നമുക്ക് തലമുറകളായി കൈമാറി ലഭിച്ചതും, പിതാക്കന്മാര്‍ ദൈവവചനാടിസ്ഥാനത്തില്‍ പഠിപ്പിച്ചുതന്നതും, വചനം ശരിയായ നിലയില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ എന്നഭിമാനിക്കത്തക്കനിലയില്‍ നമുക്ക് ലഭിച്ച പാരമ്പര്യ സ്വത്താണ് ‘വേര്‍പാട്’ എന്ന ഉപദേശം. അതായത് ദൈവവചന ഉപദേശസംഹിതകളെ, വചനയോഗ്യമായ ആചാരങ്ങളെ, ക്രമീകരണങ്ങളെ ഒക്കെ മനപൂര്‍വ്വം അവഗണിക്കുന്നതാണോ അതോ അവയെക്കുറിച്ച് വ്യക്തമായ നിശ്ചയം ഇല്ലാത്തതാണോ, ഇന്ന് വേര്‍പാട് ഉപദേശത്തില്‍ നിന്നും സ്ഥലംസഭകള്‍, വിശ്വാസികള്‍ മാറിസഞ്ചരിക്കുന്ന ദുരവസ്ഥയ്ക്ക് കാരണമായിത്തീരുന്നത് എന്ന് നാം ചിന്തിക്കേണ്ടതാണ്.
നിങ്ങള്‍ പരീശനാണ്, പഴഞ്ചന്‍ ആശയങ്ങളാണ്, ഈ നൂറ്റാണ്ടില്‍ ഇതുകൊണ്ട് പ്രയോജനമില്ല. ഇങ്ങനെയൊക്കെ ‘നമ്മുടെ പുത്തന്‍ തലമുറ’ നമ്മെ പഴി ചാരുമ്പോള്‍, കളിയാക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പരീശന്‍, ‘പാരമ്പര്യം എന്നതൊക്കെ ദൈവവചനാടിസ്ഥാനത്തില്‍ എന്താണ് എന്ന് നാം അറിഞ്ഞിരിക്കണം.
‘പാരമ്പര്യം’ (സമ്പ്രദായം) എന്ന വാക്ക് ആക്ഷരികമായി ഒരു വിപരീത അര്‍ത്ഥത്തിലാണ് വിശുദ്ധ ബൈബിളില്‍ പ്രത്യേകിച്ച് പുതിയനിയമത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മത്തായി. 15:3 – ല്‍ കര്‍ത്താവ് പരീശന്മാരോട് പറഞ്ഞു, ” നിങ്ങളുടെ സമ്പ്രദായം കൊണ്ട് നിങ്ങള്‍ ദൈവകല്പ്പന ലംഘിക്കുന്നു” എന്ന്. മര്‍ക്കോസ്. 7 : 8 ലും ഇതേ രീതിയിലുള്ള പ്രയോഗം നമുക്ക് വീണ്ടും കാണാം. ”നിങ്ങള്‍ ദൈവകല്പ്പന വിട്ടുകളഞ്ഞു മനുഷ്യരുടെ ‘സമ്പ്രദായം’ പ്രമാണിക്കുന്നു” എന്ന് അവിടെ വായിക്കുന്നു. പഴയനിയമത്തെ അധീകരിച്ചു യഹൂദാ റബ്ബിമാര്‍ ധാരാളം എഴുതുകയും ‘അവരുടേതായ’ ചിന്തകളും വ്യാഖ്യാനങ്ങളും പടിപ്പിക്കലുകളും യഹൂദന്‍മാരുടെ മദ്ധ്യേ ചെയ്തുപോന്നു. കാലക്രമേണ ഈ എഴുത്തുകളും പഠനങ്ങളും മറ്റും ദൈവവചനത്തെ പോലെ തന്നെ വലിയൊരളവില്‍ അവരുടെ മദ്ധ്യേ ആധികാരികത ഉള്ളതായി തീര്‍ന്നു. കര്‍ത്താവ് പരീശന്മാരോട് പറഞ്ഞത്, പലപ്പോഴും മാനുഷികമായ രീതികളും സമ്പ്രദായങ്ങളും വ്യാഖ്യാനങ്ങളും പിതൃപാരമ്പര്യ നടപ്പുകളും മറ്റും ദൈവവചനത്തിനു ബദലായി, അഥവാ ഉപരിയായി യഹൂദന്‍മാര്‍ അവരുടെ ജീവിതത്തില്‍ സ്വീകരിച്ചു പോന്നു. വ്യര്‍ത്ഥമായ പിതൃപാരമ്പര്യ നടപ്പുകള്‍ എന്നാണു യഹൂദന്മാരുടെ സമ്പ്രദായങ്ങളെ ക്കുറിച്ച് അപ്പോസ്തലനായ പത്രോസ് അഭിപ്രായപ്പെടുന്നത്.
യഹൂദാ പാരമ്പര്യത്തിന്‍റെ ശക്തനായ വക്താവായിരുന്നു അപ്പൊസ്ഥലനായ പൗലോസ് എന്ന ശൌല്‍. യഹൂദാമതത്തിനും അതിന്‍റെ സുഗമമായ നടത്തിപ്പിനുംവേണ്ടി സൂക്ഷ്മതയോടെ അഹോരാത്രം പ്രവര്‍ത്തിച്ച പരീശനായിരുന്നു അപ്പോസ്തലനായ പൗലോസ് എന്ന വ്യക്തി (അപ്പൊ. പ്രവര്‍ത്തി. 26:5 ). തന്‍റെ മതത്തിനും അതിന്‍റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന തിന്നുമായി അത്യന്തം എരിവോടെ പ്രവര്‍ത്തിച്ചവനാണ് അപ്പൊസ്ഥലനായ പൗലോസ്. എന്നാല്‍ സകല പാരമ്പര്യരീതികളേയും സമ്പ്രദായങ്ങളെയും അവഗണിച്ചു, സത്യം അറിഞ്ഞതുമുതല്‍, അറിഞ്ഞ സത്യത്തിനും അതിന്‍റെ വ്യാപനത്തിനുംവേണ്ടി ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ട് താന്‍ പ്രയത്നിച്ചു. പാരമ്പര്യകെട്ടുപാടുകളെയും രീതികളേയും അതിനിശിതം വിമര്‍ശിച്ചു. എന്നാല്‍ ഇതേ പൗലോസ് തന്നെ, തന്റെ പ്രസംഗങ്ങളിലും എഴുത്തുകളിലും മറ്റും ‘പാരമ്പര്യം’ അല്ലെങ്കില്‍ ‘സമ്പ്രദായം’ എന്ന പദങ്ങള്‍, ദൈവാത്മാവിന്റെ ആലോചനകള്‍ വെളിപ്പെടുത്തുന്നതിന്നായി ഉപയോഗിച്ചിട്ടുണ്ട്. കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും നമുക്ക് ഈ പദപ്രയോഗം കാണുവാന്‍ കഴിയും. അപ്പോസ്തലീക ഉപദേശങ്ങളെ ക്കുറിച്ചും ക്രിസ്തീയവിശ്വാസത്തിലേക്ക് കടന്നു വരുന്ന ഒരാളുടെ ജീവിതശൈലി എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ചും സംസാരിക്കുമ്പോള്‍ ‘പാരമ്പര്യം’ അല്ലെങ്കില്‍ ‘സമ്പ്രദായം’ എന്ന വാക്ക് അപ്പോസ്തലന്‍ എടുത്തു ഉപയോഗിച്ചിട്ടുണ്ട്.
അപ്പോസ്തലന്‍ ഏല്പ്പിച്ചുകൊടുത്ത പ്രമാണങ്ങളെ കൊരിന്തിലെ സഭ സൂക്ഷിക്കുന്നു എന്നതോര്‍ത്തു പൗലോസ് കൊരിന്തു സഭയെ ശ്ലാഘിക്കുന്നു. 1. കൊരി. 11 : 2 -ല്‍ നാം വായിക്കുന്നത്, ”……..ഞാന്‍ നിങ്ങളെ ഏല്‍പ്പിച്ച കല്‍പ്പനകളെ പ്രമാണിക്കയും ചെയ്കയാല്‍ നിങ്ങളെ പുകഴ്ത്തുന്നു (…..keep the ordinances (hold fast traditions), as I delivered them to you) ” . അപ്പോസ്തലീക പാരമ്പര്യത്തെ മാനിക്കുന്നു എന്നതാണ് ഈ ഭാഗത്തുനിന്നും നാം മനസിലാക്കുന്നത്.. കൊരിന്ത്യര്‍ക്ക് ഏല്‍പ്പിച്ചുകൊടുത്ത ഉപദേശസത്യങ്ങള്‍ തിമോത്തിയോസിലൂടെ പൗലോസ് അടുത്ത തലമുറയിലേക്കു വീണ്ടും കൈമാറ്റം ചെയ്യുകയാണ്. ‘ എന്നോട് കേട്ടതെല്ലാം സമര്‍ത്ഥരായ വിശ്വസ്ത മനുഷ്യരെ ഭരമെല്‍പ്പിക്കുവാനാണ്’ പൗലോസ് തിമോതെയോസിനെ ഉദ്ബോധിപ്പിക്കുന്നത്. (2തിമോ.2:2 ). ഉപദേശസത്യങ്ങള്‍ തലമുറകള്‍ മാറി മാറി അനുവര്‍ത്തിച്ചു പോരുന്നത് ഇന്നും പ്രായോഗികമാണ്. അടിസ്ഥാനഉപദേശങ്ങളില്‍ നിന്നും വ്യതിചലിക്കാതെ അപ്പോസ്തലീക ഉപദേശങ്ങള്‍ പഠിപ്പിക്കുകയും ലഭിച്ച സത്യങ്ങളില്‍ ഉറച്ചുനില്ക്കുകയും ചെയ്യുന്നത് പാരമ്പര്യമായി കൈമാറ്റംചെയ്യപ്പെട്ടു വന്ന സഭാസത്യങ്ങളെ മാനിക്കുന്നതിന്റെ തെളിവാണ്. ഉപദേശിച്ചു തന്ന ( ലഭിച്ച ) പ്രമാണങ്ങളെ മുറുകെ പിടിക്കുന്നത് ( hold the traditions …) അപ്പോസ്തലീക മാതൃകയാണ്.
പ്രിയപ്പെട്ട ദൈവജനമേ, ഒരു സത്യം നിങ്ങളെ ഓര്‍പ്പിക്കുവാനാണ് മുകളില്‍ നല്‍കിയ വിശദീകരണത്തിലൂടെ ആഗ്രഹിക്കുന്നത്.
വേര്‍പാടുകാരായ നമുക്ക് ഒരു പാരമ്പര്യമുണ്ട്. ജാതീയമായതും സാമൂഹികമായതും മതപരമായതുമായ ചെയ്തികളില്‍ നിന്നും സമ്പ്രദായങ്ങളില്‍ നിന്നും രക്ഷക്കപ്പെട്ടു വിശുദ്ധ ദൈവവചനത്തില്‍ നിന്നും ലഭിച്ച വെളിച്ചത്തിനനുസരിച്ചു പുതിയനിയമ സത്യങ്ങള്‍ക്കായി നിലകൊണ്ട, ശ്രേഷ്ഠപിതാക്കന്മാര്‍ ഏല്‍പ്പിച്ചു തന്ന ഒരു പാരമ്പര്യം നമുക്ക് അവകാശപ്പെടാനുണ്ട്. അപ്പോസ്തലീക പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരായി നമ്മുടെ പിതാക്കന്മാര്‍ ജീവിച്ചു. സത്യ ഉപദേശവും പ്രമാണങ്ങളും അനുസരിക്കുന്നതില്‍ പിതാക്കന്മാര്‍ ബദ്ധശ്രദ്ധാലുക്കളായിരുന്നു. പുതിയനിയമ കല്‍പ്പനകള്‍ അനുസരിച്ച് പുതിയനിയമ മാതൃക പ്രകാരം സ്ഥലം സഭകളായി അവര്‍ കര്‍ത്താവിനെ ആരാധിച്ചും സേവിച്ചും പോന്നു. അറിഞ്ഞ സത്യങ്ങള്‍ക്കുവേണ്ടി ശക്തമായി നിലകൊണ്ടു. പ്രതികൂലങ്ങളില്‍ പതറിയില്ല. ദുരുപദേശങ്ങളെ സമര്‍ത്ഥമായി ഖണ്ഡിച്ചുകൊണ്ട് ക്രിസ്തീയജീവിതം നയിച്ചു. ലോകത്തില്‍ നിന്നും വേര്‍പെട്ടു ജീവിച്ചു. വേര്‍പാടുകാര്‍ എന്ന് വിളിപ്പേര് സമ്പാദിക്കത്തക്കനിലയില്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്തമായ വേര്‍പാട് പാലിച്ചു വിശുദ്ധി കാത്തു സൂക്ഷിച്ചു. ഉപദേശത്തില്‍ യാതൊരു മായവും ചേര്‍ത്തില്ല. വചനം എന്ത് പറയുന്നുവോ അതനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്തു പോന്നു. സത്യസുവിശേഷം വ്യക്തമായും തെളിവായും അവര്‍ പ്രസംഗിച്ചു. അപ്പോസ്തലീക കാലഘട്ടം തൊട്ടു സഭയായി ദൈവജനം അനുവര്‍ത്തിച്ചു പോന്ന അതേ രീതിയും ക്രമീകരണങ്ങളും പിന്‍തുടരുന്ന, അപ്പോസ്തലീക പാരമ്പര്യം യഥാര്‍ത്ഥമായ നിലയില്‍ അവകാശപ്പെടാന്‍ കഴിയുന്ന കൂട്ടരാണ്, പ്രിയപ്പെട്ടവരേ, നമ്മള്‍ വേര്‍പാടുകാര്‍.
