ഒരു സുപ്രഭാതത്തില്‍ പാസ്റ്ററാകാന്‍ ബൈബിള്‍കോളേജില്‍ പോയയാള്‍ കോളേജ് പഠനം കൊണ്ട് സഭാഭരണത്തിന് സര്‍വ്വസജ്ജനാകുന്നു. പരിശീലനം കൊണ്ട് പ്രാസംഗികനാകുന്നു, പരീക്ഷകള്‍ പാസ്സാകുന്നു, കൈവച്ചു നിയമിക്കപ്പെടുന്നു, കോളേജില്‍ പ്രതിജ്ഞ ചൊല്ലുന്നു, പാസ്റ്റര്‍ ആകാന്‍ യോഗ്യത നേടുന്നു, പാസ്റ്റര്‍ പട്ടം കിട്ടുന്നു. പേരിനു മുമ്പില്‍ ‘റവ‘ (Rev.) എഴുതി ചേര്‍ക്കുന്നു. അദ്ദേഹം തന്നെ ഏതു സഭയിലാണ് ‘ജോലി’ ഒഴിവുള്ളത് എന്ന് അന്വേഷിക്കുന്നു, ഞായറാഴ്ച ശുശ്രൂഷക്കായി സഭ ക്ഷണിക്കുന്നു, ചിലര്‍ ഇന്റര്‍വ്യൂ ചെയ്യുന്നു, ശമ്പളം പറഞ്ഞോക്കുന്നു, സഭ വോട്ടിടുന്നു, തെരഞ്ഞെടുക്കപ്പെട്ടാല്‍ ചാര്‍ജെടുക്കുന്നു. സഭ പാസ്റ്ററിന്റെ സ്വന്ത ജനമാകുന്നു. (ചില വ്യത്യാസങ്ങള്‍ വ്യത്യസ്ഥസഭകള്‍ തോറും കാണാം).
ഒറ്റയാള്‍ പാസ്റ്റര്‍ സമ്പ്രദായം വചനപ്രകാരമാണോ? നമ്മുക്കും വേണ്ടേ സഭാക്കൊരു പാസ്റ്റര്‍!!! വചനത്തിലെവിടെയെങ്കിലും ഒറ്റയാള്‍ ആത്മീക നേതൃത്വത്തിനോ, ഒറ്റയാള്‍ സഭാഭാരണത്തിനോ ന്യായീകരണമുണ്ടോ ?
ചിലര്‍ ചൂണ്ടിക്കാണിക്കുന്നത് മോശ, ഗിദയോന്‍, യോശുവ എന്നിവരെയൊക്കെയാണ്. അവര്‍ ജീവിച്ചിരുന്ന പഴയ നിയമ കാലയളവില്‍ പുതിയ നിയമ സഭകള്‍ ഉണ്ടായിരുന്നില്ലെന്ന് മറന്നു പോകരുത്. സഭാനേതൃത്വത്തെ സംബന്ധിച്ചുള്ള ഉപദേശങ്ങള്‍ ഒന്നും തന്നെ പഴയനിയമത്തിലില്ല. പുതിയ നിയമത്തിലെ സഭക്കുള്ള ഒരു ലേഖനം പോലും “ഒരു പാസ്റ്റര്‍ക്കോ”, “ഒരു മൂപ്പനോ” എഴുതിയതായി കാണുന്നില്ല. “ഒരു സഭക്ക് ഒരു പാസ്റ്റര്‍” എന്ന് പുതിയ നിയമത്തില്‍ പരാമര്‍ശിക്കുന്ന ഒരു സഭയിലും കാണുന്നില്ല. മൂപ്പന്‍ അഥവാ പാസ്റ്റര്‍ ബൈബിള്‍ കോളേജില്‍ പോകണമെന്ന് എങ്ങും തന്നെ നിര്‍ബന്ധിച്ചിട്ടില്ല, പരിശീലന പ്രസംഗങ്ങളോ, ഓര്‍ഡിനേഷന്‍ പരിപാടിയുമില്ല. ഒരു പാസ്റ്റരുടെ കാലാവധി ചില വര്‍ഷങ്ങളായി നിജപ്പെടുത്തിയതായോ, ശമ്പളത്തിന്റെ കണക്കെത്രയാനെന്നോ എങ്ങും കാണുന്നില്ല.
പുതിയ നിയമ സഭകളുടെ പ്രവര്‍ത്തനമെങ്ങനെ?
ബൈബിള്‍ വ്യക്തമായി പഠിപ്പിക്കുന്നു ഒന്നിലധികം മൂപ്പന്മാര്‍ (pastors) സഭക്കുണ്ടായിരി ക്കണം. അവര്‍ അറിയപ്പെട്ടിരുന്നത് മൂപ്പന്മാര്‍, ഇടയന്മാര്‍, അദ്ധ്യഷന്മാര്‍ എന്നൊക്കെയായിരുന്നു. പുതിയ നിയമത്തിലെ ചില വാക്യങ്ങളെ നമ്മുക്ക് നിരീക്ഷിക്കാം.
1.അവർ സഭതോറും(ഏകവചനം) അവർക്കു മൂപ്പന്മാരെ (ബഹുവചനം) നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭാരമേല്പിക്കയും ചെയ്തു.(അപ്പൊ.പ്രവൃത്തി 14:23)
2. മിലേത്തൊസിൽ നിന്നു അവൻ എഫെസൊസിലേക്കു (ഏകവചനം) ആളയച്ചു സഭയിലെ മൂപ്പന്മാരെ (ബഹുവചനം)വരുത്തി..(അപ്പൊ.പ്രവൃത്തി 20:17)
3.നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ (ഏകവചനം) മൂപ്പന്മാരെ (ബഹുവചനം) വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ.
ഒരു സഭയില്‍ ഒന്നിലധികം മൂപ്പന്മാര്‍ അല്ലെങ്കില്‍ ഇടയന്മാര്‍ എന്നതാണ് തിരുവചന മാതൃക. രണ്ടു വാക്കുകളും ഒരേ വ്യക്തികള്‍ക്ക് ഉപയോഗിക്കുന്നതാണെങ്കിലും വിശാലമായ അര്‍ത്ഥം ഈ പദങ്ങളിലുണ്ട്.മൂപ്പന്‍ എന്ന വാക്ക് പക്വതയും , ഇടയന്‍ എന്ന എന്ന വാക്ക് ശുശ്രൂഷയും സൂചിപ്പിക്കുന്നു.
ആട്ടിന്കൂട്ടത്തെ മേയ്ക്കുക, അദ്ധ്യക്ഷത വഹിക്കുക, സൂക്ഷിക്കുക എന്നീ ഉത്തരവാടിത്ത്വങ്ങളും (അപ്പൊ.പ്രവൃത്തി 20), അവരുടെ യോഗ്യതകള്‍ (തീത്തോസ്1 ), അവരുടെ ശുശ്രൂഷകള്‍ (1പത്രോസ് 5 ) എന്നിവയും ദൈവ വചനം വ്യക്തമാക്കുന്നുണ്ട്. അവിടെ നിന്നെല്ലാം നമ്മുക്കു മനസ്സിലാക്കാവുന്നത് ഒരു സഭക്ക് ഒന്നിലധികം മൂപ്പന്മാര്‍ ഉണ്ടായിരിക്കണം എന്നുള്ളതാണ്. നേരെ തിരിച്ചു പല സഭകള്‍ക്ക്കൂടി ഒരു മൂപ്പന്‍, ഒരു പാസ്റ്റര്‍ എന്നത് വചനവിരുദ്ധവുമാണ്.
