്മാർക്കും’ , ‘വേലക്കാർക്കും’……… അവർക്കുവരാനിരിക്കുന്ന നീക്കുപോക്കില്ലാത്ത
    ന്യായവിധിയെക്കുറിച്ചും , ദൈവീക സന്ത്ർശനത്തെക്കുരിച്ചും ശക്തമായ ഭാഷയിൽ
    അനാവരണം ചെയ്തുകാണിക്കുവാൻ …..
    ആഹ്വാനം ചെയ്തുകൊണ്ട് നിർത്തുന്നു ………

Leave a Reply

Your email address will not be published. Required fields are marked *