സംഗീത ഉപകരണങ്ങള്‍ (Musical Instruments) പുതിയനിയമ സഭയില്‍ വേണമോ?

വിശുദ്ധ വേദപുസ്തകത്തില്‍ ഒട്ടനവധി മനോഹരമായ സ്തോത്രഗീതങ്ങളും പാട്ടുകളും ഉണ്ട്. സംഗീതോപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച് പുതിയ നിയമം നിശബ്ദത പാലിക്കുന്നു വെങ്കിലും വിശ്വാസികള്‍ ദൈവ ത്തിനുപാടണം എന്ന് പുതിയ നിയമം വളരെ വ്യക്തമായി പറയുന്നുണ്ട്. വാദ്യോപകരണ ങ്ങളുടെ അകമ്പടിയോടെ പാടണം എന്ന് പുതിയനിയമം അനുശാസിക്കുന്നില്ല. എന്നാല്‍ സഭയില്‍ ദൈവ ജനം ഏതു വിധേന പാടണം എന്നത് ദൈവവചനത്തില്‍ വളരെ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്.

സന്തോഷമുള്ള ഹൃദയം കൊണ്ട് പാടണം (Singing with Gladness )

യാക്കോബ് 5:13 ല്‍ വായിക്കുന്നത്, ”….സുഖം അനുഭവിക്കുന്നവന്‍ പാട്ടു പാടട്ടെ.” സന്തോഷം ഹൃദയത്തില്‍ നിറയുമ്പോള്‍ പാട്ട് പാടുന്നു. ഹൃദയത്തില്‍ രക്ഷയുടെ സന്തോഷം അനുഭവിക്കുന്നവരാണ് കര്‍ത്താവിന്നായി പാടുന്നത്. വീണ്ടെടുക്കപ്പെട്ടവര്‍ വീണ്ടെടുപ്പിന്‍ ഗാനം പാടുന്നു.( പുറ.15:1). പൌലോസും ശീലാസും കാരാഗൃഹത്തില്‍ പാടി. (അപ്പൊ. 16 : 25 ). നമ്മുടെ കര്‍ത്താവും ശിഷ്യന്മാരോടോരുമിച്ചു സ്തോത്രം പാടി. (മത്തായി. 26:30 ). സാഹചര്യങ്ങളോ താളമേളങ്ങളോ അല്ല ദൈവത്തിന്നായി പാടുന്നതിനു പ്രചോദനമായിത്തീരുന്നത്. ഏതു ചുറ്റുപാടിലും ദൈവജനം കര്‍ത്താവിനെ പാടി സ്തുതിക്കും. സംഗീതം ഹൃദയത്തില്‍ നിന്നാണ് വരുന്നത്. യേശുക്രിസ്തുവിലുള്ള സന്തോഷവും സമാധാനവും അനുഭവിക്കുന്ന ഹൃദയത്തില്‍ നിന്നാണ് ദൈവത്തിനായി സ്തുതികള്‍ ഉയരേണ്ടത്. കര്‍ത്താവിന്റെ സന്നിധിയില്‍ പാടുന്നതിനു ദൈവമക്കള്‍ക്ക് വക നല്‍കുന്ന അനേകം കാരണങ്ങള്‍ ഉണ്ട്. സന്തോഷം എന്ന അവസ്ഥ തന്നെ ഹൃദയം പാടുന്നതാണ്.

സമാധാനമുള്ള (കൃപ അനുഭവിക്കുന്ന ) ഹൃദയത്തോടെ പാടണം. (Singing with Grace)  കൊലോ.3:14-17

ക്രിസ്തുവിന്റെ സമാധാനം ഹൃദയങ്ങളില്‍ നിറഞ്ഞു വരുമ്പോള്‍ വിശ്വാസികള്‍ പാടുന്നു. വീണ്ടെടുപ്പുകാരനായ കര്‍ത്താവിന്റെ കര്‍തൃത്വത്തെ അംഗീകരിക്കുമ്പോള്‍, ദൈവവചനം കുളിര്‍മഴയായി ഹൃദയത്തില്‍ നിറഞ്ഞിരിക്കുമ്പോള്‍, കര്‍ത്താവിന്റെ സമാധാനം നമ്മുടെ ഹൃദയത്തെ ഭരിക്കുമ്പോള്‍, നന്ദിയോടെ നമ്മുടെ ഹൃദയങ്ങളില്‍ ദൈവത്തിനു പാടുവാന്‍ കഴിയും. നാം പാടുന്നതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കേണ്ടത് ദൈവത്തോടുള്ള നന്ദിയും സമാധാനവും സ്നേഹവും ആയിരിക്കണം.

നന്ദിയുള്ള, സ്തോത്രം കരേറ്റുന്ന, ഹൃദയം കൊണ്ട് പാടണം. (Singing with Gratitude ) എഫേ.5:18-20

ഒരു വിശ്വാസിയുടെ ഹൃദയത്തില്‍ സ്തുതിയും സ്തോത്രവും ഉയരുന്നത് താന്‍ തന്നെ ഒരുക്കുന്ന ഏതെങ്കിലും പ്രത്യേക കാരണങ്ങള്‍ കൊണ്ടല്ല. ആത്മാവ് നിറയുമ്പോള്‍, ഹൃദയത്തില്‍ നന്ദിയും സമാധാനവും സന്തോഷവും അലയടിക്കുമ്പോള്‍ വിശ്വാസി ഹൃദയത്തില്‍ കര്‍ത്താവിന്നായി പാടുന്നു. കീര്‍ത്തനം ചെയ്യുന്നു. പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായിരിക്കുമ്പോള്‍ വിശ്വാസികള്‍ തമ്മില്‍ തമ്മില്‍ പ്രബോധിപ്പിക്കുന്നു. സങ്കീര്‍ത്തനങ്ങളും സ്തുതികളും ആത്മീകഗീതങ്ങളും വിശ്വാസികള്‍ അന്യോന്യം സംസാരിക്കുന്നതിന്നായിട്ടു ഉപയോഗിക്കുന്നു. ‘പാടുന്നതും’ ‘സംസാരിക്കുന്നതും’ തമ്മില്‍ വ്യത്യാസമുണ്ടല്ലോ. സംസാരിക്കുന്നത് സഹവിശ്വാസികള്‍ ശ്രദ്ധിക്കുന്നതിന്നാണ്. എന്നാല്‍ പാടുന്നത് ദൈവത്തിനു കര്‍ണ്ണരസമാകുമാറായിരിക്കണം. ഹൃദയത്തില്‍ നിന്നുയരുന്ന കീര്‍ത്തനങ്ങളാണ് (Making melody in your heart to the Lord ) കര്‍ത്താവിന്നായി നല്‍കേണ്ടത്.

സംഗീതവും അതിന്റെ താളമേളങ്ങളുമെല്ലാം ഹൃദയത്തില്‍ നിന്നാണ് ഉയരേണ്ടത്. പരിശുദ്ധാത്മാവായിരിക്കണം നമ്മുടെ ഹൃദയത്തില്‍ ഈണം നല്‍കേണ്ടത്. സഭ ഒരുമിച്ചുകൂടി ദൈവസന്നിധിയില്‍ പാടുമ്പോള്‍, പരിശുദ്ധാത്മാവാം ദൈവമായിരിക്കണം സംവിധാനം നിര്‍വഹിക്കേണ്ടത്. ഓരോ ഹൃദയങ്ങളേയും പരിശുദ്ധാത്മാവ് സഹായിക്കുമ്പോഴാണ് യഥാര്‍ത്ഥമായ സ്തോത്രഗീതങ്ങളും കീര്‍ത്തനങ്ങളും കര്‍ത്താവിന്നായി ഉയരുന്നത്.

ആത്മാവില്‍, ഹൃദയങ്ങള്‍ക്ക്‌ വിവേചിക്കുവാന്‍ കഴിയുന്ന തരത്തിലായിരിക്കണം പാടേണ്ടത്. (Singing with Guidance )

1 കൊരി. 14 : 14 – 17.  പാട്ടുകള്‍, കേള്‍ക്കുന്ന ഓരോ ഹൃദയങ്ങള്‍ക്കും മനസിലാക്കാന്‍ കഴിയുന്ന തരത്തിലുള്ളതായിരിക്കണം. പാട്ടുകള്‍ കേവലം വികാരപ്രകടനങ്ങള്‍ ആയി മാറരുത്. അര്‍ത്ഥമില്ലാത്ത ജല്‍പനങ്ങളല്ല യഥാര്‍ത്ഥത്തില്‍ പാട്ടുകളായിത്തീരേണ്ടത്.

എഫേസ്യര്‍ .5:19- ല്‍ നിന്നും നാം മനസിലാക്കുന്നത്‌, ഒരു വിശ്വാസി പാടേണ്ടത്, പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തില്‍ ഹൃദയത്തിന്റെ ബോദ്ധ്യത്തോടെ ആയിരിക്കണം എന്നാണ്. ഈ വാക്യം സഭാകൂടിവരവിനെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. സഭയില്‍ ഉയരുന്ന സ്തോത്രഗീതങ്ങള്‍ പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ വിശ്വാസികളുടെ ഹൃദയത്തില്‍നിന്നാണ് വരുന്നത്. മറ്റൊന്നും സഭയില്‍ പാടുന്നതിനു അകമ്പടി സേവിക്കുന്നില്ല. പുതിയനിയമം മറ്റൊരു മാധ്യമത്തെയോ ഉപകരണത്തെയോക്കുറിച്ചോ പറയുന്നില്ല. ദൈവവചനത്തില്‍ ഉപയോഗിക്കരുത് എന്ന് കാണാത്തതുകൊണ്ട് സഭയില്‍ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. ദൈവവചനം ആക്ഷരീകമായിവേണമോ അതോ വേണ്ടയോ എന്ന് പറയാത്ത വിഷയങ്ങളെക്കുറിച്ച് നാം സംസാരിക്കുമ്പോള്‍, ദൈവവചനത്തില്‍ വ്യക്തമാക്കപ്പെട്ട ശരിയായ മാതൃകകളെയാണ് നാം മുഖവിലക്കെടുക്കേണ്ടത്. സ്ഥലം സഭയെന്നത് ദൈവത്തിന്റെ മന്ദിരമാണ്. ( 1 കൊരി. 3: 9 ) . കര്‍ത്താവാണ് സഭയുടെ അടിസ്ഥാനം. സഭ എങ്ങനെ പണിയപ്പെടണം എന്നതിന്റെ രൂപകല്‍പന കര്‍ത്താവിന്റെതാണ്. ദൈവം കല്പ്പിച്ചാക്കിയിരിക്കുന്ന മാതൃക പ്രകാരമായിരിക്കണം സ്ഥലം സഭയില്‍ ഓരോ ക്രമീകരണങ്ങളും നടക്കേണ്ടത്‌ . വിശ്വാസികള്‍ തങ്ങളുടെ സ്വന്ത ഇഷ്ടപ്രകാരമല്ല സ്ഥലംസഭയില്‍ വര്‍ത്തിക്കേണ്ടത്.

സംഗീത ഉപകരണങ്ങള്‍ വിശുദ്ധ ശുശ്രുക്ഷകള്‍ക്കായി ദൈവാലയത്തിലും മറ്റും ഉപയോഗിച്ചിട്ടുണ്ട് എന്നത് പഴയനിയമത്തില്‍ കാണുവാന്‍ കഴിയുമല്ലോ എന്ന് സാധാരണയായി അഭിപ്രായപ്പെടാറുണ്ട്. പുതിയനിയമത്തില്‍ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെ വിലക്കിയിട്ടുമില്ല. പിന്നെന്താ, പുതിയനിയമസഭയില്‍ സംഗീത ഉപകരണങ്ങള്‍ പാടില്ല എന്ന് പറയുന്നതിന് അടിസ്ഥാനം? ന്യായമായ ചോദ്യമാണ്. ദൈവത്തിനു യാഗം അര്‍പ്പിക്കുന്നത് മൃഗങ്ങളെ ബലി കഴിച്ചുകൊണ്ടാണ്‌ എന്നത് പഴയനിയമം അംഗീകരിക്കുന്ന വസ്തുതയാണ്. അതേ മാതൃക, പുതിയ നിയമ വിശ്വാസിക്കും ബാധകമാണ് എന്ന് ആരും പറയാറില്ലല്ലോ!! പഴയനിയമത്തിലെ നിഴലുകളുടെയെല്ലാം പൊരുളായ കര്‍ത്താവില്‍ വിശ്വസിക്കുന്ന, കൃപയുടെ അവകാശികളായ പുതിയനിയമ വിശ്വാസികള്‍ക്ക്, സഭകള്‍ക്ക്, അനുവര്‍ത്തിക്കാന്‍, പിന്‍പറ്റാന്‍ കൊള്ളാവുന്ന പുതിയനിയമ മാതൃക തിരുവചനത്തില്‍ വ്യക്തമാണ്.

പഴയനിയമകാലത്തും അതായത്, ലേവ്യപൌരോഹിത്യ നാളുകളില്‍ , ഇത്തരം ഉപകരണങ്ങള്‍ ‘അതിവിശുദ്ധ’ സ്ഥലത്ത് ഉപയോഗിച്ചിരുന്നില്ല. പുതിയനിയമസഭയ്ക്ക് ഉപയോഗിച്ചിരിക്കുന്നതും ‘വിശുദ്ധമന്ദിരം’ ( sanctuary ) എന്ന വാക്ക് തന്നെയാണ്.  ( 1 കൊരി. 3 : 16, 17 ). അതായത്, സഭ എന്നത് ‘ പുറത്തെ പ്രാകാര’മല്ല (Outer court ). മറിച്ച്, സഭയെന്നത്, സഭാകൂടിവരവ് എന്നത് അതിവിശുദ്ധ സ്ഥലത്തെയാണ് സൂചിപ്പിക്കുന്നത്.

പ്രിയപ്പെട്ടവരേ, സത്യം ഇതാണ്. സംഗീത ഉപകരണങ്ങള്‍ക്ക് സ്ഥലം സഭകളില്‍, സഭാകൂടിവരവുകളില്‍ സ്ഥാനമില്ല. പുതിയനിയമ മാതൃക പ്രകാരം നമുക്ക് ഗ്രഹിക്കുവാന്‍ കഴിയുന്നത്‌ അതാണ്. പതിനേഴാം നൂറ്റാണ്ടു വരെ, വാദ്യോപകരണങ്ങള്‍ സഭായോഗങ്ങളില്‍ ഉപയോഗിച്ചിരുന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ല. സ്ഥലം സഭകളില്‍ കടന്നുകൂടിയ നവീന ചിന്താഗതികളില്‍ ഒന്നു മാത്രമാണിത്.

പ്രിയപ്പെട്ടവരേ, സത്യം അറിഞ്ഞിട്ടും സത്യത്തോട് മറുതലിക്കാതെ ജീവിക്കാന്‍ ശ്രമിക്കാം. ദൈവവചനത്തെ ചോദ്യം ചെയ്യാതെ, തിരുവചനം കാട്ടിത്തരുന്ന മാതൃക പിന്‍പറ്റാം. ദൈവം നമ്മെ സഹായിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *