യഹൂദന് കൊണ്ടാടിയിരുന്ന പെസഹയുടെ ‘തുടക്കം’ എന്തായിരുന്നു ?
പെസഹയുടെ ആരംഭം ( പുറപ്പാടു 12 : 1 മുതല്‍ 36 വരെ)
1. യിസ്രായേലിലെ ഓരോ കുടുംബ തലവനും ഓരോ ആട്ടിന്കുട്ടിയെ തിരഞ്ഞെടുക്കണം .
2. ആട്ടിന്കുട്ടിക്ക് യാതൊരു ഊനവും ഉണ്ടായിരിക്കാന്‍ പാടില്ല
3. ആട്ടിന്കുട്ടി ആണായിരിക്കേണം
4. അതിനു ഒരു വയസ്സ് പ്രായമുണ്ടായിരിക്കേണം
5. അത് ചെമ്മരിയാടോ കോലാടോ ആകാം
6. ആട്ടിന്‍കുട്ടിയെ യഹൂദ വര്‍ഷത്തിന്‍റെ ഒന്നാം മാസം പത്താം തീയതി വേര്‍തിരിച്ചു, പതിനാലാം തീയതി വരെ സൂക്ഷിക്കേണം
7. പതിനാലാം തീയതി സന്ധ്യക്ക് അതിനെ അറുത്തു, അതിന്റെ രക്തത്തില്‍ കുറെ ഒരു കിണ്ണത്തിലോ, തളികയിലോ എടുക്കേണം, ഈസോപ്പ് ചെടിയുടെ തണ്ട് കൂട്ടിക്കെട്ടി ഒരുകെട്ടാക്കി, രക്തത്തില്‍ മുക്കി, ആ രക്തം അവര്‍ താമസിക്കുന്ന വീടിന്റെ കട്ടളക്കാല്‍ രണ്ടിന്മേലും, കുറിയ പടിമേലും പുരട്ടേണം .
8. വീട്ടിലുള്ളവര്‍ ആരും വീടിനു പുറത്തു ഇറങ്ങാന്‍ പാടില്ല .
9. കൊല്ലപ്പെട്ട ആട്ടിന്‍കുട്ടിയുടെ മാംസം തീയില്‍ ചുട്ടു, പുളിപ്പില്ലാത്ത അപ്പത്തോടും, കൈപ്പുചീരയോടും കൂടി തിന്നേണം .
10.ആട്ടിന്‍കുട്ടിയുടെ അസ്ഥികള്‍ ഒന്നും ഓടിക്കാന്‍ പാടില്ല. ആട്ടിന്‍കുട്ടിയുടെ മാംസം ചുട്ടിട്ടല്ലാതെ പുഴുങ്ങിയോ, പച്ചക്കോ തിന്നരുതു.
11.മാംസം പിറ്റെ ദിവസത്തെക്ക് ഒട്ടും ശേഷിപ്പിക്കരുത്. ശേഷിച്ചെന്നു വന്നാല്‍ അത് തീയിലിട്ടു ചുട്ടു കളയേണം.
12. ആട്ടിന്‍ കുട്ടിയുടെ മാംസം തിന്നു തീര്‍ക്കാന്‍ വീടിലുള്ളവര്‍ക്ക് സാധിക്കുന്നില്ലങ്കില്‍, അയല്‍കാരെ കൂടി ചേര്‍ത്ത് കണക്കാക്കി ആട്ടിന്‍ കുട്ടിയെ എടുക്കേണം.
ഇതിനു പുറമേ കാലില്‍ ചെരുപ്പിട്ടും, അരകെട്ടിയും, കൈയ്യില്‍ വടി പിടിച്ചും ഇങ്ങനെ യാത്രക്കുള്ള ഒരുക്കത്തോട് കൂടി വേണം മാംസം തിന്നുവാന്‍.
യഹോവയുടെ ഉത്സവമായ പെസഹയെ സംബദ്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഇവയായിരുന്നു.
പെസഹ ആരംഭിച്ച മാസം യിസ്രായേലിന്റെ ആണ്ടിന്റെ ആരംഭ മാസമായിരിക്കണമെന്നും അവര്‍ പെസഹ തലമുറ തലമുറ ആയി ആചരിക്കണമെന്നും ദൈവം കല്‍പ്പിച്ചു. (പുറപ്പാടു 12 :17 ) ആബീബ് ആണ് യഹൂദന്റെ ആദ്യ മാസം.
പെസഹക്ക് അറുക്കപ്പെടുന്ന ആട്ടിന്‍കുട്ടിയെ പെസഹ കുഞ്ഞാട് എന്നു വിളിക്കുന്നു. മോശ മുഖാന്തിരം ദൈവം അരുളി ചെയ്തത് പോലെ യിസ്രായേല്‍ ചെയ്തു.
അന്ന് അര്‍ദ്ധ രാത്രി സമയത്ത് സംഹാരദുതന്‍ കടന്നു പോയി. യിസ്രായേല്‍ മക്കളുടെ കട്ടളക്കാല്‍ രണ്ടിന്മേലും കുറിയ പടിമേലും രക്തം കണ്ടതുകൊണ്ടു അവരുടെ വീടുകളെ സംഹാര ദുതന്‍ ഒഴിഞ്ഞു പോയീ. യിസ്രായേല്യര്‍ അവരുടെ വീടിനുള്ളില്‍ സുരക്ഷിതരായിരുന്നു. അതെ സമയം മിസ്രയീമില്‍ ഫറവോന്റെ ആദ്യ ജാതന്‍ മുതല്‍ കുടിലില്‍ ഉള്ളവന്റെ ആദ്യ ജാതന്‍ വരെയും, മൃഗങ്ങളുടെ കടിഞ്ഞൂലുകളും കൊല്ലപ്പെട്ടു. മിസ്രയെമില്‍ വലിയൊരു കരച്ചില്‍ ഉണ്ടായി. അങ്ങനെ യിസ്രായേല്‍ മിസ്രയീം വിട്ടുപോകാന്‍ ഫറവോന്‍ അനുവദിച്ചു. അവര്‍ ഉടനെ പുറപ്പെട്ടു പോകുന്നതിനു മിസ്രയീമ്യര്‍ നിര്‍ബന്ധിച്ചു. അവര്‍ പോകുകയും ചെയ്തു.
പെസഹ കുഞ്ഞാട് നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ നിഴലും സദൃശ്യവുമാണ്. അവന്‍ ഊനമില്ലാത്തവനും മനുഷ്യ വര്‍ഗ്ഗത്തിന്റെ വീണ്ടെടുപ്പിനായി ലോക സ്ഥാപനത്തിന് മുന്‍പേ തെരഞ്ഞെടുത്തവനുമാണ്. സ്നാപക യോഹന്നാന്‍ കടന്നു പോകുന്ന യേശുവിനെ കണ്ടിട്ട് ” ഇതാ, ലോകത്തിന്റെ പാപത്തെ ചുമക്കുന്ന കുഞ്ഞാടായി’ ചൂണ്ടി കാണിച്ചു. നമ്മുടെ പെസഹ കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു ക്രിസ്തു തന്നെ (1 കൊരിന്ത്യര്‍ 7.7). അപ്പോസ്തലനായ യോഹന്നാന്‍ അവനെ “അറുക്കപ്പെട്ട കുഞ്ഞാടായി” കണ്ടു (വെളിപ്പാട് 5:6,12).
യഹൂദന് കൊണ്ടാടിയിരുന്ന പെസഹയുടെ ‘രീതി’ എന്തായിരുന്നു ?
യഹൂദജനത അഥവാ യിസ്രായേല്‍ മക്കള്‍ ആണ്ടു തോറും തുടര്മാനമായി ‘പെസഹ’ – മിസ്രയെമില്‍ നിന്നുള്ള വിടുതലിനെ – ആചരിച്ചിരുന്നു.
- ആബീബ് മാസം പതിനാലാം തീയതി ഊനമില്ലാത്ത കുഞ്ഞാടിനെ യാഗപീടത്തില്‍ അര്‍പ്പിക്കുന്നു.
- ഒരാള്‍ കുഞ്ഞാടിനെ പിടിക്കും, മറ്റെയാള്‍ അതിനെ കൊല്ലും.
- പുരോഹിതന്‍ സ്വര്‍ണ താലത്തില്‍ കുഞ്ഞാടിന്റെ രക്തം എടുത്തു വയ്ക്കുന്നു.
- കുഞ്ഞാടിന്റെ തൊലിയുരിച്ചു, അതിന്റെ അന്തര്‍ഭാഗം യാഗപീഠത്തില്‍ അര്‍പ്പിക്കുന്നു.
- ‘X’ എന്ന ആകൃതിയില്‍ ഉള്ള ഒരു മാതള നാരക കമ്പില്‍ കോര്‍ത്ത് വെച്ച് മാംസം ചുട്ടെടുക്കുന്നു.
- അങ്ങനെ ചുട്ടെടുത്ത മാംസം പെസഹക്കായി ഒരുക്കിയിരിക്കുന്ന ഭഷണ ശാലയിലേക്ക് കൊണ്ട് വരുന്നു.
- മൂന്നു പാത്രത്തില്‍ – CUP - വീഞ്ഞ് (wine) എടുത്തു വെക്കുന്നു.
- കുടുംബ തലവന്‍ ഒന്നാം CUP വീഞ്ഞ് (wine) വെള്ളം കലര്‍ത്തി കുടുംബത്തിലുള്ള എല്ലാവര്ക്കും കൊടുക്കുന്നു.
- കൈപ്പു ചീരയും, പുളിപ്പില്ലാത്ത അപ്പവും അതോടൊപ്പം ഭക്ഷിക്കുവാന്‍ കൊടുക്കുന്നു.
- അങ്ങനെ രണ്ടു അപ്പം എല്ലാവരും കൂടി ഭക്ഷിക്കും.
- കുടുംബത്തിലെ ഏറ്റവും ഇളയവന്‍ (സംസാരിക്കാന്‍ പ്രായമയവാന്‍) ഈ ചെയ്യുന്നതിന്റെ അര്‍ഥം എന്താണെന്നു ചോദിക്കും.
- അപ്പോള്‍ പുറപ്പാടു പുസ്തകം അദ്ധ്യായം 12 ന്‍റെ ഒന്ന് മുതല്‍ പന്ത്രണ്ടു വരെയുള്ള ഭാഗങ്ങള്‍ ചുരുക്കി പറയും.
- പിന്നെ കുടുംബ തലവന്‍ രണ്ടാം CUP വീഞ്ഞ് (wine) വെള്ളം കലര്‍ത്തി കുടുംബത്തിലുള്ള എല്ലാവര്ക്കും കൊടുക്കുന്നു.
- ചുട്ട ആട്, കൈപ്പു ചാറില്‍ മുക്കി ഓരോരുത്തരും ഭക്ഷിക്കും.
- എല്ലാവരും കൂടി സങ്കീര്‍ത്തനങ്ങള്‍ 115, 116 പാടും
- പിന്നെ കുടുംബ തലവന്‍ മൂന്നാം CUP വീഞ്ഞ് (wine) വെള്ളം കലര്‍ത്തി കുടുംബത്തിലുള്ള എല്ലാവര്ക്കും കൊടുക്കുന്നു.
അങ്ങനെ എല്ലാവരും കൂടി ബാക്കിയുള്ളതു ഭക്ഷിക്കും. പെസഹ എന്ന ഓര്‍മയുടെ അത്താഴം ഇതോടു കൂടി അവസാനിക്കും. പെസഹ ആചരിക്കുവാന്‍ കൃത്യമായ നിയമങ്ങളും സമയങ്ങളും ഉണ്ടായിരുന്നു.
യഹൂദന് കൊണ്ടാടിയിരുന്ന പെസഹയുടെ ‘അവസാനം’ എന്തായിരുന്നു ?
പെസഹ ആചരിക്കുന്നതിനാണ് യേശു കര്‍ത്താവും തന്‍റെ ശിഷ്യന്മാരും മാളിക മുറിയില്‍ കൂടിയത്. ദൈവീക പരിഗണനയില്‍ ഒടുവിലായി പെസഹ അനുഷ്ഠിച്ച രാത്രിയാണത്. സാക്ഷാല്‍ പെസഹ കുഞ്ഞാടായ ക്രിസ്തു പിറ്റേ ദിവസം അറുക്കപ്പെട്ടതിനാല്‍ പെസഹ അതോടു കൂടി അവസാനിച്ചു. (1കൊരിന്ത്യര്‍ 5:7) അതിനാല്‍ ആ രാത്രി ന്യായപ്രമാണയുഗം അവസാനിക്കുകയും, കൃപായുഗം ആരംഭിക്കുകയും ചെയ്യ്തു. പെസഹ ആചാരം പിന്‍പില്‍ മിസ്രയീമില്‍ നിന്നുള്ള വിടുതലിനെയും, മുന്‍പില്‍ ക്രിസ്തുവിന്റെ ക്രൂശിനെയും ആണ് കാണിക്കുന്നത്. അറുക്കപ്പെട്ട കുഞ്ഞാടിന്റെ രക്തത്താല്‍ വിടുവിക്കപ്പെട്ട ഓര്‍മ്മയോടു കൂടെ സാക്ഷാല്‍ കുഞ്ഞാടായ ക്രിസ്തുവിനെ നോക്കി കാത്തിരിക്കുന്നു എന്ന വസ്തുതയാണ് പെസഹ അനുഷ്ഠനത്തില്‍ അടങ്ങിയിരിക്കുന്നത്. ആ ക്രിസ്തു വന്നു അറുക്കപ്പെട്ടത് കൊണ്ട് മേലില്‍ പെസഹ ആചരണത്തിന് സ്ഥാനമില്ല. പെസഹ അവസാനിപ്പിക്കുകയും ‘തിരുവത്താഴം’ ആരംഭിക്കുകയും ചെയ്യണമെന്നുള്ളത് കര്‍ത്താവായ യേശുക്രിസ്തുവിന്റെ വലിയ പദ്ധതി ആയിരുന്നു. (ലൂക്കോസ് 22:15) അതുകൊണ്ടാണ് പ്രാദേശീക സ്ഥലം സഭകള്‍ പെസഹ ആചരിക്കാത്തതും, എന്നാല്‍ കര്‍ത്താവിന്‍റെ കല്പനപ്രകാരം തിരുവത്താഴം ആചരിക്കുന്നതും.
യഹൂദ ജനതക്ക് ആണ്ടിലൊരിക്കല്‍ ഉള്ള ഒരു പ്രത്യേക അവകാശം ആയിരുന്നു ‘ഓര്‍മ്മയുടെ’ ഉത്സവമായ ‘പെസഹ’. എന്നാല്‍ യേശു കര്‍ത്താവിനെയും അവന്റെ മരണ പുനരുദ്ധാനത്തെയും, വീണ്ടും വരവിനെയും ഓര്‍ക്കുന്ന തിരുവത്താഴം എന്നത് വീണ്ടെടുക്കപ്പെട്ട ദൈവജനം, ആഴവട്ടത്തിന്റെ ഒന്നാം നാള്‍, കര്‍ത്താവിന്‍റെ നാമത്തില്‍ ഒന്നിച്ചു കൂടി സ്ഥലം സഭയില്‍ ആചരിക്കേണ്ട ഒരു കല്പനയാണ്.
‘പെസഹ’ പോലുള്ള ആചരണങ്ങള്‍ വീണ്ടും ജനിച്ച ദൈവജനം തുടരുന്നു എങ്കില്‍, സത്യം എന്തെന്ന് തിരിച്ചറിയാനുള്ള ഒരു വഴികാട്ടിയായി ഈ ചിന്തകള്‍ തീരട്ടെ.
