എന്‍റെ സഭ എനിക്കുവേണ്ടി എന്താണ് ചെയ്തിരിക്കുന്നത്?

“സഭ എന്നെ സഹായിക്കുന്നില്ല!”  “എന്നെ തിരിഞ്ഞു നോക്കുന്നില്ല !”

“എന്‍റെ സഭ എന്നെ പ്രോത്സാഹിപ്പിക്കുന്നില്ല!”

“സഭയിലെ മൂപ്പന്മാര്‍ എന്നെ ശ്രദ്ധിക്കുന്നതിലോ എന്നിലുള്ള കൃപാവരങ്ങളെയും എന്‍റെ കഴിവുകളേയും വളര്‍ത്തിയെടുക്കുന്നതില്‍ എന്നെ ഉത്സാഹിപ്പിക്കുന്നതിന്നോ ശ്രമിക്കാറില്ല, ”

“സഭയെന്നതു ഒരു ശരീരമാണെന്നിരിക്കെ, ശരീരത്തിന്‍റെ അംഗങ്ങളായ ഓരോ വിശ്വാസികളും അന്യോന്യം കരുതുകയും സ്നേഹിക്കുകയും ചെയ്യേണ്ടതല്ലേ? ”

ഇത്തരം ധാരാളം പരാതികളും, ചോദ്യങ്ങളും പ്രാദേശീക സഭയില്‍ ആയിരിക്കുന്ന വിശ്വാസിയുടെ ഭാഗത്തുനിന്ന് സാധാരണ കേള്‍ക്കാറുണ്ട്. സഹവിശ്വാസികളെയും മൂപ്പന്മാരേയും പഴിചാരുന്നതില്‍ മിടുക്ക് കാണിക്കുന്ന വിശ്വാസികള്‍ ധാരാളം ഇക്കാലങ്ങളില്‍  സ്ഥലംസഭകളില്‍ കാണുവാന്‍ കഴിയും.

Negleted

എന്താണ് ഒരു സഭയുടെ പ്രധാനമായ ഉദ്ദേശം? എന്‍റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതിന്നായിട്ട്, എനിക്കായിട്ടാണ് സ്ഥലംസഭ വര്‍ത്തിക്കേണ്ടത് എന്ന് ഓരോ വിശ്വാസികളും ധരിക്കുന്നത് ശരിയാണോ? തങ്ങളുടെ ആഗ്രഹ സഫലീകരണത്തിന്നായിട്ടാണ് തന്റെ സ്ഥലംസഭ ആയിരിക്കുന്നത് എന്ന് നിനയ്ക്കുന്നതിന്നു മുന്പായി പ്രാദേശികമായ സഭാകൂടിവരവിന്റെ ആത്യന്തികമായ ലക്ഷ്യം എന്താണെന്ന് നാമോരുരത്തരും മനസ്സിലാക്കിയിരിക്കേണ്ടതാണ്.

ഒരു പ്രാദേശിക സഭയുടെ (Local Assembly) മുഖ്യമായ ഉദ്ദേശ്യം, മുന്‍പ് പറഞ്ഞതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമാണ്. തൃപ്തിപ്പെടുത്തുക എന്നതാണ് ഒരു സ്ഥലംസഭയുടെ പ്രധാനമായ താല്പര്യമെന്നത് തിരുവചനം വളരെ വ്യക്തമായി പഠിപ്പിക്കുന്നു. അതേ, കര്‍ത്താവായ ദൈവത്തിനു സകല മഹത്വവും പൂര്‍ണ്ണമായ അളവില്‍, ദൈവത്തിന്‍റെ ഹൃദയത്തിനു പ്രസാദകരമായ നിലയില്‍ അര്‍പ്പിക്കുകയെന്നതാണ് ഒരു സ്ഥലംസഭയുടെ മുഖ്യ ലക്ഷ്യമായിരിക്കേണ്ടത്. ദൈവത്തെ തൃപ്തിപ്പെടുത്തുന്ന, ദൈവത്തിനു പ്രസാദകരമായ ഒരു സഭാജീവിതമാണ് ഒരു ദൈവപൈതലിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. ഒരുപക്ഷേ, ഏകപക്ഷീയമായ ഒരു നിലപാടായി നമുക്ക് ഇത് തോന്നാം. എന്നാല്‍, ദൈവീകൊദ്ദേശം അങ്ങനെയാണ്.

സഭയെ വിശേഷിപ്പിച്ചിരിക്കുന്ന പല പ്രയോഗങ്ങളും തിരുവചനത്തില്‍നിന്നും നമുക്ക് കാണുവാന്‍ കഴിയും. നിലവിളക്ക് (Lampstand), വിശുദ്ധ കന്യക (a chaste virgin), പാകമാക്കപ്പെട്ട വയല്‍ (a tilled field), കെട്ടിടം (a building), മന്ദിരം (temple), ശരീരം (body), ദൈവാലയം (house of God), സത്യത്തിന്‍റെ തൂണും അടിസ്ഥാനവും (pillar and ground of the truth) തുടങ്ങിയ പല നിലകളിലുള്ള വിശേഷണം സ്ഥലംസഭയെക്കുറിച്ച് ദൈവവചനത്തിലുണ്ട്. ഇവയില്‍ ചിലത് നമുക്ക് പരിശോധിക്കാം.

സഭ ”സത്യത്തിന്‍റെ തൂണും അടിസ്ഥാനവുമാണ്” എന്ന്  വിശേഷിപ്പിച്ചിരിക്കുന്നു (1തിമോ.3:15). എന്താണ് ഈ വിശേഷണംകൊണ്ട് അര്‍ത്ഥമാക്കുന്നത്? അതായത്,   ദൈവീകസത്യത്തെ യഥാര്‍ത്ഥമായ നിലയില്‍ കാത്തുസൂക്ഷിക്കുവാന്‍ ബാധ്യസ്ഥരാണ് ഒരു പ്രദേശത്തെ വിശ്വാസികളുടെ കൂട്ടമായ സ്ഥലംസഭ. മാത്രമല്ല, ഒരു തൂണ് എങ്ങനെ തലയുയര്‍ത്തി നില്ക്കുന്നുവോ അതുപോലെ സത്യത്തിന്‍റെ സാക്ഷ്യം വഹിക്കുന്നവരായി സ്ഥലംസഭ വര്‍ത്തിക്കണം. വലിയവനായ ദൈവത്തെ, ദൈവീകസത്യങ്ങളെ, പ്രമാണങ്ങളെ അനുസരിക്കുകയും പ്രായോഗികമാക്കുകയും ചെയ്യുന്നതിലൂടെ ദൈവനാമത്തിന്റെ മഹത്വത്തെ നമ്മിലൂടെ ഉയര്‍ത്തുകയാണ് നാം ചെയ്യുന്നത്.

”പാകമാക്കപ്പെട്ട വയല്‍” എന്നതുകൊണ്ട്‌ എന്താണ് ഉദ്ദേശിക്കുന്നത്? വയലിലെ കൃഷിയുടെ ഫലം ആരാണ് അനുഭവിക്കേണ്ടത്? നാം ദൈവത്തിന്‍റെ കൃഷിയാണ് (1കൊരി.3:9). ആയതിനാല്‍ കൃഷിയില്‍ നിന്നുള്ള ഫലം ദൈവത്തിനു തന്നെയായിരിക്കണം. യിസ്രായേല്‍ എന്ന മുന്തിരിവള്ളിയില്‍ ദൈവം ഫലം തിരഞ്ഞു, പക്ഷേ നല്ലതിനു പകരം കാട്ടുമുന്തിരിങ്ങയാണ് ലഭിച്ചത്. (യെശ.5).യിസ്രായേലിന്റെ സ്ഥാനത്ത് ദൈവം ഒരു പുതിയ മുന്തിരിവള്ളിയായി വിശ്വാസിയെ തെരഞ്ഞെടുത്തിരിക്കുന്നു. ദൈവം തന്‍റെ കൃഷിയില്‍ ഫലം തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഓരോ വിശ്വാസിയും മുന്തിരിവള്ളിയുടെ അനുഭവത്തില്‍ നിന്നുകൊണ്ട് വീണ്ടെടുപ്പുകാരനായ ദൈവത്തിന്നായി നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കേണ്ടവരാണ്. വ്യക്തിപരമായി ഓരോരുത്തരും ഫലകരമായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍,  ഒരുമിച്ചുള്ള നല്ല ഫലങ്ങളെ ദൈവത്തിനായി കൊടുക്കുവാന്‍ കഴിയുന്ന വിധത്തിലുള്ള നല്ല വിളനിലമായി സ്ഥലംസഭ ഇരിക്കുന്നുവെന്നത് എത്രയോ അനുഗ്രഹിക്കപ്പെട്ട സത്യമാണ്.

മറ്റൊന്ന് ‘നിലവിളക്ക്’ ( വെളി.2 & 3) എന്ന വിശേഷണമാണ്. ആയിരിക്കുന്ന സ്ഥലത്ത് ചുറ്റും പ്രകാശം പരത്തുകയെന്നതാണ് നിലവിളക്കിന്റെ ദൌത്യം. സ്ഥലംസഭകളില്‍, അല്ലെങ്കില്‍ സഭയായി നമ്മുടെ ഓരോ ചലനങ്ങളും പ്രവര്‍ത്തനങ്ങളുമെല്ലാം കര്‍ത്താവിന്റെ മനോഹരത്വവും നിറഞ്ഞ സാന്നിദ്ധ്യവും വെളിപ്പെടുത്തുന്ന രീതിയില്‍ ഉള്ളതായിരിക്കണം.

ആയതിനാല്‍, ഒരു സ്ഥലംസഭയുടെ പ്രാഥമികവും പരമപ്രധാനവുമായ ഉദ്ദേശം വലിയവനായ ദൈവത്തോട് ആയിരിക്കുന്നതിന്നാല്‍ ‘സ്ഥലംസഭ എനിക്ക് എന്ത് ചെയ്തു?’ എന്ന സഭാവിശ്വാസിയുടെ ചോദ്യത്തിനു പ്രസക്തിയില്ല. മറിച്ച്, ദൈവനാമമഹത്വത്തിന്നായി, ദൈവത്തിനു പ്രസാദകരമായി എന്‍റെ സ്ഥലംസഭ വര്‍ത്തിക്കുവാന്‍ സഹായമാകുന്ന രീതിയില്‍ ഞാന്‍ എന്താണ് അല്ലെങ്കില്‍ എങ്ങനെയാണ് സഭയില്‍ ആയിരിക്കുന്നത്, സഭയ്ക്കായി ജീവിക്കുന്നത് എന്നാണ് നാം ഓരോരുത്തരും ചിന്തിക്കേണ്ടതും വിലയിരുത്തെണ്ടതുമായ കാര്യം.

ഒരു സ്ഥലംസഭയുടെ ഉദ്ദേശവും ലക്ഷ്യവും പൂര്‍ണ്ണമായും സഫലീകരിക്കപ്പെടുന്നത്, അവിടത്തെ വിശ്വാസികള്‍ക്ക് ലഭിക്കേണ്ട കരുതലും സ്നേഹവും കൈതാങ്ങലും പ്രോത്സാഹനവും പരിപാലനവും ആത്മീയമായതും അല്ലാതെയുമായതുമെല്ലാം സമൃദ്ധിയായി നല്കപ്പെടുന്നതിലൂടെയാണെന്നുള്ളത് ഒരിക്കലും വിസ്മരിക്കരുത്. എന്നാല്‍, മുന്നമേ ചെയ്യേണ്ടത് തന്നെയാണ് ആദ്യം കണക്കിലെടുക്കേണ്ടത്. മുന്നമേ കര്‍ത്താവിന്റെ രാജ്യവും നീതിയും അന്വേഷിക്കണം. പ്രഥമമായത് അവഗണിച്ച്, രണ്ടാമതായി ചെയ്യേണ്ടത് ആദ്യമേ പരിഗണിക്കുന്നത് നിമിത്തം രണ്ട് ഉദ്ദേശങ്ങളും നടക്കാതെ പോകുകയാണ് ചെയ്യുന്നത്.

പ്രിയ ദൈവപൈതലെ, സ്ഥലംസഭ തനിയ്ക്ക് എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് വിശകലനം ചെയ്യുന്നതിനുമുന്പ് താന്‍ സ്ഥലംസഭയ്ക്ക് എത്രമാത്രം പ്രയോജനപ്പെട്ടവനാണ് എന്ന് സ്വയം വിലയിരുത്തേണ്ടത് അത്യാവശ്യമാണ്  .   ദൈവം തനിക്കായി നല്കിയിട്ടുള്ളതെല്ലാം ദൈവനാമമഹത്വത്തിന്നായി ചെലവിടാന്‍ നമുക്ക് സാധിക്കണം. ”വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതു ഭാഗ്യം ”എന്ന് കര്‍ത്താവായ യേശുക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട് (അപ്പൊ.20:35). സഭയായി ദൈവത്തിനു കൊടുപ്പാന്‍ നമുക്കേവര്‍ക്കും സാധിക്കട്ടെ. സഭയെക്കുറിച്ച് പരാതിയും പരിഭവവും പ്രകടിപ്പിക്കുന്നതിന്നു മുന്പായി കര്‍ത്താവ് നമ്മെക്കുറിച്ച് പരാതിപ്പെടാന്‍ ഇടയില്ലാത്ത വിധത്തിലുള്ള സഭാജീവിതമാണ്‌ നയിക്കുന്നത് എന്ന് സ്വയം ശോധന ചെയ്യുവാന്‍ നമുക്ക് കഴിയട്ടെ.

Leave a Reply

Your email address will not be published. Required fields are marked *