അപ്പൊസ്തലനായ പത്രോസ് വിശ്വാസികളോട് പറയുന്നു “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു” (1പത്രോസ് 1:23). അതനുസരിച്ച് എന്നും നിലനില്ക്കുന്ന വചനത്താലാണ് നാം വീണ്ടും ജനിച്ചിരിക്കുന്നത്. സകല തിന്മകളെയും പരമാവധി ഒഴിവാക്കി ആത്മാര്‍ത്ഥ തയോടെ വചനം എന്ന മായമില്ലാത്ത പാല്‍ കുടിക്കുമ്പോഴാണ് നാം ആത്മീയമായി വളരുന്നത് എന്നും ദൈവവചനം വ്യക്തമാക്കുന്നു (1 പത്രോസ് 2:1-2). അങ്ങനെയുള്ളവരാണ് ആത്മീക കല്ലുകള്‍ ആയി മാറുന്നത് “നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിത വർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു” (1 പത്രോസ് 2:5). ഇവിടുത്തെ ക്രമം ശ്രദ്ധിക്കുക ആത്മീയ ജീവന്‍, ആത്മീയ വളര്‍ച്ച, ആത്മീയ ഭവനം, ആത്മീയയാഗം എന്ന ക്രമമാണ് കാണുന്നത്.
അതിനാല്‍ ആത്മീയ ജീവന്‍ ലഭിച്ചാല്‍ (യോഹന്നാന്‍ 1:12-13) നാം ആത്മീയ പൌരോഹിത്യത്തിന്റെയും ആത്മീയ യാഗത്തിന്റെയും ഭാഗമായി മാറുന്നു. പുരുഷനായാലും സ്ത്രീയായാലും ഓരോ വിശ്വാസിയും പുരോഹിതന്മാരാണ്. ആടിനെയും കുറുപ്രാവിനെയും ബാഹ്യമായി യാഗമര്‍പ്പിക്കുന്നതിനു പകരമായി, ഇന്ന്, നാം ഒരുക്കി കൊണ്ട് പോകുന്ന നന്ദിയുടെയും സ്തുതിയുടെയും സ്തോത്രത്തിന്റെയും ആയ ആത്മീയ യാഗമാണ് അര്‍പ്പിക്കുന്നത്. നാം ദൈവത്തെ ആരാധിക്കുന്നത് ആത്മാവില്‍ നിന്നാണ് (യോഹന്നാന്‍ 4:23-24). ദൈവാത്മാവാണ് നമ്മെ ആരാധിക്കാന്‍ സഹായിക്കുന്നത്. നാം സഭയായി ആരാധന അര്‍പ്പിക്കുമ്പോള്‍ ആരാധനയെ കേവലം കേള്‍ക്കുന്നത് (audible) മാത്രമായി പരിമിതപ്പെടുത്തരുത്. “അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം” (എബ്രായര്‍ 13:15) മാത്രമായി നാം ചിന്തിക്കരുത്. ഉച്ചരിക്കുന്ന വാക്കുകള്‍ വെളിപ്പെടുത്തുന്നത് അകത്തെ ചിന്തയെയാണ്. നമ്മുടെ മനസ്സ് ചിന്തിക്കുന്നതും, അറിയുന്നതും, മനസ്സിലാക്കുന്നതുമെല്ലാം നമ്മിലുള്ള മനുഷ്യാത്മാവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. “മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല” (1കോരി 2:11). നമ്മില്‍ വസിക്കുന്ന ദൈവാത്മാവ്, വീണ്ടെടുപ്പുകാരനായ കര്‍ത്താവിനെക്കുറിച്ചുള്ള ചിന്ത കൊണ്ട് നമ്മുടെ മനസ്സ് നിറക്കുമ്പോള്‍ അത് ആത്മീയ യാഗമായി മാറുന്നു. സഭയായി ആരാധനക്കായി കൂടിവരുമ്പോള്‍ സ്തോത്രം ചെയ്യുന്നത് മാത്രമല്ല പുത്രനെക്കുറിച്ചുള്ള ദൈവിക ചിന്തകള്‍ കൊണ്ട് അന്തരംഗം നിറയുന്നതും ആരാധനയായി കരേറ്റപ്പെടുന്നു.
ഓരോ വിശ്വാസിയും ആരാധനക്കായി കടന്നുവരുന്നത് തങ്ങളുടെ രക്ഷാനായകനും വീണ്ടെടുപ്പുകാരനുമായ കര്‍ത്താവിനെ മാത്രം ഓര്‍ത്തും ധ്യാനിച്ചും കൊണ്ടുമായിരിക്കണം. താന്‍ ഒരുക്കിക്കൊണ്ട് വന്ന ആത്മീയയാഗം ദൈവസന്നിധിയില്‍ അര്‍പ്പിച്ച് അതിന്‍റെ സൌരഭ്യഗന്ധം സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തുകയാണ് ആരാധനയില്‍ സംഭവിക്കുന്നത്. ആത്മീയ യാഗാര്‍പ്പണത്തിന്റെ ഉള്ളടക്കവും അത് ഉല്പാദിപ്പിക്കപ്പെടുന്നതും ദൈവവചനത്തിന്റെ വായനയില്‍നിന്നും ധ്യാനത്തില്‍നിന്നുമാണ്.
ഒരു സഹോദരന്‍ ഉച്ചത്തില്‍ സ്തോത്രം ചെയ്യുമ്പോള്‍ മറ്റ് വിശ്വാസികള്‍ കേള്‍ക്കുകയും ആന്തരികമായി പ്രതികരിക്കുകയും ചെയ്യുന്നു. സഹോദരന്മാരായാലും സഹോദരിമാരായാലും ഒന്ന് തന്നെയാണ് ഹൃദയത്തിന്‍റെ അകത്തളത്തില്‍ സംഭവിക്കുന്നത്. സ്തോത്ര ഗീതങ്ങളും, ആരാധന ഗീതങ്ങളും പാടുമ്പോള്‍ എല്ലാവരുടെയും അന്തരംഗം ആരാധ്യനെക്കുറിച്ചുള്ള സത്യങ്ങളോട് പ്രതികരിക്കണം. ഒരുമിച്ചുള്ള ഈ ആത്മീയ യാഗം സന്നിഹിതരായിരിക്കുന്ന, വീണ്ടെടുക്കപ്പെട്ട എല്ലാ ആത്മാക്കളില്‍ നിന്നും സ്വര്‍ഗത്തിലേക്കുയരും. ഒരു സംഗീത സംവിധായകന്‍ വിവിധ ഉപകരണങ്ങളുടെ മിശ്ര ശബ്ദങ്ങളെ സമന്വയിപ്പിച്ച്, എകോപിപ്പിച്ചു മനോഹരമായ ഗാനാവിഷ്കാരം ആക്കുന്നത് പോലെ തന്നെയാണ് ദൈവാത്മാവ് വിവിധ ആത്മാക്കളെ ഒരേ ചിന്തയിലേക്ക് നയിച്ച് മഹത്വമേറിയ ആരാധനയുടെ മാധുര്യ ശബ്ദമായി മാറ്റുന്നത്. ആരാധനക്ക് യോഗ്യനായ നമ്മുടെ രക്ഷകനായ കര്‍ത്താവ് മാത്രമാണ് നമ്മുടെ ആരാധനയില്‍ വിളങ്ങുന്നത്.
മറുവശം ചിന്തിക്കുമ്പോള്‍, ഓരോ വിശ്വാസിയും ആരാധനക്ക് ഒരുക്കിക്കൊണ്ട് വരുവാന്‍ ബാധ്യതയുണ്ട്.
യിസ്രായേല്‍ ആദ്യ ഫലം യഹോവയുടെ സന്നിധിയില്‍ കൊണ്ടുവരുന്ന മനോഹര ചിത്രം പോലെ (ആവര്‍ത്തനം 26:1-11) നാം നമ്മുടെ കര്‍ത്താവിനെക്കുറിച്ചുള്ള ഏറ്റവും നല്ല ചിന്തകളെ ഒരുക്കിക്കൊണ്ട് വേണം ഞായറാഴ്ച ആരാധനയ്ക്ക് പോകാന്‍ . സ്ത്രീ പുരുഷ വ്യത്യാസം ഒരുക്കിക്കൊണ്ട് പോകുന്നതിലില്ല.
സഹോദരന്മാരും സഹോദരിമാരും കര്‍ത്താവിനെക്കുറിച്ചുള്ള ഉത്തമ ചിന്തകളാലല്ല ആരാധനയ്ക്ക് പോകുന്നതെങ്കില്‍ ആരാധനയുടെ ഉത്കൃഷ്ടതയെ (quality) അത് ബാധിക്കും. സംഗീത സംവിധായകന്‍ ആവശ്യപ്പെട്ടിട്ട് വായിക്കാതിരിക്കുന്ന സംഗീതവായനക്കാരനെപ്പോലെയാണ് ചിന്തയില്‍ പ്രതികരണമില്ലാത്ത ആരാധകന്‍ അല്ലെങ്കില്‍ ആരാധക. കര്‍ത്തൃ ചിന്തയും സ്തോത്രവും ഒരുക്കിക്കൊണ്ട് പോകാത്ത സഹോദരനായാലും സഹോദരിയായാലും അവരോടു ദൈവത്തിന്റെ ചോദ്യം,” മനുഷ്യന്നു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങൾ എന്നെ തോല്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നേ.” (മലാഖി 3:8)
സഹോദരിമാര്‍ക്ക് വളരെ പ്രത്യേകമായ പദവിയാണ് ആരാധന അര്‍പ്പിക്കുന്നതില്‍ ലഭിച്ചിരിക്കുന്നത്. ഒരു സഹോദരന്‍ മറ്റുള്ളവര്‍ക്ക് കേള്‍ക്കത്തക്ക നിലയില്‍ സ്തോത്രം ചെയ്യുമ്പോള്‍, സ്തോത്രാര്‍പ്പണം നയിക്കുമ്പോള്‍ നാം മനസിലാക്കേണ്ട വസ്തുതയെന്നത്, കൂടിവന്നിരിക്കുന്ന ഓരോരുത്തരുടെയും ചിന്തകളെ പരിശുദ്ധാത്മാവ് സമന്വയിപ്പിച്ച് ദൈവസന്നിധിയില്‍ ഉയര്‍ത്തപ്പെടുന്ന സ്തോത്രയാഗമാണ് അത് എന്നാണ്. ഒരുക്കത്തോടെ, ഒരുക്കപ്പെട്ട ഹൃദയത്തോടെ, ഒരുക്കിക്കൊണ്ടുവന്നിരിക്കുന്ന ആരാധനാചിന്തകളോടെ നാം ദൈവസന്നിധിയില്‍ ആയിരിക്കുന്നുവെങ്കില്‍ സുഗ്രാഹ്യവും പ്രസാദകരവുമായ യാഗമായി നമ്മുടെ ചിന്തകളെ സ്തുതികളും സ്തോത്രവുമായി പരിശുദ്ധാത്മാവ് മാറ്റുന്ന അനുഗ്രഹിക്കപ്പെട്ട രംഗത്തിന് സാക്ഷ്യം വഹിക്കാന്‍ നമ്മുക്കോരോരുത്തര്‍ക്കും ഇടയായിത്തീരും. സഹോദരിമാര്‍ക്ക് മാത്രമുള്ള അവകാശമാണ് ദൈവത്തിനു മാത്രം കേള്‍ക്കാനും, ആസ്വദിക്കാനും കഴിയുന്ന ആരാധന അര്‍പ്പിക്കുവാന്‍... കഴിയുന്നു എന്നത്. പ്രിയപ്പെട്ടവരേ, എത്ര ഉന്നത സ്ഥാനമാണ്., പദവിയാണത്!!
പാവപ്പെട്ടവന് ഭിക്ഷ കൊടുക്കുമ്പോള്‍ കാഹളമൂതിക്കുന്നവരോട്, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്ക് പ്രതിഫലമില്ല, നിങ്ങളുടെ പ്രതിഫലം കിട്ടിപ്പോയി(മത്തായി 6:1-4) എന്ന് പറഞ്ഞ നമ്മുടെ കര്‍ത്താവ് തനിക്കുള്ളതൊക്കെയും ഭണ്ടാരത്തില്‍ ഇട്ട വിധവയെ കണ്ടു എന്ന് മാത്രമല്ല അവളെ ഏറ്റവും അഭിനന്ദിക്കുകയും ചെയ്യുന്നു. മറ്റാരും അവളെ കണ്ടില്ല, ആരും അവളെ പ്രശംസിച്ചില്ല. തിരുവചനപ്രകാരം സഭയില്‍ മിണ്ടാതിരിക്കുന്ന, മൌനമായിരിക്കുന്ന സഹോദരിമാര്‍, ഹൃദയം നിറച്ച് ആരാധന ചിന്തകളുമായി കടന്നു വരുന്ന സഹോദരിമാര്‍ പ്രശംസിക്കപ്പെടുവാന്‍ പോകുന്ന പ്രതിഫലത്തിന്‍ ദിനം വരുന്നു പ്രിയരേ, ആ ദിനം അതിവിദൂരമല്ല.
ആരാധനയെക്കുറിച്ചുള്ള ഈ ലളിത സത്യം പോലുമറിയാത്ത പണ്ഡിതന്മാരാണ് പലപ്പോഴും സഹോദരിമാര്‍ സഭയില്‍ ഉച്ചത്തില്‍ സ്തോത്രം ചെയ്യട്ടേ, പ്രാര്‍ഥിക്കട്ടെ എന്നൊക്കെ പറഞ്ഞു ദുരുപദേശം പ്രചരിപ്പിക്കുന്നത് എന്ന് നാം തിരിച്ചറിഞ്ഞു നമ്മുടെ സ്ഥലം സഭകളെ ദുരുപദേശങ്ങളുടെ സാമീപ്യത്തില്‍നിന്നും നമുക്ക് സൂക്ഷിക്കാം. പ്രിയ സഹോദരിമാരേ, നിങ്ങള്‍ ചെയ്യുന്നത്, നിങ്ങള്‍ ഒരുക്കിക്കൊണ്ട് വരുന്ന നിങ്ങളുടെ സ്തോത്ര വഴിപാട് ഒക്കെ കര്‍ത്താവ് കാണുന്നുണ്ട്. ഉള്‍പൂവുകളെയും നിനവുകളെയും നന്നായി അറിയുന്ന കര്‍ത്താവ് കാണുന്നുണ്ട്. പ്രിയ സഹോദരി, ഒരു പ്രാദേശിക സഭയുടെ അംഗമായിരുന്നിട്ടുകൂടി, ഈ സത്യം വ്യക്തമായി നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനിച്ചിട്ടില്ല എങ്കില്‍ ഈയാഴ്ച മുതല്‍ കര്‍ത്താവിന്റെ ജനന, മരണ, അടക്ക, പുനരുത്ഥാന ചിന്തകള്‍ അടങ്ങിയ വേദഭാഗങ്ങള്‍ വായിച്ചു, ധ്യാനിച്ച് ഒരുക്കത്തോടെ, ആരാധന്ക്കായി ചിലത് ഒരുക്കിക്കൊണ്ടു പോകുവാന്‍ ദൈവം സഹായിക്കട്ടെ.