എന്നാല്‍, പിതാക്കന്മാര്‍ കാണിച്ചു തന്ന മാതൃക, ഇതാണ് സഭയുടെ പാരമ്പര്യം, വേര്‍പാട് ഉപദേശത്തിന്‍റെ പാരമ്പര്യം, എന്നൊക്കെ ഇന്ന് ചില പുരോഗമനവാദികളായ വിശ്വാസികളോട് പറഞ്ഞാല്‍ അവര്‍ക്കു ദഹിക്കില്ല. പറയുന്നവരെ പാരമ്പര്യവാദികള്‍ എന്ന് പറഞ്ഞു അധിക്ഷേപിക്കുവാന്‍ ശ്രമിക്കും. ‘പാരമ്പര്യവാദം’ എന്ന് പറഞ്ഞു ആക്ഷേപിക്കുന്നവര്‍ പിതാക്കന്മാരെ വിലമതിക്കാത്തവരാണ്. വിശുദ്ധിയിലും വേര്‍പാടിലും പിതാക്കന്മാര്‍ വച്ച അതിര്‍ ലംഘിക്കുവാന്‍ ശ്രമിക്കുന്ന തലമുറകള്‍ ഇന്ന് സ്ഥലം സഭകളില്‍ വളര്‍ന്നു വരുന്നുണ്ട്. നാം നമ്മുടെ ശ്രദ്ധയെ വേര്‍പെട്ട ദൈവജനത്തിന്റെ മധ്യത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍,
പിതാക്കന്മാരാല്‍ ലഭിച്ച, അനുഗ്രഹീതമായ പാന്‍ഥാവില്‍ നിന്നും ഇന്ന് എത്രയോ കാതം അകലെയാണ് നമ്മുടെ വിശ്വാസ സമൂഹം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ആഭരണധാരണം, വസ്ത്രധാരണം, സ്ഥലംസഭയോടുള്ള സ്നേഹം, സഹോദരസ്നേഹം, സഭാകൂടിവരവുകളോടുള്ള സമീപനം, ലോകമോഹങ്ങളോടുള്ള താല്പര്യം അങ്ങനെ തുടങ്ങി എണ്ണിയെണ്ണി പറയാന്‍ കഴിയുന്ന എത്രയോ വിഷയങ്ങളില്‍ വേര്‍പാടുകാരായ നമ്മുടെ പിതാക്കന്മാര്‍ ചെയ്തുപോന്ന ‘സമ്പ്രദായങ്ങളില്‍’ നിന്നും വ്യത്യസ്തമായി ഇന്നു ദൈവമക്കള്‍ നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്നു.
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം, അതായത് കര്‍തൃദിവസം (Lord’s Day ), ദൈവമക്കള്‍ സഭയായി കൂടിവന്നു ദൈവത്തെ ആരാധിക്കുന്നു. പിതാക്കന്മാര്‍, ആ വിശുദ്ധ ദിവസം പൂര്‍ണ്ണമായും ദൈവത്തിന്നായി സമര്‍പ്പിച്ചിരുന്നു. ഇന്നത്തെ സ്ഥിതി എങ്ങനെ? ഇന്ന് ആകെകിട്ടുന്ന ഒഴിവുദിവസം എന്നത് ഞായറാഴ്ചയായി മാറിയിരിക്കുന്നു. വിവാഹം തുടങ്ങി എന്ത് പരിപാടിയിലും പങ്കെടുക്കുന്നതില്‍ വിശ്വാസികള്‍ക്ക് ഇന്ന് ‘ഞായറാഴ്ച’ ഒരു പ്രശ്നമല്ല. അപ്പത്തില്‍നിന്നും പാനപാത്രത്തില്‍നിന്നും പങ്കെടുത്തതിനുശേഷം പ്രാര്‍ത്ഥന കഴിഞ്ഞു കണ്ണു തുറന്നുനോക്കുമ്പോള്‍ ഒരു കൂട്ടം സഹോദരിസഹോദരന്‍മാരേ സഭയില്‍ കാണില്ല. അടുത്ത് ഏതെങ്കിലും വിവാഹം നടക്കുന്നുണ്ടെങ്കില്‍, അവിടെ ‘പന്തിഭോജനത്തില്‍’ ഇരിക്കുന്നത് കാണാം ഇക്കൂട്ടരെ പിന്നീട്. ഇതുപോലെ വളരെ ലാഘവത്തോടെയാണ് ഇന്ന് ദൈവജനം ഓരോ വിഷയങ്ങളിലും ഇടപെടുന്നത്.
പലപ്പോഴും പാരമ്പര്യരീതികളെ, അതായത്, വേര്‍പാട് ഉപദേശ തത്വങ്ങളെ നിഷേധിക്കുന്നവര്‍ പറയുന്ന മറ്റൊരു ആരോപണം, “പിതാക്കന്മാരുടെ മാതൃക പ്രകാരം എന്ന് പറയുന്ന പല കാര്യങ്ങള്‍ക്കും വചനത്തില്‍ യാതൊരു അടിസ്ഥാനവുമില്ല. ഇത്തരം നിബന്ധനകളും അനുഷ്ഠാനങ്ങളുമെല്ലാം പലതും കേവലം മാനുഷികമായ നിയമങ്ങളോ സ്ഥാപിതമായ ചില താല്പര്യങ്ങള്‍ക്കനുസരിച്ചോ ഉണ്ടായതാണ്”. എന്നാല്‍ ദൈവജനമേ, അറിഞ്ഞ സത്യങ്ങള്‍ക്കുവേണ്ടി, ദൈവവചനത്തോട് വിശ്വസ്തത പുലര്‍ത്തി, അപ്പോസ്തലീക പ്രമാണങ്ങളില്‍ സഭയെ നടത്തിയ പിതാക്കന്മാരാല്‍ സമ്പന്നമാണ് നമ്മുടെ പാരമ്പര്യം. ആ പിതാക്കന്മാരുടെ പിന്‍തലമുറയെ, ദൈവം എല്ലാ നിലയിലും സമൃദ്ധിയായി അനുഗ്രഹിച്ചു. ഇന്ന് സത്യ ഉപദേശത്തിന്റെ കാവല്‍ഭടന്മാരായി നില്‍ക്കേണ്ടവര്‍ നമ്മളാണ്. ബാറ്റന്‍ നമ്മുടെ കൈകളിലാണ്. കൈമാറി ലഭിച്ചതൊന്നും നാമായിട്ട് നഷ്ടപ്പെടുത്തിക്കൂടാ. അടുത്ത തലമുറയിലേക്കു ഈ സത്യങ്ങള്‍ യഥാര്‍ത്ഥമായ നിലയില്‍, കളങ്കമില്ലാത്ത നിലയില്‍ കൈമാറ്റം ചെയ്യപ്പെടെണ്ടതാണ്. വേര്‍പാടുകാരനായി ജനിച്ചതുകൊണ്ടല്ല വേര്‍പാട് ഉപദേശത്തില്‍ നില്‍ക്കേണ്ടത്. മറിച്ച്, വേര്‍പാടുകാരന്‍പറയുകയും പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്തുകാണിക്കുന്ന, വ്യക്തിപരമായതും സഭാപരമായതുമായ ഓരോ വസ്തുതകള്‍ക്കും വളരെ വ്യക്തമായതും സത്യമായതുമായ ആത്മീയാര്‍ത്ഥങ്ങളുണ്ട്, ദൈവവചനത്തില്‍ നിന്നും ശക്തമായ തെളിവുകളുണ്ട് എന്ന ബോദ്ധ്യത്തോടെ, പ്രാഗല്‍ഭ്യത്തോടെ, ഉറപ്പോടെ, വിശുദ്ധമായ സഭാജീവിതം കാത്തുസൂക്ഷിക്കുവാന്‍ നമുക്കൊരോരുത്തര്‍ക്കും ഇടയാകട്ടെ.

ഈ ലേഖനമായി ബന്ധപ്പെട്ടു സഭാസത്യത്തിനു ലഭിച്ച ഒരു കത്തിന് പ്രതികരണം…..
അപ്പോസ്തലീക പഠിപ്പികലുകള്‍ മാത്രം അനുസരിച്ച് ജീവിച്ച, മാതൃകയുള്ള ആത്മീയ പിതാക്കന്മാരുടെ പാതയെ തള്ളിപ്പറഞ്ഞു, തങ്ങളുടെ ഇഷ്ടം പോലെ സാക്ഷ്യമില്ലാതെ ജീവിക്കുന്ന ചുരുക്കം ചിലര്‍ ആണ് ‘പരീശന്മാര്‍’ എന്നത് കൊണ്ട് ഞങ്ങള്‍ അര്ത്ഥമാക്കുന്നത്.
പുതിതായി കടന്നു വരുന്ന, വന്നിട്ടുള്ളവര്‍, ഭുരിപക്ഷം പേരും സത്യത്തിനു വേണ്ടി തീരുമാനം എടുത്തവരാണ്. ദൈവ വചനവും ഉപദേശ സത്യങ്ങളും ഒഴിച്ച് ഈ സഭയില്‍ ഒന്നും മറ്റുള്ളവരെ ആകര്ഷിക്ക തക്കതായി ഇല്ലല്ലോ. കര്ത്താവവിനെ നോക്കിയിറങ്ങിയവര്ക്ക് മാത്രമേ ഇവിടെ ആത്മീയ സന്തോഷം അനുഭവിക്കാന്‍ സാധിക്കുള്ളൂ.
ഞങ്ങളുടെ ലേഖനം വേദ വാക്യങ്ങള്‍ അതിന്റെ സാഹചര്യങ്ങളും മനസിലാക്കി ഒന്നുകൂടി വായിക്കണം. അഭിപ്രായങ്ങള്‍ തുടര്ന്നും അറിയിക്കണം.
പാരമ്പര്യമായി ‘വേര്പാട്‌കാര്’ എന്ന അഭിമാനിക്കുന്ന ചിലര്‍ പലതരത്തില്‍ ലോകമയത്യം സഭയിലേക്ക് കടത്തി കൊണ്ട് വരുന്നു. വേര്പെട്ട സഭകളുടെ (brethren) ഉപദേശ സത്യങ്ങള്‍, പ്രയോഗീക വിഷയങ്ങള്‍ ഒക്കെ എഴുതുവാനുള്ള ഒരു ഉദ്യമമാണ് സഭാസത്യം. സഭയിലേക്ക് ഇന്ന് കടന്നു കൂടിയിരിക്കുന്ന ചില തെറ്റുകള്‍ ചൂണ്ടി കാണിക്കുകയും ഞങ്ങള്‍ ചെയ്യുന്നു. സത്യന്വേഷികള്ക്ക് മാത്രമുള്ള ചിന്തകളാണിത്.
ഇന്നും വേദപുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ സത്യം സത്യമായി പഠിപ്പിക്കുന്ന ഒരു സഭയാണ് ബ്രദറണ്‍ സഭ അഥവാ വേര്പാട് സഭ. ഈ സഭയുടെ ഭാഗം ആയിരിക്കുന്നതില്‍ ഞങ്ങള്‍ താങ്കളോടൊപ്പം അഭിമാനിക്കുകയും കര്ത്താവിനെ സ്തുതിക്കുകയും ചെയ്യുന്നു.
വിവിധ രാജ്യങ്ങളില്‍, വിവിധ സ്ഥലങ്ങളിലുള്ള ഒരു കൂട്ടം സഹോദരങ്ങള്‍ ആണ് ഇതിനു പിന്നില്‍.. അതുകൊണ്ട് ഇമെയിലുകള്‍ മാത്രമാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. ദയവായി ക്ഷമിക്കുക. ഇമെയില്‍ അയക്കുമല്ലോ. sabhasathyam.com@gmail.com
സഭാസത്യം.കോം