
പഴയനിയമ വിശുദ്ധന്മാര്‍ ദൈവത്തെ യഹോവയായി, ‘ ഉടമ്പടിയുടെ ദൈവമായി ‘ ആരാധിച്ചപ്പോള്‍, ക്രിസ്ത്യാനികള്‍ ദൈവത്തെ പിതാവെന്ന നിലയില്‍ ആരാധിക്കുന്നു. പഴയ നിയമം യഹോവയെ അന്വേഷിപ്പാന്‍ പഠിപ്പിക്കുന്നു എന്നാല്‍ ഈ കൃപായുഗത്തില്‍ പിതാവായ ദൈവമാണ് ആരാധകരെ അന്വേഷിക്കുന്നത്. സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു (യോഹ4:23) ദിവ്യമായ കുടുംബബന്ധത്തില്‍ ഉളവാകുന്ന ഹൃദ്യമായ വിശുദ്ധ ബന്ധത്താല്‍ പിതാവിനോടുള്ള ആരാധന ഉടലെടുക്കുന്നു. അബ്ബാ, പിതാവേ, എന്ന്‍ വിളിക്കാന്‍ കഴിയുന്ന പുത്രസ്വീകാര്യതയാല്‍ ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവരും ഒരുപോലെ പ്രവേശനമുള്ളവരായി, അത്യധികമായ ബഹുമാനത്തോടുകൂടിയ സ്നേഹത്താല്‍ പിതാവിന്റെ സന്നിധിയില്‍ ആരാധിപ്പാനായി വരുന്നു.
പഴയനിയമ വിശുദ്ധന്‍മാരില്‍ പലരും ദൈവവുമായുള്ള ബന്ധത്താല്‍ ഉന്നത ആത്മീക അനുഭവങ്ങളുള്ളവരായിരുന്നുവെങ്കിലും ഈ വിധത്തിലുള്ള ബന്ധം അവര്‍ക്കജ്ഞാതമായിരുന്നു. സ്വര്‍ഗീയ കുടുംബത്തില്‍ ക്രിസ്തു, സഹോദരന്മാരില്‍ ആദ്യജാതനും സകലത്തിനും കാരണഭൂതനും ലാക്കും സ്തുതിക്കു യോഗ്യനും ആയിരിക്കുന്നു. “സകലത്തിന്നും ലാക്കും സകലത്തിന്നും കാരണഭൂതനുമായവൻ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നതു യുക്തം ആയിരുന്നു. വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ: “ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും” (എബ്രാ2:10-13). ഈ വിശുദ്ധ ശുശ്രുഷയില്‍ നിന്ന് ക്രിസ്തുവില്‍ ശിശുക്കളായവരെപ്പോലും മാറ്റി നിര്‍ത്തുന്നില്ല (1കൊരിന്ത്യര്‍ 3:1,എബ്രാ:5:13 മത്തായി 21:16 ഉം 11:25- 26 ലുമായി താരതമ്യം ചെയ്യുക )
.
ആരാധന ദൈവസ്വഭാവത്തിനു അനുയോജ്യമായിരിക്കണം (യോഹ4:20-24). ദൈവം ആത്മാവാകയാല്‍ ആരാധന ആത്മീകമായിരിക്കണം.യിസ്രായേലിന്നു സാദൃശ്യങ്ങള്‍ വഴി നിഴല്‍ സമാനമായ അറിവ് മാത്രമേ ലഭിച്ചിരുന്നുള്ളൂ ആയതിനാല്‍ അവരുടെ ആരാധന മുഖ്യമായും ഭൗമിക തലത്തിലായിരുന്നു . വിശ്വാസികളായ നമുക്ക് കര്‍ത്താവായ യേശുക്രിസ്തു എന്ന പൊരുള്‍ ലഭിച്ചിരിക്കുന്നതിനാല്‍ ആരാധന ആത്മതലത്തിലായിരിക്കണം. (എബ്രാ8:5,10:1 , കോലോ 2:16- 17) അതുകൊണ്ട് എല്ലാ ചടങ്ങുകള്‍ക്കും നീക്കം വന്നിരിക്കുന്നു. ആത്മീയ ശുശ്രൂഷ എന്ന നിലയില്‍, ദൈവമക്കളുടെ ശക്തികേന്ദ്രമായ പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ആത്മാക്കള്‍ക്ക് ആരാധനക്കായുള്ള ആത്മപ്രേരണ ഉണ്ടാകണം (ഫിലി 3:3) ജഡം അതിനു അശക്തമാണ്. മൂന്നംശങ്ങളുള്ള മനുഷ്യനിലെ ത്രിവിധാവസ്ഥകളില്‍ ഏറ്റവും ഉന്നത ഭാഗം ആത്മാവാകയാല്‍ അതുമൂലം ദിവ്യകാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ വിശ്വാസിക്ക് കഴിയുന്നു (1തെസ്സ5;23, 1കൊരിന്ത്യര്‍ 2:11-12.).
വീണ്ടെടുക്കപ്പെട്ട ദൈവജനം ഇത്രമാത്രം ഉന്നതമായ ആരാധനക്കായി വിളിക്കപ്പെട്ടവരാണ്. ഇന്ന് നമ്മുടെ ‘ആരാധന’ എങ്ങനെയാണ്? വേദപുസ്തക പ്രമാണങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ടാണോ? ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ ഉള്ളതാണോ?
