സഭായോഗങ്ങളില്‍ സംബന്ധിക്കുന്നവരെ പ്രാദേശീക സഭ തിരിച്ചറിയേണ്ടതുണ്ടോ?

സഭായോഗങ്ങളില്‍ സംബന്ധിക്കുന്നവരെ തിരിച്ചറിയുക, ഈ ചോദ്യത്തോടുള്ള ബന്ധത്തില്‍, പഴയനിയമം നാം പരിശോധിക്കുമ്പോള്‍ ധാരാളം മുന്നറിയിപ്പുകള്‍ നമുക്ക് കാണുവാന്‍ കഴിയുന്നുണ്ട്. ആവര്‍ത്തനപുസ്തകം. 23:3 ലും നെഹെമ്യാവു. 13:1 ലും നാം വായിക്കുന്നത്, അമ്മോന്യരും മോവാബ്യരും ഒരു നാളും ദൈവത്തിന്‍റെ സഭയില്‍ പ്രവേശിക്കരുത് എന്ന ദൈവത്തിന്‍റെ അലംഘനീയമായ നിയമമാണ്. മതപരമായ ക്രമീകരണങ്ങളും ആചാരങ്ങളും മറ്റ് നിലപാടുകളും ഒക്കെ നോക്കുമ്പോള്‍ അമ്മോന്യരും മോവാബ്യരും ദൈവത്തിന്‍റെ ജനമായ യിസ്രായേലിനോട് വളരെ അടുത്ത് വസിക്കുന്നവരായിരുന്നു. പക്ഷെ, വാസ്തവമെന്നത്, യഹോവയാല്‍ ശപിക്കപ്പെട്ട രണ്ട് ജാതികളായിരുന്നു അവര്‍ . ദൈവീകസത്യത്തില്‍നിന്നും സാന്നിദ്ധ്യത്തില്‍നിന്നും വളരെ കാതം അകലെയായിരുന്നു അവരുടെ സ്ഥാനം.

പുതിയനിയമ കാലഘട്ടത്തിലും ഈ ചിത്രം നമുക്ക് കാണാം. പുറമേ നിന്ന് നോക്കിയാല്‍ വളരെ സമാനതകള്‍ പല സഭാവിഭാഗങ്ങള്‍ തമ്മില്‍ കാണാം. അതും ശരി ഇതും ശരി എന്ന് ചിന്തിക്കുവാന്‍ വക നല്‍കുന്ന ധാരാളം കാര്യങ്ങളുമുണ്ടാകാം. നിങ്ങളെപ്പോലെ തന്നെയാണ് ഞങ്ങളും ദൈവത്തെ ആരാധിക്കുന്നത്, പേരില്‍ മാത്രമേ വ്യത്യാസമുള്ളൂ എന്നൊക്കെയുള്ള ന്യായങ്ങള്‍ പല പ്രിയപ്പെട്ടവരും പറയുന്നത് കേള്‍ക്കാറുണ്ട്.  നാമൊക്കെ കര്‍ത്താവിന്റെ സഭയെന്ന ഏക സഭയുടെ അംഗങ്ങളാണ് എന്ന് തിരിച്ചങ്ങോട്ടും പറഞ്ഞു ആശ്വസിപ്പിക്കുന്ന ചില സഹോദരന്മാരെയും കാണാറുണ്ട്. എന്നാല്‍, ദൈവവചന സത്യങ്ങളോടും ഉപദേശങ്ങളോടും യാതൊരു ബന്ധവുമില്ലാത്ത വ്യവസ്ഥകളാലും ക്രമീകരണങ്ങളാലും സമ്പന്നമാണ് പല വിഭാഗങ്ങളുമെന്നത്  നാം വ്യക്തമായി മനസിലാക്കണം. തെറ്റുപറ്റിപ്പോയി എന്ന് പറഞ്ഞ് വിലപിക്കുകയും തെറ്റ് അങ്ങീകരിക്കുകയും ചെയ്യുന്ന യിസ്രായേലിനെ സങ്കീര്‍ത്തനം 79:1-ല്‍ നമുക്ക് കാണാം. യഹോവയുടെ ആലയത്തില്‍ പാടില്ലാത്തതും അനുവദനീയരല്ലാത്തതും കടന്നുവന്ന് യഹോവയുടെ ആലയത്തെ അശുദ്ധമാക്കിയ വലിയ അകൃത്യം യിസ്രായേലിന്റെ ചരിത്രത്തില്‍  പല പ്രാവശ്യം സംഭവിച്ചു.  പ്രവചനപുസ്തകങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ വസ്തുത നമുക്ക് മനസിലാക്കാന്‍ കഴിയും.(യെഹെസ്കേല്‍ .44:9, സെഖര്‌യ്യാവു 14:21).

പുതിയനിയമം പരിശോധിക്കുമ്പോഴും, കര്‍ത്താവായ ദൈവം ഇതേ കാര്യം തന്നെയാണ് സഭയുടെ വിശുദ്ധിയോടുള്ള ബന്ധത്തിലും പറഞ്ഞിരിക്കുന്നത്. യാതൊരു തരത്തിലുമുള്ള അശുദ്ധിയും പ്രാദേശിക സഭാകൂടിവരവുകളില്‍ കടന്നുവരാന്‍ സഭയുടെ കാന്തനായ കര്‍ത്താവ് ആഗ്രഹിക്കുന്നില്ല. കൊരിന്ത് സഭയിലെ വിശുദ്ധന്മാരോട് അപ്പോസ്തലനായ പൗലോസ്‌ പറയുന്നത്, ”…….അവനോട് സംസര്‍ഗ്ഗം അരുത്” എന്നാണ്. ‘വിശ്വാസി അവിശ്വാസികളോട് ഇണയില്ലാപ്പിണ കൂടരുതെന്നും, വിശ്വാസിക്ക് അവിശ്വാസിയുമായി യാതൊരു ഓഹരിയുമില്ല’ എന്നും അപ്പോസ്തലന്‍ വ്യക്തമാക്കുന്നു. കര്‍ത്താവ് പറയുന്നു, ” അവരുടെ നടുവില്‍നിന്നു പുറപ്പെട്ടു വേര്‍പെട്ടിരിപ്പിന്‍” എന്ന്. (1 കൊരി. 5:11 കൊരി. 6:14-18). ജീവനുള്ള ദൈവത്തിന്‍റെ സഭയാകുന്ന ദൈവാലയത്തെ (church of the living God-1തിമോ.3:15) വിശുദ്ധിയോടെ, വേര്‍പെട്ട അനുഭവത്തോടെ കാത്തു പരിപാലിക്കെണ്ടവര്‍ അശുദ്ധമായതൊന്നും തൊടുകപോലും ചെയ്യുവാന്‍ പാടില്ല. കാവല്‍ക്കാര്‍ ഇല്ലാതെ, അതിരുകള്‍ നിര്‍ണ്ണയിക്കാതെ വാതില്‍ മലര്‍ക്കെ തുറന്നുവച്ചാല്‍ (freely open) അശുദ്ധമായത് പലതും അകത്തു കടക്കാന്‍ ഇടയാകും. (2ദിന 23:19). അന്യ ഉപദേശങ്ങളും ആചാരങ്ങളും കീഴ്വഴക്കങ്ങളുമൊന്നും സഭയ്ക്കകത്ത് ഒരു നിലകളിലും കടന്നുവരുവാന്‍ ഇടയാകരുത്. സഭാകൂടിവരവിലേക്ക്, ഏവര്‍ക്കും എല്ലായ്പ്പോഴും സര്‍വ്വാത്മന സ്വാഗതം കല്‍പ്പിച്ചുകൊടുത്താല്‍, ആ സ്വാതന്ത്ര്യം മുതലാക്കികൊണ്ട് പല വിരുദ്ധ ഉപദേശക്കാരും ചിന്താഗതിക്കാരും സഭയ്ക്കകത്ത് കടക്കുകയും തങ്ങളുടെ താല്പര്യങ്ങളും മനോഭാവങ്ങളും പതിയെ പതിയെ സഭയില്‍ സ്ഥാപിച്ചെടുക്കാന്‍ വിത്ത് പാകുകയും ചെയ്യും.

രാഷ്ട്രീയരംഗത്തും ഭരണരംഗത്തുമൊക്കെ ചെറിയ വിഭാഗങ്ങളുടെ സമ്മര്‍ദ്ദതന്ത്രത്താല്‍ പല പ്രശ്നങ്ങളും അരക്ഷിതാവസ്ഥയും മറ്റും ഉണ്ടാകുന്നത് നാം കാണാറുണ്ട് . ഒരു പ്രാദേശിക സഭയിലും അങ്ങനെ സംഭവിക്കാം. അതുകൊണ്ടാണ് അപ്പോസ്തലനായ പൗലോസ്‌ എഫെസോസിലെ സഭയുടെ മൂപ്പന്മാരോട് ”ആട്ടിന്‍കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കള്‍ സഭയുടെ ഇടയില്‍ കടക്കും, അതുകൊണ്ട് ഉണര്‍ന്നിരിപ്പിന്‍” എന്ന് പറഞ്ഞത് (അപ്പോ. 20:29). ഗലാത്യസഭകളില്‍ കള്ളസഹോദരന്മാര്‍ പ്രവേശിച്ചതു മുഖാന്തരം യേശുക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തെ മറയാക്കിക്കൊണ്ട് യെഹൂദാപാരമ്പര്യത്തെ അവഗണിച്ച സ്ഥിതിവിശേഷം ഉണ്ടായതായി അപ്പോസ്തലന്‍ സമ്മതിക്കുന്നു (ഗലാത്യര്‍.2:4). 1 യോഹന്നാന്‍ 2:19-ല്‍ അപ്പോസ്തലനായ യോഹന്നാന്‍ വളരെ വ്യക്തമായി പറയുന്നു, ”അനേകം എതിര്‍ക്രിസ്തുക്കള്‍ അവരുടെ ഇടയില്‍നിന്ന് പുറപ്പെട്ടു” എന്ന്. അവര്‍ സഭയില്‍ ഉണ്ടായിരുന്നവര്‍ ആയിരുന്നു. പക്ഷെ, ”അവര്‍ നമുക്ക് (സഭയ്ക്ക്) ഉള്ളവര്‍ ആയിരുന്നില്ല. ഇന്നും ഇത്തരക്കാര്‍ ഉണ്ട്. സഭയിലുണ്ട്, സഭയിലാണ് എന്നൊക്കെ ഇവര്‍ പറയും. എന്നാല്‍ സഭയ്ക്ക് ‘വേണ്ടവര്‍’ ആയിരിക്കുന്നില്ല. തിരുവചനത്തിലെ ഈ ഉദാഹരണങ്ങളും മുന്നറിയിപ്പുകളും , സ്ഥലംസഭയിലേക്ക് കടന്നുവരുന്ന വിശ്വാസികളെക്കുറിച്ച് സഭ എത്രമാത്രം ശ്രദ്ധാലുക്കളായിരിക്കണമെന്ന് നമ്മെ ഓര്‍പ്പിക്കുന്നു.

യെരുശലേമിലെ സഭ ആ കാര്യത്തില്‍ വളരെ നിശ്ചയം ഉള്ളവരായിരുന്നു. പൗലോസ്‌ എന്ന ശൌല്‍ രക്ഷിക്കപ്പെട്ട്, വേര്‍പെട്ടതിനുശേഷം സഭയോട് ചേരുവാന്‍ (കൂട്ടായ്മയില്‍ ആകുവാന്‍) ശ്രമിച്ചു. പക്ഷെ സഭ അവനെ ആദ്യമേ സ്വീകരിച്ചില്ല. ശൌലിന്റെ മാറ്റത്തെക്കുറിച്ചും കര്‍ത്താവുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും ബര്‍ന്നബാസ് സഭയെ പരിചയപ്പെടുത്തിക്കൊടുത്തു. മാത്രമല്ല, ശൌല്‍, താന്‍ തന്നെ സഭയെ ബോധിപ്പിച്ചു. സഭയുടെ കൂട്ടായ്മാബന്ധത്തിലേക്ക് ഒരാളെ സ്വീകരിക്കുന്നതിന്നുമുന്‍പ് സഭ അനുവര്‍ത്തിക്കേണ്ട കാര്യം യെരുശലേമിലെ സഭ ശൌലിനോടുള്ള ബന്ധത്തിലും ചെയ്തു (അപ്പോ.9:26-28). അതാണ്‌ അപ്പോസ്തലീക മാതൃക. സ്ഥലം സഭകള്‍ പിന്‍പറ്റേണ്ട മാതൃക. അതാണ്‌ സഭാസത്യം.

ഒരു മുഴുവന്‍ സമയ കൂട്ടായ്മ (full-time fellowship)’ യാണ് പുതിയനിയമം വെളിപ്പെടുത്തുന്ന കൂട്ടായ്മ. ‘ഇന്നിവിടെ’, ‘നാളെ മറ്റൊരിടത്ത്’ എന്നതല്ല പുതിയനിയമ കൂട്ടായ്മ. ഞായറാഴ്ച ദിവസം ‘അപ്പം നുറുക്കി’ ഭാഗഭാക്കായതിനുശേഷം അതുമതി ഇനി ഒരാഴ്ച്ചത്തേക്ക് എന്ന് ചിന്തിക്കുന്നത് പുതിയനിയമം വെളിപ്പെടുത്തിതരുന്ന കൂട്ടായ്മയുടെ പരിധിയില്‍ വരുന്നതല്ല. ”കൂട്ടായ്മ രുചിക്കുക (communion tasting)” എന്ന ഒരു രീതിയുമില്ല. ഞായറാഴ്ച അപ്പം നുറുക്കല്‍ കൊണ്ട് മാത്രം തൃപ്തിപ്പെടുന്നത് അഥവാ ഭാഗികമായ കൂട്ടായ്മ ആചരണം, ആത്യന്തികമായ ആത്മീയ കൂട്ടായ്മാബന്ധത്തിന്‍റെ ഭാഗമാകുന്നില്ല. താല്‍ക്കാലികവും ഭാഗികമായിട്ടുള്ളതുമായ കൂട്ടായ്മ എന്നത് തിരുവചനത്തില്‍ കാണുന്നില്ല.

ആഴ്ചകളോ മാസങ്ങളോ വട്ടം തികയുമ്പോള്‍ വരുന്നവരേയും വല്ലപ്പോഴുമൊരിക്കല്‍ പങ്കെടുക്കുന്നവരേയും പ്രോത്സാഹിപ്പിക്കുന്നത് അപകടകരമാണ്. ഇങ്ങനെയുള്ള അനേകര്‍ ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നവരായിരിപ്പാന്‍ സാദ്ധ്യതയുണ്ട് (ഫിലി. 3:18). അതോടൊപ്പംതന്നെ, അറിയാതെ ദൈവദൂതന്മാരെവരെ സല്ക്കരിച്ചിട്ടുള്ള അനുഭവങ്ങള്‍ ദൈവജനം മറക്കാനും പാടുള്ളതല്ല (എബ്രാ.13:1). തീര്‍ച്ചയായും, ദൈവജനം മറ്റുള്ളവരെ സ്നേഹിക്കാന്‍ അറിഞ്ഞിരിക്കണം. വിശ്വാസത്തില്‍ ബലഹീനരായവരെ, അജ്ഞത കൊണ്ട് സഭാകൂടിവരവുകളെ ഉപേക്ഷയായി കാണുന്ന ദൈവമക്കളെ, ആത്മീയതാല്പര്യവും സന്തോഷവും ആത്മീയപരിജ്ഞാനവും ഉള്ളവരാക്കിത്തീര്‍ക്കുന്നതിനു ദൈവജനം സഭയായി അവരെ പ്രോത്സാഹിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യേണ്ടതുതന്നെയാണ്.

വേര്‍പെട്ട ദൈവമക്കളെ, സ്ഥലംസഭയുടെ അതിര്‍ വിശാലമാക്കുവാന്‍ ശ്രമിക്കുമ്പോള്‍ അശുദ്ധമായതൊന്നും സഭയ്ക്കകത്ത് കടക്കാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. ഉപദേശത്തിലും പ്രമാണങ്ങളിലും വചനത്തിന്‍റെ ശുദ്ധിയും സത്യവും കാത്തു പരിപാലിക്കാം. നമ്മോടൊപ്പം കൂടിവരുന്നവരെ തിരിച്ചറിയുവാന്‍ നമുക്ക് കഴിയണം. ദുരുപദേശങ്ങള്‍ക്കും ദുരുപദേഷ്ടാക്കന്മാര്‍ക്കും സ്ഥലംസഭകളില്‍ സ്ഥലവും സ്ഥാനവും കൊടുക്കരുത്. സഭയിലും സഭാകൂടിവരവുകളിലും സംബന്ധിക്കേണ്ടവര്‍ ആരായിരിക്കണമെന്നും എങ്ങനെയാണ് ഒരു വിശ്വാസി സഭാകൂട്ടായ്മയിലേക്ക് കടന്നുവരുന്നത് എന്നുമുള്ള വചന സത്യങ്ങള്‍ സഭ, പ്രത്യേകിച്ച് സഭാമൂപ്പന്മാര്‍ നന്നായി അറിഞ്ഞിരിക്കണം. പരിശുദ്ധനായ ദൈവത്തിന്‍റെ ആലയമായ സ്ഥലംസഭകളുടെ പരിശുദ്ധി നഷ്ടപ്പെടുത്തിക്കളയാതെ, വിശുദ്ധിയിലും വേര്‍പാടിലും തികഞ്ഞ ഒരു ജീവിതമായിരിക്കട്ടെ…. നമ്മുടെ ഓരോ സ്ഥലംസഭകളും നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *