പ്രാദേശീക സഭയിലെ മൂപ്പന്മാരും വിശ്വാസികളും തമ്മിലുള്ള ബന്ധത്തില്‍ വരുന്ന ഉലച്ചില്‍ എങ്ങനെ പരിഹരിക്കാം?

പ്രാദേശീക സഭകളില്‍ മൂപ്പന്മാരും വിശ്വാസികളും ചില സന്ദര്‍ഭങ്ങളില്‍, ചില വിഷയങ്ങളില്‍ ആശയപരമായ വിത്യാസങ്ങള്‍ ഉണ്ടാകുകയും, അത് ദൈവ നാമമഹത്വത്തിനു കോട്ടം വരുന്ന തരത്തില്‍ ആയിത്തീരുകയും ചെയ്യുന്നു.       വളരെ പരിതാപകരമായ ഈ അവസ്ഥ ചില സഭകളില്‍ എങ്കിലും ഇക്കാലങ്ങളില്‍ നിലവിലുണ്ട്. സഭാവിശ്വാസികളുടെ ഇടയില്‍ അദ്ധ്വാനിക്കയും, അവരെ കര്‍ത്താവില്‍ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യേണ്ടവരാണ് മൂപ്പന്മാര്‍ (1തെസ്സ.5:12). അവര്‍ ആത്മാക്കളുടെ കണക്ക് ബോധിപ്പിക്കേണ്ടവരാണ് (എബ്ര 13:17). വിശ്വാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കേണ്ടത് മൂപ്പന്മാരാണ്. ആടുകളുടെ അവസ്ഥ മൂപ്പന്മാര്‍ അറിയണം(സദൃശ. 27:23). അനാവശ്യമായ പ്രശ്നങ്ങള്‍ സഭ കൂട്ടായ്മയില്‍ ഉള്ള എല്ലാവരും ഒഴിവാക്കണം. അരുമയോടെ, കലര്‍പ്പില്ലാതെ ആട്ടിന്‍ കൂട്ടത്തെ പരിപാലിക്കുന്നവരുടെ ഇടയില്‍ അങ്ങനെ പ്രശ്നങ്ങളുണ്ടാകാറില്ല. സഭയെ നയിക്കുന്ന മൂപ്പന്മാരില്‍ അനുകരിക്കാന്‍ ഒന്നും കാണുന്നില്ലെങ്കില്‍ “ക്രിസ്തുവിനെക്കുറിച്ചു ഇങ്ങനെയല്ല പഠിച്ചതു” (എഫേ.4:20) എന്ന  ഗണത്തില്‍ പെട്ടവരാണിവര്‍ എന്ന് വിശ്വാസികള്‍ പറയുവാനിടയാകും. പരസ്പരബന്ധം സമതുലമായി തുടരുന്നതിനായി മൂപ്പന്മാര്‍ക്ക് കീഴടങ്ങിയിരിക്കേണ്ട വിശ്വാസികള്‍ ദൈവകല്പന അനുസരിക്കുന്നവരുമായിരിക്കണം.

മൂപ്പന്മാര്‍ക്ക് സഭാവിശ്വാസികളില്‍ ഉള്ള വിശ്വാസം നഷ്ടപെട്ടാല്‍ ഒരിക്കലും ശരിയായ രീതിയില്‍ അവരെ നയിക്കാനാകില്ല. ദൈവവചനം അനുസരിക്കുന്നതില്‍ ഉല്‍സാഹമുള്ള വരായിരിക്കുന്ന വിശ്വാസികള്‍ ദൈവത്തിനും മൂപ്പന്മാര്‍ക്കും കീഴടങ്ങിയിരിക്കുന്നതില്‍ ഒരിക്കലും വിമുഖത കാണിക്കയില്ല. എന്ത് പ്രശ്നമാണെങ്കിലും വിശ്വാസികള്‍ മൂപ്പന്മാര്‍ക്കു വേണ്ടി പ്രാര്‍ഥിക്കണം. മൂപ്പന്മാര്‍ വിശ്വാസികള്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കണം. പ്രശ്നമാണെന്ന് പറഞ്ഞു ഇതിനു സാധിക്കുന്നില്ലെങ്കില്‍ ഇരുകൂട്ടരുടെയും ദൈവവുമായ ബന്ധത്തിന് എന്തോ കാര്യമായ തകരാര്‍ ഉണ്ട്. “തമ്മില്‍ പാപങ്ങളെ ഏറ്റു പറഞ്ഞു ഒരുവന് വേണ്ടി ഒരുവന്‍ പ്രാര്‍ഥിപ്പിന്‍” (യാക്കോബ്.5:16). അതായിരിക്കട്ടെ പ്രശ്നപരിഹാരത്തിന് ആദ്യ പ്രതിവിധി.

മൂപ്പന്മാര്‍ക്ക് വിശ്വാസികളോട് കയ്പ് ഉണ്ടായാല്‍ കൂടി വിശ്വാസികളുടെ ഉത്തരവാദിത്വമാണ്‌ കീഴടങ്ങിയിരിക്കേണ്ടതും അവരെ ഓര്‍ത്ത്‌ നിരന്തരം പ്രാര്‍ഥിക്കേണ്ടതും. അതിനു വ്യത്യാസമുണ്ടാകരുത്, മടുപ്പുണ്ടാകരുത്. എന്നിരുന്നാലും പ്രശ്നപരിഹാരം എത്രയും വേഗമുണ്ടാക്കേണ്ടതിനുള്ള ഉത്തരവാദിത്വം മൂപ്പന്മാരില്‍ നിക്ഷിപ്തമാണ്. കര്‍ത്താവായ യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ പരിപാലന ശുശ്രൂഷ നിര്‍വഹിച്ചപ്പോള്‍ അവരുടെ വിചാരങ്ങളെയും, ആവശ്യങ്ങളെയും കുറിച്ച് മുന്നമേ അറിഞ്ഞിട്ടു കൂടി കര്‍ത്താവ് അവരോടു ചോദിച്ചു. “അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: നിങ്ങൾ വഴിയിൽവെച്ചു തമ്മിൽ വാദിച്ചതു എന്തു എന്നു അവരോടു ചോദിച്ചു” (മര്‍ക്കോസ് 9:33). അവൻ അവരോടു “നിങ്ങൾ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു? (ലൂക്കോസ് 24:38)

മൂപ്പന്മാര്‍ക്കും തെറ്റ് പറ്റാന്‍ സാദ്ധ്യതയുള്ളവരാകയാല്‍ പ്രശ്നപരിഹാരത്തിന്നായി അവര്‍ എല്ലാ വിശ്വാസികളുമായി ആശയവിനിമയം നടത്തണം. വ്യക്തിപരവും സ്വകാര്യവുമായ കാര്യങ്ങള്‍ ഒഴികെ സഭയുടെ ആത്മീയ പുരോഗതിക്കായുള്ളതെല്ലാം മൂപ്പന്മാര്‍ തുറന്നു പറയേണ്ടതാണ്. സ്വകാര്യ വിവരങ്ങള്‍ സഭയുടെ തീരുമാനങ്ങളെ ബാധിക്കുമെന്ന് തുറന്നു പറയുമ്പോള്‍ തന്നെ, രഹസ്യമായി വെക്കേണ്ടവ രഹസ്യമായി വെക്കേണ്ടതും ആവശ്യമാണ്‌ . രഹസ്യമായി ഇരിക്കേണ്ടത് പരസ്യമാക്കാന്‍,  പ്രാര്‍ഥിക്കുന്ന വിശ്വാസികള്‍ വാശി പിടിക്കയുമില്ല. മൂപ്പന്മാര്‍ കമ്പനി ഡയറക്ടര്‍മാരെപ്പോലെയും, തീരുമാനങ്ങള്‍ തൊഴിലാളികളുടെ മേല്‍ അടിച്ചേല്പിക്കുന്ന മാനേജര്‍മാരെപ്പോലെയും പെരുമാറരുത്. വിശ്വാസികളെയും സഭയേയും ബാധിക്കുന്ന പൊതുവായ എല്ലാ കാര്യങ്ങളും പ്രാര്‍ഥനക്കായി മൂപ്പന്മാര്‍  പൊതുവായി പങ്കിടേണ്ടതാണ്. പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി (fall) പ്രാപിക്കുന്നു; മന്ത്രിമാരുടെ (Counsellors) ബഹുത്വത്തിലോ രക്ഷയുണ്ടു.(സദൃശ 11:14) ഭരണസാമർത്ഥ്യത്തോടെ (wise Counsel) നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ (Counsellors) ബഹുത്വത്തിൽ രക്ഷയുണ്ടു (സദൃശ 24:6).

വചന സംബന്ധമല്ലാത്തതോ, ആത്മീയമല്ലാത്തതോ ആയ സഭയുടെ പല തീരുമാനങ്ങളും ഒരുപക്ഷേ മറ്റുള്ളവരുമായുള്ള സമാധാനബന്ധം തകര്‍ക്കുന്നതാകാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെയുള്ള സാദ്ധ്യതകളെ ഒഴിവാക്കാന്‍ മൂപ്പന്മാരും വിശ്വാസികളും ഒരുപോലെ ശ്രമിക്കണം. പരസ്പര ബന്ധം തകരുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ദുരഭിമാനത്തെയും നാം പടിക്ക് പുറത്തു നിര്‍ത്തണം.

അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു; ആലോചന കേൾക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ടു;(സദൃശ 13:10).

ഇത് വായിക്കുന്ന താങ്കള്‍ ഒരു പ്രാദേശിക സഭയുടെ കൂട്ടയ്മയില്‍ തുടരുകയും, ഒപ്പം അവിടെയുള്ള ചില പ്രത്യേക വിഷയങ്ങളെ ഓര്‍ത്തു ദുഖിക്കുന്ന വിശ്വാസിയാണോ? എങ്കില്‍ ഇന്ന് തന്നെ പ്രാര്‍ത്ഥിക്കുക, പ്രശ്നം പരിഹരിക്കുവാന്‍ മുന്‍കൈ എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *