സാക്ഷ്യം വഹിക്കുക ! ഉദാത്തമായ ഒരു പുതിയ നിയമ പദം… നാം അറിഞ്ഞതും അനുഭവിക്കുന്നതും മറ്റുള്ളവരിലേക്ക് പകര്‍ന്നു, അവരെ രക്ഷയിലേക്കും പുതിയ നിയമ സത്യങ്ങളിലേക്കും നടത്തുന്ന അനുഗൃഹീത ശുശ്രൂഷ. ഓരോ പുതിയ നിയമ വിശ്വാസിയുടെയും ഒഴിവാക്കാനാകാത്ത കര്‍ത്തവ്യം.
“ഇതിന്നു നിങ്ങള്‍ സാക്ഷികള്‍ ആകുന്നു.” നമ്മുടെ കര്‍ത്താവിന്റെ കഷ്ടാനുഭവം, മരണം, അടക്കം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയെ കൂടാതെ കുറഞ്ഞ പക്ഷം നമ്മുടെ സ്വന്തം വ്യക്തി ജീവിതത്തിലെങ്കിലും നമുക്ക് ലഭിച്ച മാനസാന്തരം, പാപമോചനം എന്നിവയ്ക്ക് നാം സാക്ഷികളാണ്. (ലുക്കോസ് 24:46-48) സാക്ഷ്യം വഹിക്കലിന്റെ പരമമായ പ്രത്യാഘാതം ഒരുപക്ഷേ ഒരു രക്തസാക്ഷി മരണം വരെ ആകാം. ആ ഗണത്തില്‍ രക്തം ചൊരിഞ്ഞ സ്തെഫാനോസിനെ “നിന്‍റെ സാക്ഷിയായ സ്തെഫാനോസ്” എന്ന് അപ്പൊ പ്രവൃത്തികള്‍ 22:20 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. സാക്ഷ്യം വഹിക്കുക എന്നത് നല്ല ‘RISK‘ ഉള്ള പണിയാണെന്ന് സാരം.
സാക്ഷിയാകുക എന്നുള്ളത് ഒരു അപേക്ഷ അല്ല, ഒരു കല്പനയാണ്. ആദാമിനും ഹവ്വക്കും എദേന്‍ തോട്ടത്തില്‍ ദൈവം തന്നെ സാക്ഷ്യം നിന്നു. “വെയിലാറിയ” സമയം ദൈവം തെരഞ്ഞെടുത്തു. എന്നാല്‍ പുതിയ നിയമത്തില്‍ സ്നാപക യോഹാന്നാന്‍ അന്ത്രയോസിനെയും, അന്ത്രയോസ് പത്രൊസിനെയും കര്‍ത്താവിലേക്ക് നടത്തി. എന്നാല്‍ ഇന്ന് പുതിയ നിയമ സഭാംഗങ്ങളായ നമ്മുടെ ഓരോരുത്തരുടെയും ചുമലിലാണ് കര്‍ത്താവിനെ സാക്ഷിക്കുക, ആളുകളെ കര്‍ത്താവിങ്കലേക്ക് നടത്തുക എന്ന ദൌത്യം. വെറും ‘രക്ഷാനുഭവക്കാരേക്കാള്‍’ എത്ര അധികമായ ഉത്തരവാദിത്വമാണ് യഥാര്‍ത്ഥ വിശ്വാസിക്കുള്ളത് .”പടകിന്‍റെ വലത്ത് ഭാഗത്ത് വീശുവിന്‍” എന്ന്‍ ആത്മാക്കളുടെ വലിയ ഇടയന്‍റെ ശബ്ദം നാം എത്രയോ വട്ടം കേട്ടിട്ടുണ്ട്. ആത്മാക്കള്‍ അവന്‍റെതാണ്, വീശേണ്ടവര്‍ മനുഷ്യരായ നാമാണ്, ഞാനാണ് എന്ന് നാമോരുരുത്തരും ചിന്തിച്ചിട്ടുണ്ടോ?….എണ്ണമെത്ര? വല്ല ഫലമുണ്ടായോ? എന്നൊക്കെ ലോകം ചോദിച്ചേക്കാം, എന്നാല്‍, നാം വിശ്വസ്തതയോടെ സാക്ഷ്യം വഹിച്ചിട്ടുണ്ടോ എന്നായിരിക്കും വിശ്വാസികളായ നമ്മോടുള്ള ദൈവത്തിന്റെ ചോദ്യം. ലോകമോഹങ്ങള്‍ ജീവിതത്തെ കീഴടക്കിയതുകൊണ്ടും, വ്യക്തി ജീവിതത്തില്‍ സാക്ഷ്യം സൂക്ഷിക്കാത്തത് കൊണ്ടും പലര്‍ക്കും സുവിശേഷത്തിന്‍റെ സാക്ഷിയാകുക എന്ന ദൌത്യം ബാലികേറാമലയാണ്, പിന്നെ നമ്മുടെ ഉശിര് നാം കാണിക്കുന്നത് സാക്ഷ്യം വഹിക്കുന്നവരെ വിചാരണ ചെയ്തും, മുന്നോട്ടു വരുന്നവരെ പിന്മാറ്റത്തിലയച്ചുമാണ്. അതിനുവേണ്ടി ഏതറ്റം വരെയും പോയി ഈ “ജഡികപ്പന്മാര്‍” വിഴുപ്പലക്കും.
സാക്ഷ്യം വഹിക്കേണ്ടത് പ്രത്യേക സ്ഥലം തെരഞ്ഞെടുത്തല്ല, നാമോരുരുത്തരും ജീവിക്കുന്ന ഇടങ്ങളില്‍ തന്നെയാണ്. നമ്മുടെ കുടുംബത്തില്‍, സ്വന്തക്കാരുടെയും ബന്ധുജനത്തിന്റെയും മദ്ധ്യത്തില്‍, അയല്‍പക്കക്കാരുടെ മുന്നില്‍, നാം ഇടപെടുന്നവരുടെ മുന്നിലെല്ലാമാണ്. ആദ്യം ‘യെരുശലെമില്‍’ തുടങ്ങണം. കര്‍ത്താവിനായി സ്വന്തമായി ഒന്നും കൊടുക്കാന്‍ ഇല്ലാത്ത, അതിനെക്കുറിച്ച് ആഗ്രഹമില്ലാത്ത ‘സഭയിലെ പുരോഗമനവാദികള്‍’ പലരും ഈ നിയോഗം സംഘടനക്ക് “കൊട്ടേഷന്‍” നടത്തി സ്വതന്ത്രവിഹാരം നടത്തുന്ന തോന്നിയവാസികളാണ്. അവരെ നയിക്കുന്നത് വചനമല്ല, അവരുടെ തോന്നലുകളും, തങ്ങളുടെ കുട്ടിദൈവങ്ങളുമാണ്. വിശുദ്ധനായ ദൈവത്തെ യേശുക്രിസ്തുവിന്റെ പാപരാഹിത്യത്തിലൂടെയും (God is light), ദൈവത്തിന്റെ സ്നേഹത്തെയും കരുതലിനെയും ക്രിസ്തുവിന്‍റെ ക്രൂശുമരണത്തിലൂടെയും (God is love) വെളിപ്പെടുത്തുകയാണ് സാക്ഷ്യം വഹിക്കുന്നതിലൂടെ നാം ചെയ്യുന്നത്.
നമ്മുടെ കര്‍ത്താവ് ചെയ്തത് പോലെ വചനം വിതക്കുക (മത്തായി 13:3 ). വിശ്വാസികള്‍ കൂട്ടം കൂടി “കപ്പയും പുഴുക്കും” കഴിക്കാനുണ്ടാക്കുന്ന വയലില്ല വിതയ്ക്കേണ്ടത്, മറിച്ച് രക്ഷിക്കപ്പെടാത്തവരെ ക്ഷണിച്ചു വരുത്തി, അവരുടെ മുന്നിലാണ് വിതക്കേണ്ടത്. അവരില്‍ പാപബോധമുണ്ടാക്കുന്ന ചിന്തകളെയാണ് നാം പങ്കിടേണ്ടത്.
ചിലയിടത്തേക്ക് നാം പോകേണ്ടി വരും. ദൈവം തോട്ടത്തിലേക്ക് ആദം ഹവ്വമാരെ തേടി വന്നു, ഫിലിപോസ് എതോപ്യക്കാരനായ ഷണ്ഡനെ തേടി മരുഭൂമിയിലേക്ക് ചെന്നു, സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ ‘ചില ജീവന കാര്യങ്ങളില്‍’ ത്യാഗ മനോഭാവം ഉണ്ടായിരിക്കണം. നാം ഇപ്പോഴും ചാരുകസേര സുവിശേഷ വല്‍കരണത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.
ആത്മഭാരവും, പ്രാര്‍ത്ഥനയും നമുക്കുണ്ടോ?, ആത്മാക്കളെ ദൈവം നമുക്ക് ചൂണ്ടിക്കാണിക്കും. ഏറ്റവും ദു:ഖകരമായ വസ്തുത, താല്‍പര്യത്തോടു കൂടി നമ്മുടെ സഭകളിലേക്ക് കടന്നു വരുന്ന ആത്മാക്കളോട് മാന്യമായി പെരുമാറുന്നതിലും, സാക്ഷികളെ പ്രോത്സാഹിപ്പിക്കുന്നതിലും നാം അമ്പേ പരാജയപ്പെട്ടു പോയിരിക്കുന്നു എന്നുള്ളതാണ്. രക്ഷയിലേക്കും, സ്നാനത്തിലേക്കും, സഭാകൂട്ടായ്മയിലേക്കും ധൃതി പിടിച്ചു ക്ഷണിക്കാതിരിക്കുന്ന ഇടവേളകളാണ് ഏറ്റവും അപകടകരമായ സമയം.
പലപ്പോഴും ഏറ്റു പറയിപ്പിക്കലും, ഹൃദയം കൊടുപ്പിക്കലും, തീരുമാനമെടുപ്പിക്കലുമെല്ലാം മാസം തികയാത്ത ‘ചാപിള്ളകളെ’ സൃഷ്ടിക്കുന്ന പരിപാടികളായതുകൊണ്ടാണ് ഉചിതമായ സമയത്തിനായി ദൈവ സന്നിധിയില്‍ പ്രാര്‍ഥിച്ചു കൊണ്ട് സാക്ഷികള്‍ സംയമനം പാലിക്കുന്നത്. ഈ സമയത്താണ് എദെന്‍ തോട്ടത്തിലെ പാമ്പിന്റെ അതേ കൌശല ബുദ്ധിയോടു കൂടെ, വെളുക്കെചിരിച്ചു കൊണ്ട് ബ്രദറേ…സിസ്റ്റരേ…എന്ന് പറഞ്ഞു അത്താഴമുണ്ണാന്‍ വിളിക്കുന്ന “സാക്ഷി സംഹാരകരുടെ” രംഗപ്രവേശം. സഭയിലെ അഭിപ്രായ വ്യത്യാസങ്ങളും, ആശയപ്പിശകുകളുമെല്ലാം മനസ്സിലൊതുക്കി “മകന്‍ ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണീരു കണ്ടാല്‍ മതി” എന്നാഗ്രഹിച്ചു സ്നേഹമൊഴുക്കുന്ന ഇക്കൂട്ടര്‍ മൊഴിയുന്നതിങ്ങനെ “ബ്രദറിനെ രക്ഷിക്കപ്പെടുത്തിയത് അങ്ങേരാണെന്നു പറഞ്ഞു നടക്കുന്നുണ്ടല്ലോ, ശരിയാണോ? ” ആ സത്യാന്വേഷിയുടെ ആത്മാഭിമാനത്തിന്റെ അല്ലെങ്കില്‍ ദുരഭിമാനത്തിന്റെ മര്‍മത്തില്‍ കുത്തുന്ന കഠിനപ്രയോഗം. വിശ്വാസത്തില്‍ ഉറപ്പിക്കേണ്ടവര്‍ ,കൂടെ നിന്ന് വല താത്തേണ്ടവര്‍ തന്നെ അവരില്‍ കണ്‍ഫ്യുഷനും, സാക്ഷ്യം വഹിക്കുന്നവരെ ക്കുറിച്ച് സംശയത്തിന്റെ വിത്തും വിതക്കുന്നു. അങ്ങനെ പുതുതായി കടന്നുവരുന്നവര്‍, വരുവാനാഗ്രഹിക്കുന്നവര്‍ ‘വഴിയാധാരം’ ആകുന്നത് വരെ ഇത് തുടരും. പിന്നെ ‘ഞാനൊന്നും അറിഞ്ഞില്ല’ എന്ന ഭാവത്തില്‍ വെളിച്ചദൂതന്മാരായി നില്‍ക്കും.
ദൈവം എങ്ങനെയാണ് ആദം ഹവ്വമാരെ പാപബോധത്തിലേക്ക് നയിച്ചതെന്ന് ഉല്‍പ്പത്തി 3:12,13 വാക്യങ്ങളില്‍ കാണുന്നു. “ഞാന്‍ തിന്നുകയും ചെയ്തു” “ഞാന്‍ തിന്നു പോയി” എന്ന് ഏറ്റുപറയത്തക്കനിലയില്‍, യഹോവ ചില ചോദ്യങ്ങളിലൂടെ അവര്‍ക്ക് ബോധം വരുത്തി.
സുവിശേഷത്തിന്റെ വ്യാപ്തിക്കായി, കൂടെ നിന്ന് വല എറിയേണ്ടവര്‍ വാസ്‌തവമായും, സുവിശേഷം കേട്ട് അംഗീകരിച്ചു കടന്നുവരുന്നവരെ പാപബോധത്തിലെക്കും, പുതിയ നിയമ സ്ത്യങ്ങളുടെ അവബോധത്തിലെക്കും നടത്തുകയും അവരെ വിശ്വാസത്തില്‍ ധൈര്യപ്പെടുത്തുകയും ആണ് ചെയ്യേണ്ടത്. എന്നാല്‍ അവര്‍ ചെയ്യുന്നത് പുതിയ ആത്മാവിന്റെ ‘DNA ടെസ്റ്റ്’ നടത്തി പിതൃത്വം തെളിയിക്കുന്ന അമിതകൃത്തിപ്പാണ്. വചനത്തിനായി ദാഹിച്ചു പിടയുന്ന ആത്മാക്കളെ ‘നഞ്ചു’ കൊടുത്തു കൊല്ലുന്ന പണിയാണിത്. ഈ ആത്മീയ നാട്യക്കാരെ ഒന്നു “സ്ക്രാച്ച്” ചെയ്തു നോക്കിയാല്‍ അറിയാം ഇവര്‍ അസൂയയുടെയും, കുനുഷ്ടിന്റെയും, സ്വയത്തിന്റെയും നിഴല്‍രൂപങ്ങളാണെന്ന്.
സാക്ഷ്യം വഹിക്കുന്നതിന്നായി കഴിക്കുന്ന നാടകാഭിനയങ്ങളല്ലാതെ അഥവാ ഭക്തിയുടെ വേഷം അല്ലാതെ, ഒരു കരിയില എടുത്തു മാറ്റിവക്കാന്‍ ത്രാണിയില്ലാത്ത ഇവര്‍ക്കു പുതുതായി വരുന്നവരുടെ ജഡീക താല്പര്യങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു അവരെ ഇരുവഞ്ചിയില്‍ കാലു ചവിട്ടുന്നവരായി
മാറ്റാന്‍ മാത്രമേ കഴിയുകയുള്ളൂ…. ബ്രദരുകാരെല്ലാം സങ്കുചിത ചിന്താഗതിക്കാരാണെന്ന് ഇക്കൂട്ടര്‍ തന്നെ പറഞ്ഞു പരത്തുന്നു. നമ്മുടെ സഭാഹാളിലേക്ക് ഒരുവന്‍ കടന്നു വരുന്നത് കണ്ണുനീരിന്റെയും പ്രാര്‍ത്ഥനയുടേയും പിന്‍ബലത്തിലാണ്, ക്ഷണിച്ചുകൊണ്ടുവരുന്ന സാക്ഷിയുടെ വിശ്വാസ്യതയിലാണ് എന്ന് ആരും മറക്കരുത്. ദൈവം സ്നേഹവാനാണ് കാരുണ്യവാനാണ്, അനുഗ്രഹിക്കുന്നവനാണ് എന്ന് മാത്രം കേള്‍ക്കാനാഗ്രഹിക്കുകയും കര്‍ത്താവ് ന്യായം വിധിക്കുന്നവനാണ്, അഗ്നിജ്വാലക്ക് ഒത്ത കണ്ണുളളവനാണ് എന്ന് കേള്‍ക്കുമ്പോഴേ ഹാലിളകുകയും ചെയ്യുന്ന ഇക്കൂട്ടര്‍ സാക്ഷികളുടെ കാലില്‍ നിന്ന് വീണ പൊടിയുടെ മുമ്പില്‍ വിറക്കേണ്ടി വരും (ലൂക്കോസ് 9:5) എന്ന് മറക്കരുത്. അടക്കം പറയുന്നതും, അറയില്‍ പറയുന്നതും, പറഞ്ഞു പരത്തുന്നതും പുരപ്പുറത്തു ഘോഷിക്കുന്ന ഒരു സുദിനം വരുന്നു…..
