തിരുവത്താഴ ശുശ്രുഷയെ ക്കുറിച്ച് അപ്പോസ്തലനായ പൗലോസ് സംസാരിക്കുന്നത് വളരെ ആധികാരികതയോടെയാണ്. ” ഞാന്‍ കര്‍ത്താവില്‍ നിന്ന് പ്രാപിച്ചത് ” എന്നാണു അപ്പോസ്തലന്‍ 1കൊരി. 11: 23 ല്‍ കര്‍ത്താവിന്റെ അത്താഴത്തെക്കുറിച്ച് (Lord’s Supper) വ്യക്തമാക്കുന്നത്. ” എന്‍റെ ഓര്‍മ്മക്കായി ഇത് ചെയ്‍വിന്‍” എന്ന് കല്പിച്ചു കര്‍ത്താവ് തിരുവത്താഴം സ്ഥാപിച്ച കൂടിവരവില്‍ അപ്പോസ്തലന്മാരും സന്നിഹിതരായിരുന്നു. പെസഹാ കഴിച്ചതിനുശേഷം കര്‍ത്താവ് അപ്പോസ്തലന്മാരോടൊപ്പം മാളികമുറിയില്‍ കൂടിയിരുന്നപ്പോള്‍ കര്‍ത്താവ് തന്നെ കാണിച്ചുതന്ന, ദൈവസഭക്ക് ഏല്‍പ്പിച്ചു കൊടുത്ത ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു ആചരണമാണ്’അപ്പം നുറുക്കല്‍ ശുശ്രുഷ. ‘ അപ്പം നുറുക്കല്‍ കൂടിവരവ് (Breaking of Bread Meeting ) മാളികമുറിയില്‍ കര്‍ത്താവിന്റെയും അപ്പോസ്തലന്മാരുടെയും സാന്നിദ്ധ്യത്തില്‍ ആരംഭം കുറിച്ചതാണ്.
മാളികമുറിയില്‍ കര്‍ത്താവും തന്റെ ശിഷ്യന്മാരും പെസഹ കഴിച്ചത് പെസഹ ആചരിക്കേണ്ട പാരമ്പര്യ രീതിയില്‍ തന്നെയായിരുന്നു. പെസഹ ആചരിക്കുന്നതിന്നുവേണ്ടി കൂടിയിരിക്കുന്ന ഓരോരുത്തരും ചുട്ടെടുത്ത ആട്ടിന്‍കുട്ടിയുടെ മാംസത്തോട് ഒപ്പം, കൈപ്പു ചീരയും,പുളിപ്പില്ലാത്ത അപ്പവും ഭക്ഷിക്കുന്നു. ഓരോ കപ്പു വീഞ്ഞുകൂടി അവരുടെ കൈകളില്‍ ഉണ്ടായിരിക്കും. പ്രത്യേക സന്ദര്‍ഭങ്ങളില്‍ അവര്‍ തങ്ങളുടെ കപ്പു ഉയര്‍ത്തിക്കാണിക്കുകയും അതില്‍നിന്നും ഒരു ഭാഗം കുടിക്കുകയും ചെയും. ഈ വിധത്തില്‍, കൂടിവന്നവര്‍ യിസ്രായേലിന്റെ പെസഹാ അനുഭവത്തിന്റെ ഓര്‍മ്മയെ പ്രസിദ്ധമാക്കുകയാണ് ചെയ്യുന്നത്.
പെസഹ കഴിക്കുന്നതിനായിട്ടു മാളികമുറിയില്‍ കൂടിവന്നിരുന്നതിന്റെ അവസാനം കര്‍ത്താവായ യേശുക്രിസ്തു ഒരുക്കപ്പെട്ട മേശയില്‍ നിന്നും ഒരു അപ്പവും (Bread ) ഒരു പാനപാത്രവും (Cup of Wine ) എടുത്തു. യേശു അപ്പം എടുത്തു വാഴ്ത്തി, നുറുക്കി പതിനൊന്നു അപ്പൊസ്തലന്മാര്‍ക്കും കൊടുത്തു. ” വാങ്ങി ഭക്ഷിപ്പിന്‍, ഇതു എന്റെ ശരീരം എന്ന് പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്ത്രോത്രം ചൊല്ലി ശിഷ്യന്മാര്‍ക്ക് കൊടുത്തു. എല്ലാവരും ഇതില്‍നിന്നും കുടിപ്പിന്‍, ഇത് അനേകര്‍ക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള എന്റെ രക്തം എന്ന് പറഞ്ഞു (മത്തായി. 26: 26 – 27 ).
‘ എന്റെ ഓര്‍മ്മക്കായി ചെയ്‍വിന്‍ ” എന്ന് പറഞ്ഞു കര്‍ത്താവ് അപ്പോസ്തലന്മാര്‍ക്ക് എല്പ്പിച്ചുകൊടുത്തതാണ് ലളിതമെങ്കിലും ഏറ്റവും മനോഹരമായ തിരുവത്താഴ ശുശ്രുഷ. കര്‍ത്താവിന്റെ മേശയില്‍ നിന്നും പങ്കെടുക്കുന്ന ഓരോ സഭാവിശ്വാസിയും കര്‍ത്താവിന്റെ ഹിതത്തെ മാനിക്കുകയാണ് ചെയ്യുന്നത്. പാനപാത്രത്തില്‍ നിന്നും അംശികളായിത്തീരുന്ന ഓരോരുത്തരും പാപമോചനത്തിനായി ചൊരിഞ്ഞ കര്‍ത്താവിന്റെ പുണ്യാഹരക്തത്തോട് കൂട്ടായ്മയുള്ളവരായിത്തീരുന്നു. കൂടാതെ, വിശ്വാസികള്‍ അവരവര്‍ തമ്മിലുള്ള പരസ്പര കൂട്ടായ്മയേയും വെളിപ്പെടുത്തുന്നു. നമ്മുടെ വീണ്ടെടുപ്പുകാരനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ സ്തുതിക്കുവാന്‍ നാം വിശ്വാസികള്‍ ഒരുമിച്ചു കര്‍ത്താവിന്റെ സന്നിധിയില്‍ കൂടിവരുന്നു. കര്‍ത്താവിന്റെ മേശയില്‍ നിന്നും, അതായത് അപ്പത്തില്‍ നിന്നും പാനപാത്രത്തില്‍ നിന്നും അംശികളായിത്തീരുന്നതിലൂടെ കര്‍ത്താവ് വീണ്ടും വരുന്നത് വരേയും അവന്‍റെ മരണത്തെ പ്രസ്താവിക്കുകയാണ് നാം ചെയ്യുന്നത്.
പരിശുദ്ധാത്മാവ് പഠിപ്പിക്കുകയും കാണിച്ചുതന്നിരിക്കുന്നതുമായ മാതൃകയില്‍ തന്നെ കര്‍ത്താവിന്റെ സഭകള്‍ ”അവന്‍ (കര്‍ത്താവ്) വരുന്നതുവരേയും” തിരുവത്താഴം അനുഷ്ഠിക്കേണ്ടതാണ്.
കര്‍ത്താവിന്റെ മേശയില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ഓരോ കപ്പു (പാനപാത്രം) എന്ന രീതി മേല്‍പ്പറഞ്ഞ ” കൂട്ടായ്മ”, ”ഓര്‍മ്മക്കായി ചെയ്യുന്നു” തുടങ്ങിയ വിലയേറിയ സത്യങ്ങളെ അവഗണിക്കുകയാണ് ചെയ്യുന്നത്. ഓരോരുത്തരും ഓരോ കപ്പ് ഉപയോഗിക്കുന്നതിനെ ദൈവവചന അടിസ്ഥാനത്തില്‍ ന്യായീകരിക്കുവാന്‍ യാതൊരു നിര്‍വ്വാഹവുമില്ല.
അപ്പോസ്തലനായ പൗലോസ്, എഫസോസില്‍ ആയിരിക്കുമ്പോള്‍ ആണ് കൊരിന്ത്യര്‍ക്ക് ഒന്നാം ലേഖനം എഴുതുന്നത്. പതിനൊന്നാം അധ്യായത്തില്‍ കര്‍ത്തൃമേശയോടുള്ള ബന്ധത്തില്‍ അവരിലുണ്ടായിരുന്ന സാരമായ ചില തെറ്റുകളെ അപ്പോസ്തലന്‍ തിരുത്തുന്നു. പത്താം അദ്ധ്യായത്തില്‍ “നാം അനുഗ്രഹിക്കുന്ന അനുഗ്രഹ പാത്രം” എന്ന് എഴുതുമ്പോള്‍ പൌലോസിന്റെ സാന്നിദ്ധ്യം കൊരിന്ത്യ സഭയില്‍ ഇല്ലായിരുന്നു. അതിനാല്‍ അപ്പോസ്തലന്റെ ഈ പദപ്രയോഗം കൊരിന്ത്യരോട് മാത്രമല്ല, എല്ലായിടത്തുമുള്ള വിശ്വാസികളെയും ഉള്‍പ്പെടുത്തിയാണ് എന്ന് നമുക്ക് അനുമാനിക്കാം. ഭൂമിശാസ്ത്രപരമായതോ, സാംസ്കാരികമായതോ, ഭാഷാപരമായതോ ആയ ഒരു വ്യത്യാസവും കര്‍തൃമേശാചാരണത്തില്‍ പ്രകടമായിരുന്നില്ല. എന്നാല്‍ പാനപാത്രത്തിന്‍റെ വിശേഷതയായി ‘അനുഗ്രഹത്തിന്റെ പാനപാത്രം’ എന്ന് ഉറപ്പിച്ചു പറയുകയും, ചൂണ്ടികാണിക്കുകയും ചെയ്യുന്നു. അവിടെ ഏകവചനം ഉപയോഗിക്കുന്നതുകൊണ്ട് മേശപുറത്ത് ഒരു അപ്പവും ഒരു പാനപാത്രവും എന്ന വസ്തുത മനസിലാക്കാം. അതുകൊണ്ട് ഒരു അപ്പവും ഒരു പാനപാത്രവും മാത്രം ഉണ്ടായിരിക്കുന്നതാണ് ശരിയായ മാര്‍ഗം.
ഒരു അപ്പത്തില്‍നിന്നും ഒരു പാനപാത്രത്തില്‍നിന്നും എല്ലാ വിശ്വാസികള്‍ക്കും അംശികളായിത്തീരുവാന്‍ കഴിയത്തക്കരീതിയില്‍ സഭ ആയിരിക്കുന്നതാണ്, പെരുപ്പം കൊണ്ടുള്ള വലിപ്പത്തേക്കാള്‍ ഉത്തമമായിരിക്കുന്നത്. ആ ഒരു ക്രമീകരണമാണ് സഭയുടെ സാക്ഷ്യത്തിനും, പ്രവര്‍ത്തനങ്ങള്‍ക്കും,മൂപ്പന്‍മാരുടെ മേല്നോട്ടതിനും, അന്യോന്യം ഉള്ള സ്നേഹത്തിനും, കൂട്ടായ്മക്കും ഒക്കെ നല്ലത്.
എന്നാല്‍ ആരോഗ്യകരമായ പ്രശ്നങ്ങള്‍കൊണ്ടോ, ശാരീരികമായ ബലഹീനതകള്‍ നിമിത്തമോ ഒരുപക്ഷേ എല്ലാവരും ഉപയോഗിക്കുന്ന പാനപാത്രത്തില്‍ നിന്നും ഒരു വിശ്വാസിക്ക് പങ്കെടുക്കുവാന്‍ കഴിയാതെ വന്നേക്കാം. പ്രത്യേകമായി മറ്റൊരു പാനപാത്രവും കൂടി കരുതുന്നതിനു അല്ലെങ്കില്‍ ഉപയോഗിക്കുന്നതിനു തക്കതായ കാരണം സഭയുടെ മുമ്പാകെ ബോധ്യപ്പെട്ടിരിക്കണം. (ദൈവ സന്നിധിയില്‍ നീതീകരിക്കാന്‍ സാധിക്കും എങ്കില്‍ മാത്രം). ഈ രീതിയിലുള്ള അത്യാവശ്യമായ ക്രമീകരണം മറ്റ് വിശ്വാസികളുമായിട്ടുള്ള പരസ്പരമായ കൂട്ടായ്മ ബന്ധത്തെ ഇല്ലാതാക്കുന്നില്ല. എന്നാല്‍ ഇങ്ങനെയുള്ള ക്രമീകരണങ്ങള്‍ പലപ്പോഴും ആ പ്രത്യേക വിശ്വാസിയെ, അല്ലങ്കില്‍ വിശ്വാസികളെ അവഗണനയും, ഒറ്റപ്പെടുത്തലും മറ്റുമായി ആയിപോകാറുണ്ട്.
സ്ഥലംസഭക്ക് കര്‍ത്താവ് ഏല്‍പ്പിച്ചു തന്നിരിക്കുന്നത് എത്രയോ ഘനമേറിയ ശുശ്രുഷകളാണ്. അപ്പോസ്തലന്മാരാല്‍ കാണിച്ചുതന്നിരിക്കുന്ന മാതൃകകള്‍ എത്രയോ അര്‍ത്ഥസമ്പുഷ്ടമാണ്. പിതാക്കന്മാര്‍ അനുവര്‍ത്തിച്ചു പോന്നത് ദൈവവചന അടിസ്ഥാനത്തില്‍ മാത്രമാണ്.
സത്യനമസ്കാരികള്‍ ആയിരിക്കേണ്ട വിശ്വാസികളായ നമ്മള്‍ ആചരിച്ചുപോരുന്ന, ചെയ്തുവരുന്ന ഓരോ അനുഷ്ട്ടാനങ്ങളുടെയും, ആത്മീയ ശുശ്രുഷകളുടെയും പിറകിലുള്ള ദൈവീക ഉദ്ദേശവും, ആത്മീയ അര്‍ത്ഥവും നാം എത്രമാത്രം ഗ്രഹിച്ചിട്ടുണ്ട്?
നമ്മുടെ പുതുതലമുറക്ക് ഈ വക സത്യങ്ങളെ ക്കുറിച്ച് എന്തെങ്കിലും അറിവുണ്ടോ?
നമ്മുടെ സ്ഥലം സഭകളില്‍ അപ്പോസ്തലീക ഉപദേശങ്ങളെക്കുറിച്ചും അവ എങ്ങനെ നിവര്‍ത്തിക്കപ്പെടണം എന്നതിനെക്കുറിച്ചുമുള്ള വ്യക്തമായ പഠിപ്പിക്കലുകള്‍ ഉണ്ടോ?
നാം നമ്മെതന്നെ ഒന്ന് വിലയിരുത്തുക. കുറവുകള്‍ തിരുത്തുവാന്‍ നമുക്ക് ശ്രമിക്കാം. നാം പിന്‍പറ്റുന്നതും അനുഷ്ഠിക്കുന്നതുമായ ഓരോ ശുശ്രുഷകളുടെയും ആത്മീയ അന്തസത്ത പൂര്‍ണ്ണമായി മനസിലാക്കി പ്രാഗത്ഭ്യത്തോടെ ദൈവത്തെ ആരാധിക്കുവാന്‍ അര്‍ത്ഥവത്തായ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ വലിയവനായ ദൈവം നമ്മെ സഹായിക്കട്ടെ.
