വീണ്ടെടുക്കപ്പെട്ടവരുടെ ഹൃദയാന്തര്‍ഭാഗത്ത് നിന്നാണ് യഥാര്‍ത്ഥ ആരാധന ഉയരുന്നത്. യിസ്രയെല്യര്‍ക്കു മിസ്രയീമില്‍ വച്ച് ആരാധിപ്പാന്‍ കഴിഞ്ഞില്ല ( പുറ 3.18, 5:1-3 ). ദൈവം അവരെ അവിടുന്ന് വിടുവിച്ചു പുറത്ത്കൊണ്ടുവന്നതിനു ശേഷമാണ് ദിവ്യാരാധനയുടെ ക്രമം സ്ഥാപിക്കുന്നത്. വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യഗാനം ആലപിച്ചത് മിസ്രയീമ്യ അടിമത്വത്തില്‍ നിന്ന് മോചനം ലഭിച്ച വീണ്ടെടുക്കപ്പെട്ട ദൈവജനമാണ് (പുറപ്പാട് അധ്യായം 15 )
കര്‍ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ രക്ഷ കൈവന്നു എന്ന് വ്യക്തമായ ഉറപ്പുള്ളവരുടെ ഹൃദയത്തില്‍ നിന്ന് മാത്രമേ സത്യമായ ആരാധന ഉയരുകയുള്ളൂ. വീണ്ടും ജനിക്കാത്തവര്‍ക്ക് ദൈവത്തെ ആരാധിപ്പാന്‍ കഴിയുകയില്ല. ദൈവത്തെ സത്യത്തിലും ആത്മാവിലും (യോഹ 4:10-14 ,23-24) ആരാധിക്കുന്നതിനു മുന്പായി ആരാധകര്‍ ദൈവത്തിന്റെ ദാനമായി പരിശുദ്ധാത്മാവാകുന്ന ജീവജലം ലഭിച്ചവരായിരിക്കണം. ആത്മീയ യാഗാര്‍പ്പണത്തിനു യോഗ്യതയുള്ള വിശുദ്ധരാജകീയ പുരോഹിതവര്‍ഗ്ഗം വീണ്ടുംജനിച്ച ദൈവമക്കള്‍ മാത്രമാണ്.(1പത്രോ:2:4-10)
ചുരുക്കത്തില്‍ ക്രിസ്തീയ ആരാധനയുടെ അടിസ്ഥാനം പൂര്‍ത്തീകരിക്കപ്പെട്ട വീണ്ടെടുപ്പും, ലക്‌ഷ്യം പിതാവായ ദൈവവും, വിഷയം പുത്രനായ ദൈവവും (യേശു ക്രിസ്തു) , സ്ഥലം ദൈവസാന്നിധ്യവും , ശക്തി പരിശുദ്ധാത്മാവാം ദൈവവും , ആശയം ദൈവവചനത്തില്‍ വെളിപ്പെടുത്തിയിരിക്കുന്ന ഉപദേശ സത്യങ്ങളും, കാലാവധി നിത്യതയുമാണ് .
