സ്ഥലം സഭകള്‍ ലോകത്തിലെ രാഷ്ട്രീയ ഭരണ സംവിധാനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു?

വസ്തുതാപരമായി നാം ചിന്തിച്ചാല്‍, ഈ ലോകത്തിന്റെ രാഷ്ട്രീയ ഗതിവിഗതികളെ സ്വാധീനിക്കുവാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രേരകശക്തിയായി വര്‍ത്തിക്കുന്നത് സര്‍വ്വനിയന്ത്രിതാവായ, സര്‍വ്വശക്തനായ ദൈവത്തിന്റെ സ്വന്തമായ പ്രാദേശിക സഭാകൂടിവരവുകളാണ് എന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും. സഭകള്‍ ലോകത്തെ സ്വാധീനിക്കുന്നത് രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടോ, തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ്ങിലൂടെ ശക്തി തെളിയിച്ചോ, മറ്റുനിലകളില്‍ തങ്ങളുടെ സ്വാധീനത്തെ ഉയര്‍ത്തിക്കാണിച്ചോ ഒന്നുമല്ല. മറിച്ച്, സര്‍വ്വാധിപതിയായ ദൈവത്തോട് കഴിക്കുന്ന ഫലകരമായ പ്രാര്‍ഥനകളിലൂടെയാണ്.

ദൈവ വചനത്തിലൂടെ പൗലോസ്‌ നമ്മെ ഓര്‍പ്പിക്കുന്നത്,  ” എന്നാല്‍ സകല മനുഷ്യര്‍ക്കും നാം സര്‍വ്വഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്ന്, വിശേഷാല്‍ രാജാക്കന്മാര്‍ക്കും സകല അധികാരസ്ഥന്മാര്‍ക്കും വേണ്ടി യാചനയും പ്രാര്‍ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്ന് ഞാന്‍ സകലത്തിനും മുമ്പെ പ്രബോധിപ്പിക്കുന്നു. അത് നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയില്‍ നല്ലതും പ്രസാദകരവും ആകുന്നു.” (1തിമോ.2: 1-3).  ദൈവസഭക്ക് ലോക ഭരണ സംവിധാനങ്ങളോടുള്ള കടപ്പാട് എപ്രകാരമാണ് എന്നത് ദൈവവചനം വ്യകതമാക്കിതരുന്നു. സ്ഥലം സഭയുടെ ഉത്തരവാദിത്വവും ദൈവസന്നിധിയില്‍ നല്ലതും പ്രസാദകരവുമായ പ്രവൃത്തിയുമാണ് സഭാവിശ്വാസികള്‍ ഒരുമിച്ചുകൂടി ലോകത്തിലെ ഭരണക്രമീകരണങ്ങളെ ഓര്‍ത്തു പ്രാര്‍ഥിക്കുകയെന്നുള്ളത്. ഭൌതീക നന്മകളും സൗകര്യങ്ങളും വര്‍ദ്ധിച്ചുകിട്ടുവാനോ, നികുതികളില്‍ ഇളവു സാദ്ധ്യമാക്കുന്നതിനോ മറ്റോ വേണ്ടിയായിരിക്കരുത് സഭകളുടെ പ്രാര്‍ഥനകള്‍. എന്നാല്‍ ദൈവഹിതപ്രകാരമുള്ള ക്രിസ്തീയജീവിതം നയിക്കുന്നതിന് അനുകൂലമായ സമാധാനാന്തരീക്ഷവും സഹിഷ്ണുതയും സമൂഹത്തില്‍ ഉണ്ടാകേണ്ടതിനും കര്‍ത്താവിന്റെ വരവ് വരേയും ആ സ്ഥിതി നിലനില്‍ക്കുന്നതിനും വേണ്ടിയായിരിക്കണം പ്രാദേശിക സഭാകൂടിവരവുകള്‍ പ്രാര്‍ഥനകളില്‍ സമയം ചെലവിടേണ്ടത്. പ്രസംഗികളുടെ പ്രഭുവായ സ്പര്‍ജന്‍ പറഞ്ഞത്, ഒരു സ്ഥലംസഭയുടെ ശക്തിസ്രോതസ് തീര്‍ച്ചയായും പ്രാര്‍ഥനാകൂടിവരവ് ആയിരിക്കും എന്നാണ്. സ്ഥലംസഭയുടെ ആത്മീയനിലവാരത്തിന്റെ ഊഷ്മാവ് അളക്കുന്നത് ആ സഭയിലെ പ്രാര്‍ഥനാകൂടിവരവിന്റെ മാറ്റ് അടിസ്ഥാനപ്പെടുത്തിയാണ്. പ്രാര്‍ത്ഥനയുടെ,  പ്രാര്‍ത്ഥനാകൂടിവരവുകളുടെ പ്രാധാന്യത്തെ കുറച്ചുകാണുന്ന സ്ഥലംസഭകള്‍ക്ക് ഒരിക്കലും പ്രവര്‍ത്തന മണ്ഡലങ്ങളില്‍ പൂര്‍ണ്ണമായ ദൈവഹിതം നിറവേറ്റുവാന്‍ കഴിയില്ല.

സ്ഥലം സഭയുടെ പ്രാര്‍ത്ഥനാ യോഗവും ‘സഭായോഗം’  തന്നെ ആണെന്ന് മനസിലാക്കി, അതില്‍ നമുക്ക് മുടങ്ങാതെ പങ്കെടുക്കാം, ജീവനുള്ള ദൈവത്തോട് നമ്മുടെ “രാജാക്കന്മാര്‍ക്കും സകല അധികാരസ്ഥന്മാര്‍ക്കും വേണ്ടി യാചനയും പ്രാര്‍ഥനയും പക്ഷവാദവും സ്തോത്രവും” ചെയ്യാം. സഭയുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോദ്ധ്യമുള്ളവരായി, ആക്കിയിരിക്കുന്ന ചുറ്റുപാടില്‍ ലോകത്തിനു വെളിച്ചമായി, സത്യത്തിന്റെ സാക്ഷികളായി, സുവിശേഷത്തിന്റെ വക്താക്കളായി ശോഭിക്കാന്‍ നമുക്കേവര്‍ക്കും ഇടയാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *