“നിന്നെ എന്റെ വായിൽ നിന്നു ഉമിണ്ണുകളയും” ഉമിണ്ണു കളയപ്പെട്ട സഭകള്‍ നമ്മുടെ മദ്ധ്യത്തില്‍ ഉണ്ടോ?

ആത്മരക്ഷ നഷ്ടപ്പെടുമെന്ന് പഠിപ്പിക്കാന്‍ വേണ്ടി ചില കള്‍ട്ടുകള്‍ വചനത്തില്‍നിന്നും എടുത്ത് ഉപയോഗിക്കുന്ന ഒരു വാചകമാണ്‌ “നിന്നെ എന്റെ വായിൽ നിന്നു ഉമിണ്ണുകളയും”(വെളിപ്പാട്.3:16) എന്നത്. നമുക്ക് ആ വാക്യത്തിന്‍റെ  സന്ദര്‍ഭം ഒന്ന് പരിശോധിക്കാം. വെളിപ്പാട് പുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങളില്‍ കര്‍ത്താവ് അഭിസംബോധന ചെയ്യുന്നത് സ്ഥലം സഭകളെയാണ്, വ്യക്തികളെയല്ല. സഭകളെ പൊന്‍ നിലവിളക്കുകളായിട്ടാണ് അവിടെ ചിത്രീകരിച്ചിരിക്കുന്നത്.

“തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു”(വെളിപ്പാട് 1:13). “ഏഴു നക്ഷത്രത്തിന്റെ മർമ്മവും ഏഴു പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്കു ഏഴു സഭകൾ ആകുന്നു എന്നു കല്പിച്ചു”.(വെളിപ്പാട് 1:20)

ഇവിടെ കൈകാര്യം ചെയ്തിരിക്കുന്ന വിഷയം ഓരോ സഭയുടെയും സാക്ഷ്യമാണ്. ഒരു പൊന്‍നിലവിളക്കില്‍ (സഭയില്‍) നിന്നുള്ള പ്രകാശം വ്യക്തമായി പ്രതിഫലിപ്പിക്കേണ്ടത് ദൈവപുത്രന്റെ മഹിമയും സ്വഭാവ വൈശിഷ്ട്യവുമാണ്. സഭയുടെ നടുവില്‍ മഹത്വധാരിയായ കര്‍ത്താവ് ഉണ്ടായിരിക്കണം.

അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശി  ക്കുന്നതുപോലെ ആയിരുന്നു.(വെളിപ്പാട് 1:16). എഫെസോസിലെ സഭ കര്‍ത്താവിനോടുള്ള ഗാഡസ്നേഹത്തില്‍ നിന്ന് അകന്നപ്പോള്‍ ആ സഭയുടെ സാക്ഷ്യം അപകടത്തിലായി. കര്‍ത്താവില്‍ മുഴുശ്രദ്ധയും കൂറും കേന്ദ്രീകരിക്കാനായില്ലെങ്കില്‍, ദൈവപുത്രനെ പ്രദര്‍ശിപ്പിക്കാനായില്ലെങ്കില്‍ ആ സഭക്ക് സാക്ഷ്യം നഷ്ടപ്പെടും.

എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു.നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും.(വെളിപ്പാട് 2:4,5)

ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം” (ഫിലി 3:3) ഇങ്ങനെയുള്ള വ്യക്തികള്‍ ആയിരിക്കണം സ്ഥലംസഭയില്‍ ഉള്ളവര്‍ എങ്കില്‍ ആ സഭകള്‍ ഉമിണ്ണു കളയപ്പെടുകയില്ല.

“അത്രയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തിൽനിന്നുള്ള എന്റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവർക്കു നൽകുന്ന നീതി തന്നേ ലഭിച്ചു. അവനിൽ ഇരിക്കേണ്ടതിന്നും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയുംഅവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വെച്ചും ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ളൂ” (ഫിലി 3:8-12). നീതീകരിക്കപെട്ട വിശ്വാസികള്‍ ചിലതെല്ലാം ക്രിസ്തു നിമിത്തം ചേതം എന്ന് കരുതുവാന്‍, ചവറ് എന്ന് എണ്ണുവാന്‍ കെല്‍പുള്ളവരാകുന്നുവെങ്കില്‍, ക്രിസ്തുവിന്റെ  മരണത്തോടും പുനരുത്ഥാനശക്തിയോടും കഷ്ടാനുഭവകൂട്ടായ്മയോടും എകീഭവിക്കപ്പെട്ടു കര്‍ത്താവിനെ പിന്തുടരുന്നവരായിരിക്കുന്നുവെങ്കില്‍ എത്ര നന്നായിരുന്നു!!!

കര്‍ത്താവുമായുള്ള “ആദ്യ സ്നേഹത്തിലേക്കു” വിശ്വാസികള്‍ മടങ്ങി വന്നില്ലെങ്കില്‍, നാമുള്‍പ്പെട്ടു നില്‍ക്കുന്ന പ്രാദേശിക സഭയാകുന്ന പൊന്‍ നിലവിളക്കിന്റെ ദൈവിക ഉദ്ദേശ്ശ്യത്തില്‍ നിന്ന് ദൈവം നമ്മെ മാറ്റിക്കളയും. സഭകള്‍ കേവലം വിവാഹം നടത്താനും ചത്തടക്കാനുമുള്ള ഇടമായി അധപതിക്കും.  പൊങ്ങച്ചം കാട്ടാനുള്ള വേദിയായും, എന്നും പ്രശ്നവും അടിപിടിയും നടത്തുവാനുള്ള ഒരു മത്സര കളിക്കളമായും, ദൈവത്തിനു വിശുദ്ധമായിരിക്കേണ്ട ഇടം മാറും. അത്തരം സഭയ്ക്ക് ഒരിക്കലും ദൈവപുത്രനെ പ്രതിഫലിപ്പിക്കാന്‍ കഴിയില്ല. കര്‍ത്താവിന്റെ  സാക്ഷ്യം ദേശത്ത്   നിറവേറ്റുവാനും കഴിയില്ല. നമ്മുടെ സഭകളില്‍ സാക്ഷ്യത്തില്‍, പ്രബോധനത്തില്‍, പാട്ടില്‍, പ്രസംഗത്തില്‍, എല്ലാം യേശുകര്‍ത്താവ് നിറയണം. യാതൊരു ജഡക്രിയകളും അതിനു ആവശ്യമില്ല.

വെളിപ്പാടുപുസ്തകത്തിലെ സഭകള്‍ക്കുമുള്ള ദൈവിക സന്ദേശത്തില്‍ ദുഃഖകരമായ പല പരാമര്‍ശങ്ങളും ഉണ്ട്. ”നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ(വെളിപാട് 3:18 )”  എന്ന് വായിക്കുന്നു. .  “ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും”,വെളിപാട് 3:20- ല്‍ നാം കാണുന്നു. അതായത്, ദൈവവുമായി കൂട്ടായ്മ ആസ്വദിക്കാത്ത വിശ്വാസികളും സഭയില്‍ ഉണ്ടായിരുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. അങ്ങനെയുള്ളവരാണ്‌ ഇന്നും സഭയുടെ സാക്ഷ്യം തുടരാന്‍ തടസ്സമായിരിക്കുന്നത്. വിശ്വാസികള്‍ കര്‍ത്താവുമായി അനുരൂപമാകുന്ന പ്രക്രിയ നിന്നുപോയാല്‍ അത് ആ സഭയെ ആത്മീയ അധപതനത്തിലേക്ക് നയിക്കും. അതുവഴി കര്‍ത്താവുമായുള്ള കൂട്ടായ്മ കുറഞ്ഞു പോയിരിക്കുന്ന അവസ്ഥയിലേക്ക് എത്തപ്പെടുന്നു. “എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു”(2 കോരി 3:18). സഭാവിശ്വാസികളില്‍ കര്‍ത്താവിന്റെ തേജസും ഭാവവും കാണുന്നില്ലെങ്കില്‍, കര്‍ത്താവിനെപ്പോലെ രൂപാന്തരപ്പെടുന്ന പ്രക്രിയ നിന്ന് പോയെങ്കില്‍ ഉടന്‍ പരിശുദ്ധാത്മസഹായത്താല്‍ പുനരാരംഭിക്കുക. മാനസാന്തരമല്ലാതെ സഭക്ക് വേറൊരു പോക്കുവഴിയില്ല. കര്‍ത്താവിനെ പ്രതിഫലിപ്പിക്കാനായില്ലെങ്കില്‍, കര്‍ത്താവിനെ മാത്രം ഉയര്‍ത്താന്‍ സഭക്കായില്ലെങ്കില്‍, കര്‍ത്താവ് സഭയോട് പറയുന്നു “നിന്നെ (ഏകവചനം-സഭയെ)എന്റെ വായില്‍ നിന്ന് ഉമിണ്ണു കളയും”.

“നിന്നെ എന്റെ വായില്‍ നിന്ന് ഉമിണ്ണു കളയും”എന്നത് സഭയിലെ വിശ്വാസികളുടെ (ബഹുവചനം) നിത്യതയുമായി ബന്ധപ്പെട്ട പ്രസ്താവനയല്ല, മറിച്ച്  വിശ്വാസികള്‍ ഒന്നിച്ചുകൂടി സഭയായിട്ടു അവര്‍ കൂടിവരുന്ന സ്ഥലത്ത് വഹിക്കുന്ന കര്‍ത്താവിന്‍റെ സാക്ഷ്യം (assembly testimony ) നിന്നുപോകും എന്ന ദൈവത്തിന്‍റെ  മുന്നറിയിപ്പായിട്ടാണ് നാം മനസിലാക്കുന്നത്. നമ്മുടെ സഭകളില്‍ മനുഷ്യര്‍ ഉയരാതിരിക്കട്ടെ, കര്‍ത്താവ് മാത്രം ഉയരട്ടെ, നമ്മുക്ക് സഭകളായി ദൈവിക ഉദ്ദേശ്യം നിറവേറ്റിക്കൊണ്ട് ദൈവത്താല്‍ ഉമിണ്ണു കളയപ്പെടാതിരിക്കാം. ബ്രദറണ്‍ സഭകള്‍ നിര്‍ജ്ജീവമായ ബ്രദറണ്‍ പള്ളികളായി അധ:പതിക്കാതിരിക്കട്ടെ… ആത്മീയ ജീവനാല്‍ നമ്മുടെ സഭകള്‍ ചലിക്കട്ടെ…. സ്വര്‍ഗത്തിലെ ദൈവത്താല്‍ ‘ഉമിണ്ണ്‍ കളയപ്പെട്ട’ സഭയാണോ നിങ്ങളുല്പ്പെട്ട പ്രാദേശിക സഭ ? ചിന്തിക്കുക……..

Leave a Reply

Your email address will not be published. Required fields are marked *