ഒരു വിശ്വാസിക്ക് തന്റെ ജീവിതത്തില്‍ തനിക്ക് ‘ഇഷ്ടം’ പോലെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന അവസാനത്തെ സ്ഥലമാണ് താനുള്‍പ്പെട്ടുനില്‍ക്കുന്ന സ്ഥലംസഭ. മാറിക്കൊണ്ടിരിക്കുന്ന ചിന്താഗതികളുടെയും സംവിധാനങ്ങളുടെയും മാത്രമല്ല, പുതുമ തേടി അലയുന്ന നവീകരണ വക്താക്കളുടെയും വിഹാരരംഗമായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തില്‍, ലോകമയത്വത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു, ഈജിപ്റ്റിന്റെ അല്പസുഖത്തിലേക്ക് മടങ്ങിപ്പോകുവാന്‍ ആഗ്രഹിക്കുന്ന യിസ്രായേലിന്റെ അനുഭവത്തിലാണ് ആത്മീയഗോളം ഇന്നെത്തിനില്‍ക്കുന്നത്. പുത്തന്‍ ആശയങ്ങളും, കണ്ടുപിടിത്തങ്ങളും അനുകരണങ്ങളും ഇന്ന് സ്ഥലംസഭകളിലേക്ക് നുഴഞ്ഞുകയറിയിരിക്കുന്നു. സഹോദരീ സഹോദരന്മാരെ, നാം ഓരോരുത്തരും നീതിമാനായ ദൈവത്തിന്റെ ന്യായാസനത്തിനു മുന്‍പാകെ നില്‍ക്കേണ്ടവരാണ്. ആ യാഥാര്‍ഥ്യം എപ്പോഴും നമ്മെ ഭരിക്കേണ്ടതാണ്.
നാമുള്‍പ്പെട്ടു നില്‍ക്കുന്ന സ്ഥലംസഭയുടെ വിശുദ്ധിയെ ക്കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിക്കുകയോ പഠിക്കുകയോ ചെയ്തിട്ടുണ്ടോ? ദൈവത്തിന്‍റെ സാന്നിദ്ധ്യം ഏറ്റവും അടുത്ത് അനുഭവവേദ്യമാകുന്ന അതിവിശുദ്ധ സ്ഥലമാണ് ഓരോ പ്രാദേശിക സഭകളും. ദൈവത്തിന്റെ തിരുനിവാസമാണ് സ്ഥലംസഭകള്‍.. സങ്കീര്‍ത്തനക്കാരന്‍ പറയുന്നു, ” യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന് എന്നേക്കും ഉചിതം തന്നെ” ( സങ്കീ. 93: 5 ). ഈ കാലഘട്ടത്തിലും യഹോവയുടെ വചനം സത്യമായിട്ടു തന്നെ ഇരിക്കുന്നു. നാളുകള്‍ കഴിഞ്ഞാലും ദൈവീക വിശുദ്ധിക്ക്, വേര്‍പാടിന്റെ ശ്രേഷ്ടതക്ക് യഹോവയുടെ ദൃഷ്ടിയില്‍ ഒരു വ്യതിയാനവും സംഭവിക്കുന്നില്ല. വലിയവനായ ദൈവം പരിശുദ്ധനാണെന്നും തന്റെ മക്കളില്‍ വലിയ വിശുദ്ധി ദൈവം ആഗ്രഹിക്കുന്നു എന്നും നാം കൂടുതല്‍ മനസിലാക്കുമ്പോള്‍ ദൈവത്തോട് കൂടുതല്‍ ഭക്തിയും ഭയവും ബഹുമാനവും അര്‍പ്പിച്ചു ദൈവത്തിന്നായി ജീവിക്കുവാന്‍ നമുക്ക് കഴിയും. ദൈവീക സ്വഭാവത്തിന് വിരുദ്ധമായി വരുന്നതൊന്നും നമ്മുടെ സ്ഥലം സഭകളില്‍ അനുവദിക്കപ്പെടുവാന്‍ ഇടയാകരുത്. ദൈവം താന്‍ സ്വന്തരക്തത്താല്‍ സമ്പാദിച്ചിരിക്കുന്നതാണ് ഓരോ ദൈവസഭകളും (അപ്പോ. 20 : 28 ). ദൈവത്തിനു ഏറ്റവും വിലപ്പെട്ടതാണ് നാമായിരിക്കുന്ന എല്ലാ പ്രാദേശികസഭകളും. പിശാചിന് കടന്നുവരാന്‍ ഇടയാകുന്ന രീതിയിലുള്ള കുറുക്കുവഴികള്‍ സ്ഥലംസഭയിലേക്ക് തുറന്നു കൊണ്ടുവരുവാന്‍ നാം ശ്രമിക്കരുത്.
പ്രിയ ദൈവജനമേ, ദൈവവചനം വളരെ സുതാര്യവും വ്യക്തവുമാണ്. ഉപദേശത്തിലും വേര്‍പാടിലും പ്രമാണങ്ങളിലും അനുകരണങ്ങളിലും മറ്റും ദൈവവചന സത്യങ്ങള്‍ക്കപ്പുറമായി സ്ഥലംസഭകളില്‍ കടന്നുവരുന്ന – പ്രവേശിക്കാന്‍ ശ്രമിക്കുന്ന – എല്ലാ ദുരുപദേശ, പുരോഗമന ചിന്താഗതികളേയും പടിക്കുപുറത്ത് നിറുത്തുവാന്‍ നമ്മുടെ സഭകള്‍ക്ക് കഴിയണം. കര്‍ത്താവിനെ പുറത്താക്കി സഭകളുടെ വാതില്‍ അടച്ചിരിക്കുകയാണെങ്കില്‍, വാതില്‍ അവന്നായി തുറന്നുകൊടുക്കുക. സഭയുടെ കാന്തനായ കര്‍ത്താവ് വാതില്‍ക്കല്‍ നിന്ന് മുട്ടിക്കൊണ്ടിരിക്കുകയാണ്. വിശുദ്ധനായ കര്‍ത്താവിന്റെ നാമത്തില്‍ അവന്‍റെ സാന്നിദ്ധ്യത്തിലായിരിക്കണം നമ്മുടെ സ്ഥലംസഭകള്‍ വര്‍ത്തിക്കേണ്ടത്. അശുദ്ധമായത് എന്തെങ്കിലും ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പാളയത്തിനു പുറത്തു കളയാന്‍ നമുക്ക് ഇടയാകണം. വിശുദ്ധനായ ദൈവത്തെ വിശുദ്ധിയോടെ സഭയായി ആരാധിച്ചു മഹത്വപ്പെടുത്തി ജീവിക്കുവാന്‍ നമുക്കേവര്‍ക്കും സാദ്ധ്യമായിത്തീരുമാറാകട്ടെ……..
