മത്തായി 18:20 – ഒരു പ്രാദേശികസഭ (Local Assembly) യെക്കുറിച്ച് യേശുകര്‍ത്താവിന്‍റെ ആദ്യത്തെ വെളിപ്പെടുത്തലോ?

”രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ നിങ്ങളോടു പറയുന്നു” (മത്തായി 18: 20 ) – ഒരു പഠനം.

ദൈവവചന സത്യങ്ങള്‍ പഠിക്കുകയും  വ്യാഖ്യാനിക്കുകയും ചെയ്യുന്നത് വചനംകൊണ്ട് തന്നെയായിരിക്കണം. തിരുവചനം സമ്പൂര്‍ണ്ണമാണ്‌. ദൈവനിശ്വാസീയമാണ് തിരുവചന സത്യങ്ങള്‍ . വിശുദ്ധ ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം ഊഹാപോഹങ്ങളുടെ ദൈവമല്ല. തിരുവചനത്തില്‍ കാണുന്ന സകല മാതൃകകളും ക്രമീകരണങ്ങളും (പുതിയനിയമത്തിലും പഴയനിയമത്തിലും) വലിയവനായ ദൈവത്താല്‍ സ്ഥാപിതമാക്കപ്പെട്ടിട്ടുള്ളതാണ്. തിരുവചനം വ്യാഖ്യാനിച്ച് പഠിക്കുന്നതിന് വിവിധ രീതികള്‍ അഥവാ മാര്‍ഗ്ഗങ്ങള്‍ (Laws of Interpretations ) വേദപഠിതാക്കള്‍ ഉപയോഗിക്കാറുണ്ട്. പല രീതികള്‍ ഉള്ളതില്‍ പ്രാധാന്യതയില്‍ ഒട്ടും കുറവ് ഇല്ലാത്ത ഒന്നാണ് ഒന്നാമത്തെ, ആദ്യത്തെ പരാമര്‍ശത്തെ കണക്കിലെടുക്കുക എന്നുള്ളത് (The Law of First Mention). സഭയെന്ന (Church) വലിയ സത്യത്തെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം നാം കാണുന്നത് മത്തായി. 16 : 18 ( ……ഞാന്‍ എന്‍റെ സഭയെ പണിയും;…..)  ലാണ്. സഭയുടെ നാഥനായ കര്‍ത്താവിന്റെ വാക്കുകളായിട്ടാണ് നാം അത് കാണുന്നത്. ഒരു പ്രാദേശികസഭയെക്കുറിച്ച്  (Local Assembly) ആദ്യത്തേതും നമ്മുടെ കര്‍ത്താവിന്റെതുമായ പ്രസ്താവന നാം വായിക്കുന്നത് മത്തായി. 18: 15 – 20 വേദഭാഗത്താണ്. ആദ്യമായി സൂചിപ്പിക്കപ്പെടുന്ന ഒരു സത്യം തുടര്‍ന്നുള്ള വേദഭാഗങ്ങളിലൂടെ വെളിപ്പെടുത്തലുകളുടെ പുരോഗമനത്താല്‍ അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥത്തിലേക്കും രൂപത്തിലേക്കും എത്തപ്പെടുന്നു എന്നത് തിരുവചനത്തില്‍ കാണുന്ന ഒരു പൊതുവായ പ്രത്യേകതയാണ്. ഒരു സത്യം ആദ്യമായി പരാമര്‍ശിക്കുമ്പോള്‍, അതിനോട് ചേര്‍ന്നുവരുന്ന സകല വസ്തുതകളും അതിന്‍റെ എല്ലാ അര്‍ത്ഥവും ആ വാക്യത്തില്‍ തന്നെ ഉള്‍പ്പെടുത്തപ്പെടണമെന്നില്ല. എന്നാല്‍ തിരുവചനം പൂര്‍ണ്ണമായും വെളിപ്പെടുത്തിക്കിട്ടിയിരിക്കുന്നതിന്നാല്‍, രേഖപ്പെടുത്തിയിരിക്കുന്ന ഓരോ സത്യങ്ങളും ഉപദേശങ്ങളുമൊക്കെ വചനപ്രകാരം പൂര്‍ണ്ണമായ നിലയില്‍ തന്നെയാണ് എന്നത് മനസ്സിലാക്കിയിരിക്കേണ്ടതാണ്.

ഒരു പ്രാദേശികസഭയെ (Assembly) ക്കുറിച്ചുള്ള ആദ്യത്തെ പരാമര്‍ശം നടത്തിയിരിക്കുന്നത് മത്തായി. 18: 15 – 20 എന്ന വേദഭാഗത്താണ്. ആദ്യത്തെ സഭയെ നാം കാണുന്നത് അപ്പൊ. പ്രവര്‍ത്തി. 2 : 41, 42 വേദഭാഗത്താണ്. സഭയിലെ ക്രമീകരണങ്ങളെക്കുറിച്ചുള്ള ആദ്യലേഖനം കൊരിന്ത്യര്‍ക്കുള്ള ഒന്നാം ലേഖനമാണ്.

മത്തായി. 18: 20 – ”രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ നിങ്ങളോടു പറയുന്നു” എന്ന വാക്യം ഒരു സഭയെക്കുറിച്ചാണ് (Local Assembly)  പറഞ്ഞിരിക്കുന്നത് എന്ന സത്യത്തോട് എതിരഭിപ്രായമുള്ളവര്‍ പലരുമുണ്ട്. അവര്‍ ഇതിന് ഉപോദ്ബലകമായി നിരത്തുന്ന വാദഗതികള്‍  ചുവടെ പറയുന്നവയാണ്.

ഒരു സഭയുടെ എല്ലാ തലങ്ങളെയുംക്കുറിച്ച് ഈ വാക്യം പ്രതിപാദിക്കുന്നില്ല

ഒരു നവജാതശിശുവിനെപ്പറ്റി പറയുന്നതുപോലെയാണ് സഭയെന്ന വലിയ സത്യത്തെക്കുറിച്ചുള്ള ആദ്യത്തെ പ്രസ്താവന മത്തായി. 18 : 20 – ല്‍ നാം കാണേണ്ടത്. ലളിതമായ ഒരു പ്രസ്താവനയാണെങ്കിലും, സഭാസത്യങ്ങളോടുള്ള ബന്ധത്തില്‍ വളരെ ശ്രേഷ്ഠമേറിയ ചില തത്വങ്ങള്‍ അടങ്ങിയതാണിത്. സഭകൂടിവരുന്ന മുറിയുടെ ഭിത്തിയില്‍ ഈ വാക്യം എഴുതി പ്രദര്‍ശിപ്പിക്കുന്നത് സാധാരണ കാണാറുണ്ട് . ഒരു സ്ഥലംസഭ എങ്ങനെയായിരിക്കണം എന്ന് വെളിപ്പെടുത്തപ്പെട്ട സകല സത്യങ്ങളും വാസ്തവത്തില്‍ ഈ വാക്യത്തില്‍ അടങ്ങിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നാണ് ഉത്തരം. എന്നാല്‍ ഒരു സഭാകൂടിവരവിന് ആധാരമായി ഈ വാചകം ഇരിക്കുന്നു. മറ്റൊരു വിഷയത്തോട് ബന്ധപ്പെട്ട് സമാന രീതിയിലുള്ള  മറ്റൊരു വാചകം നമുക്ക് പരിശോധിക്കാം.

സുവിശേഷം പ്രസംഗിക്കുമ്പോള്‍, പ്രസംഗിക്കുന്നിടത്തൊക്കെയും വളരെ സന്തോഷത്തോടെ, ഫലപ്രദമായി ഉപയോഗിക്കുന്ന സുവിശേഷവാക്യമാണ്  യോഹന്നാന്‍ 3:16. (“തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു”.) സുവിശേഷത്തെക്കുറിച്ചുള്ള സകല സത്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ? യഥാര്‍ത്ഥത്തില്‍ മാനവജാതിയുടെ പാപാവസ്ഥ, മാനസാന്തരത്തിന്‍റെ ആവശ്യകത, നീതീകരണം തുടങ്ങിയ പല കാര്യങ്ങളും പ്രത്യക്ഷത്തില്‍ ഈ വാക്യത്തില്‍ കടന്നുവരുന്നില്ല. എങ്കിലും സുവിശേഷത്തോടനുബന്ധിച്ച് ഏറ്റവും പ്രാധാന്യതയുള്ള ഒരു വാക്യം തന്നെയാണിത്. യോഹ. 3 : 16 സുവിശേഷവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവോ അതുപോലെ മത്തായി. 18 : 20 സ്ഥലംസഭയെന്ന വലിയ സത്യത്തോട് ഏറ്റവും അടുത്തിരിക്കുന്നു. പരിശുദ്ധാത്മാവ് ഭൂമിയിലേക്ക്‌ വന്നിട്ട്, പെന്തക്കോസ്ത്നാളില്‍ തുടങ്ങി സഭ രൂപീകൃതമായതിനുശേഷം,  പ്രാദേശികമായ സഭ എന്ത്?  എവിടെ?   എങ്ങനെ? തുടങ്ങിയ സകല വസ്തുതകളെയുംക്കുറിച്ചുള്ള സകല സത്യങ്ങളും ദൈവാത്മാവിന്നാല്‍ വെളിപ്പെടുത്തപ്പെട്ട് തിരുവചനത്തിലൂടെ നമുക്ക് ലഭിച്ചിട്ടുണ്ട്. (യോഹ. 16 : 13 ). സുവിശേഷങ്ങളില്‍ തുടങ്ങി, ലേഖനങ്ങളില്‍ക്കൂടി പുരോഗമിക്കുന്ന പഠിപ്പിക്കലുകള്‍ സഭയെന്ന സത്യത്തെ പൂര്‍ണ്ണമായ അര്‍ത്ഥത്തിലും ഭാവത്തിലും വെളിപ്പെടുത്തുന്നു.

സഭകള്‍ നിലവിലില്ലാതിരുന്ന സമയത്തുള്ള ഒരു പ്രസ്താവനയാണിത്

സഭകള്‍ സ്ഥാപിതമാകുന്നതുവരെയും മത്തായി . 18 – ല്‍ കര്‍ത്താവ് സഭയോടുള്ള ബന്ധത്തില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഒന്നും പ്രാബല്യത്തില്‍ വന്നിരുന്നില്ല. മറിച്ച്, യഹൂദാ സിനഗോഗുകളെയും അവിടത്തെ ശുശ്രുഷകളും നന്നായി നടക്കണം എന്ന ഉദ്ദേശത്തോടെയാണ് യേശുക്രിസ്തു ഈ വസ്തുതകള്‍ പറഞ്ഞിരിക്കുന്നത് എന്ന ഒരു വ്യാഖ്യാനവും നിലവിലുണ്ട്. എന്നാല്‍ 11, 12, 13 അദ്ധ്യായങ്ങളിലൂടെ നാം കടന്നുപോകുമ്പോള്‍, കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്ന കാര്യങ്ങളുടെ പരമമായ ലക്‌ഷ്യം നമുക്ക് വ്യക്തമായി ഗ്രഹിക്കുവാന്‍ കഴിയുന്നുണ്ട്. രാജാവായ ക്രിസ്തു തിരസ്കരിക്കപ്പെടുന്നതും ദോഷം പ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങളുടെ ഭാവി വ്യക്തമാക്കുന്നതും പ്രസ്തുത അദ്ധ്യായങ്ങളില്‍ നാം കാണുന്നുണ്ട്. അതിനുശേഷം വരുവാനുള്ള രാജ്യത്തെക്കുറിച്ചാണ് കര്‍ത്താവ് സംസാരിക്കുന്നത്. (അധ്യായം 13 ). രാജാധിരാജാവായിരിക്കുന്ന കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ അഭാവം ആക്ഷരീകമായി പ്രകടമായിരിക്കുന്ന ഈ കാലഘട്ടത്തെ (സഭായുഗം) യാണ് ഈ ചിന്തകള്‍ ഓര്‍പ്പിക്കുന്നത്. നമ്മുടെ കര്‍ത്താവ് തന്‍റെ മുഖ്യമായ ദൌത്യമായി കണ്ടതും മറ്റൊന്നല്ല.

പാപികളായ മനുഷ്യകുലത്തിന്റെ ഭാവിയെക്കുറിച്ചും ഭാവിക്കുവേണ്ടിയുമുള്ള വസ്തുതകള്‍ വെളിപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതായിരുന്നു നമ്മുടെ കര്‍ത്താവിന്റെ ഈ ഭൂമിയിലേക്കുള്ള ആഗമനോദ്ദേശ്യം. തന്‍റെ വേല നിവര്‍ത്തിക്കപ്പെട്ടതിന്നുശേഷം ശിഷ്യന്മാരെ വിട്ടുപിരിയുമെന്നും തുടര്‍ന്ന് തന്‍റെ സാന്നിദ്ധ്യം ഇല്ലാതിരിക്കുന്ന ദിനങ്ങള്‍ ശിഷ്യന്മാരുടെ (ദൈവജനത്തിന്റെ) മുമ്പിലുണ്ടെന്നും കര്‍ത്താവ് ഓര്‍പ്പിച്ചു. എന്നാല്‍ കര്‍ത്താവ്, ”ഞാന്‍ വീണ്ടും വന്ന് നിങ്ങളെ എന്‍റെ അടുക്കല്‍ ചേര്‍ത്തുകൊള്ളാം ” എന്ന മഹനീയ വാഗ്ദത്താല്‍ ശിഷ്യന്മാരെ  വിശ്വാസത്തില്‍ ബലപ്പെടുത്തി. കര്‍ത്താവിന്റെ വീണ്ടും വരവുവരേയും ദൈവജനം സ്ഥലംസഭകളായി  കൂടിവന്ന് കര്‍ത്താവിനെ ഓര്‍ക്കണം എന്ന താല്പര്യത്തോടെയാണ് കര്‍ത്താവ് ഈ ഭൂമിയില്‍നിന്നും കരേറിപ്പോകുന്നതിനു മുന്‍പുതന്നെ, സ്ഥലം സഭകള്‍ എന്ന സംരഭത്തെക്കുറിച്ച്  വ്യക്തമാക്കിയത്. ആയതിനാല്‍, സ്ഥാപിതമാകാന്‍ പോകുന്ന സഭയ്ക്കുള്ള നിര്‍ദ്ദേശം തന്നെയാണ് മത്തായി. 18 : 20 എന്നത് സുവ്യക്തമാണ്.

(ലേഖനം തുടരുന്നതാണ്….)

Leave a Reply

Your email address will not be published. Required fields are marked *