നമ്മുടെ തലമുറകളെ ദൈവത്തിനായി കൊടുത്തിട്ടുണ്ടോ? മക്കള്‍ നഷ്ടപ്പെടുന്നുവോ?

abrahamisaacദൈവം കല്പ്പിച്ചതനുസരിച്ചു അബ്രാഹാം തന്റെ ഏകജാതനായ മകനെ, യിസ്ഹാക്കിനെ ദൈവത്തിനായി യാഗം അര്‍പ്പിക്കുവാന്‍ തയ്യാറായി. അബ്രാഹം അതികാലത്തെ എഴുന്നേറ്റു യാഗാര്‍പ്പണത്തിനു ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തി ആരാധന കഴിക്കുന്നതിന്നായി യാത്ര പുറപ്പെട്ടു. തന്റെ സമയവും ആരോഗ്യവും പ്രയത്നങ്ങളുമെല്ലാം, ദൈവീക കല്‍പ്പന അനുസരിക്കുന്നതിന്നായിട്ടു അബ്രാഹാം ചെലവിട്ടു. ദൈവം കാണിച്ചുകൊടുത്ത സ്ഥലത്ത് ദൈവത്തെ ആരാധിക്കുവാന്‍ അബ്രാഹാം യാത്ര ചെയ്തു. എന്നാല്‍ യിസ്ഹാക്കിനു പകരം ഒരാട്ടിന്‍കുട്ടിയെ മോറിയാമലയില്‍ ദൈവം ഒരുക്കിയിരുന്നു. മോറിയാമലയില്‍ അബ്രാഹാം ദൈവത്തെ ആരാധിച്ചു. ദൈവത്തിന്നായി യാഗം അര്‍പ്പിച്ചു. യാക്കോബ്. 2 : 21 ല്‍ നാം വായിക്കുന്നത്, ” നമ്മുടെ പിതാവായ അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേല്‍ അര്‍പ്പിച്ചിട്ടു……” എന്നാണു. തന്റെ മകനെ ദൈവത്തിന്നായി സമര്‍പ്പിക്കുവാന്‍ അബ്രാഹാമിന് യാതൊരു മടിയുമുണ്ടായിരുന്നില്ല.

ദൈവജനമായ നാം, നമ്മള്‍, മാതാപിതാക്കള്‍, തങ്ങളുടെ മക്കള്‍ക്ക്‌ കര്‍ത്താവായ യേശുക്രിസ്തുവിനെ കേവലം കാണിച്ചുകൊടുക്കുന്നവര്‍ മാത്രമായിരിക്കരുത്. നാം മക്കളോടൊപ്പം, ആരാധനസ്ഥലത്തേക്ക്, യാഗം കഴിക്കുന്നതിനായിട്ടു അവരേയും കൂട്ടി നടക്കണം. അബ്രാഹാം യിസ്ഹാക്കിനോടൊപ്പം നടന്നു. ഉല്‍പ്പത്തി. 22 : 6 ല്‍ വായിക്കുന്നു, ” ഇരുവരും ഒന്നിച്ചു നടന്നു ”.

പ്രിയപ്പെട്ടവരേ, രണ്ടും മൂന്നും തലമുറകളില്‍ വന്നെത്തിനില്‍ക്കുന്ന നമ്മുടെ സ്ഥലംസഭകളുടെ നിജസ്ഥിതി നാം ഒന്ന് ചിന്തിച്ചു നോക്കിക്കേ… ഉപദേശം അറിയാത്ത, വേര്‍പാടിന്റെ മഹത്വം എന്തെന്ന് മനസ്സിലാക്കാത്ത, ദൈവസഭയുടെ പ്രാധാന്യത്തെ തിരസ്കരിക്കുന്ന, ലോകമോഹങ്ങളോട് അനുരൂപപെട്ടുകൊണ്ടിരിക്കുന്ന, പിതാക്കന്മാരുടെ സേവനങ്ങളെയും ത്യാഗങ്ങളെയും വിലമതിക്കാത്ത ഒരു നൂതന സമൂഹമായിട്ടു നമ്മുടെ യുവതലമുറ ആയിത്തീര്‍ന്നുകൊണ്ടിരിക്കുന്നു. മാതാപിതാക്കളെ അനുസരിക്കാത്ത, മാതാപിതാക്കളോട് ചേര്‍ന്ന് നടക്കാന്‍ മടിക്കുന്ന നിലയിലേക്ക് ഇന്ന് കുഞ്ഞുങ്ങള്‍ എത്തിപ്പെടുന്നില്ലേ?

അപ്പനപ്പൂപ്പന്മാര്‍ വേര്‍പാടുകാരായതുകൊണ്ടും, പാരമ്പര്യ ആചാര്യ നിവര്‍ത്തി എന്നവണ്ണം പ്രായം തികയുമ്പോള്‍ മുങ്ങിക്കുളിച്ചു (സ്നാനപ്പെട്ടു) വേര്‍പാടുകാരായി എന്നഭിമാനിക്കുന്നതിലപ്പുറമായി, വേര്‍പാട് സത്യങ്ങളോടും സ്ഥലം സഭയോടുള്ള ഉത്തരവാദിത്വത്തെ ക്കുറിച്ചും, യാതൊരു ഗ്രാഹ്യവുമില്ലാതെ തോന്നിയപോലെ ‘ക്രിസ്തീയ’ജീവിതം നയിക്കുന്ന പുതിയ തലമുറകളെയാണ്‌ ഇന്ന് സ്ഥലം സഭകളില്‍ നാം അന്വേഷിച്ചാല്‍ കണ്ടെത്തുന്നത്. അതും ഞായറാഴ്ച കര്‍ത്തൃമേശയുടെ സമയത്ത് മാത്രമേ ഇക്കൂട്ടരെ സഭയില്‍ കാണുവാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ആ സാധ്യതയും ഇപ്പോള്‍ വിരളമായിക്കൊണ്ടിരിക്കുകയാണ്. വിശ്വാസഭവനങ്ങളിലെ കുട്ടികള്‍ ഇങ്ങനെ ആയിത്തീരുന്നതിന്റെ വലിയ ഉത്തരവാദിത്തം അവരുടെ മാതാപിതാക്കള്‍ക്ക് തന്നെയാണ്. സഭയില്‍ വന്നിരുന്നു ഒന്ന് ‘സ്വസ്ഥമായി’ ആരാധിക്കുവാന്‍ വേണ്ടി ചെറുപ്രായത്തിലുള്ള കുഞ്ഞുങ്ങളെ വീട്ടിലിരുത്തിയിട്ടു മാതാപിതാക്കള്‍ യോഗത്തിനു വരും. അല്ലെങ്കില്‍ വരാതിരിക്കും. പഠന നിലവാരം ഉയര്‍ന്നുകഴിയുമ്പോള്‍, സഭായോഗങ്ങള്‍ക്ക് വന്നു വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിക്കളയുന്നതിനേക്കാള്‍ വീട്ടിലിരുന്നു പഠിക്കുന്നതോ, ട്യൂഷനുപോകുന്നതോ ആണ് ശ്രേഷ്ഠം എന്ന് കരുതി മക്കളെ സഭാകൂടിവരവുകളില്‍ കൊണ്ടുപോകില്ല. വളര്‍ന്നു പ്രായപൂര്‍ത്തിയായിക്കഴിയുമ്പോള്‍, ‘ വാ, മക്കളെ, യോഗത്തിനു പോകാം ‘ എന്ന് വിളിക്കുമ്പോള്‍ അവരോട്ടു വരികയുമില്ല. ഇതല്ലേ യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

പ്രിയപ്പെട്ടവരേ, മക്കളെ സ്ഥലംസഭകളോട് കൂറുള്ളവരായി വളര്‍ത്തുന്നതില്‍ അലംഭാവം കാണിച്ചാല്‍ വലിയ വില നാം നല്‍കേണ്ടതായി വരും. ഇന്ന് പാശ്ചാത്യരാജ്യങ്ങളിലെ സഭകള്‍, അമ്പതും എഴുപതും വര്‍ഷങ്ങള്‍ പിന്നിട്ടതിനുശേഷം, അഭിമുഖീകരിക്കുന്ന വിഷമകരമായ ഒരു സത്യമാണ് അവരുടെ നിലനില്‍പ്പ്‌ എന്നുള്ളത്. പല രാജ്യങ്ങളിലും അനേകം സ്ഥലംസഭകള്‍ കൂടിവരുവാന്‍ വിശ്വാസികള്‍ ഇല്ലാതെവന്നതുകൊണ്ട് അന്യം നിന്ന് പോയി. പുതിയ തലമുറയില്‍ ആരും ക്രിസ്തീയവിശ്വാസത്തിന്റെ പാതയിലേക്ക് കടന്നുവരുന്നില്ല. മക്കളെ ചെറുപ്രായത്തില്‍ സ്ഥലം സഭകളിലെ കൂടിവരവുകളിലേക്ക് കൈക്കുപിടിച്ചു നടത്തിക്കൊണ്ടു വരാത്തതിന്റെ അല്ലെങ്കില്‍ ഗൌരവമായി ഈ വിഷയം കണക്കിലെടുക്കാത്തതിന്റെ പരിണിതഫലമാണ് ഇങ്ങനെ സംഭവിക്കുന്നത്‌..

സ്ഥലംസഭകള്‍ കര്‍ത്താവിന്റെതാണ്. കര്‍ത്താവ് സ്ഥാപിച്ചതാണ് ഓരോ സ്ഥലം സഭകളും. സഭയുടെ സാക്ഷ്യം എന്നത് കൂടിവരുന്ന ഓരോ വിശ്വാസികളുടെയും ഓരോ കുടുംബങ്ങളുടെയും സാക്ഷ്യമാണ്. കുടുംബങ്ങള്‍ ദേശത്ത് സാക്ഷ്യം വഹിക്കുന്നില്ലെങ്കില്‍ സ്ഥലം സഭക്ക് എങ്ങനെ സാക്ഷ്യത്തോടെ നില്‍ക്കുവാന്‍ കഴിയും? മക്കള്‍ സഭാജീവിതമില്ലാത്തവരാണെങ്കില്‍ അതിന്‍റെ തിക്തഫലം അനുഭവിക്കുന്നത് സ്ഥലം സഭയാണ്. തിമോതെയോസിനെപ്പോലെ ബാല്യം മുതല്‍ തിരുവെഴുത്തുകളെ ക്കുറിച്ച് നിശ്ചയമുള്ളവരായിത്തീരണം നമ്മുടെ തലമുറകള്‍. വലിയമ്മയിലും അമ്മയിലും കണ്ട വിശ്വാസം നമ്മുടെ മക്കള്‍ക്കുമുണ്ട് എന്ന് അവരെക്കുറിച്ച് സാക്ഷ്യം പറയുന്നത് കേള്‍ക്കുവാന്‍ ഇടയാകണം. ക്യാമ്പുകളിളും മറ്റു പല സ്ഥലങ്ങളിലും നിന്നും പഠിക്കുന്നതിലുപരി, സഭയില്‍ വന്നിരുന്നു പഠിച്ചു, വളര്‍ന്നു, വചനത്തിലും ഉപദേശത്തിലും നിശ്ചയമുള്ളവരായിത്തീരണം നമ്മുടെ കുഞ്ഞുങ്ങള്‍. അതിന്നുവേണ്ടി അവരോടൊപ്പം സമയവും പ്രയത്നവും ചെലവിടാന്‍ മാതാപിതാക്കള്‍ തയ്യാറാകണം.

വിശുദ്ധിയിലും, വേര്‍പാടിലും സഭാസത്യങ്ങളെ പ്രാവര്‍ത്തികമാക്കി ജീവിക്കുന്ന തലമുറകള്‍ ഉള്‍പ്പെടുന്ന സ്ഥലം സഭകള്‍ക്കെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം വഹിച്ചു ദേശത്ത് വര്‍ത്തിക്കുവാന്‍ കഴിയുകയുള്ളൂ. കര്‍ത്താവ് കൊളുത്തിവച്ചിരിക്കുന്ന നിലവിളക്ക് വേണ്ടരീതിയില്‍ ശോഭ പരത്തുന്നില്ലെങ്കില്‍ നിലവിളക്ക് അതിന്റെ നിലയില്‍നിന്നും നീക്കിക്കളവാന്‍ കര്‍ത്താവിന്നു അധികാരം ഉണ്ട്. ഈ സത്യം നാം ഓര്‍ത്തിരിക്കേണ്ടതാണ്.

നമ്മുടെ തലമുറകളോടു ആത്മീയവിഷയത്തില്‍ നാം കാണിക്കുന്ന ഉദാസീനത നമുക്ക് വെടിയാം. ബാല്യത്തില്‍ തന്നെ സ്ഥലംസഭയോടുള്ള ആദരവും കടപ്പാടും പ്രതിബദ്ധതയും നമ്മുടെ കുഞ്ഞുങ്ങളുടെ ഹൃദയങ്ങളില്‍ ഉളവായിവരുവാന്‍ നമുക്ക് പ്രാര്‍ഥിക്കാം. കര്‍ത്താവിന്റെ വരവ് താമസിക്കുന്നുവെങ്കില്‍, ദേശത്ത് സഭയായി കര്‍ത്താവിന്റെ സാക്ഷ്യം വഹിക്കുന്നതിന്നായി നമ്മുടെ തലമുറകളെ നമുക്ക് പ്രാപ്തരാക്കാം.

Leave a Reply

Your email address will not be published. Required fields are marked *