ആരാധനയും സ്തുതിയും സ്തോത്രവും തമ്മില്‍ ചില വ്യക്തമായ വിത്യാസങ്ങള്‍?

ആരാധനയും സ്തുതിയും നന്ദിപ്രകടനവും തമ്മില്‍ ചില വ്യക്തമായ വ്യത്യാസങ്ങളുണ്ട്.

ദൈവം ആരായിരിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍, അതായത് ദൈവത്തിന്റെ മഹത്വവും തേജസ്സും ഔന്നിത്യവും അത്ഭുതാവസ്ഥയും കര്‍ത്താവായ യേശുക്രിസ്തുവിലൂടെ സമ്പൂര്‍ണ്ണമായി വെളിപ്പെടുത്തി യിരിക്കുന്നത് അറിഞ്ഞു ആരാധിക്കുന്നതാണ് ആരാധനയുടെ പരമോന്നത അവസ്ഥ .

കര്‍ത്താവായ യേശുക്രിസ്തുവിന്റെ തികവുള്ള മനുഷ്യാവതാരത്തില്‍ വെളിപ്പെടുത്തിയ അനുസരണമുള്ള ജീവിതത്തേയും അതിനാല്‍ പിതാവിന് നല്‍കിയ പരമാനന്ദത്തേയും  അവിടുന്ന് അനുഭവിച്ച അളവറ്റ കഷ്ടതകളെയും, ക്രൂശില്‍ പ്രദര്‍ശിപ്പിച്ച അനന്തമായ സ്നേഹത്തേയും, ഉയര്‍പ്പിനെയും ഇപ്പോഴത്തെ മഹത്വീകരിക്കപ്പെട്ട അവസ്ഥയേയും വീണ്ടും വരവിനേയും എല്ലാം അറിഞ്ഞു ആരാധിക്കുന്നതും സത്യമായ ആരാധനയുടെ സ്വഭാവം ആയിരിക്കുന്നു.

ആരാധനയില്‍, നമ്മുടെ ആത്മാവിനു ദൈവം ചെയ്ത വലിയ ഉപകാരത്തെ നാം ഓര്‍ക്കുന്നു. വലിയ വിലകൊടുത്ത് നമുക്ക് സൗജന്യമായി നേടി തന്ന വിലയേറിയ രക്ഷയെ നാം സ്മരിക്കുന്നു . അതോടു കൂടെ തന്നെ നാം ഇന്ന് അനുഭവിക്കുന്ന പരിപാലനവും വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്ന മഹത്വപൂര്‍ണ്ണമായ ഭാവിപ്രത്യാശയും നമ്മുടെ മനോമുകുരത്തില്‍ ഉണര്‍ത്തപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍ നിന്നും ദൈവത്തിനു നന്ദിയും സ്തോത്രവും സ്തുതിയും എല്ലാം ഉറവയായി ഉയര്‍ന്നു വരുന്നു .

ദൈവം ആരായിരിക്കുന്നുവെന്ന് ക്രിസ്തുവില്‍ കൂടെ വെളിപ്പെടുത്തി യതനുസരിച്ചു ദൈവത്തെ സ്തുതിക്കുന്നതും വന്ദിക്കുന്നതും ആരാധനയുടെ ഭാഗമാണ്. ദൈവം നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനെയും അംഗീകരിച്ചു നന്ദി പറയുന്നത് സ്തുതിയുടെ ഒരു ഭാഗമാണ്. സ്തുതിയേയും നന്ദി പ്രകടനത്തെയും ഒരുമിപ്പിച്ചു കൊണ്ട് പൊതുവായി പറയുന്ന വാക്കാണ്‌ ആരാധന. ദൈവം ആരായിരിക്കുന്നു എന്നറിഞ്ഞു ചെയ്യുന്നത് ആരാധനയും ദൈവം എന്ത് ചെയ്തു എന്നറിഞ്ഞു ചെയ്യുന്നത് നന്ദിപ്രകടനവും ആകുന്നു എന്നും പറയാം. ആകയാല്‍ ഹൃദയത്തില്‍ നിന്നുയരുന്ന അധരഫലം എന്ന സ്തോത്രയാഗം (എബ്രാ13.15 ) ദൈവത്തിനു പ്രസാദകരമായിരിക്കുന്നു. തിരുവത്താഴ ശുശ്രുഷയില്‍ നാം പിതാവായ ദൈവത്തിങ്കലെക്ക് പുത്രന്‍ മൂലം പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ഹൃദയങ്ങളെ ഉയര്‍ത്തി നന്ദിയും സ്തുതിയും അര്‍പ്പിച്ചു ആരാധിക്കുന്നു.

തിരുവചന പ്രകാരം ദൈവത്തിനാണ് എപ്പോഴും പരമോന്നതസ്ഥാനം. ആകയാല്‍ നാം ഒരുമിച്ചു കൂടിവരുമ്പോള്‍ ആരാധനയില്‍ ദൈവത്തിനു തന്നെ പ്രഥമസ്ഥാനം നല്‍കണം. താന്‍ ദൈവമായിരിക്കുന്നതിനാല്‍ സമുന്നത ആരാധന സ്വീകരിപ്പാന്‍ യോഗ്യനാണ്. അതേസമയം നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ചുള്ള ചിന്തയാല്‍ നമ്മുടെ ഹൃദയം നിറയപ്പെടുമ്പോള്‍ നാം നന്ദി പ്രകാശിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതല്ല ഏറ്റവും ശ്രേഷ്ഠമായ ആരാധന. എന്നിരുന്നാലും അതും നമ്മിലുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയാല്‍ ഉളവാകുന്ന സ്തോത്രയാഗം ആണ്.  ആകയാല്‍ ദൈവത്തിനു മഹത്വമായി തീരുകയും നമ്മെ ആഴമായ ആരാധനയിലേക്ക് ആനയിക്കുകയും ചെയ്യുന്നു. മലാഖി:3.8- ല്‍ പറയുന്നതുപോലെ ശരിയായ ആത്മീക അര്‍ത്ഥത്തില്‍, ആരാധനയില്‍ ദൈവത്തിനു ഏറ്റവും നല്ലതുതന്നെ കൊടുക്കാതെ ദൈവത്തെ കവര്‍ച്ചചെയ്യുന്നവരായി (തോല്പ്പിക്കുന്നവരായി)തീരാതിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *