കുടുംബജീവിതം അല്ലെങ്കില്‍ വൈവാഹികജീവിതം എന്നത് ദൈവത്തിന്‍റെ വരദാനമാണ്. അത് മാന്യവും നിര്‍മ്മലമായും സൂക്ഷിക്കപ്പെടേണ്ടതാണ്. ദൈവമക്കളുടെ കുടുംബജീവിതം, അത് ദൈവത്താല്‍ സ്ഥാപിതമാണ്. ദൈവത്താല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട രണ്ട് ദൈവമക്കളാലുള്ള സ്ഥാപനമാണ് അവരുടെ വൈവാഹികജീവിതം. ഒരു സ്ഥാപനത്തിന്റെ നിലനില്‍പ്പ് എന്നത് അതിന്‍റെ സുഗമമായ പ്രവര്‍ത്തനമാണ്. ജീവിത യാത്രയില്‍ കടന്നുവരുന്ന പ്രതിസന്ധികളെ വിജയകരമായി തരണം ചെയ്ത് മുന്നോട്ടുപോകേണ്ടത് അത്യാവശ്യമായ കാര്യമാണ്. ദൈവമക്കള്‍ ആയിരിക്കുമ്പോള്‍ തന്നെ, രണ്ട് വ്യത്യസ്തരായ വ്യക്തികളാണ് വിവാഹജീവിതം നയിക്കുന്നത് എന്നത് മറക്കരുത്. ‘കുടുംബ ജീവിതത്തിലെ പ്രശ്നങ്ങള്‍’ എന്ന് ഇവിടെ പറയുന്നതുകൊണ്ട് ഒരു വിശ്വാസിയുടെ ജീവിതം എന്നും പ്രശ്നകലുഷിതമാണ് എന്ന് അര്‍ത്ഥമാക്കുന്നില്ല. എങ്കിലും കുടുംബത്തിലെ ചില വിഷയങ്ങള്‍ കുടുംബത്തില്‍ തന്നെ പരിഹരിക്കപ്പെടാതെ വന്നാല്‍, പ്രഥമീകമായി, കുടുംബത്തിനു പുറത്തു അവരുടെ പ്രാദേശീക സഭയിലെ ഉത്തരവാദിത്വപ്പെട്ടവരെ സമീപിക്കുകയാണ് വേണ്ടത്.
വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍, ചിന്താഗതികള്‍, താല്പര്യങ്ങള്‍, കാഴ്ചപ്പാടുകള്‍ തുടങ്ങി അനേകം വസ്തുതകള്‍ കുടുംബജീവിതത്തില്‍ കടന്നുവരും. തല്‍ഫലമായി ഒട്ടനവധി പ്രശ്നങ്ങള്‍ കുടുംബജീവിതത്തില്‍ ഉളവാകാന്‍ ഇടയുണ്ട്. ഭാര്യയെ ബഹുമാനിക്കാത്ത ഭര്‍ത്താവ്, ഭര്‍ത്താവിന്നു കീഴ്പ്പെട്ടിരിപ്പാന്‍ മനസ്സില്ലാത്ത ഭാര്യ, മാതാപിതാക്കളെ അനുസരിക്കാത്ത മക്കള്‍, ഭര്‍ത്താവിന്റെ മാതാപിതാക്കളെ സ്നേഹിക്കുവാനും കരുതുവാനും മനസൊരുക്കമില്ലാത്ത മരുമകള്‍, മകന്‍റെ ഭാര്യയെ സ്വന്തമായി കാണാന്‍ കഴിയാതിരിക്കുന്ന അമ്മയപ്പന്മാര്‍ തുടങ്ങിയ ഘടകങ്ങളൊക്കെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നതിനു മുഖാന്തരമായി ഭവിക്കുന്നതാണ്. കുടുംബമഹിമ, സാമ്പത്തിക അന്തരം, വിദ്യാഭ്യാസ നിലവാരം, ആത്മീയ നിലവാരം തുടങ്ങി ഒട്ടനവധി കാര്യങ്ങളോടുള്ള ബന്ധത്തില്‍ ദമ്പതികള്‍ തമ്മില്‍ വൈഷമ്യങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. ഇന്ന് വിശ്വാസികളുടെ കുടുംബജീവിതത്തിലും ഇതൊക്കെ സര്‍വ്വസാധാരണമായിരിക്കുന്നു എന്നത് അവഗണിക്കാവുന്നതല്ല. ഒരു ദൈവപൈതലിനെ സംബന്ധിച്ചിടത്തോളം, പ്രശ്നങ്ങള്‍ക്ക് പരിഹാരത്തിന്നായി ആശ്രയിക്കുവാന്‍ ഒരു ദൈവമുണ്ടെന്നുള്ളത് ഏറ്റവും ആശ്വാസ്യകരമാണ്. ഓടിചെല്ലുവാന്‍ കഴിയുന്ന ഒരു സങ്കേതമായി ജീവന്നുള്ള ദൈവത്തിന്‍റെ ആലയമായ സഭയുണ്ടെന്നുള്ളത് ഒരു വിശ്വാസിക്ക് ധൈര്യം പകരുന്നതാണ്.
തിരുവചനപ്രകാരമുള്ള ഒരു പ്രാദേശിക സഭയില്‍ (Local Assembly) കൂട്ടായ്മയില്‍ ആയിരിക്കുകയെന്നത് ഒരു യഥാര്‍ത്ഥ ദൈവപൈതലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലപ്പെട്ടതാണ്. വിശ്വാസി വസിക്കേണ്ടത് ദൈവഭവനമായ സ്ഥലംസഭയിലാണ്. വ്യക്തിപരമായതും കുടുംബപരമായതുമായ ചെറുതും വലുതുമായ സകല കാര്യങ്ങളും സ്ഥലംസഭയുടെ ബോധ്യത്തില്‍ വരികയെന്നത് സ്ഥലംസഭയോടുള്ള ആത്മാര്‍ത്ഥ ബന്ധത്തെയാണ് പ്രദര്‍ശിപ്പിക്കുന്നത്. മാത്രമല്ല വിശ്വാസികള്‍ അന്യോന്യം ഓര്‍ത്തു പ്രാര്‍ത്ഥിക്കുന്നതിനും, പ്രബോധിപ്പിക്കുന്നതിനും, സഹായിക്കുന്നതിനും ഒക്കെ ഇത് സഹായിക്കുന്നു.
സ്ഥലംസഭയെന്നത് കര്‍ത്താവിന്റെ ആട്ടിന്‍കൂട്ടമാണ് (അപ്പൊ. 20:28) എന്നും ആടുകളെ മേയ്ക്കുവാന്‍ പ്രാപ്തരായ ഇടയന്മാരെ കര്‍ത്താവ് തന്നെ കരുതുന്നു എന്നുമുള്ളതായ സത്യം വിശ്വസനീയമാണ്. ആയതിന്നാല്‍, തങ്ങളുടെ ആത്മീയമായ എല്ലാ ആവശ്യങ്ങളും തന്‍റെ സ്ഥലംസഭയില്‍ നിന്നുതന്നെ നിറവേറ്റപ്പെടണം എന്ന്‍ ഓരോ ദൈവപൈതലും പ്രത്യാശിക്കുന്നു. സ്ഥലംസഭയില്‍ നിന്നുതന്നെയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതും. വളരെ ഗൌരവതരമായ ഉത്തരവാദിത്വമാണ് ഇടയന്മാര്‍ക്ക്, അതായത്, സഭാമൂപ്പന്മാര്‍ക്ക് തങ്ങളുടെ സഭാജനത്തിന്‍മേലുള്ളത്. എഫെസോസിലെ സഭാമൂപ്പന്മാരേ അപ്പൊസ്തലനായ പൗലോസ് ഓര്‍പ്പിക്കുന്നത്, ”ദൈവത്തിന്‍റെ ആലോചന ഒട്ടും മറച്ചുവയ്ക്കാതെ ഞാന്‍ മുഴുവനും അറിയിച്ചു തന്നിരിക്കുന്നുവല്ലോ” എന്നാണ് (അപ്പൊ.20:28). അതായത്, സഭയിലെ പഠനങ്ങളില്‍, വിവാഹജീവിതത്തെക്കുറിച്ചും കുടുംബബന്ധങ്ങളെയും അവയുടെ മൂല്യങ്ങളെയുംക്കുറിച്ച് തിരുവചന പ്രകാരമുള്ള പഠിപ്പിക്കലുകളും ഉണ്ടായിരിക്കണം. ദൈവത്തിന്‍റെ ആലോചന ഒട്ടും മറച്ചുവയ്ക്കാതെ സഭയെ അറിയിക്കുന്നതിന്നാവശ്യമായ ക്രമീകരണങ്ങള്‍ മൂപ്പന്മാര്‍ ചെയ്യേണ്ടതാണ് . വിശ്വാസികളുടെ ആത്മാക്കള്‍ക്കുവേണ്ടി ജാഗരിക്കുന്നവരാണ് സഭാമൂപ്പന്മാര്‍ (എബ്ര.13:17). തീര്‍ച്ചയായും, ഒരു ആട്ടിടയന്‍ തന്‍റെ ആടുകളെ പേരുചൊല്ലി വ്യക്തിപരമായി അറിയുന്നതുപോലെ , ആത്മാക്കളെ വ്യക്തിപരമായ നിലയില്‍ അതായത്, അവരുടെ ചെറുതും വലുതുമായ സകല കാര്യങ്ങളും നന്നായി അറിയുന്ന ഇടയന്മാരായിരിക്കണം സ്ഥലംസഭയെ പരിപാലിക്കേണ്ടത്. തിരുവചനപ്രകാരമുള്ള സഭാപരിപാലനം മുഖാന്തരം വിശ്വസനീയമായ, ആത്മാര്‍ത്ഥതയോടുകൂടിയ, ഉപയോഗപ്രദമായ സഹായങ്ങള്‍ തങ്ങള്‍ക്കു ലഭ്യമാണ് എന്ന അവബോധം വിശ്വാസികളില്‍ ഉളവായിവരും. കുടുംബത്തിലെ പ്രശ്നങ്ങള്‍, വൈവാഹികജീവിതത്തിലെ താളപ്പിഴകള്‍ തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളോടുള്ള ബന്ധത്തില്‍ പ്രശ്നപരിഹാരത്തിന്നായി തങ്ങളുടെ സഭയ്ക്ക് പുറത്തുനിന്നും ആത്മീയമായ സഹായം തേടി പോകുന്നത്, തന്റെ മക്കള്‍ക്കായി കരുതുന്ന കര്‍ത്താവിനെ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കാതിരിക്കുന്ന ഒരു സ്ഥിതിയാണ് സംജാതമാക്കുന്നത്.
ആത്മീയമായതും കുടുംബബന്ധങ്ങളിലുമുള്ള അസ്വാരസ്യങ്ങളെ പ്പോലെതന്നെ ശാരീരികവും മാനസികവും വൈകാരികവുമായ പല പ്രശ്നങ്ങളും വിശ്വാസികളുടെ വൈവാഹികജീവിതത്തില്‍ കടന്നുവരുമെന്ന തിരിച്ചറിവ് സഭാമൂപ്പന്മാര്‍ക്ക് ഉണ്ടായിരിക്കണം. ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിന്ന് വേണ്ട വിദഗ്ദ്ധ സഹായം ഒരുപക്ഷേ സഭയ്ക്ക് പുറത്തുനിന്നും സ്വീകരിക്കാവുന്നതാണ്. എന്നാല്‍, കഴിയുമെങ്കില്‍ അത്തരം സഹായം നല്‍കുന്ന വ്യക്തികളോ സ്ഥാപനങ്ങളോ ഏതുമായിക്കൊള്ളട്ടെ, അവരുടെ തത്വവും പ്രവര്‍ത്തനശൈലിയും സ്ഥലംസഭയുടെ കാഴ്ചപ്പാടുകളുമായി, ദൈവവചന പ്രമാണങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്ന തരത്തിലുള്ളതാണ് എന്ന് ഉറപ്പാക്കേണ്ടതാണ്. ഒരു കുടുംബത്തെ അല്ലെങ്കില്‍ ദമ്പതികളെ സംബന്ധിച്ചിടത്തോളം, ഏതു കാരണകൊണ്ടും, ആവശ്യനേരത്ത് തക്കതായ സഹായത്തിന്നായി തങ്ങള്‍ ഉള്‍പ്പെട്ടുനില്‍ക്കുന്ന സ്ഥലംസഭയെ സമീപിക്കുവാന്‍ കഴിയാതിരിക്കുന്ന അവസ്ഥ എന്നത് തികച്ചും വിനാശകരമായതും, ആത്മാക്കളുടെ നല്ല ഇടയനായ കര്‍ത്താവിനെ അനാദരിക്കുന്നതിന്ന് തുല്യവുമാണ്. സഭാവിശ്വാസികളുടെ വ്യക്തിജീവിതത്തിലെയും കുടുംബത്തിലെതുമായ കാര്യങ്ങള്‍, പ്രശ്നങ്ങള്‍, അത് അവിശ്വാസികള്‍ മുഖേന സ്ഥലംസഭയില്‍ അറിയുവാന്‍ ഇടയാകുന്നത് എത്രയോ ദു:ഖകരമാണ്. ദൈവനാമം ജാതികളുടെ ഇടയില്‍ ദുഷിക്കപെടുകയാണ് അതു മുഖാന്തരം ഇടയാകുന്നത്. വളരെ രഹസ്യ സ്വഭാവത്തോട് കൂടിയ ചില കാര്യങ്ങള്‍ പരിഹാരത്തിനായും പ്രാര്‍ത്ഥനക്കായും മറ്റും മൂപ്പന്മാരോടോ, വിശ്വസ്തരെന്നു തോന്നുന്ന ചില വിശ്വാസികളോടോ പറഞ്ഞാല്‍, അത് പലപ്പോഴും ‘അങ്ങാടിയില്‍ പാട്ടാകുന്നതുകൊണ്ട്’ കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിക്കുന്നു. വിഷയങ്ങള്‍ ‘കൂനിന്മേല്‍ കുരുവായി’ തീരുന്നു. അങ്ങനെ നിരാശരായി കഴിയേണ്ടിവരുന്ന പാവം വിശ്വാസികകള്‍ക്ക് സഭയോടുള്ള താല്പര്യത്തിനും കാഴ്ച്ചപ്പാടിനും മങ്ങലേല്പിക്കുന്നു.
പ്രിയ ദൈവജനമേ, സ്ഥലം സഭയെ തുച്ചീകരിക്കുവാന്‍ ഇടയാകരുത്. സ്ഥലംസഭയെ അവഗണിച്ചുകൊണ്ടുള്ള ഒരു ജീവിതം വിശ്വാസിക്ക് ചേര്‍ന്നതല്ല. കര്‍ത്താവിന്റെ സാന്നിദ്ധ്യം സ്ഥലംസഭയിലാണുള്ളത്. സ്ഥലംസഭ വിജയകരമായ ഒരു ക്രിസ്തീയജീവിതത്തിന് അത്താണിയാണ്.
