സഭാകൂടിവരവുകളില്‍ സഹോദരന്മാര്‍ക്ക് മാത്രമേ സഭാമദ്ധ്യേ ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിക്കുവാന്‍ ദൈവവചനം അനുശാസിക്കുന്നുള്ളൂ. 1 കൊരിന്ത്യര്‍ 14: 34,35 “വിശുദ്ധന്മാരുടെ സര്‍വ്വസഭകളിലും എന്നപോലെ സ്ത്രീകള്‍ സഭായോഗങ്ങളില്‍ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാന്‍ അവര്‍ക്കു അനുവാദമില്ല. അവര്‍ വല്ലതും പഠിപ്പാന്‍ ഇച്ഛിക്കുന്നു എങ്കില്‍ വീട്ടില്‍വെച്ചു ഭര്‍ത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടേ; സ്ത്രീ സഭയില്‍ സംസാരിക്കുന്നതു അനുചിതമല്ലോ“ ഈ വേദഭാഗം നമ്മെ പഠിപ്പിക്കുന്നത് പുരുഷന്റെ നായകത്വം (Headship) എന്നതാണ്.
നായകത്വം (Headship), നേതൃത്വം (Leadership) ഇവ രണ്ടും പരസ്പരപൂരകങ്ങളാണ്. രണ്ടും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ട്. എങ്കിലും, ഉത്തരവാദിത്വ നിര്‍വഹണത്തില്‍ വ്യത്യസ്തതയുള്ള വാക്കുകളാണ് നായകത്വവും നേതൃത്വവും. ഒരു സഹോദരന്‍ ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ താനായിരിക്കുന്ന കൂട്ടത്തെ മുഴുവനും പ്രതിനിധികരിച്ചാണ് പ്രാര്‍ത്ഥിക്കുന്നത്…. ഇതിലൂടെ നായകത്വം (Headship) എന്ന പദവി താന്‍ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. അപ്പൊ. പ്രവര്‍ത്തി. 4: 24 – 30 ല്‍ യെരുശലേമിലെ സഭ ഒരുമനപ്പെട്ടു പ്രാര്‍ത്ഥിച്ച വിധം നാം കാണുന്നുണ്ട്. വാക്യം 24 ല്‍ ‘അവര്‍‘ ‘അവരുടെ‘ എന്ന ബഹുവചന രൂപേണ സഭ ഒന്നടങ്കം പ്രാര്‍ത്ഥിച്ചു എന്ന് നാം കാണുന്ന സ്ഥലത്ത് ”ഒരു ശബ്ദം” അല്ലെങ്കില്‍ ”ഒരാളുടെ ” എന്ന ഏകവചന പ്രയോഗമാണ് കൊടുത്തിരിക്കുന്നത്. അതായതു സഭയുടെ മദ്ധ്യേ ഒരാളുടെ ശബ്ദമേ ഉയര്‍ന്നുകേട്ടിരുന്നുള്ളൂ എന്ന് മനസിലാക്കാവുന്നതാണ്. അതുകൊണ്ട് സഭയില്‍ പ്രാര്‍ത്ഥിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം സഭയുടേയും സഭയില്‍ കൂടിവന്നിരിക്കുന്ന ഓരോരുത്തരുടെയും ആവശ്യങ്ങളെ അറിഞ്ഞു മനസിലാക്കി വേണം പ്രാര്‍ത്ഥിക്കുവാന്‍ ശ്രമിക്കേണ്ടത്. ഒരാള്‍ക്ക് മറ്റ് ഓരോ ഹൃദയങ്ങളുടെയും എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂര്‍ണ്ണമായി മനസിലാക്കുവാനോ അതെല്ലാം ഓര്‍ത്തു പ്രാര്‍ത്ഥിക്കുവാനോ കഴിയില്ല. എന്നാല്‍ പ്രാര്‍ത്ഥിക്കുന്ന ഓരോ സഹോദരനും തന്റെ ഹൃദയത്തിലെ ഭാരങ്ങളും നൊമ്പരങ്ങളോടൊപ്പം കൂടിവന്നിരിക്കുന്ന ഓരോരുത്തരെയും വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ താന്‍ ബാധ്യസ്ഥനാണ് എന്ന് മനസിലാക്കിയിരിക്കണം. പ്രാര്‍ത്ഥനാ കൂടിവരവുകളിലെ മുഴുവന്‍ പ്രാര്‍ത്ഥനകളും കൂടിവന്നിരിക്കുന്ന എല്ലാവരെയും കണക്കിലെടുതുകൊണ്ടുള്ളതായിരിക്കണം.
സ്ഥിരം റൂട്ടിലോടുന്ന ബസ് പോലെയാണ് ചിലരുടെ പ്രാര്‍ത്ഥനകള്‍. അതായതു സ്ഥിരമായ ഒരേ രീതി ഒരേ വാക്കുകള്‍. കൂടിവന്നിരിക്കുന്നവരുടെ ആവശ്യങ്ങളെ പരിഗണിച്ചു കൊണ്ടുള്ളതാണിതെന്നു പറയുവാന്‍ കഴിയില്ല. ഇത്തരം പ്രാര്‍ത്ഥനകളുടെ പ്രത്യേകത ഒരേ സ്റ്റാര്‍ട്ടിങ്ങും സ്ഥിരം സ്റ്റോപ്പുകളുമായിരിക്കും. ഓരോ ആഴ്ചയും, ക്ലോക്ക് എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് അതുപോലെ തന്നെയാണ് ഇത്തരം പ്രാര്‍ത്ഥനകള്‍.. കേവലം സ്ഥിരമായ ഒരേ വാക്കുകളുടെ വെറും ജല്പനങ്ങള്‍ മാത്രം. ‘തത്തമ്മേ പൂച്ച പൂച്ച’ എന്ന് പഠിച്ചു പറയുന്ന തത്ത കിളിയെക്കാള്‍ വിശേഷത ഒന്നും ഇല്ല.
പരിശുദ്ധാത്മ നിയോഗത്താലുള്ള പ്രാര്‍ത്ഥനകളാണ് ദൈവ സന്നിധിയിലേക്ക് എത്തുന്നത്.. കൂടിവരവുകളില്‍ സംബന്ധിക്കുന്ന സഹോദരിമാര്‍ മനസിലാക്കേണ്ടതും അംഗീകരിക്കേണ്ടതുമായ പ്രധാനപ്പെട്ട ഒരു വസ്തുതയാണ്, സഭാമദ്ധ്യേ പ്രാര്‍ത്ഥിക്കുന്ന ഓരോ സഹോദരനും സഹോദരിമാരെയും അവരുടെ ആവശ്യങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് തന്നെയാണ് പ്രാര്‍ത്ഥിക്കുന്നത് അഥവാ പ്രാര്‍ഥിക്കേണ്ടത് എന്നുള്ളത്. (1തിമോ. 2: 1-8). എഫെസ്യ ലേഖനം 6: 18 ല്‍ രേഖപ്പെടുത്തിയിരിക്കുന്നതു പ്രകാരം ‘ആത്മാവില്‍ പ്രാര്‍ത്ഥിക്കുക ‘ എന്നതായിരിക്കണം പ്രാര്‍ത്ഥിക്കുന്ന വ്യക്തിയുടെ ആഗ്രഹം. ഓരോ പ്രാര്‍ത്ഥനകളും പരിശുദ്ധാത്മാവിന്റെ വ്യാപാരത്താല്‍ ആയിരിക്കുമ്പോള്‍ കൂടിവരവില്‍ സംബംധിക്കുന്ന ഒരു അവിശ്വാസിയെ അഥവാ സന്ദര്‍ശകനെ സംബധിച്ചിടത്തോളം ”ദൈവം വാസ്തവമായി നിങ്ങളുടെ ഇടയില്‍ ഉണ്ട് ” ( 1കൊരി 14:25 ) എന്ന് സഭാകൂടിവരവിനെകുറിച്ച് പറയുവാന്‍ ഇടയാകും.
