വചനപ്രകാരം നന്നായി ഭരിക്കാന്‍ പ്രാപ്തിയുള്ള, പരിശുദ്ധാത്മാവാല്‍ നിയോഗിതരായിട്ടുള്ള മൂപ്പന്മാരെയാണ് (Bishops/Pastors) ഇന്ന് സ്ഥലംസഭകള്‍ക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത്. ഈ ആവശ്യം എങ്ങനെ നിറവേറ്റപ്പെടും? പഴയ യിസ്രായേലിന്റെ മാര്‍ഗമാണ് പലപ്പോഴും ചിലര്‍ അവലംബിക്കുന്നത്. അതായത്, യിസ്രായേല്‍ മൂപ്പന്മാര്‍ ആവശ്യപ്പെട്ടു, ” സകല ജാതികള്‍ക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിനു ഞങ്ങള്‍ക്ക് ഒരു രാജാവിനെ നിയമിച്ചു തരേണം.” ( 1 ശമുവേല്‍ 8 : 5 ). ഒരുപക്ഷേ, ഒരു ശൌലോ അല്ലെങ്കില്‍ ഒരു ദാവീദോ ആയിരിക്കാം നിയമിതനാകുന്നത്. ആരായാലും സഭയുടെ ചുക്കാന്‍ പിടിക്കാന്‍ ആരെങ്കിലും എഴുന്നേറ്റുവരും. ഒരുപക്ഷേ കാര്യങ്ങളുടെ പോക്ക് ദൈവത്തിന്റെ ആലോചനക്കും ഹിതത്തിനും വിരുദ്ധമായിട്ടായിരിക്കാം.
തങ്ങളുടെ താല്പര്യങ്ങള്‍ക്കും ഇച്ഛകള്‍ക്കും അനുസൃതമായി സഭ ആയിരിക്കണം എന്നുള്ളതായിരിക്കാം സഭ ഭരിക്കപ്പെടുവാന്‍ ആഗതനാകുന്ന (അവരോധിക്കപ്പെടുന്ന – തന്നെത്താന്‍ ഉയര്‍ത്തപ്പെട്ട) വ്യക്തിയുടെ നിഗൂഢ താല്പര്യം. ഈ വ്യക്തിയോ, അല്ലെങ്കില്‍ വ്യക്തികളോ ഒരുപക്ഷേ തീര്‍ച്ചയായും കൃപയും പ്രാപ്തിയുമുള്ള ദൈവമക്കളായിരിക്കാം. കഴിവും പ്രാപ്തിയും ഉണ്ടെങ്കില്‍ക്കൂടി, സഭയുടെ ഭരണ, ശുശ്രുഷ കാര്യങ്ങളെല്ലാം ഒരു വ്യക്തിയില്‍ മാത്രം നിക്ഷിപ്തമായിരിക്കുന്നത് (ഒറ്റയാന്‍ ഭരണം-ഏകാധിപത്യം) അല്ലെങ്കില്‍ കേന്ദ്രീകൃതമായിരിക്കുന്നത് വചന യോഗ്യമല്ല. അത് ദൈവവചനം അനുശാസിക്കുന്നതിനു എതിരാണ്. മാത്രമല്ല, പ്രായോഗികതലത്തില്‍ ചിന്തിച്ചാലും അത്തരം പ്രവണത ഭൂഷണമല്ല എന്ന് മനസിലാക്കാം. കാരണം, ഒരാള്‍ തന്നെ സഭയുടെ ഭരണം മുഴുവനായും ഏറ്റെടുത്തു ചെയ്യാന്‍ ശ്രമിക്കുന്നത്, അറിഞ്ഞോ അറിയാതേയോ ആ വ്യക്തി ഒരു ഏകാധിപതിയുടെ തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനു തുല്യമായി തീരും.
