പ്രാദേശീക സഭ പരിശുദ്ധാത്മാവിനാല്‍ കൂട്ടിവരുത്തപ്പെടുന്നതിനു നാലു സാദൃശ്യങ്ങള്‍ ദൈവ വചനത്തില്‍ നിന്ന് പഠിക്കാവുന്നതാണ്. അതില്‍ ഓരോന്നും ‘പേര് വെളിപ്പെടുത്താത്ത’ ഒരു ദാസന്റെ പ്രവര്‍ത്തനവും ഒപ്പം ‘വെവ്വേറെ തരത്തിലുള്ള’ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനവും വെളിപ്പെടുത്തുന്നു.
സുവിശേഷ വിരുന്നിലേക്കായി വിളിക്കുന്നു. (ലുക്കോസ് 14:16-25). മത്തായി 22 ല്‍ ഒരു രാജാവിന്റെ ദാസന്മാരെ ക്കുറിച്ച് പറഞ്ഞിരിക്കുന്നു. ലുക്കൊസ് 14 ല്‍ നിന്നും വ്യത്യസ്തമായി ഒരു ദാസന് ആണ് വിരുന്നു ശാലയിലേക്ക് വിളിക്കുന്നത്. മനുഷ്യരെ ദൈവീക പദ്ദതിയിലേക്ക് സ്വാഗതം ചെയ്യുക എന്നത്, പരിശുദ്ധാത്മാവിന്റെ അനുഗ്രഹിക്കപ്പെട്ട ഒരു പ്രവര്‍ത്തിയാണ്.
വിശ്വാസികളുടെ പിതാവായ അബ്രഹാം തന്റെ മകനായ യിസഹാക്കിനു ഒരു ഭാര്യയെ കണ്ടെത്തുവാനായി ‘പേര് പറയാത്ത’ ഒരു ദാസന് ദൂര ദേശത്ത്, അബ്രഹാമിന്റെ സ്ഥലത്തും, ചര്‍ച്ചക്കാരുടെ അടുക്കലേക്കും പോയീ. ഉല്പത്തി പുസ്തകത്തില്‍ യജമാനന് വേണ്ടി, യജമാനന്റെ വാക്ക് അനുസരിച്ചു, ദൂര ദേശത്തേക്ക് യാത്ര ചെയ്തു. മണവാട്ടിയെ കണ്ടുപിടിക്കുകയും, കൂട്ടികൊണ്ട് യജമാനന് അടുത്ത് കൊണ്ടുവരികയും ചെയ്യുന്ന ഈ ദാസന്റെ ചരിത്രം പരിശുദ്ധാത്മാവിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തിന് ഒരു നിഴലാണ്. പരിശുദ്ധാത്മാവ് മണവാട്ടിയെ കണ്ടുപിടിക്കുന്നു, കര്‍ത്താവിന്റെ സ്നേഹവും, വലിപ്പവും, നന്മകളും മനസിലാക്കി കൊടുക്കുന്നു. മരുഭുമിയിലൂടെ സഹായകനായി, സുരക്ഷിതത്വത്തോടെ, യജമാനന്റെ മഹത്വം വര്‍ണിച്ചു, അവസാനമായി യജമാനനായ കര്‍ത്താവിന്റെ സന്നിധിയില്‍, സന്തോഷത്തോടെ, വിവാഹത്തിന് എത്തിക്കുന്നു. ഇത് പരിശുദ്ധാത്മാവിന്റെ അനുഗ്രഹിക്കപ്പെട്ട മറ്റൊരു പ്രവര്‍ത്തിയാണ്.
പരിശുദ്ധാത്മാവ് വിശ്വാസികളെ സ്ഥലം സഭാകൂട്ടായ്മയിലേക്ക് നയിക്കുന്നു. “പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോടു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ എവിടെ ഒരുക്കേണം എന്നു ചോദിച്ചു. അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു; നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങളെ എതിർപെടും. അവന്റെ പിന്നാലെ ചെന്നു അവൻ കടക്കുന്നേടത്തു ആ വിട്ടുടയവനോടു: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ. അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിൻ എന്നു പറഞ്ഞു ” (മര്‍ക്കോസ് 14:12-15) കര്‍ത്താവിന്റെ ശിഷ്യന്മാര് ഒരു കുടം വെള്ളം ചുമന്നു കൊണ്ടുവന്ന മനുഷ്യനെ അനുഗമിക്കുകയും വീട്ടുടയവനോടു ചോദിക്കുകയും ‘വിരുന്നു ശാല’ കണ്ടെത്തുകയും ചെയ്തു. ‘കര്‍ത്താവിനു വേണ്ടി ഒരുക്കപ്പെട്ട ഒരു സ്ഥലം’ മറ്റൊരു തരത്തില്‍ തെരെഞ്ഞെടുത്തവര്‍ക്ക് വേണ്ടി പ്രത്യേകമായി ഒരുക്കിയ ‘കര്‍ത്താവിന്റെ വിരുന്നു ശാല’. നമ്മുടെ കര്ത്താവിനോടോത്ത് ശിഷ്യന്മാര് വിരുന്നിനു ഇരുക്കുന്ന ഈ സന്ദര്‍ഭത്തിലാണ് അവന്റെ ഓര്‍മ്മക്കായുള്ള കര്ത്രുമേശ എന്ന കല്പന കൊടുക്കുന്നത്. പരിശുദ്ധാത്മാവ് വിശ്വാസികളെ സഭയിലേക്ക് നയിക്കുന്ന മനോഹരമായിട്ടുള്ള ഒരു സാദൃശ്യമാണ് ഇവിടെ കാണുന്നത്.
വയലില്‍ അധ്വാനിക്കുന്ന വേലക്കാരെ കരുതുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തി. “അപ്പോൾ ഇതാ, ബോവസ് ബേത്ത്ളെഹെമിൽ നിന്നു വരുന്നു; അവൻ കൊയ്ത്തുകാരോടു: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവർ അവനോടും പറഞ്ഞു. കൊയ്ത്തുകാരുടെ മേലാളായിരുന്ന ഭൃത്യനോടു: ഈ യുവതി ഏതു എന്നു ബോവസ് ചോദിച്ചു. കൊയ്ത്തുകാരുടെ മേലാളായ ഭൃത്യൻ: ഇവൾ മോവാബ്ദേശത്തുനിന്നു നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു. ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്നു അവൾ ചോദിച്ചു; അങ്ങനെ അവൾ കാലത്തു വന്നു ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടിൽ അല്പനേരമേ താമസിച്ചുള്ളു എന്നുത്തരം പറഞ്ഞു.. ബോവസ് രൂത്തിനോടു: കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക. അവർ കൊയ്യുന്ന നിലത്തിന്മേൽ ദൃഷ്ടിവെച്ചു അവരുടെ പിന്നാലെ പൊയ്ക്കൊൾക; ബാല്യക്കാർ നിന്നെ തൊടരുതെന്നു ഞാൻ അവരോടു കല്പിച്ചിട്ടുണ്ടു. നിനക്കു ദാഹിക്കുമ്പോൾ പാത്രങ്ങൾക്കരികെ ചെന്നു ബാല്യക്കാർ കോരിവെച്ചതിൽനിന്നു കുടിച്ചുകൊൾക എന്നു പറഞ്ഞു” (രൂത്ത് 2:4-9). ആവിശ്യമായ കരുതലും, സുരക്ഷിതത്വവും രൂത്തിനു ഉറപ്പാക്കിയ, കൊയ്ത്തുകാരുടെ മേലാളായിരുന്ന ഭൃത്യന്റെ പേര് ഇവിടെ വെളിപ്പെടുത്തിയിട്ടില്ല. കര്‍ത്താവിന്റെ വയലില്‍ അദ്ധ്വാനിക്കുന്ന വേലക്കാരെ പോറ്റിപുലര്‍ത്തുന്ന പരിശുദ്ധാത്മാവിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തിയുടെ നല്ല ഒരു സാദൃശ്യമാണ് ഇവിടെ കാണുവാന്‍ സാധിക്കുന്നത്. സുവിശേഷകന്മാര് ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം, സ്ഥലം സഭകള്‍ക്ക് ദോഷകരമായ രീതിയില്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ല.
സ്ഥലം സഭയില്‍ വിശ്വാസികള്‍ കര്‍ത്താവിന്റെ നാമത്തില്‍ തനിയെ കൂടിവരുകയല്ല, മറ്റൊരാളുടെ അഥവാ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ കൂട്ടിവരത്തപ്പെടുകയാണ്. “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു” (മത്തായി 18:20). മലയാള വേദപുസ്തകത്തിലുള്ള ‘കൂടിവരുന്നേടത്തൊക്കയും’ എന്ന പ്രയോഗത്തിന് ‘കൂട്ടിവരുത്തപ്പെടുക’ എന്ന അര്‍ത്ഥമാണ് മൂല ഭാഷയില്‍ കാണുവാന്‍ സാധിക്കുന്നത്. സഭയോഗങ്ങളില്‍ എല്ലാം നിര്‍ബന്ധം ആയി പങ്കെടുക്കുവാന്‍ രക്ഷിക്കപ്പെട്ടവരുടെ ഹൃദയത്തില്‍ ആഗ്രഹവും, ആകാംഷയും ഉണ്ടായിരിക്കും എന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്. അതിനായി ജീവിത സാഹചര്യങ്ങളും, സമയങ്ങളും മറ്റും ക്രമപ്പെടുത്തി വിശ്വാസത്തിനു വേണ്ടി ത്യാഗം ചെയ്യുന്നവനാണ് യഥാര്‍ത്ഥ ‘ക്രിസ്ത്യാനി’ അഥവാ ‘വേര്‍പെട്ടവന്‍’. ഇക്കാലങ്ങളില്‍ സഭായോഗം എന്നത് ഞായറാഴ്ച സഭയില്‍ പോയി കര്‍തൃമേശയില്‍ പങ്കെടുത്തു എന്നതുകൊണ്ട് ഒതുക്കുന്ന ‘അപ്പോപദേശക്കാര്’ രക്ഷിക്കപ്പെട്ടവര്‍ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് സഭയുടെ എല്ലാ യോഗങ്ങള്‍ക്കും മുടങ്ങാതെ പങ്കെടുക്കാം. സഭയില്‍ നാം ആയിരിക്കുമ്പോള്‍ കര്‍ത്താവിന്റെ സന്നിധിയിലേക്ക് കൂട്ടിവരുത്തപ്പെട്ടവരാണ് എന്ന ബോധ്യവും, ഭക്തിയും ഉണ്ടായിരിക്കണം.
