‘സഭായോഗങ്ങളില്‍ എപ്പോഴൊക്കെ പങ്കെടുക്കുന്നു’ എന്നത് സ്വയം ചോദ്യം ചെയ്യപ്പെടേണ്ട ഒരു കാര്യമാണോ?

യിസ്രായേല്‍ ജനം യഹോവയുടെ മുമ്പാകെ എപ്പോള്‍ കടന്നുവരണം, കൂടിവരണം എന്നതിന് ആവശ്യമായ, വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ യഹോവ ന്യായപ്രമാണത്തിലൂടെ യിസ്രായേലിന് നല്‍കി. ഇതിനു വ്യക്തമായ മാതൃക പഴയനിയമം പരിശോധിക്കുമ്പോള്‍ നമുക്ക് കാണുവാന്‍ സാധിക്കും. ആണ്ടില്‍ മൂന്നു പ്രാവശ്യം എല്ലാ യിസ്രായേല്യപുരുഷന്മാരും യഹോവയുടെ മുമ്പാകെ കടന്നുവരണമെന്ന്  ദൈവം ന്യായപ്രമാണത്തിലൂടെ പഴയനിയമ യിസ്രായേലിനെ ഓര്‍പ്പിക്കുന്നു. എല്ലാ യിസ്രായേല്യരും വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം യഹോവയ്ക്ക് ഉത്സവം ആചരിക്കണമെന്നും ന്യായപ്രമാണം അനുശാസിക്കുന്നു (പുറ.23: 15, 17). പുരോഹിതന്‍മാര്‍ എല്ലാ ദിവസവും യാഗപീഠത്തിന്മേല്‍ ശുശ്രുഷ ചെയ്യണമായിരുന്നു. എല്ലാദിവസവും രാവിലേയും വൈകുന്നേരവും ഓരോ ആട്ടിന്‍കുട്ടിയെ വീതം പുരോഹിതന്മാര്‍ യാഗപീഠത്തിന്മേല്‍ യാഗം കഴിക്കണമായിരുന്നു (പുറ. 29: 38 – 39 ).

ന്യായപ്രമാണ കല്‍പ്പനകളെ കൂടാതെ, പഴയനിയമ ഭക്തന്മാരുടെ ജീവിതവും ജീവിതാനുഭവങ്ങളും സാക്ഷ്യങ്ങളും ഒക്കെ, ദൈവജനം ദൈവസന്നിധിയില്‍ എപ്പോഴൊക്കെ ആയിരിക്കണമെന്നതിന് ചിന്തിക്കുവാന്‍ പര്യാപ്തമായ പാഠങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. വിശ്വാസികളുടെ പിതാവായ അബ്രാഹാം എവിടെയൊക്കെ കൂടാരമടിച്ചോ, അവിടെ വലിയവനായ യഹോവയ്ക്ക് യാഗപീഠം പണിത് യാഗം അര്‍പ്പിച്ച് ദൈവത്തെ ആരാധിക്കുക എന്നതായിരുന്നു താന്‍  ഏറ്റവും പ്രഥമമായി ചെയ്തിരുന്നത്. ആയുഷ്കാലമാകെ ദൈവത്തോടുകൂടെ നടന്ന, അതായത് ദൈവസാന്നിദ്ധ്യത്തില്‍ ജീവിച്ച ഹാനോക്ക് ഏറ്റവും നല്ല മാതൃകയായി നമുക്ക് മുമ്പില്‍ ഇരിക്കുന്നു. സങ്കീര്‍ത്തനക്കാരനായ ദാവീദിന്റെ ആഗ്രഹം, യഹോവയുടെ മനോഹരത്വം കാണുന്നതിനും അവന്‍റെ മന്ദിരത്തില്‍ ധ്യാനിപ്പാനുംവേണ്ടി ആയുഷ്കാലമൊക്കെയും, നിത്യകാലം യഹോവയുടെ ആലയത്തില്‍ വസിക്കണമെന്നതായിരുന്നു (സങ്കീ. 23: 6, 27: 4). ജീവപര്യന്തം യഹോവയുടെ ആലയത്തില്‍ പാടണം എന്ന് ഹിസ്കീയാവു രാജാവ് പ്രത്യാശിക്കുന്നു (യെശ. 38: 20). ദാനിയേല്‍, താന്‍ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്‍റെ ദൈവത്തിന്‍റെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചു സ്തോത്രം ചെയ്തു. (ദാനിയേല്‍ 6: 10).

ദൈവജനം കൂടിവരുന്നതിനോടനുബന്ധിച്ചു പുതിയനിയമത്തിലും വളരെ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ത്താവ് നമുക്ക് നല്‍കിയിട്ടുണ്ട്. സഭായുഗത്തില്‍, സ്ഥലംസഭകളോടുള്ള ബന്ധത്തില്‍ വിശ്വാസികള്‍ക്ക് വലിയ പദവികളാണ് ദൈവം നല്‍കിയിരിക്കുന്നത്. എന്നാല്‍ ലഭിച്ചിരിക്കുന്ന പദവിയുടെ ശ്രേഷ്ഠതയും മാന്യതയും എളുപ്പം മറക്കുന്നതിന് വലിയ സാദ്ധ്യതയും വിശ്വാസജീവിതത്തിലുണ്ട്. ന്യായപ്രമാണയുഗമല്ല, ഇത് കൃപയുടെ കാലയളവ് ആയതിനാല്‍ വിശ്വാസികള്‍ക്ക്  അല്പം അനുസരണക്കേട് ഒക്കെ ആവാം, ദൈവം സ്നേഹവനാണ്, ക്ഷമിക്കുന്നവനാണ് അതുകൊണ്ട് സാരമില്ല, ക്ഷമിച്ചോളും എന്ന് ആരും ധരിക്കരുത്. ആത്മീയമായ സ്ഥിരത, അതായത്, തുടര്‍മാനമായി അഥവാ സ്ഥിരമായി നടന്നുകൊണ്ടിരുന്ന സഭാ കൂടിവരവുകളില്‍, സഭാവിശ്വാസികള്‍ എല്ലാവരും എല്ലാ യോഗങ്ങളിലും ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും തിരുവചനം പഠിക്കുകയും ദൈവത്തെ ആരാധിച്ച് മഹത്വപ്പെടുത്തുകയും ചെയ്തുപോന്ന, ആത്മീയ ഉന്നതിയിലായിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ചാണ് അപ്പോ. പ്രവര്‍ത്തികള്‍, അദ്ധ്യായം-2 -ല്‍ നാം വായിക്കുന്നത്.

അന്ത്യോക്ക്യയില്‍ ഒരു വര്‍ഷക്കാലം മുഴുവനും നീണ്ടുനിന്ന സഭായോഗങ്ങളുടെ പരമ്പരയില്‍ പൌലോസും ബര്‍ന്നബാസും ധാരാളം ജനങ്ങളോട് ദൈവവചനം ഉപദേശിക്കുകയും പ്രസംഗിക്കുകയും സ്ഥിരമായി ചെയ്തു (അപ്പോ. 11: 26). ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിന്‍റെ പ്രാധാന്യത വളരെ വ്യക്തമായി താന്‍ മനസ്സിലാക്കിയിരുന്നതുകൊണ്ട്, പൗലോസ്‌ സഭയോട് ചേര്‍ന്ന് അപ്പം നുറുക്കുന്നതിന്നായി സഭായോഗത്തില്‍ സംബന്ധിച്ചു (അപ്പൊ.20: 7). ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം സ്ഥലം സഭയില്‍ അപ്പം നുറുക്കുവാന്‍ കൂടിവരുന്ന യോഗത്തില്‍ (Breaking of Bread Meeting) പങ്കെടുക്കേണ്ടതുകൊണ്ട് മാത്രം പൗലോസ്‌ യാത്ര തുടരാതെ ഏഴു ദിവസം ത്രോവാസില്‍ പാര്‍ത്തു എന്നാണ് നാം മനസ്സിലാക്കുന്നത്. ”അങ്ങനെ നിങ്ങള്‍ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും …….” എന്ന് ഓര്‍പ്പിച്ചുകൊണ്ട് തിരുവത്താഴത്തെക്കുറിച്ച് (Lord’s Supper ) കൊരിന്ത്സഭയ്ക്ക് അപ്പോസ്തലന്‍ എഴുതുന്നത്‌ ഈ സമയത്താണ് (1 കൊരി. 11: 26). അപ്പോസ്തലനായ പൗലോസ്‌ ഒരിക്കലും പ്രാദേശികസഭകളെ (Local Assemblies) അവഗണിച്ചിരുന്നില്ല. പ്രതികൂലങ്ങളുടെയും വൈഷമ്യങ്ങളുടെയും കൂടെ തനിക്ക് ദിവസേന സര്‍വ്വസഭകളേയുംക്കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും  തന്‍റെ ജീവിതത്തില്‍  ഉണ്ടായിരുന്നു  എന്നാണ് അപ്പോസ്തലന്‍ വ്യക്തമാക്കുന്നത് (2 കൊരി. 11: 28).

സ്ഥലംസഭകള്‍ക്കും സഭായോഗങ്ങള്‍ക്കും പ്രഥമ പരിഗണന നല്‍കി ജീവിതം കാഴ്ചവെച്ച ഒരു പാരമ്പര്യമാണ് ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികള്‍ക്കുള്ളത്. ഞായറാഴ്ചദിവസം തിരുവത്താഴത്തില്‍നിന്ന് പങ്കെടുക്കുന്നതുകൂടാതെ സഭയില്‍ നടക്കുന്ന പ്രാര്‍ത്ഥനയിലും വചനപഠനത്തിലും വചനശുശ്രുഷയിലും എന്നുവേണ്ട, സഭ ക്രമീകരിക്കുന്ന എല്ലാ യോഗങ്ങളിലും സഭാകൂട്ടായ്മയിലുള്ള എല്ലാ വിശ്വാസികളും തുടര്‍മാനമായി അതായത്, മുടക്കം കൂടാതെ പങ്കെടുത്തിരുന്നു എന്ന് അപ്പോസ്തലീക പാരമ്പര്യം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ പിതാക്കാന്മാരും ആ പാരമ്പര്യം കാത്തുസൂക്ഷിച്ചവരായിരുന്നു. ‘ഭൌതീകമായി അനുഗ്രഹിക്കപ്പെട്ട’ ഇന്നത്തെ നമ്മുടെ തലമുറയ്ക്ക് ലഭ്യമായിരിക്കുന്ന സൌകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത്,  പൌലോസിനുണ്ടായിരുന്നതുപോലെ കഷ്ടതയും പട്ടിണിയും നിന്ദയും മറ്റും മാത്രം കൈമുതലായിരുന്ന സമയത്തും സഭായോഗങ്ങളെ ഉപേക്ഷിക്കാതെ, സഭയായി ദൈവസാന്നിദ്ധ്യം അനുഭവിച്ച് ആത്മനിര്‍വൃതി നേടിയിരുന്നവരായിരുന്നു നമ്മുടെ പിതാക്കന്മാര്‍ . രാത്രിയുടെ യാമങ്ങളില്‍, ചൂട്ടുകറ്റയുടെ മറ്റും വെളിച്ചത്തില്‍, കുന്നുകളും നദികളും താണ്ടി, മൈലുകള്‍ നടന്ന് നിരന്തരം സഭായോഗങ്ങളില്‍ സംബന്ധിച്ചിരുന്ന അനുഭവങ്ങള്‍ നമ്മുടെ പിതാക്കന്മാര്‍ക്ക് നമ്മോട് പറയാനുണ്ട്.

പ്രിയ സഹോദരീസഹോദരന്മാരേ, സഭായോഗങ്ങളോടുള്ള നമ്മുടെ താല്പര്യവും പങ്കാളിത്തവും എത്രത്തോളമുണ്ട് എന്ന് ചിന്തിക്കാറുണ്ടോ?  പിതാക്കാന്മാരുടെ അനുഭവങ്ങളെക്കുറിച്ച് വാചാലമായി സംസാരിക്കുന്നതോടൊപ്പം നമ്മുടെ അനുഭവങ്ങള്‍ സധൈര്യം പറയുവാന്‍ നമുക്ക് കഴിയുന്നുണ്ടോ? പ്രിയപ്പെട്ടവരേ, സഭായോഗങ്ങളെ ഉപേക്ഷിക്കുക, അവഗണിക്കുക, നിസ്സാരമായി കാണുക തുടങ്ങിയത്  ഒരു യോഗ്യമായ സ്വഭാവമായി ആരും കാണരുത്. ചില വിശ്വാസികള്‍ വല്ലപ്പോഴും സഭയോഗങ്ങളില്‍ പങ്കെടുത്താല്‍ തന്നെ, അവസരം പാഴാക്കാതെ കര്‍ത്താവിന് കൊടുക്കേണ്ടതായ മഹത്വം അവര്‍ സ്വന്തമാക്കുയും ചെയ്യുന്ന പ്രവണതയും ചിലയിടങ്ങളില്‍ കണ്ടുവരുന്നു.

സഭായോഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ പല ന്യായങ്ങളും ഒരുപക്ഷേ നിരത്തിവയ്ക്കും. കൂടിവരവുകളില്‍ സംബന്ധിക്കാന്‍ കഴിയാത്തത്ര തിരക്കാണ് ജീവിതത്തില്‍ എന്നാണ് ഇങ്ങനെയുള്ളവര്‍ അവകാശപ്പെടുന്നത്. ജോലിത്തിരക്ക്, കുടുംബത്തിലെ ഉദ്ധരവാദിത്വങ്ങള്‍ മൂലമുള്ള തിരക്ക്, പഠനത്തിലെ തിരക്ക്, ബിസിനസ് തിരക്ക് തുടങ്ങി ‘സ്ഥലംസഭയെന്ന ചിന്താഭാരം’ എന്ന തിരക്കൊഴികെ ഒട്ടനവധി തിരക്കുകളുടെ ഇടയിലാണ് ‘ഈ പ്രിയ വിശ്വാസികള്‍’ ക്രിസ്തീയജീവിതം നയിക്കുന്നത്. പലപ്പോഴും സമയലഭ്യതയെ പഴിചാരുമ്പോഴും, പ്രാര്‍ത്ഥനാ യോഗത്തിനും ബൈബിള്‍പഠനത്തിനൊന്നും സഭയില്‍ കടന്നുപോകുന്നതിന് ഇവര്‍ക്ക് താല്പര്യമില്ല എന്നതാണ് പരമാര്‍ത്ഥമായിട്ടുള്ളത്. ഒരുപക്ഷേ, ലോകപ്രകാരമുള്ള വിനോദത്തിനോ ജഡത്തിന്റെ താല്പര്യങ്ങള്‍ക്കോ ഒക്കെ വേണ്ടി യോഗത്തില്‍ സംബന്ധിക്കേണ്ട സമയം വിനിയോഗിക്കുകയായിരിക്കാം. സ്വന്തം ഭവനങ്ങളില്‍പോലും കുടുംബപ്രാര്‍ത്ഥനക്കുള്ള സമയം ഇത്തരക്കാര്‍ക്ക് ലഭിക്കാറില്ല. മറ്റു പലതും, ആ സമയംകൂടി കവര്‍ന്നെടുക്കുന്ന നിലയിലേക്ക് സ്ഥിതിഗതികള്‍ വന്നെത്തിയിരിക്കുന്നു.

ദൈനംദിനജീവിതത്തില്‍ ജോലിയോടുള്ള ബന്ധത്തിലും മറ്റും വളരെ തിരക്കോടുകൂടി മുന്നോട്ടുപോകുന്ന ഒരു വിശ്വാസിക്ക് വളരെ ക്രമീകൃതമായ നിലയില്‍ തന്‍റെ സമയം സഭായോഗങ്ങളോടുള്ള ബന്ധത്തില്‍ സ്ഥിരമായി വിനിയോഗിക്കുന്നതിന് കഴിയുമെന്നത് വളരെ വ്യക്തമായതും തെളിയിക്കപ്പെട്ടതുമായ ഒരു വസ്തുത തന്നെയാണ്. ഏതു തിരക്കുകളുടെയും പ്രതിബന്ധങ്ങളുടേയും നടുവിലും സഭായോഗങ്ങളെ ഉപേക്ഷയായി കാണാതെ സഭാജീവിതം സജീവമായി നയിക്കുവാന്‍ ഏതൊരു വിശ്വാസിക്കും കഴിയുമെന്ന് അപ്പോസ്തലീകനാളുകള്‍ തുടങ്ങിയിങ്ങോട്ട് അനേക ദൈവമക്കളുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ആത്മീയ അര്‍പ്പണത്തേയും മുന്‍ഗണനകളേയും ചോദ്യം ചെയ്യുന്ന ഒരു പ്രധാന ഘടകമാണ്‌ സഭായോഗങ്ങളില്‍ സംബന്ധിക്കുന്നതിലുള്ള ഉത്സാഹവും താല്പര്യവും. പ്രിയ  ദൈവജനമേ, ‘എന്‍റെ സഭാജീവിതത്തില്‍ സഭായോഗങ്ങളില്‍ എന്‍റെ സാന്നിദ്ധ്യം എത്രത്തോളമുണ്ട്’ എന്ന് ഓരോരുത്തരും സ്വയമേവ വിചിന്തനം ചെയ്‌വാന്‍ നമുക്ക് ഇടയാകട്ടെ. ചോദ്യം ചെയ്യപ്പെടുമ്പോള്‍, കുറ്റം വിധിക്കാത്ത മനസാക്ഷിയോടെ നില്‍പ്പാന്‍ നമുക്ക് കഴിയട്ടെ. സന്തോഷവും ആനന്ദവും ദൈവത്തിന്‍റെ കൂടാരങ്ങളില്‍ ഉണ്ട്. സ്ഥലംസഭകളില്‍  സന്തോഷവും ആനന്ദവും കണ്ടെത്താന്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കുമാറാകട്ടെ……

Leave a Reply

Your email address will not be published. Required fields are marked *