ആരാധനായോഗം എന്നത് ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ നമ്മള്‍ കൂടിവരുന്നത്, ദൈവവചന ഭാഷയില്‍ കര്‍ത്താവിന്‍റെ ഓര്‍മ്മയെ പ്രസിദ്ധമാക്കുന്ന ‘അപ്പം നുറുക്കല്‍ (breaking of bread) യോഗമാണ്. ആരാധനയോഗത്തിന്റെ പ്രഥമവും പ്രധാനപ്പെട്ടതുമായ ഉദ്ധേശമായ ‘അപ്പം നുറുക്കലിന്റെ‘ പ്രാധാന്യത്തെ അവഗണിച്ചുകൂടാ. ‘അപ്പം നുറുക്കുക‘ അഥവാ ‘കര്ത്താവിന്റെ അത്താഴം‘ എന്നത് അപ്പോസ്തോലീക കാലങ്ങളിലും, അതിനുശേഷവും ദൈവമക്കളുടെ കൂടിവരവുകളില്‍ ഏറ്റവും പ്രധാനമായ ആചരണം ആയിരുന്നു.
നമ്മുടെ ആരാധന ശരിയായ രീതിയില്‍ ആയിരിക്കണമെങ്കില്‍ കാലപ്പഴക്കത്താല്‍ നമ്മുടെ ഇടയില്‍ കടന്നുകൂടിയ ചില‘സ്ഥിരം‘ പരിചയങ്ങളെല്ലാം നാം നിയന്ത്രിക്കേണ്ടതുണ്ട്. ആരാധന ദൈവാത്മാവിന്റെ നിയന്ത്രണത്തിനു വിധേയമായിരിക്കണം. എല്ലാം ചന്തമായും, ഉചിതമായും എന്നുള്ള പ്രമാണം ഉള്ളപ്പോള്‍ തന്നെ ഇതര ക്രിസ്തീയ വിഭാഗങ്ങള്‍ ചെയ്യുന്നതുപോലെ ആരാധനക്കും ‘ഒരു സ്ഥിര പ്രമാണം‘ (രീതി) ഇന്ന് പല സഭകളിലും കടന്നുകൂടിയിട്ടുണ്ട്. നമ്മെ നിയന്ത്രിക്കുന്നത് പരിശുദ്ധാത്മവാണോ എന്ന് നാം ശോധന ചെയ്യേണ്ടതാണ്.
ആരാധനായോഗം നമ്മുടെ ആവശ്യങ്ങളെ നിവര്‍ത്തിച്ചു കിട്ടേണ്ടതിനായി കഴിക്കുന്ന ‘പ്രാര്‍ത്ഥന‘ (Prayer) യോഗമല്ല. വ്യക്തിപരമായ കാര്യങ്ങള്‍ സഭയെ അറിയിക്കുന്ന സാക്ഷ്യ (testimony)യോഗമോ, പരസ്യ പ്രസ്താവനക്കുള്ള (annoncements) സമയമോ അല്ല. നാം ആത്മീയമായി ഉത്തേജിക്കപ്പെടേണ്ടതിനായിട്ടുള്ള വചന പഠന (Bible Study) യോഗവുമല്ല. ആരാധിക്കുവാനായി,അപ്പം നുറുക്കുവാനായി കൂടിവരുമ്പോള്‍ ‘കര്‍ത്താവ്‘ മാത്രമായിരിക്കണം നമ്മുടെ വിഷയം.വ്യക്തികള്‍ക്കോ വ്യക്തിതാല്പര്യങ്ങള്‍ക്കോ അവിടെ സ്ഥാനമില്ല. ആരാധനയോഗത്തിന്‍റെ മദ്ധ്യേ സ്വയം പരിചയപ്പെടുത്തുന്നതും തെറ്റാണ്. പലപ്പോഴും സന്ദര്‍ശകരായി വരുന്നവര്‍, ഞാന്‍ ഇവിടെയില്ലായിരുന്നു, അവധിക്കു വന്നിരിക്കുകയാണ്, ഇന്ന് ഇവിടെ കൂടാന്‍ സന്തോഷം ഉണ്ട്, ആത്മീയമായി ഉന്നതിയില്‍ ആണ്, എന്നൊക്കെയുള്ള കാര്യങ്ങള്‍ കൂടിവന്നിരിക്കുന്നവരോട്‘പറയാതെ തന്നെ പറയുവാന്‍ ‘ ഒരു വാക്യം വായിക്കുകയോ, ഒരു ചിന്ത പറയുകയോ ഒക്കെ ചെയ്യാറുണ്ട്. ഇനി ആരാധനയോഗത്തിന് ഒന്നും പറഞ്ഞില്ലെങ്കിലോ, ‘മോനെ നീ എന്താ എഴുന്നേല്‍ക്കാഞ്ഞേ‘തുടങ്ങിയ ചോദ്യങ്ങള്‍ക്കും യോഗം കഴിഞ്ഞു മറുപടി പറയേണ്ടതായി വരും. നിര്‍ബന്ധത്താലും,പ്രലോഭനത്താലും ഉള്ള കാര്യങ്ങള്‍ക്കു ആരാധനയില്‍ സ്ഥാനമില്ല.
‘എന്‍റെ ഓര്‍മ്മക്കായി ഇത് ചെയ്‍വിന്‍‘ എന്നരുളി ചെയ്തപ്പോള്‍ കര്‍ത്താവ് ആഗ്രഹിച്ച വിധത്തില്‍ ഉള്ള സന്തോഷം അവിടുത്തേക്ക് നല്‍കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ” അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു”. (1കൊരിന്ത്യര്‍ 11: 23-26) കര്‍ത്താവിന്‍റെ ആഗ്രഹം ഇതാകയാല്‍ നമ്മുടെ മുഖ്യ പ്രവര്‍ത്തിയും കര്‍ത്താവിന്റെ ഹിതപ്രകാരം ആയിരിക്കണം. യേശുവിനെയും അവന്റെ മഹത്വത്തെയും കുറിച്ചുള്ള ചിന്തകളാല്‍ നാം ഭരിക്കപ്പെടുകയും, പിതാവിന്റെ സ്നേഹത്താല്‍ നമുക്ക് പുത്രനിലുള്ള സ്ഥാനവും, ക്രൂശില്‍ തികച്ച പ്രവര്‍ത്തിയിലുള്ള പൂര്‍ണതയും എല്ലാം കര്‍ത്താവിന് ചുറ്റും കൂടിവന്നിരിക്കുന്നവര്‍ ദര്‍ശിക്കുകയും വേണം.
അപ്പം നുറുക്കുന്നതിനു മുന്പായി വിശ്വാസിയുടെ നടപ്പിനെയും, രീതിയേയും കുറിച്ചുള്ള പഠിപ്പിക്കല്‍ അസ്ഥാനത്താണ് എങ്കിലും, പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ ചില സഹോദരന്മാര്‍ എഴുന്നേറ്റ് കൂടിവരവിന്റെ ലക്ഷ്യത്തെ കാണിക്കുന്ന വേദഭാഗം വായിച്ചു ആരാധനയ്ക്ക് പ്രേരകമാകുന്ന ആലോചനകള്‍ പറയുന്നത് സഹായകരമാകും. അവിടെ പറയുന്നതും പ്രവര്‍ത്തിക്കുന്നതു മായതെല്ലാം കര്‍ത്താവിനെ ആരാധിക്കുവാന്‍ സഹായിക്കുന്നതും, സന്നിഹിതരായിരിക്കുന്ന എല്ലാ വിശുദ്ധന്മാരുടെയും ഒന്നിച്ചു ചേര്‍ത്തുള്ള ധ്യാനവും ആയിരിക്കണം. സന്ദര്‍ഭോചിതമായാലും, അല്ലെങ്കിലും തങ്ങളുടെ ചിന്തകള്‍ പങ്കിടുവാനും, തങ്ങളുടെ ബുദ്ധിയും, പഠനവും ഒക്കെ വെളിപ്പെടുത്തുവാനുമുള്ള തുറന്ന യോഗമായി പല സ്ഥലങ്ങളിലും പലരും ഈ യോഗത്തെ കാണാറുണ്ട്.
ആരാധനായോഗത്തില്‍ ആത്മപ്രേരണയുള്ള സഹോദരന്മാര്‍ക്ക് സമയം ഉപയോഗിക്കാന്‍ ഉള്ള ‘സ്വാതന്ത്ര്യം‘ പലപ്പോഴും ചിലരുടെ ശക്തി പ്രകടനവും തീരുന്നു. ആവര്‍ത്തന വിരസതയും ഉളവാക്കാറുണ്ട്. ഒരുവന് അറിയാവുന്നത് മുഴുവനുമോ, പറയാനാഗ്രഹിച്ചത് എല്ലാം തന്നെയും പറഞ്ഞുതീര്‍ക്കാതെ ആത്മനടത്തിപ്പ് അനുസരിച്ച് വിഷയവും സന്ദര്‍ഭവും പരിഗണിച്ച് വേണം സംസാരിക്കേണ്ടത്. അനുഭവം വെച്ചുനോക്കിയാല്‍, ആരാധന സമയത്തെ പ്രബോധനങ്ങള്‍ പലതും ആരാധനയെ സഹായിക്കുന്നതിന് പകരം തടസ്സമായിട്ടാണ് കാണപ്പെടുന്നത്. പലപ്പോഴും ഇങ്ങനെയുള്ള ശുശ്രൂഷകള്‍, ആരാധന ദൈവത്തിലേക്ക് ഉയരുന്നതിന് വിരുദ്ധമായി ഭവിക്കുന്നു.
പലപ്പോഴും ആരാധനാ ‘ചിന്തകള്‍ക്കായി‘മാത്രം ആരാധനയുടെ സമയം മുഴുവനും ഉപയോഗിക്കപ്പെടുന്നു. നന്ദിയും, സ്തോത്രവും ഒക്കെ നാമമാത്രമായി പോകാറുണ്ട്.
മറ്റുചില വിശ്വാസികള്‍ ‘മിണ്ടാപ്രാണികള്‍‘ ആണ്. ‘സഹോദരന്‍ ആരാധനയോഗത്തിന് സ്തോത്രം ചെയ്യുകയെങ്കിലും വേണം‘ എന്നെങ്ങാനും ഇവരോട് പറഞ്ഞാല്‍ “മിണ്ടാതിരുന്നു ദൈവം എന്നറിഞ്ഞുകൊള്‍വീന്‍”‘ എന്ന ആപ്ത വാക്യം ഉടനെ അവര്‍ പറയും. വീണ്ടെടുക്കപ്പെട്ട ദൈവജനത്തിന്, ദൈവത്തിന്നായി ‘ആരാധന അര്‍പ്പിക്കുക‘ എന്ന പുരോഹിത പദവി ഉപയോഗിക്കുവാനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലമാണ് തങ്ങളുടെ സ്ഥലം സഭ.
ആരാധനയോഗം നമ്മുടെ‘ഇഷ്ടഗാനം‘ പാടുവാനുള്ള സമയമല്ല. മറ്റുള്ളവര്‍ക്ക് അറിയാന്‍ പാടില്ലാത്ത പാട്ടുകള്‍‘സോളോ (solo) പാടുന്ന പ്രവണതയും കണ്ടുവരുന്നു. ആത്മാവിനാല്‍ തിരഞ്ഞെടുത്തിരിക്കുന്ന പാട്ടുകള്‍ ആരാധനയ്ക്ക് സഹായമായിരിക്കുമ്പോള്‍ തന്നെ മറ്റുള്ള തരം പാട്ടുകള്‍ പാടുന്നത് ആരാധനയ്ക്ക് തടസവും ആയിരിക്കുന്നു. ആരാധനാത്മകമായ ഗാനങ്ങള്‍,സഹോദരന്മാര്‍ നയിക്കുകയും ഒന്നിച്ചു ഒരുമയോട് പാടുകയും വേണം. മറ്റു ചിലര്‍ അവരുടെ സംഗീത വാസന തെളിയിക്കുവാന്‍, ഷൈന്‍ ചെയ്യുവാന്‍, മറ്റുള്ളവരെക്കാള്‍ രാഗവും താളവും ഒക്കെ വ്യത്യാസത്തില്‍ പാടി ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ആരാധനയുടെ ശ്രദ്ധാകേന്ദ്രം കര്‍ത്താവായ യേശുക്രിസ്തു മാത്രമായിരിക്കണം. കര്‍ത്താവിനെ ഉയര്‍ത്തുന്ന കാര്യങ്ങള്‍ മാത്രമേ കൂടിവരവില്‍ ആകാവൂ. സകല പുകഴ്ചയും ബഹുമാനവും കര്‍ത്താവിന്നു മാത്രമായിരിക്കട്ടെ. ദൈവത്തിനു പ്രസാദമായ ആരാധന അര്‍പ്പിക്കുവാന്‍ ദൈവം നമുക്ക് കൃപ നല്‍കട്ടെ.
