സ്ഥലം സഭയില്‍ സഹോദരന്മാര് പ്രസംഗിക്കുന്നു, പ്രാര്‍ഥിക്കുന്നു, സ്തോത്രം ചെയ്യുന്നു സഹോദരിമാര്‍ മൗനമായി ഇരിക്കുന്നു, എന്നതിന്റെ അര്‍ത്ഥം സഹോദരിമാര്‍ സഹോദരന്മാരെക്കാള് വിലകുറഞ്ഞവര്‍ ആണ് എന്നല്ല. സഹോദരന്മാര് നിവര്‍ത്തിക്കുന്നത് ദൈവവചനം പറയുന്ന നായകത്വ (Headship) ശുശ്രുഷയാണ്. “അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ“ (ഗലാത്യര്‍ 3:28 )
നാം രക്ഷിക്കപ്പെടുമ്പോള്‍ ദൈവമുമ്പാകെ മാനുഷീകമായ എല്ലാ വ്യത്യാസങ്ങളും അവസാനിക്കുകയാണ്. ദൈവത്തിനു രക്ഷയില്‍ ദേശീയ വ്യത്യാസമില്ല. (യഹൂദനും യവനനനും) തൊഴില്‍ വ്യത്യാസമില്ല (അടിമയും സ്വതന്ത്രനുമില്ല) ലിംഗവ്യത്യാസമില്ല (പുരുഷനോ സ്ത്രീയോ). വിശ്വാസി ആയ പുരുഷനോ സ്ത്രീയോ അമേരിക്കനോ ഇന്ത്യനോ ആയാലും, ഡോക്ടര്‍ ആയാലും തൂപ്പുകാരന് ആയാലും, ഉയര്‍ന്ന ജാതിയോ താഴ്ന്ന ജാതിയോ ആയാലും, വെളുത്തവനോ കരുത്തവനോ ആയാലും സഭയില്‍ എല്ലാവരും തുല്യര്‍ ആണ്. പരസ്പര മനോഭാവത്തിലും, പെരുമാറ്റത്തിലും, ബഹുമാനത്തിലും ആയിരിക്കണം, മാത്രമല്ല മറിച്ച് പെരുമാറുന്നവര്‍ ശരിയായ രക്ഷാനുഭവമില്ലാതെ സഭക്കകത്തു നുഴഞ്ഞു കയറിയിരിക്കുന്നവരാണെന്നു .മനസ്സിലാക്കാനേ തരമുള്ളൂ. ഇന്ന് നമ്മുടെ സഭകളില്‍ കാണുന്ന ആത്മീയ മുല്യ ശോഷണത്തിന് ഒരു അടിസ്ഥാനപരമായ കാരണം, ‘എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ‘ എന്ന മാനദണ്ഡം പാലിക്കപ്പെടുന്നില്ല.
“എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു“ (1 കോരി 11:3)
സ്ത്രീയുടെ തല പുരുഷന്, എന്നാല്‍ സ്ത്രീ പുരുഷനെ സേവിക്കണം എന്നോ പുരുഷന് സര്വസ്വതന്ത്രനാണ് എന്നോ അര്‍ത്ഥമാക്കുന്നില്ല. ഇതിന്റെ വ്യക്തതക്കായി എഫെസ്യര്‍ 5:23 പരിശോധിക്കാം. “ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യക്കു തലയാകുന്നു“. തലയുടെ ജോലി ശരീരത്തെ കരുതുകയാണ്. ശരീരത്തിന്റെ ഭാഗമായ ഓരോ അവയവങ്ങളുടെയും ശക്തിയും, ബലഹീനതയും തലയ്ക്കു അറിയാം. തല വളരെ പരിഗണനയോടെ ആണ് ഓരോ ശരീര അവയവങ്ങളോടും ഇടപെടുന്നത്. അതുപോലെ സഹോദരന്മാരും വളരെ പരിഗണനയോടെ വേണം സഹോദരിമാരോട് ഇടപെടാന്‍. സ്ത്രീ ശാക്തീകരണവും, സ്ത്രീപക്ഷവാദവും മുഖ്യവിഷയമായ ചര്‍ച്ചകളും, ആശയങ്ങളും പ്രചരിപ്പിക്കപ്പെടുന്ന ലോകത്തില്‍ എത്രയോ ഭക്തിയോടെ ആണ് നമ്മുടെ സഹോദരിമാര്‍ വചനത്തോട് അനുസരണം കാണിച്ചു മൌനമായിരിക്കുന്നത്.
സഭയിലെ സഹോദരിമാര്‍ ഒരു സ്ഥാപനത്തിലെ തൊഴിലാളികളെപ്പോലെ നിയന്ത്രിക്കപ്പെടണ്ടവരല്ല, സഹോദരന്മാര്ക്ക് തുല്യരായി സഹോദരിമാരും ബഹുമാനം അര്‍ഹിക്കുന്നവരാണ് എന്ന ദൈവീക വ്യവസ്ഥ ദൈവജനം മറക്കരുത്.
“അങ്ങനെ തന്നേ ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ” (1 പത്രോസ് 3:7)
സഹോദരിമാര്‍ ബഹുമാനം അര്‍ഹിക്കുന്നു, അതുകൊണ്ട് സഹോദരന്മാര് ബഹുമാനം കൊടുക്കുന്നവര്‍ ആയിരിപ്പാന്‍ ദൈവവചനം ഓര്‍പ്പിക്കുന്നു. സഹോദരന്മാര് സഭയുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ സഹോദരിമാര്‍ക്ക് വേണ്ടുന്ന പരിഗണന നല്‍കണം. യോഗങ്ങള്‍ തീരുമാനിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലം സഹോദരന്മാര്ക്ക് അറിയാമെങ്കിലും, കുഞ്ഞുങ്ങളുടെ അമ്മമാരോട് ചോദിച്ചു ക്രമീകരിക്കുന്നതാണ് അനുയോജ്യം. സഭാപ്രവര്‍ത്തനങ്ങളും ആയി ബന്ധപ്പെട്ട ഭക്ഷണ കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനും, കുഞ്ഞുങ്ങളെ വചനം പഠിപ്പിക്കുന്നതിലും, സഭാഹോള്‍ വൃത്തിയാക്കുന്നതിലും മുഖ്യ പങ്കാളിത്തം സഹോദരിമാര്‍ വഹിക്കുന്നു എന്നത് ദൈവ സന്നിധിയില്‍ പ്രശംസനീയം ആണ്. നമ്മുടെ സഭകളില്‍ വിബിഎസ് ക്രമീകരിക്കുമ്പോള്‍ സഹോദരിമാര്‍ തന്നെ മിക്ക ചുമതലകളും വഹിക്കുന്നത് എത്രയോ മാന്യമാണ്. മൂപ്പന്മാരുടെയും, ചുമതലക്കാരുടെയും ഭാര്യമാര്‍ മാത്രമല്ല, എല്ലാ സഹോദരിമാരുടെയും കൂട്ടുത്തരവാദിത്വം സഭാനേതൃത്വം ഉറപ്പു വരുത്തേണ്ടതാണ്.
മൂപ്പന്മാരും, സഹോദരന്മാരും നമ്മുടെ സഭയിലെ സഹോദരിമാരെ ഒരിക്കലും വിലകുറച്ചു കാണാതെ അവരുടെ താല്പര്യങ്ങള്ക്കും ഉത്കണ്ടകള്ക്കും ഉത്തമ പരിഗണന നല്കി ‘വചനം അനുവദിക്കുന്ന തുല്യത’ നമ്മുക്ക് ഉറപ്പു വരുത്താം. അങ്ങനെ നമ്മള് കൂട്ടവകാശികളായി, കൂട്ടായ ഉത്തരവാദിത്വം നിറവേറ്റി, നമ്മുടെ കര്‍ത്താവിന്റെ മഹിമക്കായി ഒന്നിച്ചു പ്രവര്‍ത്തിക്കാം.