നമ്മുടെ ഇടയിലെ സുവിശേഷത്തിന്റെ സാക്ഷികള്‍ ആയിരിക്കുന്നവരെയും, സുവിശേഷകന്മാരെയും ഉപദ്രവിക്കുന്ന പ്രവണത മാറണം. വിശുദ്ദിയും, വേര്‍പാടും പാലിക്കാത്ത ‘വേഷ ഭക്തന്മാരും, സുവിശേഷകന്മാരും കര്‍ത്താവിന്‍റെ വിശ്വസ്ത സാക്ഷികളെയും, കര്‍ത്താവിനായി ആത്മാര്‍ഥമായി അധ്വാനിക്കുന്ന വേലക്കാരെയും എല്ലാ നിലയിലും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. പ്രിയപ്പെട്ടവരേ സഭക്ക് അനുഗ്രഹകരമായി കൂട്ടായി പ്രവര്‍ത്തിക്കാം. നമ്മുടെ സുവിശേഷകന്‍മാരും സാക്ഷികളും ദൈവം ഏല്‍പിച്ച അവരുടെ ദൌത്യം തുടരട്ടെ.
ഒരു വ്യക്തി വീണ്ടും ജനിക്കുന്നത് പരിശുദ്ധാത്മാവിന്റെയും ദൈവവചനത്തിന്റെയും പ്രവര്‍ത്തന ഫലമായാണ്. കര്‍ത്താവു ഭാരം നല്‍കിയിരിക്കുന്നതുകൊണ്ട് ദൈവാത്മാവ് കാണിച്ചുതരുന്ന ആത്മാക്കളെ കര്‍ത്താവിനായി നേടുന്നതിനുവേണ്ടി തങ്ങളുടെ പ്രയത്നവും സമയവും മുതല്‍മുടക്കുന്ന വിശ്വാസികള്‍ക്ക് പറയാനുള്ളത് “ഞങ്ങള്‍ കേവലം സാക്ഷികള്‍ മാത്രം”. സാക്ഷികള്‍ അനേകരായിരിക്കും. അവരെ ദൈവവചനം അഭിസംബോധന ചെയ്യുന്നത് “കണ്ണുനീരോടെ വിതക്കുന്നവര്‍”, “കരഞ്ഞു വിതക്കുന്നവര്‍ ” (സങ്കീ 126:5,6) എന്നാണ്. “തക്കസമയത്തു നാം കൊയ്യും” (ഗലാ6:9 ) എന്നത് ദൈവത്തിന്റെ മാറ്റമില്ലാത്ത വാഗ്ദത്തമാണ്.. ..
കര്‍ത്താവിന്റെ മഹത്ത്വം മാത്രം ലക്ഷ്യമാക്കി പറഞ്ഞു തീരാത്ത സന്തോഷത്തിനായി കാത്തുകൊണ്ട് സകലവും നന്നായി അറിയുന്ന, നന്നായി ചെയ്യുന്ന കര്‍ത്താവിങ്കലെക്ക് മാത്രം നമുക്ക് വിരല്‍ ചൂണ്ടാം……..