നമ്മുടെ സഭകളില്‍ മറ്റൊരു പരിചയമായ രീതി നാം കാണുന്നത്, സ്ഥലം സഭയിലെ എല്ലാ സഹോദരന്മാരും ഭരണകര്‍ത്താക്കള്‍ ആകുന്നതാണ്. ഇത് സാദ്ധ്യമാകുന്നത് സഭയുടെ ‘ആലോചനയോഗ‘ ത്തിലൂടെയാണ്. പല സ്ഥലങ്ങളിലും Business Meeting എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നു. സാധാരണ കാണുന്ന രീതി, സ്ഥലംസഭയിലെ എല്ലാ സഹോദരന്മാരെയും ആലോചനയോഗത്തിലേക്ക് അവരവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിന്നായിട്ടു ക്ഷണിക്കും. അവിടെ ഉയര്‍ന്നു വരുന്ന ആലോചനകള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസരിച്ചായിരിക്കും തുടര്‍ന്ന് ദൈവസഭയുടെ പരിപാലനം നടക്കുന്നത്. ദൈവം താന്‍ സ്വന്തരക്തത്താല്‍ സമ്പാദിച്ച സഭയുടെ നടത്തിപ്പിനെയും ക്രമീകരണങ്ങളെയും ക്കുറിച്ച് ആലോചിച്ചു തീരുമാനമെടുക്കാന്‍ കൂടുന്ന ” ആലോചനയോഗം” തികച്ചും വചന വിരുദ്ധമായ ഒരു പ്രവൃത്തി ആണ്. ആലോചന യോഗത്തില്‍ സംബധിക്കുന്ന സഹോദരന്മാരില്‍ ചിലര്‍ ‘പുതിയ ശിഷ്യര്‍ ‘ ആയിരിക്കാം. മറ്റ് ചിലര്‍ സ്വന്ത കുടുംബത്തെ നന്നായി ഭരിപ്പാന്‍ അറിയാത്തവരായിരിക്കാം. ഒരുപക്ഷേ, പുറമേയുള്ളവരോട് നല്ല സാക്ഷ്യം ഇല്ലാത്ത സഹോദരനായിരിക്കാം. ഉപദേശം എന്തെന്ന് അറിയാത്തവര്‍, അപവാദങ്ങളില്‍ അകപ്പെട്ടിരിക്കുന്നവര്‍, വഴി വിട്ടു പോയ മക്കളുള്ളവര്‍, മറ്റ് അയോഗ്യതകളുടെ ഭാണ്ഡം പേറുന്നവര്‍.. ഇവരെല്ലാവരുംകൂടി എടുക്കുന്ന തീരുമാനങ്ങളാണ് വിശുദ്ധിയോടെ കാത്തു പരിപാലിക്കപ്പെടെണ്ട സഭക്ക് ആധാരമായി ഭവിക്കുന്നത്. ഇത്തരം ”ഭരണസമിതിക്ക് ” എങ്ങനെ വിശുദ്ധനായ ദൈവത്തിന്റെ സഭയെ ഭരിക്കുവാന്‍ കഴിയും? സഭയുടെ ആത്മീയ ശുശ്രുഷകളില്‍ കാണാത്ത ‘എരിവും ‘ ‘പുളിയും’ ആലോചനായോഗത്തില്‍ പ്രകടമായി കാണാം. മുമ്പന്മാര്‍ പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരും ആകുന്ന അങ്കത്തട്ടായി പലപ്പോഴും സഭകളിലെ ആലോചനായോഗങ്ങള്‍ മാറാറില്ലേ? സഭയിലെ മൂപ്പന്മാര്‍, ചില പ്രായോഗിക തീരുമാനങ്ങള്‍ എടുക്കന്നതിനു മുന്‍പ്, സഭയിലെ വിശ്വാസികളോട് അഭിപ്രായം ചോദിക്കാറുണ്ട്. പലപ്പോഴും ‘അഭിപ്രായസ്വാതന്ത്ര്യം’ എന്ന രീതിയില്‍ ഇത് കണക്കിലെടുത്ത് വിശ്വാസികള്‍ മൂപ്പമാരില്‍ ‘സമ്മര്‍ദ്ദതന്ത്രം’ ഉപയോഗിക്കാറുണ്ട്. പ്രിയപ്പെട്ടവരെ, നാം ഒന്ന് ചിന്തിക്കുക. സഭയുടെ പരിപാലനം ആര്, എങ്ങനെ, എപ്രകാരം, തുടങ്ങിയ വസ്തുതകളെ ക്കുറിച്ച് ദൈവവചനം (1തിമോ.3 ) വളരെ തെളിവായി സംസാരിക്കുന്നുണ്ടല്ലോ.
ചുരുക്കം ചില സഭകളില്‍ ഞായറാഴ്ച ആരാധന യോഗത്തിന് (വേദപുസ്തകത്തില്‍ കാണുന്ന പ്രയോഗം ‘ആഴ്ച വട്ടത്തിന്റെ ഒന്നാം നാള്‍ അപ്പം നുറുക്കാന്‍ കൂടി വന്നപ്പോള്‍’) ശേഷം വചനശുശ്രുഷക്ക് മുന്‍പ് തന്നെ സഭയുടെ ഭാവികാര്യങ്ങള്‍ ആലോചിക്കുന്ന പതിവ് കാണുന്നു. സഹോദരിമാരുടെയും കുഞ്ഞുങ്ങളുടെയും സാന്നിദ്ധ്യത്തില്‍ തന്നെ ചര്‍ച്ചയും, വാഗ്വാദങ്ങളും ഒക്കെയായി വചന ശുശ്രുഷ പോലും ഇല്ലാതാകുന്ന ദയനീയ രംഗങ്ങള്‍ ഉണ്ടാകുന്നു. ഇതും വേദാനുസരണം അല്ലെന്നു പറയേണ്ട കാര്യമില്ലല്ലോ.
മറ്റു ചില സഭകളില്‍, ചില സംഘടനകളുടെയും (പല സഭകളിലെ വിശ്വാസികളില്‍ ചിലര്‍ ഒത്തുകൂടി സുവിശേഷ കാര്യങ്ങള്‍ക്കോ, വിശ്വാസികളുടെ ആത്മീയ വര്ദ്ധനക്കോ ആയിട്ടു രൂപീകരിക്കുന്നത്) സ്ഥലം സഭക്കു പുറത്തുള്ള ചില വ്യക്തികളുടെയും (ഒരു പക്ഷെ വിശ്വാസികള്‍ ആയിരിക്കാം) സ്വാധീനത്തില്‍ ‘പ്രാദേശീക സഭയുടെ തീരുമാനങ്ങള്‍’ എടുക്കുന്ന കീഴ്വഴക്കം ഉണ്ട്. ഒരു സംഘടനയുടെയും പേര് ഞങ്ങള്‍ പറയുന്നില്ല, സഘടനകള്‍ സ്ഥലം സഭാ തീരുമാനങ്ങളില്‍ ഇടപെടുന്നത് ദൈവ വചനത്തിന്‍റെ അടിസ്ഥാനത്തില്‍ തെറ്റാണ്.
സഭയിലുള്ള ഒരാള്‍ ഒറ്റയ്ക്ക് ഭരിക്കുന്നതോ (ഏകാധിപത്യമോ), സഭയിലെ എല്ലാവരും ഭരണകര്‍ത്താക്കള്‍ ആയിരിക്കുന്നതോ, സഭയിലെ ജനാധിപത്യമോ, നമ്മുടെ ഇടയിലെ സംഘടനകളുടെ സ്വാധീനമോ അല്ല പുതിയനിയമ സഭയുടെ ക്രമീകരണം. സ്ഥലം സഭകള്‍ ”മൂപ്പന്മാരാലാണ് ” ഭരിക്കപ്പെടുന്നത്. ദൈവം എഴുന്നേല്‍പ്പിക്കുന്ന ഒന്നില്‍ കൂടുതല്‍ മൂപ്പന്മാരാലാണ് സ്ഥലം സഭകള്‍ നയിക്കപ്പെടെണ്ടത്. ദൈവാധിപത്യം മൂപ്പന്മാരല്‍ നടത്തപ്പെടുകയാണ്. ഒരേയൊരു മൂപ്പനല്ല (Bishop/Pastor) സഭയില്‍ വേണ്ടത്. എല്ലാവരും മൂപ്പന്മാരാകാനും പാടില്ല. ദൈവം പ്രത്യേകമായി കൃപാവരം നല്‍കി എഴുന്നേല്‍പ്പിക്കുന്ന സഹോദരന്മാരായിരിക്കണം മൂപ്പന്മാര്. അതായതു ഒന്നിലധികം മൂപ്പന്‍മാര്‍ (Bishops/Pastors) ഒരു പ്രാദേശിക സഭയില്‍ ഉണ്ടായിരിക്കണം .അവര്‍ എത്രപേര്‍ വരെ ആകാം എന്നത് സഭാകാന്തനായ കര്‍ത്താവ് തീരുമാനിച്ചുകൊള്ളും. മാനുഷീകമായ നമ്മുടെ ചിന്തകള്‍ തികച്ചും അസ്ഥാനത്താണ്.
സാധാരണയായി കേള്‍ക്കുന്ന പരാതികള്‍, മൂപ്പന്മാര്‍ പഴയ മനുഷ്യര്‍ ആണ്, പ്രായോഗിക കാര്യങ്ങള്‍ തീരുമാനിക്കുവാന്‍ ഉള്ള പരിജ്ഞാനം ഇല്ലാത്തവരാണ്, വിദ്യാഭ്യാസം ഇല്ലാത്തവരാണ്. വിശ്വാസികളായ നാം ഒരു കാര്യം അറിഞ്ഞിരിക്കണം. സകല സത്യത്തിലും, നീതിയിലും, ന്യായത്തിലും വഴിനടത്തുവാന്‍ പ്രാപ്തിയുള്ള പരിശുദ്ധാത്മാവ് എഴുന്നേല്പിച്ച മൂപ്പന്മാര്‍ക്ക് (Bishops/Pastors) സഭയെ നടത്തുവാന്‍, എല്ലാ തരത്തിലും ഉള്ള പക്വതയും, പരിജ്ഞാനവും സ്വര്‍ഗത്തിലെ ദൈവം നല്‍കും എന്ന് നാം അറിഞ്ഞിരിക്കേണ്ടതാണ്. ചോദ്യം ചെയ്യാതെ വിശ്വാസികള്‍ അനുസരിക്കാന്‍ ബാധ്യത ഉള്ളവരാണ് എന്ന കാര്യം നാം മറക്കരുത്. ദൈവ സഭയെ കാക്കുവാനും പരിപാലിപ്പാനും ഏത് കാലത്തും ദൈവം ശക്തനാണ്.
ദൈവത്തോട്, ദൈവവചനത്തോട്, ദൈവസഭയോട് വിശ്വസ്തത പാലിച്ചു, ചോദ്യം ചെയ്യാതെ, മൂപ്പന്മാര്‍ക്ക് കീഴടങ്ങി നമ്മുടെ ക്രിസ്തീയജീവിതം നയിപ്പാന്‍ സര്‍വ്വകൃപാലുവായ ദൈവം നമ്മെ ഏവരെയും ധാരാളമായി സഹായിക്കട്ടെ.
